● ബാല്യകാല സൗഹൃദം വിവാഹത്തിൽ കലാശിച്ചു.
● സാമൂഹിക സമ്മർദ്ദത്താൽ വേർപിരിയേണ്ടി വന്നു.
● മരണം വരെ സൗഹൃദം നിലനിർത്തി.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 37
(KVARTHA) പതിവുള്ള കട്ടനും കുടിച്ച്, ചാരുകസേരയിൽ നിവന്നർന്നിരിക്കുന്ന ഒരു പ്രഭാതം. പെടുന്നനെ എനിക്കൊരു ഫോൺ കോൾ വന്നു. 'നിങ്ങളുടെ ആദ്യ ഭാര്യ മരിച്ചു പോയി'. മുഖവുരയേതുമില്ലാതെ അയാൾ പറഞ്ഞു നിർത്തി. വല്ലാത്തൊരു ഞെട്ടലായിരുന്നു, എനിക്കാ വാർത്ത സമ്മാനിച്ചത്. ഇത്ര പെട്ടന്ന്... ഒട്ടും പ്രതീക്ഷിച്ചതേയില്ല. സത്യത്തിൽ ആരായിരുന്നു എനിക്കവൾ. പിരിഞ്ഞു പോയ ആദ്യ ഭാര്യയെന്ന പദവി മാത്രമാണോ അവൾക്കുള്ളത്. അല്ല, അതിനപ്പുറം എനിക്കുമവൾക്കും ഒരാത്മബന്ധമുണ്ട്. സംസാരിക്കാൻ വല്ലാത്ത മടിയുള്ളവളായിരുന്നു. അമ്മാവന്റെ മകളാണ്. എന്റെ കളിക്കൂട്ടുകാരിയും.
ഞങ്ങളുടെ വീടുകൾ തമ്മിൽ അല്പം ദൂര വ്യത്യാസമുണ്ടെങ്കിലും ഇടയ്ക്കിടെ അവിടേക്ക്, ഒരു യാത്ര എനിക്ക് പതിവുള്ളതായിരുന്നു. ഉമ്മയുടെയോ അമ്മാവന്റെയോ നിർദേശ പ്രകാരമാവും പോകുന്നത്. അതും എന്തെങ്കിലും അത്യാവശ്യത്തിന്. എന്നാലും അവിടെ ചെന്നാൽ അല്പ സമയം ചിലവഴിക്കാതെ ഞാൻ മടങ്ങാറില്ല. അതിന്റെ കാരണം അവൾ തന്നെയാണ്. ഞാൻ ചെന്നാൽ പിന്നെ, എന്റെ പിന്നാലെയാണവൾ. കുസൃതികാട്ടിയും പിണങ്ങിയും പിണക്കിയും എനിക്ക് ചുറ്റുമിങ്ങനെ കറങ്ങി കൊണ്ടിരിക്കും. സംസാരിക്കാൻ മടി ആണെങ്കിലും എന്നെ കണ്ടാൽ പിന്നെ അവൾക്ക് നൂറ് നവാണ്.
'ഇച്ചാ നമുക്ക് കാടിക്കുഴി കളിക്കാ', 'ഇച്ചാ നമുക്ക് കൊച്ചം മാടി കളിക്കാ', 'ഇച്ചാ നമുക്ക് കൊത്തം കല്ല് കളിക്കാ', ഇതൊക്കെ ആവും ആവശ്യങ്ങൾ. എന്നോടൊപ്പം സമയം ചിലവിടാൻ അവൾക്ക് വല്ലാത്ത ഇഷ്ടമായിരുന്നു. ആർക്കും കൊടുക്കാത്തൊരു പരിഗണന അവളെനിക്ക് നൽകിയിരുന്നു. എനിക്ക് പെങ്ങൻമാരില്ലാത്തത് കൊണ്ട് തിരിച്ചും അങ്ങനെയായിരുന്നു. സ്വന്തം സഹോദരിമാരോട് തോന്നുന്ന അടുപ്പവും സ്നേഹവുമൊക്കെ എനിക്കുമുണ്ടായിരുന്നു. ഏഴെട്ടു വയസ്സുവരെ തമ്മിൽ കാണുമ്പോൾ കളിച്ചും ചിരിച്ചും, പിച്ചിയും മാന്തിയും തമ്മിൽ തല്ലിയുമൊക്കെ ജീവിതത്തിന്റെ രസക്കാഴ്ചകളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. കാപട്യമില്ലാത്ത കുഞ്ഞുമനസ്സുകളുടെ കളിചിരികളായിരുന്നു അതൊക്കെ.
അതിനിടയിൽ കാലം പെട്ടെന്ന് കടന്നുപോയി. വളരുന്നതനുസരിച്ച് തിരക്കുകൾ കൂടി. മാറ്റങ്ങൾ അനവധിയുണ്ടായി. അതോടെ ഞങ്ങൾ തമ്മിൽ കാണാതെയുമായി. അമ്മാവൻ്റെ മകളാണെങ്കിലും ബാല്യകാലത്തെ സ്വാതന്ത്ര്യം പിന്നീട് നിഷേധിക്കപ്പെട്ടു. അവിടെ ചെന്നാലും കാണാതായി. അന്വേഷണം നടത്തിയാലും തമ്മിൽ കാണുന്നതിന് വിലക്കുകളുണ്ടായി. കാരണം അമ്മാവൻ കടുത്ത മത യാഥാസ്ഥികനായിരുന്നു. അത് കൊണ്ട് തന്നെ പലതും അവൾക്ക് നിഷേധിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം അവളെ പഠിപ്പിച്ചില്ല. പെൺകുട്ടികൾ പുറത്തിറങ്ങിയാൽ പിഴച്ചു പോകുമെന്ന ധാരണയായിരുന്നു അദ്ദേഹത്തിന്.
അതിനെ ചോദ്യം ചെയ്യാനുള്ള കരുത്തൊന്നും അവൾക്കില്ലായിരുന്നു. അവൾക്കെന്നല്ല അതേ രീതി പാലിച്ചു പോകുന്ന, കുടുംബനാഥന്മാരുള്ള എല്ലാവീട്ടിലും ഇത് തന്നെയായിരുന്നു സ്ഥിതി. പിന്നെ എന്റെ ഈ പറഞ്ഞ അമ്മാവൻ അത്യാവശ്യം മോശമല്ലാത്ത സമ്പത്തിൻ്റെ ഉടമയുമായിരുന്നു. അല്പം സ്വാർത്ഥമതിയും. അത് കൊണ്ട് തന്നെ താൻ ഉണ്ടാക്കിയെടുത്ത സമ്പാദ്യം പുറത്ത് പോവരുത് എന്നൊരു പിടിവാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കളൊക്കെ വിവാഹിതരായി. അതിൽ ഇളയവളായ എന്റെ കളിക്കൂട്ടുകാരി വരനെ തേടുന്ന പ്രായത്തിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. ആ സമയത്ത് ഞങ്ങൾ തമ്മിലുള്ള കുടുംബ ബന്ധം കൂടുതൽ ദൃഢതയുള്ളതാക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
മുമ്പുള്ളതിനേക്കാളും കുടുംബ വീട്ടിലേക്ക് വരാനും സൗഹൃദം നിലനിർത്താനും അമ്മാവൻ ശ്രമിച്ചു കൊണ്ടിരുന്നു. അദ്ദേഹം സ്ഥലത്തെ പ്രമാണിയായ കച്ചവടക്കാരനാണ്. എങ്കിൽ പോലും തറവാടിലേക്കെത്താൻ നല്ല ദൂരമുണ്ടെങ്കിലും നടന്നിട്ടേ വരു. അതിനെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ പഴയ നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ട് സംസാരിക്കാൻ നടന്നുവന്നാലെ സാധിക്കൂ എന്നാണ് അമ്മാവൻ്റെ ന്യായം. സംഭവം അതല്ലെന്ന് എല്ലാവർക്കുമറിയാം. നീളൻ കാലൻ കുടയുമെടുത്ത് ചുണ്ടിൽ എരിയുന്ന ചുരുട്ടും വെച്ച് പുകയും വിട്ടുകൊണ്ട് അല്പം വമ്പിലാണ് ആളുടെ വരവ്.
അത് കൊണ്ട് തന്നെ അമ്മാവൻ വരുന്ന വിവരം ചുരുട്ടിൻ്റെ മണം അല്പം ദൂരത്ത് നിന്ന് തന്നെ വിളിച്ചു പറയും. പിന്നെ മോശം പറയരുതല്ലോ, വരുമ്പോ കയ്യിൽ കാര്യമായി കുറേ വീട്ടുസാധനങ്ങളുമുണ്ടാവും. മൂപ്പരുടെ ലക്ഷ്യമെന്താണെന്ന്, വീട്ടുകാർക്കെല്ലാം ഊഹവുമുണ്ട്. ആ ഊഹം ശരി വെച്ചു കൊണ്ട് അങ്ങനെ ഒരു ദിവസം മൂപ്പരത് പുറത്ത് വിട്ടു. 'നമുക്ക് ചെക്കൻ്റെ കല്യാണത്തെക്കുറിച്ച് ആലോചിക്കണ്ടെ? വയസ് ഇരുപത്തി മൂന്ന് കഴിഞ്ഞില്ലേ. എൻ്റെ മോൾക്കിപ്പൊ പതിനെട്ടു തികഞ്ഞു. നമുക്ക് അതിനെക്കുറിച്ചാലോചിച്ചാലോ.?' മൂത്ത ആങ്ങളയോട് പിന്നെ പെങ്ങൾ എതിർത്തൊന്നും പറയില്ല.
എന്നാലും പെങ്ങളുടെ സംശയമൊന്ന് തീർത്തു. 'ആയിക്കോട്ടിച്ചാ അവനോട് ചേദിക്കട്ടെ.? അവനെ പെണ്ണിന് ഇഷ്ടമാവുമോ.?' 'പെണ്ണിൻ്റെ കാര്യം നോക്കണ്ട, അവനോട് ചോദിച്ചു നോക്ക്', മറുപടി തൽസമയം കിട്ടുകയും ചെയ്തു. പതിവ് മുട്ടച്ചായയയും കുടിച്ച്, ചുരുട്ട് കത്തിച്ച് ചുണ്ടിൻ മേൽ കോർത്ത് അമ്മാവൻ യാത്ര പറഞ്ഞു പോയി. ഇതൊന്നുമറിയാതെയാണ് ഞാൻ വൈകീട്ട് വീട്ടിലെത്തിയത്ത്. നോക്കുമ്പോൾ ഉമ്മയും ഉമ്മുമ്മയും വളരെ സന്തോഷത്തിലാണ്. കാര്യം തിരക്കിയതോടെ , സംഗതി പുറത്തുവന്നു. 'നിന്നോട് ഒരു കാര്യമന്വേഷിക്കാൻ ഇച്ച പറഞ്ഞു'. 'എന്താ കാര്യം'. 'ഇച്ചാൻ്റെ അവസാനത്തെ മോളുടെ കാര്യമാ'. 'മനസ്സിലായി', ഉമ്മ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി.
അമ്മാവൻ്റെ മനസ്സിൽ ഈ ചിന്തയുണ്ടെന്ന് ഞാൻ മുമ്പേ മനസ്സിലാക്കായിരുന്നു. 'അതാണോ ഇപ്പൊ പ്രധാനം. അതിന് മുമ്പ് നമുക്ക് പരിഹരിക്കേണ്ടതായ എന്തൊക്കെ കാര്യങ്ങളുണ്ട് ഉമ്മാ. പൊളിഞ്ഞുവിഴാറായ വീട്, സാമ്പത്തിക പ്രശ്നങ്ങൾ ഇതൊക്കെ പരിഹരിക്കേണ്ടെ.?'. ഒഴിഞ്ഞു മാറാനുള്ള ഒരു മാർഗ്ഗമായിട്ടായിരുന്നു ഞാനത് മുന്നോട്ടു വെച്ചത്. കാരണം ആ ബന്ധത്തിന് എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. അടുത്ത ബന്ധുക്കൾ. ഒന്നിച്ചു കളിച്ചു വളർന്നവർ. സഹോദരിയെപോലെ കണ്ടവൾ. ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലെന്ന് എൻ്റെ മനസ്സു പറയുന്നത് പോലെ.
പക്ഷെ പറഞ്ഞ കാരണത്തിനുള്ള പരിഹാരം അമ്മാവൻ അപ്പൊ തന്നെ കണ്ടെത്തി. 'വീട് പൊളിച്ച് പുതിയത് കെട്ടിത്തരാം. ആവശ്യത്തിന് കാശും തരാം'. മുടക്ക് പറഞ്ഞ ഉമ്മയ്ക്ക് അമ്മാവൻ കൊടുത്ത വാക്ക് അതായിരുന്നു. കേട്ടപാതി ഉമ്മ വാക്കും ഉറപ്പിച്ചു. എല്ലാവർക്കും സന്തോഷം. 'ഇതാണ് മോനെ നല്ലത്', ഉമ്മ നിർബന്ധം പിടിച്ചപ്പൊ ഞാനും സമ്മതം മൂളി. മനസ്സല്ലേ മാറുമായിരിക്കുമെന്ന് ഞാനും കരുതി. അങ്ങനെ ആറ് മാസത്തിനകം വീട് നിർമ്മാണം പൂർത്തിയായി. വിവാഹ ആവശ്യത്തിനുള്ള തുക അമ്മാവൻ ഉമ്മയുടെ കയ്യിലുമേൽപ്പിച്ചു. ലളിതമായ ചടങ്ങോടെ വിവാഹം നടന്നു. ആദ്യരാത്രി പ്രൗഢഗംഭീരമായി ഒരുക്കിയ മണിയറയിലേക്ക് അവൾ കടന്നുവന്നു.
പത്ത് വർഷത്തിനു ശേഷമുള്ള ആദ്യത്തെ കാഴ്ച. അവൾ ആളാകെ മാറിയിട്ടുണ്ട്. പുതുമണവാട്ടിയുടെ ഉടുപ്പിൽ അവൾ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുഖത്ത് ചിരിയില്ല. ഗൗരവവുമില്ല. എന്തോ ഒരു ശാന്തഭാവം. കയ്യിലെ പാൽ ഗ്ലാസ് എനിക്കു നേരെ നീട്ടി. നീട്ടിയ പാല് വാങ്ങി ഞാൻ കുടിച്ചു. ഇടയിൽ കട്ട പിടിച്ച മൗനം. എനിക്കാണെങ്കിൽ സംസാരിക്കാൻ ഒന്നുമില്ലാത്തത് പോലെ തോന്നുന്നു. പക്ഷെ എന്തെങ്കിലും പറഞ്ഞു തുടങ്ങണ്ടേ.? അത് കൊണ്ട് ഞാൻ തന്നെ തുടക്കമിട്ടു. 'നീ ആളാകെ മാറി പോയല്ലോ?' 'മാറിയോ.?' 'മ്മ്', 'നിങ്ങളും മാറിയല്ലോ.?'. 'പത്തു വർഷമയില്ലേ അതിന്റെ മാറ്റമുണ്ടാവുമല്ലോ'. പക്ഷെ അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ വരാമെന്ന വാക്കും നൽകി മുറിയിൽ നിന്ന് അവൾ പുത്തേക്ക് നടന്നു.
അല്പസമയത്തിന് ശേഷം അവിടേക്ക് ഞാൻ അമ്മായിയെന്ന് വിളിക്കുന്ന അവളുടെ ഉമ്മ കടന്നു വന്നു. കുറേ കാര്യങ്ങൾ സംസാരിച്ചു. ഒടുവിൽ 'എന്തേലും ആവശ്യമുണ്ടെങ്കിൽ പറയണേ' എന്നും പറഞ് അവരും മുറി വിട്ടിറങ്ങി. രാത്രി പത്ത് മണിയായി കാണും, പുതു പെണ്ണിൻ്റെ വസ്ത്രം പോലും മാറാതെയാണ് അവൾ വീണ്ടും വന്നത്. ആദ്യ രാത്രി പുതുമണവാട്ടിയോട് എങ്ങിനെയൊക്കെയാണ് ഇടപെടേണ്ടതെന്ന് വിവാഹിതരായ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അത്തരം ചിന്തകളൊന്നും അപ്പൊ മനസ്സിലേക്ക് വന്നില്ല. ഒന്നും പറയാൻ കഴിയാത്ത വല്ലാത്തൊരു നിശബ്ദത ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നിരുന്നു.
'നല്ല ക്ഷീണമുണ്ട് ഞാൻ കിടക്കട്ടെ', കട്ട പിടിച്ച മൗനത്തെ ഭേദിച്ചുകൊണ്ട് ഞാൻ തന്നെ വീണ്ടും ഒരു തുടക്കമിട്ടു. 'എനിക്കും', കേൾക്കേണ്ട താമസം അവളുടെ ഉള്ളും പുറത്ത് വന്നു. 'എങ്കിൽ കിടന്നോളൂ'. കട്ടിലിന്റെ ഓരത്തേക്ക് കിടന്ന് കൊണ്ട് ഞാനവളോട് പറഞ്ഞു. ആ രാത്രി പരസ്പരം ഒന്ന് മിണ്ടുക പോലും ചെയ്യാതെ കടന്നു പോയി. അതിരാവിലെ തന്നെ അവളെഴുന്നേറ്റു പോയി. എങ്കിലും ഞാൻ പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് അമ്മാവനോടും അമ്മായിയോടും യാത്രയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. പിന്നീടുള്ള രാത്രികളും അതേ രീതിയിൽ കടന്നുപോയി. ഭാര്യാഭർത്താക്കന്മാരെ പോലെ ഞങ്ങൾക്ക് ഒരിക്കലും പെരുമാറാൻ കഴിയില്ലെന്ന സത്യം അപ്പോഴേക്കും ഞങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു.
അത് മുമ്പേ എനിക്ക് ബോധ്യമുള്ള കാര്യമായിരുന്നെങ്കിലും, അമ്മാവനോടുള്ള സാമ്പത്തിക ബാധ്യതയും ഉമ്മയോടുള്ള കടപ്പാടും മൂലവും ഈ ബന്ധത്തിന് തയ്യാറാവേണ്ടി വന്നതാണ്. രക്ഷിതാക്കളോട് മറുത്തൊരു വാക്ക് പറയാൻ കഴിയാതെ അവൾക്കും വഴങ്ങേണ്ടി വന്നു. പിന്നേയും രണ്ടു മൂന്ന് മാസം അങ്ങനെ തന്നെ കടന്നുപോയി. ഇനി വേർപിരിയലേ മാർഗമുള്ളൂവെന്ന് എനിക്കറിയാം. പക്ഷെ അവളെ വേദനിപ്പിക്കാനും വയ്യ. ഞങ്ങൾ രണ്ടാളും തുല്യ ദു:ഖിതരാണ്. ആര് ആരെ ആശ്വസിപ്പിക്കണമെന്നറിയാതെ കുടുങ്ങി. അതിൽ നിന്ന് ഒരു മോചനം തേടും പോലെ ഞാൻ അവളെയും കൊണ്ട് പുറത്ത് പോകാൻ തുടങ്ങി. അക്കാലത്ത് സിനിമാ ഹാളിൽ പോയി സിനിമ കാണലൊക്കെ വല്യ തെറ്റായിരുന്നു.
എങ്കിലും പുറത്തേക്കുള്ള പോക്കുകൾക്കിടയിൽ, ഞങ്ങൾ സിനിമ കാണാൻ കയറും. പക്കാ നാട്ടിൻ പുറത്തുകാരിയായ അവളെ ഫാഷൻ വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു ധരിപ്പിച്ചു. പഴയ പോലെ നാടകാഭിനയവുമൊക്കെയായി എൻ്റെ പ്രവർത്തന മേഖല സജീവമായി. തനി ഓർത്തഡോക്സായ അമ്മാവന് ഇതൊന്നും അത്ര രസിച്ചിരുന്നില്ല. ദിനേന അതിന്റെ പേരിൽ ഉപദേശമായി. എന്തുകൊണ്ടോ എനിക്കതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ എന്റെ അടുത്ത് അതൊന്നുമേശില്ലെന്ന് അമ്മാവൻ തിരിച്ചറിഞ്ഞു. അതോടെ ഞങ്ങളുടെ രണ്ടു കുടുംബങ്ങൾക്കുമിടയിൽ അസ്വാരസങ്ങൾ വന്നു തുടങ്ങി. അമ്മാവൻ അവളെ അവളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.
ഒടുവിൽ ഒന്നാക്കിയവർ തന്നെ വീണ്ടും തീരുമാനമെടുത്തു. 'എങ്കിൽ പിന്നെ അവർ പിരിയുന്നതാവും നല്ലത്'. അത് ഞങ്ങൾ അംഗീകരിക്കുകയും ചെയ്തു. അവളും മനസ്സില്ലാമനസ്സോടെയാവും അതിന് സമ്മതം മൂളിയതെന്ന് എനിക്കറിയാം. ആരുമറിയാത്ത ഞങ്ങളുടെ ദുഃഖത്തിന് അതൊരു പരിഹാരമാവുമല്ലോന്ന് അവളും കരുതി കാണും. എങ്കിലും ഒടുവിലെ കാഴ്ചയിൽ അവളെ വേദനിപ്പിക്കാതിരിക്കാൻ ഞാനവൾക്കൊരു വാക്ക് കൊടുത്തു. 'ഞാൻ ഈ ബന്ധം മാത്രമെ ഉപേക്ഷിക്കുന്നുള്ളു. നമ്മൾ തമ്മിലുള്ള ആ പഴയ സ്നേഹബന്ധം മരിക്കുവോളം എന്റെയുള്ളിലുണ്ടാകും'.
പക്ഷെ അതിവൾ പറഞ്ഞ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു. 'ആരെയും വിഷമിപ്പിക്കാതെ, നമുക്കിങ്ങിനെ തന്നെ തുടരാമായിരുന്നില്ലേ. നമ്മൾ മാത്രമല്ലെ നമ്മുടെ വിഷമമറിയൂ', അതിന് പറയാൻ മറുപടികളില്ലാത്തത് കൊണ്ട് മൗനമായി തന്നെ ഞാൻ യാത്ര പറഞ്ഞു. കാരണം അതിന് ഞാൻ മറുപടി നൽകിയാൽ അത് വീണ്ടും പഴയതിലേക്ക് വഴിമാറും. തമ്മിൽ കാണാനുള്ള അവസരമുണ്ടാവും പിന്നെ പിരിയാൻ കഴിയില്ല. അത് കൊണ്ട് തന്നെ വർത്തമാനങ്ങളും കൂടിക്കാഴ്ചകളും പാടെ ഒഴിവാക്കി. ഒടുവിൽ ബാധ്യതകളൊക്കെ ഒഴിവാക്കി നിയമപ്രകാരം ഞങ്ങൾ പിരിഞ്ഞു. വർഷങ്ങൾ കടന്നുപോയി. ഞാൻ മറ്റൊരാളെ ജീവിത സഖിയാക്കി. അവളും വിവാഹിതയായി. നാല് മക്കളുടെ ഉമ്മയായി. വലിയ വീടുവെച്ചു. എങ്കിലും അവളെന്നെ മറന്നില്ല.
പുതിയ വീടിന്റെ പാല് കാച്ചിന് അവളെന്നെ ക്ഷണിച്ചു. എന്ത് കൊണ്ടോ ആ ക്ഷണം നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല. പങ്കെടുത്തു. പരസ്പരം കാണാതിരിക്കാൻ ഞാൻ വല്ലാതെ പാടുപെട്ടു. മൂത്ത മകൻ്റെ വിവാഹത്തിനും ക്ഷണിച്ചു. അതിനും പങ്കടുത്തു. ഇടയ്ക്ക് ലാൻ്റ് ഫോണിൽ വിളിക്കും. സുഖവിവരം ഒന്നോരണ്ടോ വാക്കുകളിലൊതുക്കും. ഇടക്ക് അവളുടെ മക്കൾ അവളോട് പറയും പോലും. 'ഉമ്മയുടെ മച്ചൂനിയൻ ഞങ്ങളുടെ ഉപ്പയായിരുന്നെങ്കിലെന്ന്'. മുഴുമിപ്പിക്കാൻ അവൾ വിടില്ല പോലും. 'ഞങ്ങൾ ഒരേ രക്തമാണ്. ഞങ്ങളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ ശാരീരിക മാനസിക വൈകല്യമുള്ളവരായി മാറുമായിരുന്നു. അതൊക്കെ അറിഞ്ഞു കൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. എൻ്റെ മനസ്സിലെന്നും എൻ്റെയാ പഴയ ഇച്ചയുണ്ട്. എനിക്കത് മതി', അവൾ തന്നെ ഫോൺ സംഭാഷണത്തിനിടയിൽ ഒരിക്കൽ പറഞ്ഞതാണിതൊക്കെ.
കേട്ടപ്പൊ വല്ലാത്ത സന്തോഷം തോന്നി. അവളുടെ ഖൽബിൽ ഞാനിപ്പോഴുമുണ്ടല്ലോയെന്ന സന്തോഷം. പക്ഷെ ആ സന്തോഷത്തിന്റെ അവസാനം ഇത്ര പെട്ടന്നാവുമെന്ന് കരുതിയില്ല. പ്രതീക്ഷിക്കാത്ത നേരത്തൊരു പോക്ക്. ഒരു യാത്ര പോലും പറഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ ഇടക്കവളോട് എനിക്കൊരു പരിഭവം തോന്നും. എങ്കിലും എന്റെ മരണം വരെ അവളെന്റെയുള്ളിലുണ്ടാകും ഏറ്റവും പ്രിയപ്പെട്ട എന്റെയാ പഴയ കളിക്കൂട്ടുകാരിയായി. അവസാനമായൊന്ന് കാണാമെന്നുണ്ടായിരുന്നത് കൊണ്ട്, വിവരമറിഞ്ഞ ഉടനെ അങ്ങോട്ടേക്കോടി. നോക്കുമ്പോൾ വെള്ളപുതപ്പിനുള്ളിൽ അവൾ സുഖമായുറങ്ങുകയായിരുന്നു. എന്നത്തേയും പോലെ ആരോടും പരിഭവമില്ലാതെ. അങ്ങനെ ഓർക്കാൻ മധുരമുള്ള ഒരുപാടോർമ്മകളും സമ്മാനിച്ച്, ഖൽബിലൊരു കനിവും ബാക്കി വെച്ച് അവളെന്നന്നേക്കുമായി വഴി പിരിഞ്ഞു പോയി.
#childhoodfriends #lostlove #arrangedmarriage #separation #memory #friendship