Experience | കമ്യൂണിസ്റ്റുകാരെ കൊണ്ടുവന്നു പരീക്ഷ എഴുതിക്കുന്നു
● 1978-ൽ അധ്യാപകനായി എത്തിയ പുതിയ സ്‌കൂളിലെ അനുഭവം
● പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ കുട്ടികളെ പഠിപ്പിക്കാൻ ശ്രമം
● അക്ഷരമറിയാത്തവർക്ക് പഠിപ്പിച്ചു കൊടുത്തതിലൂടെ വലിയ മാറ്റമുണ്ടായി
കൂക്കാനം റഹ്‌മാൻ
(KVARTHA) മാവിലാകടപ്പുറത്തെ പരിമിതമായ സാഹചര്യങ്ങൾ കൊണ്ട് 1978 ൽ തന്നെ ജനറൽ ട്രാൻസ്ഫറിന് അപേക്ഷിച്ചു. അതുപ്രകാരം കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്കൂളിലേക്ക് മാറ്റം കിട്ടുകയും ചെയ്തു. കിട്ടിയ ഉടനെ ഓർഡറുമായി അവിടേക്ക് പോവുകയും ചെയ്തു. ഇതേവരെ വർക്കു ചെയ്തത് എൽ.പി.സ്കുളുകളിലാണ്. ഇത് ഒന്നു മുതൽ പത്തു വരെയുള്ള സ്കൂളും. അറുനൂറോളം കുട്ടികളുണ്ട്. ഇരുപത് സ്റ്റാഫും. വലിയ സ്റ്റാഫ് റൂം. പലതരം സ്വഭാവക്കാരായ അധ്യാപക സുഹൃത്തുക്കൾ. അങ്ങനെ എല്ലാവരേയും പരിചയപ്പെട്ടു.
ഗൗരവക്കാരനായ ഉയരം കുറഞ്ഞ ബോസ് മാസ്റ്ററെയും പരിചയപ്പെട്ടു. ഫസ്റ്റ് അസിസ്റ്റന്റാണ് അദ്ദേഹം. എല്ലാവർക്കും അദ്ദേഹത്തെ ഭയമാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനുമാണ്. പ്രത്യക്ഷത്തിൽ സ്റ്റാഫ് റൂമിൽ രണ്ട് ഗ്രൂപ്പു തന്നെയുണ്ട്. കണക്ക് അധ്യാപകനായ എ.വി കുഞ്ഞിക്കണ്ണൻ മാഷാണ് നെക്സ്റ്റ് സീനിയർ. ആളും അല്പം ഗൗരവക്കാരൻ തന്നെയായിരുന്നു. അത്യാവശ്യത്തിനേ ചിരിക്കു. വലതുപക്ഷ അധ്യാപക സംഘടനക്കാരനാണ്.
കറുത്തു മെലിഞ്ഞു നീണ്ട എച്ച്എസ്എ കുഞ്ഞിരാമൻ മാഷ്. സ്റ്റാഫ് റൂമിൽ എന്നും തമാശ പൊട്ടിക്കുന്ന കൈനി കുഞ്ഞിരാമൻ മാഷ്. പ്രൈമറി മാഷാണെങ്കിലും ലാബിന്റെ ചാർജുള്ള അമ്പാടി മാഷ്. കരിവെള്ളൂർകാരനായ എ നാരായണൻ മാഷ്, ഓർക്കുളം നാരായണൻ മാഷ് തുടങ്ങി ഇരുപത് പേർ. എനിക്ക് ഏഴാം ക്ലാസ് ചാർജ് ആയിരുന്നു കിട്ടിയിരുന്നത്. കാടങ്കോട് പ്രദേശം ഭൂരിപക്ഷവും കോൺഗ്രസുകാരാണ്. അവിടെ എത്തുമ്പോൾ ഞാൻ ഡിഗ്രിക്കാരനായി മാറി. പ്രിഡിഗ്രിക്ക് സയൻസ് ഗ്രൂപ്പ് എടുത്താണ് പഠിച്ചത്. ബോസ് മാഷ് ബയോളജിയാണ് പഠിപ്പിച്ചിരുന്നത്.
എട്ടാം ക്ലാസിൽ ബയോളജി എടുക്കാൻ പറ്റുമോ എന്ന് ബോസ് മാഷ് ചോദിച്ചു. ഞാൻ സമ്മതിച്ചു. ലിഷർ പിരീഡും സ്കൂൾ വിട്ടതിന് ശേഷവും ഞാൻ എട്ടാം ക്ലാസുകാർക്ക് ബയോളജി ക്ലാസെടുക്കും. ചില അധ്യാപക സുഹൃത്തുക്കൾക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അസൂയ ആയിരിക്കുമത്. ഒരു ദിവസം ഓഫീസിലേക്ക് ചെല്ലാൻ എച്ച്.എം വിളിക്കുന്നുണ്ടെന്ന് പ്യൂൺ വന്ന് പറഞ്ഞു. പ്രശ്നം വല്ലതുമുണ്ടോ എന്ന പേടിയോടെയാണ് ചെന്നത്. ഹെഡ്മാസ്റ്ററുടെ മുമ്പിൽ രണ്ടു പേർ ഇരിക്കുന്നു. 'സാറിനെ അന്വേഷിച്ചാണ് ഇവർ വന്നത്'. നോക്കുമ്പോൾ മാവിലാ കടപ്പുറത്തെ രണ്ടു പേരാണ്.
അവർ പറഞ്ഞു. 'അവിടെ സ്കൂൾ ബിൽഡിംഗ് തയ്യാറായി, ജുണിൽ ക്ലാസ് തുടങ്ങണം. ഹെഡ് മാസ്റ്ററായി മാഷ് ചാർജെടുക്കണം. ഞങ്ങളുടെ എല്ലാം ആഗ്രഹമാണ്. മാഷ് മുടക്കം പറയരുത്', ഞാൻ ഒന്നും പറഞ്ഞില്ല. കടത്തുതോണി ഭയം അപ്പോഴും മാറിയിട്ടില്ലാതത്ത് കൊണ്ട് മുഖത്ത് നോക്കി നോ പറയാൻ പറ്റാത്തത് കൊണ്ടും. നാളെ ഞാൻ വിളിച്ചു പറയാമെന്ന് അവരോട് പറഞ്ഞു. 28 വയസ്സിൽ എച്ച്.എം ആവാം പക്ഷെ. റിട്ടയർമെന്റ് വരെ അവിടെത്തന്നെ കഴിയണം. എയ്ഡഡ് സ്കൂളിൽ നിന്ന് ഇൻക്രിമെന്റ് നഷ്ടപ്പെടുത്തി വന്നതാണ്. വീണ്ടും മറ്റൊരു എയ്ഡഡ് സ്കൂളിലേക്ക് തിരിച്ചു പോണോ? കുറേ ആലോചിച്ചു.
സുഹൃത്തുക്കളും ബന്ധുക്കളുമായി ചർച്ച നടത്തി. അവസാനം ഒരു തീരുമാനത്തിലെത്തി. ക്ഷണിക്കാൻ വന്നവരോട് എനിക്കാവില്ലയെന്നു വിളിച്ചു പറഞ്ഞു. സ്കൂൾ തുടങ്ങുന്ന ദിവസം മാഷ് വരണം. ഉൽഘാടനം മാഷ് നിർവ്വഹിക്കണം. അവരുടെ സ്നേഹപൂർവ്വമായ ക്ഷണത്തിന് ഞാൻ വഴങ്ങി. കുട്ടികളുടെ ഹാജരെടുത്തു കൊണ്ട് ഉൽഘാടനം ഞാൻ നിർവ്വഹിച്ചു. വീണ്ടും കമ്മിറ്റിക്കാരും നാട്ടുകാരും എന്നെ നിർബന്ധിച്ചു. ഞാൻ ഒഴിഞ്ഞുമാറി. പകരം എന്റെ ഒപ്പം പഠിച്ച എയ്ഡഡ് സ്കൂൾ അധ്യാപകനായ കെ പ്രഭാകരൻ നമ്പിയെ എച്ച്.എം ആയി നിയമിച്ചു.
സ്കൂളിനടുത്തുള്ള കുഞ്ഞമ്പു ഏട്ടന്റെ ഹോട്ടലിലെ ഉച്ചയൂണ് എന്നും ഓർമ്മയിലുണ്ട്. എല്ലാ ദിവസവും പുഴമീൻ പൊരിച്ചതുണ്ടാവും. കരിവെള്ളൂരിലെ 23 ബീഡി നെയ്ത്ത് തൊഴിലാളികളെ പങ്കെടുപ്പിച്ച് ഓവർ ഏജ്ഡ് ഗ്രൂപ്പിൽ പെടുത്തി 7-ാം ക്ലാസ് വാർഷിക പരീക്ഷക്ക് കുട്ടികളുടെ കൂടെയിരുത്തി പരീക്ഷ എഴുതിച്ചു. 17 വയസ്സു മുതൽ 30 വയസ്സുവരെ ഉള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു. കരിവെള്ളൂരിലെ കാൻഫെഡ് സെന്ററിൽ രാത്രികാല ക്ലാസിൽ പങ്കെടുത്തവരായിരുന്നു അവർ. കരിവെള്ളൂരിൽ നിന്ന് കുറേ കമ്യൂണിസ്റ്റുകാരെയും കൂട്ടി പരീക്ഷ എഴുതിക്കാൻ റഹ്മാൻ മാഷും നാരായണൻ മാഷും വന്നിട്ടുണ്ട് എന്ന് നാട്ടുകാർ പറയാൻ തുടങ്ങി.
പലരും സ്കൂളിൽ വന്നു. 17 വയസ് തികയാത്തത് കൊണ്ട് ചന്ദ്രൻ എന്ന കുട്ടിക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് അവൻ വെറുതെ ഉത്തരങ്ങൾ എഴുതുകയായിരുന്നു. നാട്ടുകാരിലാരോ പറഞ്ഞു, 'ഒരാൾ ഉത്തരങ്ങളെഴുതി പരീക്ഷാ ഹാളിൽ എത്തിക്കുകയാണ്'. അസത്യമായ ഈ പ്രസ്താവന കേട്ട ചന്ദ്രൻ എഴുതിയ പേപ്പറുമെടുത്ത് ഭയന്നോടി. പക്ഷെ അവൻ വാശിയോടെ പഠിച്ചു. അടുത്ത വർഷം എസ്.എസ്.എൽ.സി എഴുതി ഒന്നാം ക്ലാസോടെ ജയിച്ചു. തുടർന്ന് സ്വയം പഠിച്ച് പി.ജി. കഴിഞ്ഞു കാസർകോട് ഗവ: കോളേജിൽ ലക്ചറായി ജോലി ലഭിച്ചു.
സംഘടനാപരമായ ചേരിതിരിവ് ഉണ്ടെങ്കിലും സ്കൂൾ പ്രവർത്തനത്തിൽ ഒന്നായി സഹകരിക്കും. നാട്ടുകാരിൽ ചിലർ മാത്രമെ രാഷ്ട്രീയ വൈരാഗ്യം വെച്ചുപുലർത്തിയിരുന്നുള്ളു. അച്ചടക്കമുള്ള കുട്ടികളായിരുന്നു. ചെറുവത്തൂർ കെഎംഎച്ച് ഹോസ്പിറ്റൽ ഉടമയും ഡോക്ടറുമായ ഡോ. മുഹമ്മദലി, അഡ്വക്കറ്റും പ്രമുഖ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനുമായ അഡ്വ. ഷുക്കൂർ തുടങ്ങിയവർ പ്രസ്തുത സ്കൂളിലെ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായിരുന്നു.
#EducationInRuralAreas #TeachersOfKerala #CommunistTeachers #SchoolExamStory #RuralEducation #TeacherJourney