ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: ഒരു സിനിമയെ കൊന്ന കഥ

 


-ജെ.പി.

രു സിനിമയെചിലര്‍ ചേര്‍ന്ന് കശാപ്പു ചെയ്യുന്നതെങ്ങിനെയെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തമ ഉദാഹരണമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ സിനിമയെക്കുറിച്ച് അധികമാര്‍ക്കും അറിവുകാണില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പല്ല ഈ സിനിമ ചിത്രികരിച്ചത്.

പക്ഷേ ജനങ്ങള്‍ക്ക് ഈ സിനിമയെക്കുറിച്ച് കൂടുതല്‍ അറിവില്ല. അതിനു കാരണം അത് തിയ്യേറ്ററുകളില്‍ ഓടിയില്ല എന്നതുതന്നെയാണ്. അല്ലെങ്കില്‍ തിയ്യേറ്ററുകളില്‍ ഓടിച്ചില്ല എന്നതാണ്. ഒരു മനുഷ്യനെക്കുറിച്ച്, അവന്റെ സ്വഭാവരൂപീകരണത്തെക്കുറിച്ച്, അവന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഒക്കെ പ്രതിപാദിക്കുന്ന ഒരു തിരക്കഥയുടെ ഏറ്റവും മികച്ച ആവിഷ്‌കാരമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. സിനിമ റിലീസ്‌ചെയ്ത അന്നുതന്നെ അതിന്റെ പ്രദര്‍ശനം മുടങ്ങി. ആദ്യ ദിവസംതന്നെ മലബാര്‍ മേഖലയിലെ എല്ലാ തിയ്യേറ്ററുകളില്‍നിന്നും സിനിമ അപ്രത്യക്ഷമായി. തുടര്‍ന്ന് തെക്കന്‍ ജില്ലകളിലെ തിയ്യേറ്ററുകളില്‍ നിന്നും. ഏത് തല്ലിപ്പൊളി സിനിമ കേരളത്തിലിറങ്ങിയാലും കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും ഓടുമെന്നത് പച്ചപരമാര്‍ത്ഥമാണ്. എന്നാല്‍ ഈ സിനിമ കാണാന്‍ ആളില്ലെന്നു പറഞ്ഞാണ് തിയ്യേറ്ററുകഴില്‍നിന്നും ഒഴിവാക്കിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ എതിരായിരുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: ഒരു സിനിമയെ കൊന്ന കഥമറ്റ് സിനിമകളെ അപേക്ഷിച്ച് കാണികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നാല്‍ എന്താണ് ഇതിനു പിന്നില്‍ സംഭവിച്ചതെന്ന് ഇന്നും വിചിത്രം. മലയാള സിനിമാ സംരക്ഷകരൊന്നും തന്നെ തിരിഞ്ഞുനോക്കിയില്ല. ആരും ഈ കൊലപാതകത്തിനെതിരെ ശബ്ദിച്ചില്ല. ആവിഷ്‌കാരസ്വാതന്ത്ര്യമെന്നു മുറവിളികൂട്ടുന്ന സിനിമാക്കാരുടെ 'അമ്മ'യൊന്നും ഇതിനെക്കുറിച്ച് ഒരു അഭിപ്രായം പോലും പറയാന്‍ തയ്യാറായില്ല. കാരണം അതിശക്തമായ ഒരു അദൃശ്യ കരം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ ശക്തിയുടെ പേര് സിനിമയുടെ പേരില്‍തന്നെ ഒളിഞ്ഞിരിക്കുന്നുമുണ്ട്.

മുരളി ഗോപി എഴുതിയ തിരക്കഥയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ നട്ടെല്ല്. ഇടതും വലതും നോക്കാതെ യാഥാര്‍ത്ഥ്യം വിവരിക്കുകയാണ് ചിത്രത്തിലൂടെ മുരളി ഗോപി ചെയ്തിരിക്കുന്നത്. ഈ തിരക്കഥയെ അതിഗംഭീരമായി ആവിഷ്‌കരിക്കാന്‍ അരുണ്‍കുമാര്‍ അരവിന്ദിന് കഴിഞ്ഞിട്ടുണ്ട്. ഫ്യൂഡലിസത്തിന്റെയും, ദാരിദ്ര്യത്തിന്റെയും, ഇരുട്ടിന്റെയും നാളുകളില്‍ നിന്ന് കേരളം ആധുനികതയിലേക്ക് നീങ്ങിയെന്നാണ് കേരളീയര്‍ കേരളത്തേക്കുറിച്ച് വിശ്വസിച്ചുപോരുന്നത്. എന്നാല്‍, അതൊരു തെറ്റിദ്ധാരണയാണെന്ന സത്യമാണ് അരുണ്‍കുമാര്‍ അരവിന്ദ് തന്റെ സിനിമയിലൂടെ പ്രതിപാദിക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടിയുടെ തീപ്പൊരി നേതാവായി ഉയര്‍ന്നുവരുന്നതിനിടെ ആക്രമിക്കപ്പെട്ട് അവശനിലയിലായ മുരളി ഗോപി(റോയ്), കേരളത്തില്‍ അന്തസായി ജീവിക്കണമെങ്കില്‍ പണം വേണമെന്നും അതിനു പോലീസാകണമെന്നും കണ്ടെത്തല്‍ നടത്തിയ ഇന്ദ്രജിത്ത്(വട്ട് ജയന്‍), മാടമ്പിത്തരത്തിന്റെ ഇരയാകേണ്ടിവന്നതിന്റെ വേദന മാറ്റാന്‍ സ്വയം മാടമ്പിയായി മാറുന്ന നേതാവ് (ഹരീഷ് പേരടി) എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

കൊലപാതകരാഷ്ട്രീയം മുതല്‍ ലൈംഗികാല്പത്വം വരെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിമാറിയിരിക്കുന്നുവെന്ന് സിനിമ പറയുന്നു. കേരള രാഷ്ട്രീയത്തിന്റെ നാറുന്ന മുഖത്തെ വളരെയധികം വിമര്‍ശനബുദ്ധിയോടെയാണ് സിനിമ സമീപിക്കുന്നത്.

കഥ ആരംഭിക്കുന്നത് ഇങ്ങനെ; കൊല്ലപ്പെട്ട ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ചോരയ്ക്ക് പകരം ചോദിക്കാന്‍ പാര്‍ട്ടി വൈമുഖ്യം കാട്ടിയപ്പോള്‍ സ്വയം ആ കര്‍ത്തവ്യം ഏറ്റെടുത്ത് മരണം വരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ അച്ഛന്‍. ഒരു വശം പാതി തളര്‍ന്ന റോയി തന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരൂ കറ കളഞ്ഞ മനുഷ്യസ്‌നേഹി. ലെനയാണ് ശ്രദ്ധേയമായ ഇദേഹത്തിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയ്‌ക്കെതിരെയുളള മൂടിവയ്ക്കപ്പെട്ട അഴിമതിയുടെ കഥ തങ്ങളുടെ ചെറിയ പത്രത്തിലൂടെ പുറത്തുകൊണ്ടു വരുന്നതിലൂടെയാണ് കഥയില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുന്നത്. ഇതിനെ തുടര്‍ന്നുളള സംഭവവികാസങ്ങള്‍ റോയിയുടെയും, ജയന്റെയും മറ്റുളളവരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന ദുരന്തങ്ങളാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ പ്രതിപാദിക്കുന്നത്. പാര്‍ട്ടിയുടെ ഗുണ്ടാപടയുടെ അഴിഞ്ഞാട്ടം. ശത്രുക്കളെ അരിഞ്ഞുവീഴ്ത്തുന്നതില്‍ യാതൊരുവിധ മനുഷ്യത്വവും കാട്ടാന്‍ തയ്യാറാകാത്ത പാര്‍ട്ടി നേതൃത്വം, ബൂര്‍ഷ്വാസിയെ ഹാരം അണിയിച്ച് സ്വീകരിക്കുന്ന നവ ഇടതുപക്ഷം. വെറും നാട്യക്കാരനായ പ്രതിപക്ഷനേതാവ്. ഇങ്ങനെയൊക്കെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സിനിമ എങ്ങോട്ടാണ് വിരലുകള്‍ ചൂണ്ടുന്നത് എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

സിനിമ എന്ന മാധ്യമത്തിലൂടെ രാഷ്ട്രീയത്തിലെ കപടമുഖങ്ങളെ പൊളിച്ചുകാട്ടുന്ന ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ജീര്‍ണ്ണതയുടെ പടുകുഴിയില്‍വീണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശുദ്ധികലശത്തിന് വേണ്ട ഒരു കൈത്തിരിവെട്ടം തെളിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കണം ഇത്തരം ഒരു സിനിമ ചിത്രീകരിക്കാന്‍ സംവിധായകനും തിരകഥാകൃത്തിനും തോന്നിയത്. പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവുമടക്കം പാര്‍ട്ടിയിലെ ഒരോ അണുവും ജീര്‍ണ്ണിച്ചതാണ് എന്ന് സിനിമയില്‍ ശക്തമായി പറയുന്നു. ആദര്‍ശധീരരെല്ലാം പാര്‍ട്ടിയുടെ പടിക്കു പുറത്താണ്. അത്തരത്തില്‍ പുറത്തായവര്‍ അനുഭവിക്കേണ്ടിവരുന്ന ക്രൂരമായ ജീവിത സാഹചര്യങ്ങളും സിനിമയിലൂടെ പൊളിച്ചെഴുതുന്നു.

ഒടുവില്‍ ഈ പൊളിച്ചെഴുത്തെല്ലാം കൂട്ടിയിട്ട് കത്തിച്ചപോലുള്ള അവസ്ഥ. ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല എന്നുള്ള പരിഭവം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി വിങ്ങിപ്പൊട്ടുന്ന പുരോഗമനവാദികളാരും ഇതൊന്നും കണ്ടില്ല, ഒന്നും അറിഞ്ഞില്ല....

Keywords LEFT RIGHT LEFT, Malayalam movie, Arunkumar aravind,National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia