ആകാശവാണി ശബ്ദത്തിലൂടെ പരന്ന വെളിച്ചം 4 പതിറ്റാണ്ടിലേറെ നീണ്ട ഓർമകൾ
ADVERTISEMENT
● ദേശീയ സാക്ഷരതാ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ അവതരിപ്പിച്ചു.
● പ്രക്ഷേപണത്തിനിടയിൽ കാസറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടിൽ വന്ന് വീണ്ടും റെക്കോർഡ് ചെയ്ത രസകരമായ അനുഭവവും പങ്കുവെച്ചു.
● തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ നിലയങ്ങളിലായി അറുപതിലധികം പരിപാടികൾ അവതരിപ്പിച്ചു.
● 75-ാം വയസ്സിലും ആകാശവാണി സാഹിത്യരംഗത്തിൽ ചെറുകഥ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ഓർമ്മച്ചീളുകൾ ഭാഗം 30/ കൂക്കാനം റഹ്മാൻ
(KVARTHA) ആകാശവാണിയുമായുള്ള എന്റെ ബന്ധത്തിന് നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 1978 മുതൽ തുടങ്ങുന്നു. കരിവെള്ളൂരിൽ ആരംഭിച്ച വയോജന ക്ലാസ്സ് ശബ്ദലേഖനം ചെയ്ത് ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തതാണ് എന്റെ ആദ്യത്തെ അനുഭവം. അന്ന് പരിപാടി ശബ്ദലേഖനം ചെയ്യാൻ വന്നവർക്ക് വയോജന ക്ലാസിലെ പഠിതാക്കളുടെ പ്രവർത്തനങ്ങളും അവരുടെ പേരിന്റെ പ്രത്യേകതകളും ഏറെ ഇഷ്ടമായി.
ക്ലാസിന്റെ ആരംഭം തന്നെ ഒരു പ്രാർഥന പോലെയായിരുന്നു. യുവാക്കൾ കൂട്ടമായി നിന്ന് ഒരു പ്രാർഥനാ ഗാനം പോലെ ആലപിച്ചു -
‘പുറത്തിരുട്ടകറ്റുവാൻ കൊളുത്തണം വിളക്കു നാം അകത്തിരുട്ടകറ്റുവാൻ അക്ഷരം പഠിക്കണം’
അത് കേട്ടപ്പോൾ അവരിൽ വലിയ കൗതുകമുണ്ടായി. പഠിതാക്കളുടെ പേരും തൊഴിലും അന്വേഷിച്ചപ്പോഴും ആ കൗതുകം ഇരട്ടിച്ചു. എല്ലാവരും ബീഡി തെറുപ്പുകാരായിരുന്നു. പക്ഷേ, അതിശയമെന്നു പറയട്ടെ, ആരും പുകവലിക്കാത്തവരുമായിരുന്നു. ഒരു പഠിതാവിന്റെ പേര് 'കൊട്ടൻ' എന്നായിരുന്നു.

അവർ ആവർത്തിച്ചു ചോദിച്ചിട്ടും അവൻ ‘കൊട്ടൻ’ എന്നു തന്നെ ഉറച്ചു പറഞ്ഞു. ഇതുവരെ കേൾക്കാത്ത ആ പേര് അവർക്ക് വലിയ അത്ഭുതമായി. അക്ഷരം അറിയാത്ത ആ കൊട്ടൻ പിന്നീട് അക്ഷരജ്ഞാനത്തിനപ്പുറം ലോകകാര്യങ്ങൾ ഉൾക്കൊണ്ട്, കരിവെള്ളൂർ ബസാറിലെ മികച്ച ഒരു കച്ചവടക്കാരനായി മാറിയതും ഓർക്കണം.
അടുത്ത ദിവസം റേഡിയോയിലൂടെ പഠനകേന്ദ്രത്തെക്കുറിച്ചുള്ള ചിത്രീകരണം കേട്ടപ്പോൾ ബീഡി കമ്പനികളിലെ തൊഴിലാളികൾക്ക് അടക്കാനാവാത്ത സന്തോഷമുണ്ടായി. അവരുടെ ഇരുണ്ട ജീവിതത്തിലേക്ക് ആദ്യമായി ഒരു വെളിച്ചം കടന്നുവന്നതുപോലെ.
സ്റ്റുഡിയോയിലേക്കുള്ള ആദ്യ യാത്ര
1980-ൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ വെച്ചാണ് ഞാൻ ആദ്യമായി സ്റ്റുഡിയോയിൽ കയറുന്നത്. അക്കാലം ദേശീയ സാക്ഷരതാ മിഷന്റെ പ്രവർത്തനം തുടങ്ങിയ കാലമായിരുന്നു. കോഴിക്കോട് നിലയം ‘വഴിവിളക്ക്’ എന്ന പരിപാടി പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയ സമയം. ‘സാക്ഷരത എന്ത്? എന്തിന്? എങ്ങനെ?’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്താനാണ് എനിക്ക് കരാർ ലഭിച്ചത്.
രാവിലെ 11 മണിക്കാണ് ശബ്ദലേഖനം. പ്രഭാഷണത്തിന് വേണ്ട ലേഖനം എഴുതി തയ്യാറാക്കി. വീട്ടിൽ നിന്ന് തലേന്ന് രാത്രി തന്നെ പുറപ്പെട്ടു. ഹോട്ടലിൽ മുറിയെടുത്തു. ആദ്യ അനുഭവമായതിനാൽ നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. രാത്രി മുറിയിൽ ഇരുന്ന് ലേഖനം വായിച്ച് തൃപ്തി വരുത്തി. മനപ്പാഠമാക്കി അവതരിപ്പിക്കണം എന്നായിരുന്നു എന്റെ ചിന്ത. അടുത്ത മുറിയിലെ സുഹൃത്ത് എന്റെ വായന കേട്ട് അടുത്തു വന്നു. കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, അദ്ദേഹവും റേഡിയോ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്, എഴുതിയ ലേഖനം നോക്കി വായിച്ചാൽ മതിയെന്ന്. അപ്പോഴാണ് മനസ്സിന് സമാധാനമായത്.
പിറ്റേന്ന് ഓട്ടോയിൽ ആകാശവാണിയിലേക്ക് പുറപ്പെട്ടു. അറബിക്കടലിന്റെ തീരത്താണ് നിലയം. സുഖമുള്ള കടൽക്കാറ്റേറ്റ് കുറച്ചു നേരം ആസ്വദിച്ചു നിന്നു. ഗേറ്റ് കീപ്പറുടെ അനുമതി വാങ്ങി അകത്തേക്ക് കടന്നു.
പരിപാടിയുടെ കോ-ഓർഡിനേറ്റർ മെഹറലി സാറിന്റെ മുറിയിലേക്ക് ചെന്നു. പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം സ്നേഹപൂർവ്വം എന്നെ സ്വീകരിച്ചിരുത്തി. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ അബ്ദുല്ല നന്മണ്ടയും മുറിയിലുണ്ടായിരുന്നു. എന്നെ ഭക്ഷണശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാപ്പി കുടിച്ചു കൊണ്ട് വ്യക്തിപരമായ കാര്യങ്ങളും സാമൂഹ്യരംഗത്തെ പ്രവർത്തനങ്ങളും ചോദിച്ചറിഞ്ഞു. മറ്റെവിടെയും ഇതുവരെ കിട്ടാത്ത സ്നേഹപൂർവ്വമായ സ്വീകരണമാണ് അവരിൽ നിന്ന് കിട്ടിയത്.
എഴുതിയ കുറിപ്പ് മെഹറലി സാറിന് നൽകി. അദ്ദേഹം വായിച്ചു നോക്കി തൃപ്തി അറിയിച്ചു. പത്ത് മിനിറ്റ് ദൈർഘ്യമുള്ള പ്രഭാഷണമാണ്. അദ്ദേഹം എന്നെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. ആദ്യമായാണ് ആകാശവാണി സ്റ്റുഡിയോ കാണുന്നതും ശബ്ദലേഖനത്തിനുള്ള സംവിധാനങ്ങൾ അറിയുന്നതും.
ശബ്ദലേഖന മുറിയിലെ കസേരയിലിരുത്തി മൈക്ക് മുന്നിൽ വെച്ചു തന്നു. മോഡലായി ഒരു വാചകം വായിക്കാൻ പറഞ്ഞു. അത് ശരിയായി. തുടർന്ന് ലേഖനം മുഴുവൻ വായിച്ചു. പ്രക്ഷേപണം ചെയ്യുന്ന മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. എല്ലാം കേൾപ്പിച്ചു. ‘എല്ലാം ഭംഗിയായിട്ടുണ്ട്’ എന്ന് അദ്ദേഹം സൂചിപ്പിച്ചപ്പോൾ ഉള്ളിൽ സന്തോഷം നിറഞ്ഞു.
സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെല്ലുമ്പോഴേക്കും ഓഫീസ് ജീവനക്കാരൻ ചെക്കുമായി നിൽപ്പുണ്ട്. 1980-ൽ നൂറ്റമ്പത് രൂപയായിരുന്നു പ്രതിഫലം. ഇന്ന് അത് നാലായിരത്തോളം രൂപയായിട്ടുണ്ട്. മെഹറലി സാറിന്റെ മുറിയിലിരുന്ന് കടൽക്കാറ്റ് പിന്നെയും ആസ്വദിച്ചു. കടലിലേക്ക് നോക്കിയിരുന്നപ്പോൾ കടൽവെള്ളത്തിൽ നിന്ന് ഉയരത്തിലേക്ക് ചാടി മറിയുന്ന ഡോൾഫിനുകളെ കണ്ട് അത്ഭുതം കൂറി ഞാനിരുന്നു.
എന്താണ് നാഷണൽ ലിറ്ററസി മിഷൻ?
ഇന്ത്യയിലെ നിരക്ഷരത നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 1988 മെയ് അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നാഷണൽ ലിറ്ററസി മിഷൻ ആരംഭിച്ചത്. 15 മുതൽ 35 വയസ്സുവരെയുള്ള നിരക്ഷരർക്ക് അക്ഷരജ്ഞാനം നൽകാനും, സാക്ഷരതാ നിരക്ക് കുത്തനെ ഉയർത്താനും ഈ പദ്ധതിയിലൂടെ സാധിച്ചു. കേരളത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിൽ ഈ മിഷൻ വഹിച്ച പങ്ക് വളരെ വലുതാണ്.
തുടർന്നുള്ള യാത്രകൾ
തുടർന്ന് കോഴിക്കോട് നിലയത്തിൽ അറുപതോളം തവണ വിവിധ പരിപാടികൾക്കായി പോയിട്ടുണ്ട്. യുവവാണി, തൊഴിലാളി മണ്ഡലം, സാഹിത്യവേദി എന്നീ വിഭാഗങ്ങളിലായി പ്രഭാഷണം, ചർച്ച, ചിത്രീകരണം എന്നീ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
ഇതിനിടയിൽ ഒരു സംഭവമുണ്ടായി. തൊഴിലാളി മണ്ഡലം പരിപാടിയിൽ പ്രക്ഷേപണം ചെയ്യേണ്ടുന്ന ഒരു പ്രഭാഷണം നഷ്ടപ്പെട്ടു. കോഴിക്കോട് നിലയത്തിൽ നിന്നാണ് ആ ലേഖനം ശബ്ദലേഖനം ചെയ്തത്. ശബ്ദലേഖനം ചെയ്ത കാസറ്റ് തിരുവനന്തപുരം നിലയത്തിൽ എത്തിക്കണം, അവിടെ നിന്നാണ് പ്രക്ഷേപണം.
പ്രക്ഷേപണം ചെയ്യേണ്ടുന്ന തലേ ദിവസം കോഴിക്കോട് നിലയത്തിൽ നിന്ന് എന്നെ വിളിച്ചു. ‘താങ്കൾ ചെയ്ത പ്രഭാഷണത്തിന്റെ കാസറ്റ് നഷ്ടപ്പെട്ടുപോയി. നാളെ രാവിലെ താങ്കളുടെ വീട്ടിലേക്ക് ശബ്ദലേഖന ഉപകരണങ്ങളുമായി ബന്ധപ്പെട്ടവർ എത്തും. കാത്തു നിൽക്കണേ’ എന്ന അപേക്ഷ. അന്ന് വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പ്രക്ഷേപണം ചെയ്യേണ്ട പരിപാടിയാണ്. ഈ കാര്യം പത്രമാധ്യമങ്ങളിൽ വാർത്തയായും വന്നു. കോഴിക്കോട് ആകാശവാണിയുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയായിരുന്നു അത്.
പറഞ്ഞപോലെ അതിരാവിലെ ബന്ധപ്പെട്ടവർ ഉപകരണങ്ങളുമായി വീട്ടിലെത്തി. ലേഖനം വീണ്ടും റെക്കോർഡ് ചെയ്തു കൊണ്ടുപോയി. വൈകീട്ട് നാല് മണിക്ക് തന്നെ തൊഴിലാളി മണ്ഡലത്തിൽ പ്രക്ഷേപണവും നടന്നു.
ഒരിക്കൽ തിരുവനന്തപുരത്ത് സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ ഒരു മീറ്റിംഗിൽ ചെന്നപ്പോൾ അവിചാരിതമായി തിരുവനന്തപുരം ആകാശവാണി നിലയത്തിലും എത്തപ്പെട്ടു. അന്ന് തിരുവനന്തപുരം ആകാശവാണി പ്രോഗ്രാം ഓഫീസർ എ. പ്രഭാകരൻ സാർ ആയിരുന്നു. യോഗ സ്ഥലത്തു നിന്ന് എന്നെയും, പി.എം. പള്ളിപ്പാട് മാഷെയും, രാവണപ്രഭുവിനെയും പ്രഭാകരൻ സാർ ആകാശവാണിയിലേക്ക് വിളിച്ചു കൊണ്ടുപോയി ഒരു ചർച്ച പരിപാടി ശബ്ദലേഖനം ചെയ്തു. അങ്ങനെ തിരുവനന്തപുരം നിലയത്തിലും ഒരവസരം ലഭിച്ചു.
കണ്ണൂർ നിലയം വന്നതിന് ശേഷം പരിപാടി അവതരിപ്പിക്കാനുള്ള അവസരം ഇവിടെയാണ് കൂടുതൽ കിട്ടിയത്. ഇവിടെ നിരവധി പരിപാടികൾ അവതരിപ്പിക്കാൻ അവസരം കിട്ടിയെങ്കിലും സമ്മർദ്ദം അനുഭവിക്കേണ്ടി വന്ന ഒരു സംഭവവും ഉണ്ടായി. അത് തത്സമയ പരിപാടിയായിരുന്നു. ബാലചന്ദ്രൻ സാർ നേതൃത്വം കൊടുത്ത ശബ്ദലേഖന പരിപാടി.
ഉച്ചക്ക് ശേഷം കൃത്യം ഒരു മണിക്കാണ് പ്രക്ഷേപണം ആരംഭിക്കേണ്ടത്. ഞാൻ എത്തിയാലേ പരിപാടി തുടങ്ങാനാവൂ. കരിവെള്ളൂരിൽ നിന്ന് 11.30-ന് ബസ്സിൽ കയറി. റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. നിലയത്തിൽ ഒരു മണിക്കെത്തിയില്ലെങ്കിൽ പ്രശ്നമാകും. സമയം വൈകുന്തോറും ഹൃദയമിടിപ്പ് കൂടി. ആകാശവാണിയിൽ നിന്ന് ബാലചന്ദ്രൻ സാർ വിളിക്കാൻ തുടങ്ങി. എങ്ങനെയോ 12.55-ന് സ്റ്റേഷനിൽ എത്തി. ഒരു മണിക്ക് തന്നെ പരിപാടി തുടങ്ങുകയും പ്രക്ഷേപണം നടത്താനാവുകയും ചെയ്തു.
എഴുപത്തിയഞ്ചാം വയസ്സിലും റേഡിയോയ്ക്കൊപ്പം
എഴുപത്തിയഞ്ചാം വയസ്സിലും ഇന്നലെയും - 9.10.26-ന് - കണ്ണൂർ ആകാശവാണി സാഹിത്യരംഗത്തിൽ ഒരു ചെറുകഥ അവതരിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 26 വർഷത്തിനിടയിൽ 60 ലധികം പ്രക്ഷേപണ പരിപാടികൾ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ നിലയങ്ങളിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ എനിക്ക് വലിയ ചാരിതാർത്ഥ്യമുണ്ട്. ആകാശവാണി എനിക്ക് കേവലം ഒരു നിലയമല്ല, ശബ്ദത്തിലൂടെ പരന്നൊഴുകിയ വെളിച്ചമായിരുന്നു.
ആകാശവാണിയിലെ ഈ മനോഹരമായ അനുഭവക്കുറിപ്പ് സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: An author shares a four-decade-long broadcasting journey with Akashvani.
#Akashvani #AllIndiaRadio #KozhikodeNews #MalayalamLiterature #KeralaLiteracy #Kvartha #AmmuNews
