ഒരു മുണ്ടുവിശേഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒരു മുണ്ടുവിശേഷം
മുണ്ട് എന്ന പദത്തിന് കഷണമാക്കിയത് എന്നര്‍ത്ഥമുണ്ട്. പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രമാണ് മുണ്ട്. എന്നും അര്‍ത്ഥം വരും. മുണ്ട് പലവിധത്തിലുണ്ട്. ഒറ്റമുണ്ട് ഡബിള്‍ മുണ്ട്, മൂടന്‍ മുണ്ട് എന്നിവ. മുണ്ടുടുക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. ഇടതുഭാഗം ഉടുക്കുന്നവര്‍, വലതുവശത്ത് ഉടുക്കുന്നവര്‍, മധ്യത്തില്‍ ഉടുക്കുന്നവര്‍. മുണ്ടുടുത്ത് നടക്കുന്നതിലും വ്യത്യാസം കാണാം. മാടിക്കുത്തി നടക്കുന്നവരുണ്ട്. അവര്‍ തന്‍പോരിമകാണിക്കുന്നവരായിരിക്കും. മാടിക്കുത്തി നടക്കുന്നവരില്‍ ചിലര്‍ മടിക്കുത്ത് അഴിച്ചിട്ട് മുതിര്‍ന്നവരെയും ഗുരുനാഥന്മാരെയും കാണുമ്പോള്‍ വിനയം കാണിക്കുന്നവരുണ്ട്. മുണ്ട് കയറ്റി ഉടുത്ത് അടിവസ്ത്രം കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിച്ച് ഗുണ്ടായിസക്കാരെ പോലെ ചിലരുണ്ട്. നടക്കുമ്പോള്‍ വശത്തേക്ക് ചരിച്ചു പിടിച്ച് ഭാവുകത്വം ആവിഷ്കരിക്കുന്നതുപോലെ നടക്കുന്നവരുണ്ട്. വേറൊരു കുട്ടര്‍ നിലത്തിഴയും പോലെ മുണ്ടുടുത്ത് അഹങ്കരിച്ചു നടക്കാറുണ്ട്.

നിലത്ത് ഇഴയും വിധത്തില്‍ റോഡിലെയും മറ്റു വൃത്തികേടുകള്‍ മുഴുവന്‍ മുണ്ടുകൊണ്ട അടിച്ചു വാരി നടക്കുന്നവരെയാണ് കുടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇവര്‍ ബസ്സിലും ട്രെയിനിലും കയറുമ്പോള്‍ മുണ്ട മാടിക്കുത്തിയാണ് കയറുക. നല്ല തിരക്കുളള ബസ്സില്‍ യാത്രക്കാരെ മുട്ടിയുരുമ്മി നടക്കുമ്പോള്‍ മുണ്ടിന്റെ അറ്റത്ത് പറ്റിപ്പിടിച്ച കഫവും, മുറുക്കി തുപ്പിയതും, മലമുത്രാദികളുടെ അവശിഷ്ടവും അവരറിയാതെ സീറ്റിലിരിക്കുന്ന യാത്രക്കാരുടെ ഷര്‍ട്ടിലും, വസ്ത്രത്തിലും പുരളും. മുണ്ടുടുത്തു നടക്കുന്ന മുണ്ടന്മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണിത്.

മുണ്ടിന് മഹത്വങ്ങള്‍ പലതുമുണ്ട്. പണ്ടൊക്കെ മുണ്ട് ( പുടവ) കൊടുത്താണ് വിവാഹം നടത്തുക. പുരുഷന്റെ കൈയ്യില്‍ നിന്ന് മ്ുണ്ട് വാങ്ങുന്ന സ്ത്രീ അവന്റെ ഭാര്യയായി തീരും. ഇത്തരം വിവാഹത്തിന് പൊടമുറി എന്നും പറയും. അമ്പലങ്ങളില്‍ മുണ്ട് ഉടുത്തേ പ്രവേശിക്കാന്‍ പറ്റൂ. പാന്റസ് ഉടുത്ത് മാന്യന്മാരായി വരുന്നവര്‍ ക്ഷേത്രപ്രവേശനത്തിന് പാന്റസ് മാറ്റി മുണ്ടുടുത്തിട്ടേ പ്രവേശിക്കാന്‍ പറ്റൂ.
ചില അസഭ്യ പ്രവര്‍ത്തനത്തിന് മുണ്ടും ഒരു ഘടകമായി മാറാറുണ്ട്. മുണ്ട് പൊക്കി കാണിക്കുക, ഉടുതുണി ഉരിയുക തുടങ്ങി പലതും ഈ അടുത്ത കാലത്ത് കേരള അസംബ്ളിയില്‍ മുണ്ടുടുത്ത ഒരു മന്ത്രി കാല് പൊക്കി മേശമേല്‍ വച്ചപ്പോള്‍ പ്രശ്നമായില്ലേ. അദ്ദേഹം വികൃതി കാട്ടി എന്ന് പരക്കെ ആക്ഷേപമായില്ലേ.

മുണ്ട് ഉടുത്തതില്‍ ചില പ്രത്യേകതകളുമുണ്ട്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയില്‍ പലേടത്തും മുണ്ട് കോര്‍ത്തുടുക്കുന്ന രീതിയുണ്ട്. ഇരു കാലുകളും സ്വതന്ത്രമായി ചലിപ്പിക്കാനും, ശരീരത്തിന് കുറച്ചു കൂടി ബലം കൈവരാനും ഈ തരത്തില്‍ മുണ്ടു ധരിച്ചാല്‍ സാധിക്കും. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ മുമ്പുകാലത്ത് മുണ്ട തെറുത്തുടുക്കുന്ന രീതി ഉണ്ടായിരുന്നു. പൊക്കിളിന് മുകളിലായി വഴുതിനങ്ങാവണ്ണത്തില്‍ തെറുത്തമുണ്ട് ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. മുസ്ലിം വിഭാഗക്കാര്‍ മാത്രമാണ് ഇടതുഭാഗം മുണ്ടുടുത്തിരുന്നത് എന്ന ധാരണ പലര്‍ക്കുമുണ്ടായിരുന്നു. ഇന്നത് മാറി. തമിഴരും കര്‍ണ്ണാടകക്കാരും മറ്റും ഇടതുഭാഗത്താണ് മുണ്ടുടുക്കുന്നത്.

കയിലിമുണ്ട് മുസ്ലിം സ്ത്രീകളാണ് ഉപയോഗിച്ചിരുന്നത്. ഒരു തരം പുളളികളാണ് ഈ മുണ്ടില്‍ ഉണ്ടാവുക. മലായില്‍ നിന്ന് മുമ്പു വരുന്നവരൊക്കെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനമായി നല്‍കാന്‍ കയിലി മുണ്ട് കൊണ്ടുവരുമായിരുന്നു. കാണാന്‍ നല്ല ഭംഗിയുളളതും, പളപളുപ്പുളളതുമായിരുന്നു അത്തരം കയിലികള്‍. അതുമാറി ഇപ്പോള്‍ ലുങ്കിയായി. ലുങ്കിയെ മാന്യതയില്ലാത്ത വേഷമായിക്കരുതി ചിലയിടങ്ങളില്‍ പ്രവേശനം നിഷേധിക്കാറുണ്ട്. സ്റാര്‍ ഹോട്ടലുകളിലെ കാന്റീനില്‍ പോലും ലുങ്കിയുടുത്തവരെ അടുപ്പിക്കില്ല. ക്രിസ്ത്യന്‍ പളളികളുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങള്‍, ഭക്ഷണശാലകള്‍ ഇവിടങ്ങളിലും ലുങ്കി നിഷിദ്ധമാണ്.

മുണ്ട് നിലത്തിഴയുന്ന രീതിയില്‍ ഉടുക്കുന്നത് മതം നിഷേധിച്ചിട്ടുണ്ട് ഇസ്ലാം മതത്തില്‍ കാലിന്റെ നെരിയാണിക്കും മുകളില്‍ വരുന്ന രീതിയിലെ മുണ്ടു ഉടുക്കാവൂ. മുണ്ടില്‍ മാലിന്യങ്ങള്‍ പുരളാതിരിക്കാനാണ് ഇങ്ങനെ നിഷ്കര്‍ഷിച്ചിരിക്കുന്നത്.

മുണ്ടിന്റെ നിറം നോക്കിയും രാഷ്ട്രീയ നിറം കണ്ടെത്താന്‍ കഴിയുന്ന അവസ്ഥയും ഇന്ന് സംജാതമായിട്ടുണ്ട്. കാവി മുണ്ടുടുക്കുന്നവരെല്ലാം ബിജെപി-ആര്‍എസ്എസ് വിഭാഗക്കാരാണെന്ന് ചിലര്‍ ധരിച്ചു വെച്ചിട്ടുണ്ട്. അതേപോലെ കല്യാശേരിയില്‍ നിന്നോ മറ്റോ നെയ്തുണ്ടാക്കുന്ന ഇളം മഞ്ഞനിറത്തിലുളള മുണ്ട് അത് ഉടുത്തവരെയൊക്കെ കമ്മ്യൂണിസ്റുകാരോ അനുഭാവികളോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ നിഗമനങ്ങളൊക്കെ പാടെ തെറ്റിപ്പോകാറുണ്ട്. വര്‍ഗ്ഗീയ ലഹളക്കാലത്ത് പ്രത്യേകിച്ച് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ പോര് മൂര്‍ച്ഛിക്കുമ്പോള്‍ പരസ്പരം കൊല്ലും കൊലയും നടക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്. മുണ്ടുടുപ്പിന്റെ വശം നോക്കി ബസ്സില്‍ നിന്നും വണ്ടിയില്‍ നിന്നും പിടിച്ചിറക്കി ദ്രോഹിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ക്രിസ്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന ചട്ടയും മുണ്ടും വെളളവസ്ത്രമായിരിക്കും. മുണ്ടിന്റെ ഒരുതല വലിച്ചു പുറത്തേക്ക് പ്രത്യേകരീതിയില്‍ തെറുത്തുവെച്ചാണ് ഉടുക്കുന്നത്. മുസ്ലിം സ്ത്രീകള്‍ കാച്ചി ഉടുക്കാറുണ്ടായിരുന്നു. മുണ്ടിന്റെ രണ്ട് അറ്റത്തും പ്രത്യേക കളര്‍ മുക്കിയിട്ടുണ്ടാവും. പണ്ടു കാലത്ത മുസ്ലിം സ്ത്രീകള്‍ പുമുണ്ട് ഉടുകാറുണ്ടായിരുന്നു. ഇന്നതൊക്കെ മാറിയെങ്കിലും പാരമ്പര്യമായി മലബാര്‍ മുസ്ലിങ്ങളുടെ വേഷമായിരുന്നു അത്തരം മുണ്ടുകള്‍.

പാന്റുകള്‍ക്ക് ക്ഷേത്രപ്രവേശനത്തില്‍ നിഷിദ്ധമുളള പോലെ മുണ്ട ഉടുത്തിട്ട് പോകാന്‍ പറ്റാത്ത സ്ഥലങ്ങളുണ്ട്. എക്സിക്യൂട്ടീവ് റാങ്കിലുളളവര്‍ മുണ്ടും ഷര്‍ട്ടും ധരിക്കാന്‍ പാടില്ല എന്ന് അലിഖിതമായ ഒരു നിയമമുണ്ട്. അവര്‍ നടത്തുന്ന മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, ഇന്റര്‍വ്യൂകളിലൊക്കെ കോട്ടും സ്യൂട്ടുമണിഞ്ഞേ പോകാവൂ. അല്ലാതെ പോയാല്‍ പ്രവേശനം നിഷേധിക്കപ്പെടും. കേരളീയ വേഷമാണ് മുണ്ട്. ഇത് ധരിച്ചു കൊണ്ട് എവിടെ പോകുന്നതിലും വിഷമം തോന്നേണ്ടകാര്യമില്ല. മറിച്ച് അഭിമാനമാണ് തോന്നേണ്ടത്. ഇന്നൊക്കെ എല്ലാ സമയവും ശുഭ്രവസ്ത്രധാരിയായി നടന്നിരുന്ന ശ്രീമാന്‍ പി.ടി. ഭാസ്കരപണിക്കര്‍ എന്നോടു പറയുകയുണ്ടായി. പത്തു വര്‍ഷം മുമ്പ് ദല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സിന് പോകാന്‍ തയ്യാറെടുത്ത കാര്യം പി.ടി.ബി യോട് പറഞ്ഞപ്പോഴാണ് മേല്‍ക്കാര്യം സൂചിപ്പിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച പോലെ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഞാന്‍ അവിടെ ചെന്നത്. പക്ഷെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നൂറോളം പേരില്‍ ഞാന്‍ മാത്രമാണ് മുണ്ടും ഷര്‍ട്ടുമിട്ടത്. സര്‍വ്വര്‍ക്കും ഒരു പ്രത്യേക നോട്ടം എന്റെ നേരെ ഉണ്ടായി. അത് പരിഹാസമാണോ, അംഗീകാരമാണോ എന്നെനിക്കറിയില്ല.

പക്ഷെ പിന്നീട് ദല്‍ഹിയിലും, ബാംഗ്ളൂരിലും, ബോംബെയിലും മദ്രാസിലും ഭോപ്പാലിലുമൊക്കെ പോയപ്പോള്‍ മുണ്ടും ഷര്‍ട്ടും ഇട്ടുകൊണ്ട്  തന്നെ പോയി. അവിടെയെല്ലാം എന്നെ കൂട്ടത്തില്‍ നിന്ന് വ്യത്യസ്തനാക്കിയതും ഈ വസ്ത്ര ധാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം സിങ്കപ്പൂരിലും മലേഷ്യയിലും വിദേശയാത്ര നടത്തിയപ്പോഴും പതിവ് തെറ്റിച്ചില്ല.

മുണ്ട് വിശേഷം പറഞ്ഞ് ഇവിടം വരെയെത്തി. വസ്ത്രം ധരിക്കുന്നതിന് രണ്ട് ഉദ്ദേശമേയുളളൂ. ദേഹം മറക്കുന്നതിനും, മറ്റുളളവര്‍ക്ക് പ്രയാസകരമായി തോന്നാതിരിക്കാനും. വസ്ത്രത്തിനു മാന്യത അത് ധരിക്കുന്നവര്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. മുണ്ടിന് മറ്റ് വസ്ത്രങ്ങളേക്കാള്‍ മാന്യത കല്പിച്ചുകൊടുക്കുന്നുണ്ട്. ആഘോഷവേളകളില്‍, പ്രധാന ദിനങ്ങളില്‍, പുണ്യസ്ഥല സന്ദര്‍ശനവേളയില്‍, കല്യാണ വേദിയിലൊക്കെ മുണ്ടിനാണ് ഇന്നും മാന്യത നല്‍കുന്നതും.

പക്ഷെ മുണ്ടിന്റെ ആ മാന്യ സ്ഥാനം പല സന്ദര്‍ഭങ്ങളിലും കളഞ്ഞു കുളിക്കുന്നുണ്ട് ചിലര്‍ മുിനകത്ത് ധരിച്ച അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ പേഴ്സും മറ്റും വെക്കുന്നു. ആളുകളുടെ  മുമ്പില്‍ നിന്ന് അറപ്പൊന്നുമില്ലാതെ മുണ്ടുപൊക്കി അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്ന് പഴ്സും മറ്റും പുറത്തെടുക്കുന്നത് കാണുമ്പോള്‍ അസഹ്യത തോന്നാറുണ്ട്. ബസ്സ്റ്റാന്റുകളിലും മറ്റുമുളള സിമന്റ് ബെഞ്ചില്‍ മുണ്ട് മാടിക്കുത്തി ഉടുത്ത് ലൈംഗികാവയവങ്ങള്‍ വെളിക്കുചാടും വിധത്തില്‍ കാലിന്‍മേല്‍ കാലുകയറ്റിവെച്ച് ഇരിക്കുന്നതും കാണാം. മുണ്ടുടുക്കുന്നതിലും സാക്ഷരതവേണമെന്ന് ഇതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഒരു മുണ്ടുവിശേഷം
-കൂക്കാനം റഹ്മാന്‍

Keywords: Mundu, Article, Kookanam Rahman
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia