Remarkable Help | ആ ട്രെയിൻ യാത്രയിൽ ദൈവദൂതന്മാരെ പോലെയെത്തിയ രണ്ടുപേർ


കോട്ടയം എത്തിയപ്പോൾ മുതൽ വയറിൽ എന്തോ അസ്വാസ്ഥ്യം തുടങ്ങി. ഉറങ്ങാൻ പറ്റുന്നേയില്ല. ഭയം കൂടി കൂടി വന്നു. ഹൃദയമിടിപ്പും വർദ്ധിച്ചു. ദാഹം തോന്നി. എഴുന്നേറ്റിരുന്നു. കയ്യിൽ കരുതിയ വെള്ളം കുടിച്ചു. വിയർക്കാൻ തുടങ്ങി. എന്തു ചെയ്യും?
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം ഭാഗം- 15
(KVARTHA) അപരിചിതനായ ഒരു വ്യക്തി അർദ്ധരാത്രി സമയത്ത് ഒന്നു കൂടെ വരുമോ എന്ന് ചോദിച്ചാൽ നിങ്ങൾ കൂടെ പോവുമോ? ഒരു ട്രെയിൻ യാത്രയിൽ ബർത്തിൽ കിടന്നുറങ്ങുന്ന നിങ്ങളോട് ഒരു സഹയാത്രികൻ പറയുന്നു അടുത്ത സ്റ്റേഷനിൽ വണ്ടി ഇറങ്ങി എന്നെ ആശുപത്രിയിൽ എത്തിക്കുമോ എന്നാവശ്യപ്പെട്ടാൽ അങ്ങിനെ ചെയ്യുമോ? ഈ രണ്ട് അവസ്ഥയിലും കൂടെ പോകാൻ നമ്മൾ തയ്യാറാവില്ല. ഭയം തന്നെ കാരണം. അപരിചിതനായ വ്യക്തി ആരാണെന്നോ എവിടെയാണെന്നോ അയാളുടെ സ്വഭാവമെന്താണെന്നോ അറിയാത്തത് രണ്ടാമത്തെ കാരണം. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണിത്.
മറക്കാൻ കഴിയാത്ത ഇത്തരത്തിലുള്ള ഒരു സംഭവം എൻ്റെ ജീവിതത്തിലുണ്ടായി. ഓർക്കുന്തോറും ഭയമുണ്ടാക്കുന്ന സംഭവം. ഒറ്റയ്ക്ക് ദീർഘയാത്ര ചെയ്യുമ്പോൾ ഞാൻ ഓർക്കാറുണ്ട് എന്തെങ്കിലും അപകടമോ അസുഖമോ വന്നാൽ എന്തുചെയ്യുമെന്ന്. ആരെങ്കിലും സഹായത്തിനെത്തുമോ? എന്തെങ്കിലും വഴിയുണ്ടാകുമെന്ന് സ്വയം ആശ്വസിക്കും. ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത പ്രശ്നമാണ് എനിക്കുണ്ടായത്. പ്രശ്നപരിഹാരം ഉണ്ടായതും അവിശ്വസനീയമായിട്ടാണ്. തിരുവനന്തപുരം ഐഎംജിയിൽ നടന്ന സംസ്ഥാന തല സന്നദ്ധ പ്രവർത്തകയോഗത്തിൽ പങ്കെടുക്കാനായിരുന്നു ഞാൻ എത്തിയത്.
അന്ന് ആ പരിപാടി ഉൽഘാടനം ചെയ്തത് തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്നു എന്നാണെൻ്റെ ഓർമ്മ, അല്ല ഐഎംജി ഡയറക്ടറായിരുന്നോ എന്നും ഓർമ്മയില്ല. പരിപാടി കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. തിരിച്ച് വരാൻ മലബാർ എക്സ്പ്രസിലാണ് ബർത്ത് ബുക്ക് ചെയ്തിരുന്നത്. വൈകീട്ട് 6 മണിക്കാണ് ട്രെയിൻ പുറപ്പെടുന്നത്. റയിൽവേ കാൻ്റീനിൽ നിന്ന് ചായ കഴിച്ചു രാത്രി കഴിക്കുന്നതിന് ഭക്ഷണം പാർസലും വാങ്ങി. ട്രെയിനിൽ കയയറിയിരുന്നു. വൈകുന്നേരത്തെ പത്രവിതരണക്കാരൻ കമ്പാർട്ടുമെൻ്റിൽ എത്തി. സമയം പോക്കാനായി ഒരു പത്രം ഞാനും വാങ്ങി.
ഫ്രണ്ട് പേജിലെ വാർത്ത ഞങ്ങളുടെ പരിശീലന ക്യാമ്പ് ഉൽഘാടനം ചെയ്ത വ്യക്തി അന്തരിച്ചു എന്നാണ്. വാർത്ത വായിച്ച ഞാൻ അത്ഭുതപ്പെട്ടു. അർത്ഥഗർഭമായ പ്രസംഗമായിരുന്നു അന്നദ്ദേഹം നടത്തിയത്. പങ്കാളികളെയെല്ലാം പരിചയപ്പെടാൻ അദ്ദേഹം അവസരമൊരുക്കുകയും ചെയ്തിരുന്നു. ഇത്രയല്ലേ മനുഷ്യൻ്റെ കാര്യമുള്ളു; നമ്മളുടെയൊക്കെ കാര്യം ഇങ്ങിനെ തന്നെയാവില്ലേ എന്നൊക്കെയുള്ള ചിന്ത എൻ്റെ മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. കൊല്ലത്തെത്തിയപ്പോൾ കയ്യിൽ കരുതിയ ഭക്ഷണം കഴിച്ചു. തേർഡ് ബർത്താണ് എനിക്ക് കിട്ടിയത്. വേഗം കയറിക്കിടന്നു.
കോട്ടയം എത്തിയപ്പോൾ മുതൽ വയറിൽ എന്തോ അസ്വാസ്ഥ്യം തുടങ്ങി. ഉറങ്ങാൻ പറ്റുന്നേയില്ല. ഭയം കൂടി കൂടി വന്നു. ഹൃദയമിടിപ്പും വർദ്ധിച്ചു. ദാഹം തോന്നി. എഴുന്നേറ്റിരുന്നു. കയ്യിൽ കരുതിയ വെള്ളം കുടിച്ചു. വിയർക്കാൻ തുടങ്ങി. എന്തു ചെയ്യും? കമ്പാർട്ടുമെൻ്റിലെ മുഴുവൻ ആളുകളും നല്ല ഉറക്കത്തിലാണ്. ഉറക്കെ കരയണമെന്ന് തോന്നി. ബർത്തിലുള്ള ആളുകൾക്ക് വിഷമമാവില്ലേ? മരിച്ചു പോയാൽ മറ്റുള്ളവർക്ക്ഏറെ പ്രയാസമാകില്ലേ? സൈഡ് അപ്പർ ബർത്തിലേക്ക് നോക്കി. മുഖം കണ്ടാൽ ചെറുപ്പക്കാരനാണെന്ന് തോന്നി. കൈ കൊണ്ട് എത്തിപ്പിടിച്ച് അദ്ദേഹത്തെ തൊട്ടു.
അദ്ദേഹം ഞെട്ടി ഉണർന്നു, 'എന്താ', അദ്ദേഹം ചോദിച്ചു. 'എനിക്ക് വേദന സഹിക്കാനാവുന്നില്ല. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ എന്നെ സഹായിക്കണം', അയാൾ ഒന്നും മറുപടി പറയാതെ എഴുന്നേറ്റു. സൈഡ് ലോവർ ബർത്തിൽ കിടക്കുന്ന ആളെ വിളിച്ചുണർത്തി. ഞാനും വേദന കടിച്ചമർത്തി താഴേക്കിറങ്ങി. ബാഗും കയ്യിലെടുത്തു. രണ്ടു പേരോടും സംസാരിച്ചപ്പോൾ അവർ തയ്യാറായി. അടുത്ത സ്റ്റേഷൻ ഏതാണെന്ന് നോക്കി മൂന്നു പേരും ഇരുന്നു. സമയം രാത്രി 2 മണി കഴിഞ്ഞു. വണ്ടി വേഗത കുറച്ചപ്പോൾ സ്റ്റേഷൻ അടുത്തു എന്ന് തോന്നി.
'ചേർത്തല സ്റ്റേഷൻ', ഇവിടെ ഇറക്കിയാൽ മതി. അവർ രണ്ടു പേരും എൻ്റെ കൂടെത്തന്നെ ഇറങ്ങി. അവർ എന്നെക്കുറിച്ച് ഒന്നും ചോദിച്ചില്ല. എനിക്കും അവരെക്കുറിച്ച് ഒന്നുമറിയില്ല. ഞാൻ വേദന സഹിക്കാനാവാതെ ബെഞ്ചിലിരുന്നു. 'ആശുപത്രിയിൽ പോകാമല്ലേ?' അവർ ചോദിച്ചു. ഞാൻ തല കുലുക്കി.
അതിൽ ഒരാൾ എൻ്റെ അരികിൽ നിന്നു. മറ്റേ ആൾ ഓട്ടോ വിളിച്ചു കൊണ്ടുവന്നു. അവർക്കും ആ നാട് പരിചയമില്ല. ഏതാണ് ആശുപത്രി എന്നും അറിയില്ല. ഓട്ടോ ഡ്രൈവറോട് 'ഏറ്റവും അടുത്തുള്ള ഒരാശുപത്രിയിൽ എത്തിക്കണം', അവർ പറഞ്ഞു.
പ്രശ്നം മനസ്സിലാക്കിയ ഡ്രൈവറും വണ്ടി വേഗത്തിൽ വിട്ടു. ഒരാശുപത്രിക്കുമുന്നിൽ വണ്ടി നിർത്തി.
'സെൻ്റ് പോൾസ് ഹോസ്‌പിറ്റൽ'. അവിടേക്ക് കൂടെ വന്നവർ കൈ പിടിച്ചു കൊണ്ടുപോയി. ഓട്ടോ ചാർജും അവർ കൊടുത്തിരുന്നു. കൺസൾട്ടിംഗ് റൂമിൽ എത്തി. ഡോക്ടർ പരിശോധിച്ചു. അഡ്മിറ്റ് ചെയ്യണം എന്ന് നിർദ്ദേശിച്ചു. എല്ലാം കൂടെ വന്നവർ ചെയ്തു. ഒരു പരിചയവുമില്ലാത്തവർ. ഇഞ്ചക്ഷൻ തന്നു. മരുന്നും ഗുളികയും തന്നു. അവർ രണ്ടു പേരും മുറിയിൽ തന്നെ കൂട്ടിരുന്നു. ഞാൻ നല്ല ഉറക്കത്തിലേക്ക് വഴുതിവീണു. രാവിലെ 9 മണിക്കാണ് ഉണർന്നത്. കണ്ണു തുറന്നു ആ രണ്ടു ദൈവപുത്രന്മാരെയും നോക്കി. അവർ എന്നെയും അപ്പോഴാണ് കണ്ടത്.
'സുഖമായോ?', അവർ ഒപ്പം ചോദിച്ചു. സന്തോഷത്തോടെ ഞാൻ പറഞ്ഞു, 'സുഖമായി'. എന്നിട്ടും പരസ്പരം ഒന്നും സംസാരിച്ചില്ല. ആശുപത്രിയിലെ മുഴുവൻ ബില്ലും അവരാണ് കൊടുത്തത്. വീണ്ടും ഓട്ടോയിൽ സ്റ്റേഷനിലെത്തി. അവിടെ ഇരുന്നാണ് ഞങ്ങൾ പരസ്പരം സംസാരിച്ചത്. ചിലവായ തുക ചോദിക്കാതെ ആയിരം രൂപ അവരുടെ കയ്യിൽ വെച്ചു കൊടുത്തു. സ്നേഹപൂർവ്വം അവർ അത് തിരസ്ക്കരിച്ചു. 'ഞങ്ങൾ ഗൾഫിലേക്ക് പോകുന്ന ഒരു സുഹൃത്തിനെ പ്ലെയിൻ കയറ്റി യാത്രയാക്കാൻ വന്നതാണ്. ഞങ്ങൾ കൊയിലാണ്ടിക്കാരണ്. എൻ്റെ പേര് മുഹമ്മദ് ഞാൻ ടൗണിൽ സ്റ്റേഷനറി കട നടത്തുന്നു. ഇദ്ദേഹം റസാഖ് ഗൾഫിലാണ് ജോലി'.
ഞാൻ എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. കാര്യങ്ങൾ അറിഞ്ഞപ്പോൾ എന്നോട് കൂടുതൽ ബഹുമാനവും സ്നേഹവും അവർക്ക് തോന്നിയെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി. തിരിച്ചുള്ള ട്രെയിൻ ടിക്കറ്റും അവരാണെടുത്തത്. വീടു വരെ കൊണ്ടു വിടാൻ അവർ തയ്യാറായിരുന്നു. വീട്ടിലെത്തി കഥ മുഴുവൻ പറഞ്ഞു. അവരുടെ മനുഷ്യ സ്നേഹത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും എല്ലാവരും പുകഴ്ത്തിപ്പറഞ്ഞു. ഒരു പരിചയവുമില്ലാത്ത അസുഖ ബാധിതനായ എന്നെ ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിച്ചാൽ അവരുടെ പേരിൽ കുറ്റം ചുമത്തപ്പെടില്ലേ?
എന്തോ തട്ടിപ്പാണെന്ന് ജനം പറയില്ലേ? നന്മ ചെയ്തവർക്ക് അങ്ങിനെയുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാവില്ലായെന്ന് വിശ്വസിക്കാം. ഇത് 1994 ൽ നടന്ന സംഭവമാണ്. ഇന്നും റസാഖും മുഹമ്മദുമായി ഞങ്ങൾ പരസ്പരം ബന്ധപ്പെടാറുണ്ട്. ഞങ്ങൾ കുടുംബസമേതം അവരുടെ വീടുകളിൽ പല തവണ ചെന്നിട്ടുണ്ട്. അവർ എൻ്റെ വീട്ടിലേക്കും വന്നിട്ടുണ്ട്. ദൈവദൂതന്മാരെ പോലെയെത്തി എൻ്റെ ജീവൻ രക്ഷിച്ച അവരെ ജീവിതാവസാനം വരെ മറക്കില്ല.