Memoir | അന്നുമുതൽ വിദ്യാർഥികളെ അടിക്കുന്നത് നിർത്തി; അധ്യാപക ജീവിതത്തിലെ വഴിത്തിരിവായ ഒരു സംഭവം


● വിദ്യാർത്ഥികളുമായി എന്നും നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു
● ഒമ്പതാം ക്ലാസിലെ ഒരു സംഭവം ജീവിതത്തെ മാറ്റിമറിച്ചു
● അടി ശിക്ഷയ്ക്ക് പകരം കരുണയും സ്നേഹവും പ്രയോഗിച്ചു
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 27
(KVARTHA) പ്രൈമറി എഡ്യുക്കേഷൻ എക്സ്റ്റൻഷൻ ഓഫീസറായി പ്രവർത്തിച്ചു വരവേയാണ് ഹൈസ്കൂൾ അസിസ്റ്റന്റായി എനിക്ക് പ്രമോഷൻ ഓർഡർ കിട്ടുന്നത്. നാട്ടുകാരുമായും പിന്നോക്ക വിഭാഗം വിദ്യാർത്ഥികളുമായും ഇടപെട്ടു പ്രവർത്തിക്കാൻ പറ്റുന്ന പി.ഇ.ഇ.ഒ. പോസ്റ്റിൽ നിന്ന് വിട്ടു പോരാൻ എനിക്ക് മനസ്സില്ലായിരുന്നു. പക്ഷെ പ്രമോഷനായത് കൊണ്ട് ഒഴിഞ്ഞു മാറാനും പറ്റില്ല. കുട്ടമത്ത് ഗവ.ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനായാണ് പോസ്റ്റിംഗ് കിട്ടിയത്. 1989 ലാണ് അവിടെ ചേർന്നത്. ഒൻപത് ബി ക്ലാസിന്റെ ചാർജാണ് കിട്ടിയത്. അതേ വരെ എൽ.പി, യു.പി. ക്ലാസുകളാണ് കൈകാര്യം ചെയ്തിരുന്നത്.

ക്ലാസ് മാഷെന്ന നിലയിൽ ഒൻപത് ബി ക്ലാസിലെ കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചു പോന്നു. ആ വർഷം മാർച്ച് മാസം സ്കൂൾ അവധി തുടങ്ങുന്നതിന്റെ തലേ ദിവസം ക്ലാസിലെ കുട്ടികൾ എനിക്കൊരു സമ്മാനം തന്നു. ജിറാഫിന്റെ മരത്തിൽ കൊത്തിയ രൂപമായിരുന്നു ആ സമ്മാനം. ഞാനുമായി ബന്ധപ്പെട്ട പ്രതീകമായിരുന്നോ ആ സമ്മാനമെന്ന് എനിക്കറിയില്ല. എങ്കിലും സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. ഒന്നാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള സ്കൂളായിരുന്നത്. മിക്ക അധ്യാപകരും പഴയകാല സുഹൃത്തുക്കളാണ്.
ഒന്നിച്ച് പഠിച്ച ശങ്കരൻ നമ്പൂതിരി, സഹപ്രവർത്തകനും നാട്ടുകാരനുമായ എ നാരായണൻ മാസ്റ്റർ, തുടങ്ങി പലരും പരിചിതർ. ഡയറ്റ് പ്രിൻസിപ്പലായി വിരമിച്ച ഡോ. എം. ബാലൻ വേറൊരു ഡയറ്റ് പ്രിൻസിപ്പലായ ഡോ.കൃഷ്ണകുമാർ എന്നിവർ അന്നവിടുത്തെ പ്രൈമറി അധ്യാപകരായിരുന്നു. എളിമയുടെ പര്യായമായിരുന്നു അവരൊക്കെ. പഴയ സ്കൂൾ ഷെഡിന്റെ പൊട്ടിപ്പോയ ഓട് മാറ്റി പകരം ഓട് വെച്ചു കൊണ്ടിരുന്ന കൃഷ്ണകുമാർ മാഷിനെ ഞാനോർക്കുന്നു. ഷർട്ട് ഊരിവെച്ച് ഓട്ടിൻ പുറത്തു കയറി സേവനം ചെയ്യുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
അദ്ദേഹം പിന്നെ പഠിച്ചുയർന്ന് ഡോ. കൃഷ്ണകുമാറായി വിദ്യാഭ്യാസ മേഖലയിലെ ഉന്നത സ്ഥാനത്തെത്തിയിരുന്നു. അവിടന്ന് പിന്നെയുണ്ടായത് മറക്കാൻ പറ്റാത്തൊരനുഭവമായിരുന്നു. ഒമ്പതാം ക്ലാസിൽ സോഷ്യൽ സ്റ്റഡിസ് എടുക്കുമ്പോൾ ഭക്ഷണ വസ്ത്ര രീതിയിൽ ഉള്ള മാറ്റങ്ങളെ പരാമർശിച്ച് സംസാരിക്കുമ്പോൾ പർദ്ദയും, മക്കനയുമൊക്കെ ചർച്ചയിൽ വന്നു. അതിന്റെ ഉത്ഭവത്തെ കുറിച്ചും ഗുണദോഷങ്ങളെ കുറിച്ചും ഞാൻ പരാമർശിച്ചു. പ്രസ്തുത ക്ലാസിൽ ഷാഹിന എന്ന ഒരു മുസ്ലിം പെൺകുട്ടി തട്ടം ധരിച്ചാണ് ക്ലാസിൽ വരാറ്. അവൾ എല്ലാം ശ്രദ്ധിച്ചു കേട്ടു. അന്ന് വീട്ടിലെത്തിയ അവൾ മാഷ് തട്ടം ധരിക്കുന്നതിനെക്കുറിച്ച് മോശമായി പറഞ്ഞു. അതിനാൽ ഞാനിനി സ്കൂളിൽ പോവുന്നില്ലെന്ന് പറഞ്ഞു പോലും.
അടുത്ത ദിവസം രാവിലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമായ കുറേ ആളുകൾ സ്കൂളിലെത്തി. 'ആരാ ഈ റഹ്മാൻ മാഷ്? അയാളെ ഞങ്ങൾക്ക് ഒന്നു കാണണം', അതായിരുന്നു പറച്ചില്. ഭാഗ്യമോ നിർഭാഗ്യമോ അന്ന് ഞാൻ ലീവായിരുന്നു. മറ്റ് അധ്യാപകർക്ക് അവരുടെ വരവിൽ പന്തികേട് തോന്നി. അവർ വന്നവരോട് കാര്യം അന്വേഷിച്ചു. ക്ഷുഭിതരായാണ് അവർ വീണ്ടും പെരുമാറിയത്. ഇത് നോക്കി നിന്ന എന്റെ ആത്മ സുഹൃത്ത് അവരുടെ നേർക്ക് തിരിഞ്ഞു ആക്രോശിച്ചു പോലും, 'ഇവിടെ നിന്ന് ഇറങ്ങി പോയ്ക്കോ. ഞങ്ങളുടെ റഹ്മാൻ മാഷ് അങ്ങിനെയൊന്നും പറയുന്ന ആളല്ല. പോയ് കേസു കൊടുക്ക്'. കേട്ട അവർ മിണ്ടാതെ പോയി എന്നാണ് പിറ്റേന്ന് സ്കൂളിലെത്തിയപ്പോൾ ഞാനറിഞ്ഞത്.
സത്യത്തിൽ ആ കുട്ടി വീട്ടുകാരോട് കളവു പറഞ്ഞതാണ്. അവൾക്ക് സ്കൂളിൽ വരാൻ മടിയുണ്ട് സ്കൂളിൽ വരാതിരിക്കാൻ വേണ്ടിയുള്ള ഒരടവു പ്രയോഗമായിരുന്നു അത്. ഈ സത്യാവസ്ഥ വെച്ച് കൊണ്ട് അവളുടെ സുഹൃത്തും സ്കൂൾ ലീഡറുമായ സജോഷക്ക് പിന്നീടവൾ കത്തയച്ചു. അതിൽ പ്രത്യേകം എഴുതിയത് റഹ്മാൻ മാഷോട് ക്ഷമ ചോദിച്ചു എന്ന് പറയണം എന്നാണ്. സജോഷ ആ കത്ത് എന്നെ കാണിച്ചിരുന്നു. ഇന്ന് അമേരിക്കയിൽ ഡോക്ടറായി ജോലി ചെയ്യുന്ന വിപിൻദാസും കാർഷിക തൊഴിൽ ചെയ്ത് ജീവിച്ചുവരുന്ന രാധാകൃഷ്ണനും കുട്ടമത്ത് ഹൈസ്കൂളിലെ എന്റെ വിദ്യാർത്ഥികളായിരുന്നു.
അന്ന് 9ഡി-യിൽ ജിയോഗ്രാഫി പഠിപ്പിച്ചിരുന്നത് ഞാനാണ്. ഓരോ ദിനം പഠിപ്പിച്ചത് അടുത്ത ദിവസം ചോദിക്കും. ഉത്തരം പറഞ്ഞില്ലെങ്കിൽ സ്കയിൽ കൊണ്ട് ഉള്ളം കയ്യിൽ ഓരോ അടിവെച്ചു കൊടുക്കും. വിപിൻദാസ് പോലുള്ള കുട്ടികൾ കൃത്യമായി ഉത്തരം പറയും. രാധാകൃഷ്ണൻ ഉത്തരം പറയാത്തപ്പോൾ കൈ കാണിക്കാൻ പറഞ്ഞു. നോക്കുമ്പോ ഉള്ളംകൈ പൊളളി തിമിർത്തുവന്നിട്ടുണ്ട്. കാര്യം തിരക്കിയപ്പോൾ അവൻ സംഭവം പറഞ്ഞു. തലേന്നാൾ രാത്രി അടക്ക ഉരിക്കാൻ പോയിരുന്നു സാർ. അത് കേട്ടപ്പോൾ അധ്വാനിച്ചു പഠിക്കാൻ വരുന്ന രാധാകൃഷ്ണനോട് വല്ലാത്ത സഹതാപം തോന്നി. ഒപ്പം അഭിമാനവും.
അന്നുമുതൽ ഞാൻ അടി നിർത്തി. ക്ലാസിൽ രാധാകൃഷ്ണന്റെ അധ്വാനവും പഠനവുമായി പിന്നീട് എന്റെ പരാമർശം. ആ വർഷം തന്നെയാണ് സംസ്ഥാന കലോൽസവത്തിൽ വിപിൻദാസിന് കലാപ്രതിഭാ പട്ടം കിട്ടുന്നത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കോട്ടമല പഠനയാത്ര മറക്കാൻ കഴിയാത്ത അനുഭമായിരുന്നു. കാട്ടിലൂടെ നടക്കുമ്പോൾ രക്തം ഊറ്റിക്കുടിക്കുന്ന അട്ട അടിവസ്ത്രത്തിനുള്ളിൽ വരെ കയറി കൂടിയത് ആരും അറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. സ്കൂൾ പഠന യാത്രകൾക്കും നേതൃത്വം കൊടുത്തത് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു.
#education #teaching #corporalpunishment #compassion #teacher #students #school #learning #motivation #inspiration