Journey | മുസ്സോറിയയിലേക്ക് ഒരു യാത്ര; ഭയവും വിസ്മയവും നിറഞ്ഞ ഓർമകൾ

 
Dalit artists performing at Mussoorie during the National Tribal Art Festival.
Dalit artists performing at Mussoorie during the National Tribal Art Festival.

Photo Credit: Facebook/ Mussoorie Tourist Places

● 1986-ൽ നെഹ്റു യുവക് കേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു യാത്ര.
● കേരളത്തിൽ നിന്നുള്ള ദളിത് കലാകാരൻമാരായിരുന്നു യാത്രയിൽ പങ്കെടുത്തത്.
● ഹിമാലയൻ താഴ്‌വരകളിലൂടെയുള്ള ബസ് യാത്ര സാഹസികമായിരുന്നു.
● മുസ്സോറിയിൽ വെച്ച് ദേശീയ ആദിവാസി കലാമേളയിൽ പങ്കെടുത്തു.

കൂക്കാനം റഹ്‌മാൻ 
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 49 

(KVARTHA) 1986-ലാണെന്ന് തോന്നുന്നു. അവിചാരിതമായി ഇന്ത്യയിലെ പ്രമുഖ സുഖവാസ സ്ഥലമായ മുസ്സോറിയയിലേക്ക് എനിക്കൊരു യാത്ര തരപ്പെട്ടത്. നെഹ്റു യുവക് കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് ഒരു ദളിദ് കലാട്രൂപ്പിനെയും കൊണ്ട് മുസ്സോറിയയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷപൂര്‍വ്വം ആ ദൗത്യം ഞാൻ ഏറ്റെടുക്കുകയായിരുന്നു. ടീം ലീഡറായിട്ടായിരുന്നു പോകേണ്ടിയിരുന്നത്. ഇരിട്ടി പേരാവൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള ദളിദ് കലാകാരന്‍മാരെയാണ് കൊണ്ടു പോകേണ്ടത്. 

അന്ന് കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയുടെ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ എ ശ്രീധരനായിരുന്നു. അദ്ദേഹവും കൂടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. യുവകലാകാരന്‍മാരായ പതിനേഴ് പേര്‍ ടീമിലുണ്ട്. രണ്ടു ദിവസം മുന്നേ ടീം അംഗങ്ങള്‍ എത്തിച്ചേരണമെന്ന് നിര്‍ദ്ദേശം കൊടുത്തിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പേ ടീം അംഗങ്ങള്‍ കണ്ണൂര്‍ റെയില്‍ വേ സ്റ്റേഷനിലെത്തിയിരുന്നു. അവിടെ വെച്ച് എല്ലാവരുമായി പരിചയപ്പെട്ടു. സ്ലീപ്പർ കോച്ചാലായിരുന്നു യാത്ര. ആടിയും പാടിയും കഥ പറഞ്ഞുമുള്ള രണ്ട് ദിവസത്തെ ആ ട്രെയിൻ യാത്ര സന്തോഷകരമായിരുന്നു. 

Dalit artists performing at Mussoorie during the National Tribal Art Festival.

പക്ഷെ  ഡൽഹി അടുത്തപ്പോൾ സ്ഥിതിഗതികൾ ആകെ മാറി തുടങ്ങി. സ്ലീപ്പർ കോച്ചാണെന്നറിഞ്ഞിട്ടു പോലും സ്റ്റേഷനില്‍ നിന്ന് ആളുകള്‍ അതിനുള്ളിലേക്ക് തള്ളിക്കയറാൻ തുടങ്ങി. അതോടെ തിക്കും തിരക്കുമായി ആകപ്പാടെ ബഹളം. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ക്കിറങ്ങണം. പക്ഷെ വഴി  ഇല്ല. ആളുകളെ തട്ടി ഒന്ന് നീങ്ങാൻ പോലും വയ്യാത്ത അവസ്ഥ. കൂടെ ലഗോജും. അതും കയ്യില്‍ പിടിച്ച് കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ഡോറിന്‍റെ അടുത്തേക്ക് നീങ്ങൽ സാധ്യമല്ലെന്ന്  ഉറപ്പായി. അതോടെ ലഗേജ് തലയില്‍ വെച്ച് തിക്കിത്തിരക്കി എങ്ങിനെയെല്ലാമോ ഇറങ്ങി. 

സമയം രാവിലെ പത്തുമണി. ഇനി ഡല്‍ഹിയില്‍ നിന്ന് മുസ്സോറിയയിലേക്ക്. അവിടെയാണ് നാഷണല്‍ ആദിവാസി ആര്‍ട്ട് ഫെസ്റ്റിവല്‍ നടക്കുന്നത്. അന്ന് രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന കലാട്രൂപ്പകളെ മുസ്സോറിയയില്‍ എത്തിക്കാന്‍ എയര്‍കണ്ടീഷന്‍ ബസ് ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് എത്തിയ ഞങ്ങളെ കൊണ്ടുപോകുന്നതിനും ബസ് പുറത്ത് കാത്തു നില്‍ക്കുന്നുണ്ടെന്ന വിവരം കിട്ടി. ഞങ്ങള്‍ ഇരുപത് പേര്‍ക്ക് യാത്ര ചെയ്യാന്‍ നാല്പത് സീറ്റുളള എയര്‍കണ്ടീഷന്‍ ബസ്. ക്യൂ ആയി ചെന്ന് ഞങ്ങള്‍ ബസ്സില്‍ കയറി. 

എല്ലാവരുടേയും മുഖത്ത് സന്തോഷപൂത്തിരി കത്തുന്നുണ്ടായിരുന്നു. ബസ് നീങ്ങിത്തുടങ്ങി. കലാകാരന്‍മാര്‍ അവരുടെ കലാപരിപാടികള്‍ ഒറ്റയ്ക്കും കൂട്ടായും അവതരിപ്പിച്ചു കൊണ്ടിരുന്നു. ഡല്‍ഹിയില്‍ നിന്നും അഞ്ച് മണിക്കൂറോളമുണ്ട് ബസ് യാത്രയ്ക്ക്. ഹിമാചല്‍ പ്രദേശിലൂടെയാണ് മുസ്സോറിയയില്‍ എത്തേണ്ടത്. ടാറിടാത്ത റോഡാണ്. ഒരു ഭാഗത്ത് ഉയര്‍ന്ന മലനിരകള്‍. മറുഭാഗത്ത്  അഗാധമായ താഴ് വര. ഒരു വാഹനത്തിനു മാത്രം കടന്നു പോകാന്‍ വീതിയുളള ഇടുങ്ങിയ റോഡും. താഴേക്ക് നോക്കുമ്പോൾ തന്നെ  ഭയം തോന്നും. വീണ് പോയാൽ പൊടി പോലും കിട്ടില്ല. മനസ്സ് എന്തല്ലാമോ ചിന്തിച്ചു കൂട്ടാൻ തുടങ്ങി. 

മരണ ഭയം കൂടി വന്നപ്പൊ കുറേ സമയം കണ്ണടച്ചിരുന്നു. പക്ഷെ യുവാക്കള്‍ക്ക്  അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. അവരതിലൊന്നും ശ്രദ്ധകൊടുക്കാതെ പാട്ടും കൂത്തുമായി സജീവം തന്നെ. എനിക്കാണെങ്കിൽ നെഞ്ചിടിപ്പ് ഇങ്ങനെ കൂടുകയാണ്. പെട്ടന്നാണ് ഡ്രൈവറുടെ അറിയിപ്പ് വന്നത്. ബസില്‍ ഇരിക്കാന്‍ ഭയമുളളവര്‍ക്ക് ഇറങ്ങി നടക്കാം. കേൾക്കേണ്ട താമസം ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ഇറങ്ങി നടന്നു. എന്നെ പോലെ പേടിച്ചിരുന്നവർ തന്നെയാവും അവരും. ബസ് വളരെ സ്ലോ ആയിട്ടേ നീങ്ങുന്നുളളൂ. അത് കൊണ്ട് തന്നെ ഞങ്ങൾ കുറച്ച് നടക്കും വീണ്ടും ബസ്സില്‍ കയറും. പിന്നേയും നല്ല പേടി തോന്നുമ്പോൾ നടക്കും വീണ്ടും ബസ്സിൽ. 

ഇങ്ങിനെ കുറച്ചു ദൂരം പിന്നിട്ടു. പിന്നെ ധൈര്യം സംഭരിച്ച് ബസ്സില്‍ തന്നെ മുസ്സോറി വരെ ചെന്നു. എല്ലാ സംസ്ഥാനങ്ങില്‍ നിന്നും കലാ ട്രൂപ്പുകാര്‍ എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അവിടെ നല്ല തണുപ്പായിരുന്നു. ചൂട് ബനിയനും മഫ്ളറും കരുതിയിരുന്നത് കൊണ്ട് അല്പം ശമനം കിട്ടി. ഓരോ ട്രൂപ്പിനും ഹാള്‍ അലോട്ട് ചെയ്തു തന്നിരുന്നു. സമയം നാലുമണിയോടടുത്തു കാണും. മലമുകളിലെ വിശാലമായ മൈതാനത്തില്‍ എല്ലാവരും അതാത് സംസ്ഥാനങ്ങളുടെ ബാനറിന് പിന്നില്‍ അണിനിരന്നു. 

അതിനിടയില്‍ മണ്‍കപ്പില്‍ ചൂട് കാപ്പി കിട്ടി. കപ്പ് എന്തു ചെയ്യേണ്ടതെന്ന് ആലോചിച്ചു നില്‍ക്കുമ്പോഴേക്കും അവിടത്തുകാർ കുടിച്ചു കഴിഞ്ഞ ഉടനെ കപ്പ് നിലത്തെറിഞ്ഞുടക്കുന്നത് കണ്ടു. അതേ പോലെ ഞങ്ങളും ചെയ്തു. പക്ഷെ എനിക്കെന്തോ എറിഞ്ഞുടക്കാന്‍ ഒരു മടി പോലെ തോന്നിയിരുന്നു. അത്രയും മനോഹരമായിരുന്നു അത്. മുറിയില്‍ കൊണ്ടു ചെന്ന് നാട്ടിലേക്കു കൊണ്ടു പോയാലോ എന്ന് വരെ ചിന്തിച്ചിരുന്നു. പക്ഷെ മറ്റുള്ളവർ എന്ത് കരുതുമെന്ന തോന്നലിൽ ഞാനാ ആഗ്രഹം വേണ്ടെന്ന് വെച്ചു. 

അടുത്തത് മുസ്സോറി ടൗണിലൂടെ കലാകാരന്‍മാരുടെ റോഡ് ഷോ ആയിരുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ആ കലാരൂപങ്ങള്‍ കണ്ണിനും കാതിനും ഇമ്പേമേകിയിരുന്നു. മൂന്നു ദിനങ്ങളിലായി കലാപരിപാടികള്‍ അരങ്ങേറി. എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചു വരാനുളള ഒരുക്കത്തിലായി. പരസ്പരം യാത്ര പറഞ്ഞും കുശലം പറഞ്ഞും അറേഞ്ചു ചെയ്ത ബസില്‍ കയറി. തിരിച്ചു വരവില്‍ ഡെറാഡൂണ്‍, ഡര്‍ജിലിംഗ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കുറച്ചു സമയം ചെലവഴിച്ചിരുന്നു. 

അത് കൊണ്ടാണോ എന്നറിയില്ല. മടക്കയാത്രയില്‍ റോഡ് അത്ര ഭയമായി തോന്നിയിരുന്നില്ല. ഒടുവിൽ ഡല്‍ഹിയിലെത്തി. കൂട്ടത്തിലുളളവര്‍ക്കെല്ലാം താജ് മഹല്‍ കാണണമെന്ന ആഗ്രഹമുണ്ടായപ്പോൾ ആഗ്രയിലിറങ്ങി. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലും ചുറ്റിക്കണ്ടു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും നെഹ്റു യുവക് കേന്ദ്രവഴി സംഘടിപ്പിച്ചു തന്ന ഡല്‍ഹി ഡെറാഡൂണ്‍, മുസ്സോറി, ആഗ്ര യാത്രയയും അന്താരാഷ്ട്ര ആദിവാസി കലാമേളയും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


The journey to Mussoorie in 1986 with a Dalit art troupe was filled with challenges, from the train ride to breathtaking views and performances.

#MussoorieJourney #ArtFestival #DalitArtists #IndianCulture #TrainTravel #Adventure

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia