തുടർ ഭരണത്തിൻ്റെ തുടക്കക്കാരൻ അച്യുതമേനോൻ

 


ഉൾക്കാഴ്ച / സി കെ എ ജബ്ബാർ

(www.kvartha.com 20.04.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേടിയ വിജയം 'ചരിത്രവിജയം' ആവുന്നത് മുന്നണി എന്ന നിലയിൽ അവർ നേടിയ ഭരണ തുടർച്ചയുടെ കാര്യത്തിലാണ്. 1767 ദിവസം കേരളം ഭരിച്ച് ജനവിധി തേടിയ കെ കരുണാകരനെ താഴെ ഇറക്കി 1987 ൽ അധികാരത്തിലേറിയ ഇ കെ നായനാർ 1551 ദിവസം ഭരിച്ചപ്പോൾ വീണ്ടും ജയിക്കാനായില്ല. അങ്ങിനെ ഒരിക്കൽ എൽ ഡി എഫ് പിന്നെ യു ഡി എഫ് എന്ന നിലയിൽ മാറി മാറി ജയിക്കുന്ന പ്രക്രിയക്ക് തടയിട്ട വിജയമാണ് ഇത്തവണ പിണറായിയുടെ നേതൃത്വത്തിൽ നേടിയത്. സി പി എമ്മിൻ്റെ മുഖപത്രം ഫലപ്രഖ്യാപന ദിവസം ഒന്നാം പേജിൽ നൽകിയ ഹൈലേറ്റ്സുകളിൽ പറഞ്ഞതാണ് ശരി. 'ഇടത് ഭരണ തുടർച്ച ചരിത്രത്തിലാദ്യം'. അതായത് കേരള നിയമസഭയുടെ ചരിത്രത്തിൽ തുടർഭരണം നേടിയ രണ്ട് ചരിത്രങ്ങൾ 1980 ന് മുമ്പ് ഉണ്ടായിട്ടുണ്ട്.

തുടർ ഭരണത്തിൻ്റെ തുടക്കക്കാരൻ അച്യുതമേനോൻ

ആദ്യത്തെ ഭരണ തുടർച്ച അച്യുതമേനോൻ്റേത്


മുന്നണി രാഷ്ട്രീയം ഇന്നത്തെ വഴിത്തിരിവിലെത്തും മുമ്പ് 60കളിൽ നടന്ന അന്തർധാരകളുടെ ഭാഗമായി 1967 മാര്‍ച്ചില്‍ 133 സീറ്റുകളിലേക്കു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ് വിജയിച്ചത്. ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ 1967 മാര്‍ച്ച് ആറാം തീയതി മന്ത്രിസഭ നിലവില്‍ വന്നു. 1967 ലെ തിരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർ എസ് പി, കെടിപി, കെ എസ് പി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ ചേർന്ന സപ്തകക്ഷിമുന്നണി ശിഥിലമായതോടെ ഇ എം എസ് മന്ത്രിസഭ 1969 ഒക്ടോബര്‍ 24 ന് രാജിവെച്ചു.

തുടർന്ന് 1969 നവംബര്‍ ഒന്നാം തീയതി സിപിഐ നേതാവ് സി അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സ്ഥാനാരോഹണത്തിന് അത് വഴിയൊരുക്കി. അച്യുതമേനോൻ മന്ത്രിസഭ 1970 ഓഗസ്റ്റ് ഒന്നാം തീയതി രാജിവെച്ചപ്പോൾ 1970 സെപ്റ്റംബര്‍ 17-ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. 1970-ൽ ഇതേ മുന്നണിയാണ് കോൺഗ്രസിൻ്റെ കൂടി സജീവ സാന്നിധ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നാലാം നിയമസഭയിൽ ഭൂരിപക്ഷം നേടി അച്യുതമേനോൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളത്തിൽ വീണ്ടും അധികാരത്തിലേറുകയായിരുന്നു.

തിരഞ്ഞെടുപ്പിനെ നേരിട്ട് തുടർച്ചയായി അതേ മന്ത്രിസഭ ആദ്യമായി കേരളത്തിൽ അധികാരത്തിലേറിയത് നാലാം കേരളനിയമസഭയുടെ തിരഞ്ഞെടുപ്പിലൂടെയാണ്. ഒരു പൊതു തെരഞ്ഞെടുപ്പിൽ ജയിച്ച് മറ്റൊരു പൊതു തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കുക എന്നത് മാത്രമാണ് അച്യുതമേനോൻ്റെ ചരിത്രത്തിൽ ഇല്ലാതെ പോയത്. സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന രണ്ടാം പിണറായി മന്ത്രിസഭ അതിൽ ചരിത്രം കുറിച്ചു. അച്യുതമേനോൻ ഒന്നാം മന്ത്രിസഭ 276 ദിവസമാണ് ഭരിച്ചതെങ്കിൽ തുടർ മന്ത്രിസഭ 2364 ദിവസം (അടിയന്തരാവസ്ഥ കാലയളവ് ഉൾപ്പെട്ടതിനാൽ) കേരളം ഭരിച്ചു. ഒരു മന്ത്രി സഭ ഇത്രയും ദീർഘവേള മുന്നോട്ട് പോയ അച്യുതമേനോൻ്റെ ഈ ചരിത്രം ഇത് വരെ ആർക്കും തിരുത്താനായിട്ടില്ല.

മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു പാട് റെക്കോർഡുകളുടെ ഉടമയാണ് എന്ന നിലയിൽ അച്യുതമേനോനെക്കുറിച്ച് വിക്കിപീഡിയ ചില പ്രത്യേകതകൾ കൂടി വിവരിക്കുന്നത് ഇങ്ങനെ വായിക്കാം: '.......കേരള നിയമസഭയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും വേറെ ആരുമല്ല. കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രിയും അച്യുതമേനോൻ തന്നെ. തുടർച്ചയായി രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. ആറു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന അച്യുതമേനോൻ രാഷ്ട്രീയ സ്ഥിരതായാർന്ന ഭരണത്തിലൂടെ സംസ്ഥാനത്തെ വികസനത്തിൻ്റെ പാതയിലേയ്ക്ക് നയിച്ച പ്രഗത്ഭനായ ഭരണതന്ത്രജ്ഞനാണ്. അദ്ദേഹത്തിൻ്റെ ഭരണകാലം (1969-1970, 1970-1977) കേരളത്തിൻ്റെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.....'


രണ്ട് തെരഞ്ഞെടുപ്പുകൾ ജയിച്ച മുന്നണി

അച്യുതമേനോൻ രണ്ട് തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രി ആയില്ലെങ്കിലും ആ മുന്നണിക്ക് രണ്ട് തെരഞ്ഞെടുപ്പുകൾ ജയിച്ച് കയറിയ ചരിത്രവുമുണ്ട്. ഒരേ മുന്നണികൾ അധികാരത്തിൽ വരിക എന്ന ചരിത്രം 1970-77 തെരഞ്ഞെടുപ്പുകളുടെ ജനവിധിയിൽ കാണാം. അച്യുതമേനോൻ്റെ നേതൃത്വത്തിലുള്ള മുന്നണി തന്നെയാണ് അടിയന്തരാവസ്ഥക്ക് ശേഷം 1977 ലും അഞ്ചാം നിയമസഭാ പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണത്തെ ഇടത് മുന്നണി വിജയത്തിൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് വന്നത് പോലെ അന്നും മുന്നണികളിൽ ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

111 സീറ്റ് നേടിയാണ് ഈ മുന്നണി വീണ്ടും അധികാരത്തിൽ വന്നത്. പക്ഷെ പി കെ വാസുദേവൻ നായർ ഉൾപ്പെട്ട മന്ത്രിസഭയെ നയിച്ചത് കെ കരുണാകരൻ ആണെന്ന് മാത്രം. കരുണാകരന് പക്ഷെ മുഖ്യമന്ത്രി പദത്തിൽ ദീർഘനാൾ തുടരാനായില്ല. കേവലം 33 ദിവസം മാത്രം. സംഭവബഹുലമായിരുന്നു ആ കാലവളവ്. എ കെ ആൻ്റണി 550 ദിവസവും പി കെ വാസുദേവൻ നായർ 348 ദിവസവും സി എച്ച് മുഹമ്മദ് കോയ 54 ദിവസവും മുഖ്യമന്ത്രിയായ കാലയളവാണത്. (വോട്ടു ചരിതം- പിആർഡി കേരള)


രണ്ടാം ഭരണ തുടർച്ച കരുണാരൻ്റേത്

യുഡിഎഫിലെ ചിദ്രതക്ക് ശേഷം കോൺഗ്രസ്സ് ചേരിതിരിഞ്ഞ 1980 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ കെ നായനാരുടെ നേതൃത്വത്തിൽ ഇടത് മുന്നണി ഭരണം പിടിച്ചെടുക്കുകയായിരുന്നു. ആറാം നിയമസഭയുടെ ഈ കാലയളവിലും അസ്ഥിരത വന്നു. കോൺഗ്രസിലെ ഏകോപനത്തോടെ ഇടക്കാല മന്ത്രി സഭ രൂപവൽകരിച്ച് കെ കരുണാകരൻ അധികാരത്തിലേറി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 70 അംഗങ്ങള്‍ വീതം അംഗബലമുണ്ടായിരുന്ന സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട 79 ദിവസം പ്രായമായ മന്ത്രിസഭ 1982 മാര്‍ച്ച് 17 ന് രാജിവച്ചു. സഭ 1982 മാര്‍ച്ച് 17 ന് തന്നെ പിരിച്ചുവിടുകയും സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

തുടർന്ന് 1982 മേയ് 19 ന് ഏഴാം കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിലും കരുണാകരൻ്റെ നേതൃത്വത്തിലുള്ള മുന്നണി തന്നെ വിജയിക്കുകയായിരുന്നു. 1987 ൽ എട്ടാം നിയമസഭ മുതലാണ് ഇടത് മുന്നണി, തുടർന്ന് യുഡിഎഫ് എന്ന ക്രമത്തിൽ മാറി മാറി മുന്നണികൾ ജയിക്കുന്ന നിലയിലേക്ക് കേരള രാഷ്ട്രീയം മാറിയത്. ഈ പരമ്പരക്ക് തടയിട്ട് ഇടത് മുന്നണിയുടെ ആദ്യത്തെ ഭരണ പിന്തുടർച്ചക്കാരനായാണ് പിണറായി വിജയൻ അധികാരമേൽക്കാൻ പോകുന്നത്.

Keywords:  Kerala, Article, Politics, Political party, LDF, UDF, CPM, Government, Election, Vote, Achutha Menon was the initiator of the subsequent rule.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia