SWISS-TOWER 24/07/2023

Career | സർക്കാർ സർവീസിൽ എത്തിപ്പെട്ടപ്പോൾ

 
 A Journey from Aided School to Government Service
 A Journey from Aided School to Government Service

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എയ്ഡഡ് സ്കൂളിലെത്തിയപ്പോൾ അഞ്ചുവർഷത്തെ ഇൻക്രിമെന്റ് നഷ്ടമായി.
● പാണപ്പുഴ ഗവ. എൽ.പി. സ്കൂളിൽ നിന്നാണ് സർക്കാർ സേവനം ആരംഭിച്ചത്.
● അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നാട്ടുകാർ പിന്തുണ നൽകി.

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - 33 / കൂക്കാനം റഹ്‌മാൻ 

(KVARTHA) അഞ്ച് വർഷത്തെ എയ്ഡഡ് സ്കൂൾ അധ്യാപക ജോലിക്ക് ശേഷമാണ്, ഞാൻ സർക്കാർ സ്കൂളിലെത്തിയത്. അതുകൊണ്ട് തന്നെ അഞ്ച് വർഷത്തെ ഇൻക്രിമെന്റ് നഷ്ടമാവുകയും ചെയ്തു. ഇത്രയും നഷ്ടം സഹിച്ച് എന്തിനാണ് സർക്കാർ സർവീസ്  എന്ന് പലരും ചോദിച്ചു. ഒരു വ്യക്തിയുടെ കീഴിലല്ല സർക്കാരിന്റെ കീഴിലാണെന്ന സന്തോഷം. അതാണ് ഞാൻ കണ്ടെത്തിയ നേട്ടം. പിന്നെ കുറച്ചു കൂടി ഫ്രീയായി എന്നും അന്തസ്സ് കൂടിയെന്നുമുള്ള വിചാരവും. 

Aster mims 04/11/2022

സർവീസ് കൂടുതലുള്ള വ്യക്തി സർക്കാർ സ്കൂളിൽ എത്തിയാൽ അതേവരെ വാങ്ങിയ ശമ്പള സ്കെയിൽ തന്നെ അനുവദിച്ചു കൂടെ? എയ്ഡഡ് സ്കൂളിൽ തന്നെ തുടരുകയാണെങ്കിൽ ഇൻക്രിമെന്റ് നഷ്ടമാവില്ലല്ലോ? സർക്കാരിന്റെ ഈ നയം മാറ്റണം. വീണ്ടും പഠിച്ച് പി.എസ്.സി. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടല്ലേ സർക്കാർ സ്കൂളിലെത്തുന്നത്. മുണ്ടശ്ശേരി മാഷെ പോലുള്ള ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിരുന്നെങ്കിൽ ഈ തെറ്റ് തിരുത്തിയേനെ. 

പാണപ്പുഴ ഗവ: എൽ.പി.സ്കൂളിലാണ് ആദ്യ നിയമനം. വീടിനടുത്ത് നടന്നു പോകാൻ മാത്രം ദൂരമുള്ള സ്കൂളിൽ നിന്നാണ് വീടിൽ നിന്ന് 20 കി.മീ. ദൂരെയുള്ള സ്കൂളിലേക്ക് പോകേണ്ടത്. കരിവെള്ളൂരിൽ നിന്ന് പിലാത്തറ വരെ ഒരു ബസ്. പിലാത്തറയിൽ നിന്ന് മാതമംഗലത്തേക്ക് വേറൊരു ബസ്. അവിടെയിറങ്ങി 10 മിനുട്ട് നടന്ന് പാണപ്പുഴയിൽ ഇറങ്ങി നടന്ന് കുന്നിൻ മുകളിലുള്ള സ്കൂളിലെത്തണം. എന്തിനീ കഷ്ടപ്പാട് ഏറ്റെടുത്തു ? ഉത്തരം ഒന്നേ ഉള്ളൂ - മനസന്തോഷം. 

1975 ഡിസംബർ ഒന്നിന് ഈ പറഞ്ഞ വഴിയൊക്കെ താണ്ടി സ്കൂളിലെത്തി. കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. മൂന്ന് മാഷന്മാർ വരാന്തയിൽ നിന്ന് ബീഡി വലിക്കുകയാണ്. കുട്ടികൾ ഓടിച്ചാടി കളിക്കുന്നു. ചെറിയൊരു ഓട് മേഞ്ഞ കെട്ടിടം. നാല് ക്ലാസ് മുറി താർപോളിൻ വെച്ച് ഭാഗിച്ചിട്ടുണ്ട്. പാണപ്പുഴക്കാരനായ കുഞ്ഞിരാമൻ മാഷാണ് ഹെഡ് മാസ്റ്റർ. മട്ടന്നൂർക്കാരനായ വാര്യർ മാഷ് , കാങ്കോൽ നിവാസിയും സ്കൂളിനടുത്ത് ചെറിയ വീട് വാടകക്കെടുത്ത് താമസിക്കുന്ന രാമചന്ദ്രൻ മാഷ്, നാലാമത്തെയാൾ  ഞാനും. പരസ്പരം സഹായിച്ചും സഹകരിച്ചും , സ്നേഹിച്ചും പ്രവർത്തിക്കുന്നവരാണ് നാലു പേരും. 

A Journey from Aided School to Government Service

വാര്യർ മാഷ് അടുത്തൊരു അമ്പലത്തിൽ പൂജയുമായി താമസവും ഭക്ഷണവും സൗജന്യമായി ഒപ്പിച്ചു പോവുന്നു. കുഞ്ഞിരാമൻ മാഷ് പ്രദേശത്തെ പ്രമുഖ കൃഷിക്കാരൻ കൂടിയാണ്. വാര്യർ മാഷ് അമ്പലത്തിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന പായസവുമായി ഇടയ്ക്ക് വരും. രാമചന്ദ്രൻ മാഷിന്റെ അമ്മ പറയും ഉച്ചഭക്ഷണം ഞങ്ങളുടെ കൂടെ കഴിച്ചോളു എന്ന്. ഉച്ചക്ക് നാടൻ പച്ചക്കറികളും കൂട്ടി സുഭിക്ഷമായ ഭക്ഷണം കിട്ടും. എല്ലാം കൊണ്ടും സന്തോഷം. സ്കൂളിനടുത്തുള്ള കുഞ്ഞമ്പു ഏട്ടന്റെ ചായപ്പീടികയിൽ നിന്ന് 11.30 ന് പഴം പൊരിയും ചായയും കിട്ടും. 

സ്കൂളിനടുത്തു തന്നെ ഹെൽത്ത് സെന്ററുണ്ട്. അവിടുത്തെ എ.എൻ.എം. മൃണാളിനി എന്നും സ്കൂളിൽ കയറി വരും. എല്ലാവരേയും വിഷ് ചെയ്ത് പോവും. സ്കൂൾ വിട്ട് പോവുമ്പോൾ എന്റെ കൂടെ മൃണാളിനി ടൗൺ വരെ വരും. നാട്ടുകാര്യവും വീട്ടുകാര്യവും ജോലിക്കാര്യവുമൊക്കെ സംസാരിക്കും. അവിവാഹിതയാണ്. എന്നോട് എന്തോ ഒരു മുഹബ്ബത്ത് അവർക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിൽ നിന്ന് ഒഴിഞ്ഞു മാറി ഞാൻ നടന്നു. ഒരു ദിവസം ഉച്ച ഭക്ഷണം കഴിച്ച് മാഷിന്റെ വീട്ടിൽ ഇരിക്കുമ്പോൾ കട്ടിലിനടിയിൽ കുറേ സ്ലേറ്റും പുസ്തകങ്ങളും കണ്ടു. 

എന്താണെന്ന് അന്വേഷിച്ചു. ബ്ലോക്ക് മുഖാന്തരം കർഷക പ്രവൃത്യുന്മുഖ സാക്ഷരതാ ക്ലാസ് നടത്താൻ അനുവദിച്ചു കിട്ടിയതാണെന്ന് അറിഞ്ഞു. അതെങ്ങിനെ കരിവെള്ളൂരിൽ കിട്ടാൻ സാധ്യത എന്ന് അന്വേഷിച്ചു. പിന്നെ അതിനായി എന്റെ ശ്രമം. ഒരു മാസം കൊണ്ട് പ്രസ്തുത പരിപാടി കരിവെള്ളൂരിൽ നടത്താൻ പറ്റി. വാസ്തവത്തിൽ എന്റെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനത്തിന് നന്ദി കുറിച്ചത് രാമചന്ദ്രൻ മാഷിന്റെ കട്ടിലിനടിയിൽ കണ്ട സ്ലേറ്റും പുസ്തകവുമായിരുന്നു. എന്റെ നാടക പ്രവർത്തനത്തെ കുറിച്ചൊക്കെ മറ്റ് മാഷന്മാർക്ക് അറിയാമായിരുന്നു. 

'നമുക്കൊരു സ്കൂൾ വാർഷികം നടത്തിയാലോ?'. പി.ടി.എ. കമ്മറ്റി വിളിച്ചു. എല്ലാവർക്കും സമ്മതമായി. വാർഷിക ദിനം തീരുമാനിച്ചു. കുട്ടികളുടെ നാടകം , അധ്യാപകരുടെ നാടകം എല്ലാം തീരുമാനിച്ചു. ഞാനും നാടകത്തിൽ പ്രധാന വേഷക്കാരനായി. അച്ഛൻ നമ്പൂതിരിയുടെ വേഷമായിരുന്നു. നല്ല കയ്യടി കിട്ടി. കർട്ടൻ സെറ്റ്, പിന്നണി ഗായകർ, എല്ലാം എന്റെ നാടായ കരിവെള്ളൂർ നിന്ന്. സ്റ്റേജ് ആകെ ചുവപ്പു മയം. 'അടിയന്തിരാവസ്ഥയാണ് ശ്രദ്ധിക്കണം. ചില സുഹൃത്തുക്കൾ നിർദ്ദേശിച്ചു. 

നാട്ടുകാരുടെ അംഗീകാരം കിട്ടി. പാണപ്പുഴയിൽ നല്ലൊരു സുഹ്യദ് വലയം ഉണ്ടായി. അവിടത്തെ മഴക്കാല യാത്ര ഭയാനകമാണ്. വലിയ മരത്തിന്റെ കവരുകളിൽ വെച്ച കവുങ്ങിൻ തടികളിൽ കൂടി നടന്നു വേണം പുഴ കടക്കാൻ. കണ്ണൂർ ജില്ലയിൽ നിന്ന് കാസർകോട് ജില്ലയിലെ ഏതെങ്കിലും ഒരു സ്കൂളിൽ എത്തിപ്പെടാനുള്ള ശ്രമമാണ് പിന്നീട് നടന്നത്.

#TeacherLife #EducationJourney #KeralaSchools #RuralEducation #TeachingChallenges #GovernmentService

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia