ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 1952 മുതൽ 1989 വരെ ഓലാട്ട് സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു
● 1957-ൽ പലിയേരി പൊതുജന വായനശാല സ്ഥാപിക്കാൻ നേതൃത്വം നൽകി.
● വിട്ടുമാറാത്ത വയറുവേദന മാറ്റാൻ പ്രകൃതി ചികിത്സയിലൂടെ ഭക്ഷണക്രമം മാറ്റി
● ജാതിമത ചിന്തകൾക്കതീതമായി മനുഷ്യസ്നേഹത്തിൽ വിശ്വസിക്കുന്ന തത്വചിന്തകൻ
● 'ഹൃദയഗീതം' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്.
കനിവുള്ള മനുഷ്യർ ഭാഗം 19/ കൂക്കാനം റഹ്‌മാൻ
(KVARTHA) ജീവിതത്തിന്റെ കനത്ത വേനൽ കടന്നുവന്നവരാണ് ഇന്നത്തെ വൃദ്ധജനങ്ങളിൽ ഏറെപ്പേരും. അവർ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളും ബുദ്ധിമുട്ടുകളും കേൾക്കുമ്പോൾ നമുക്ക് ചിലപ്പോൾ വെറും കെട്ടുകഥകൾ മാത്രമായി തോന്നിയേക്കാം. ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നോ എന്ന ചിന്ത ഇന്നത്തെ കുട്ടികളിൽ വരാനും സാധ്യതയുണ്ട്. അതായിരുന്നു ആ കാലത്തിന്റെ പ്രത്യേകത. ഉണ്ണാനും ഉടുക്കാനുമില്ലാത്ത കടുത്ത കാലം. ദാരിദ്ര്യത്തിന്റെ വിയർപ്പ് പറ്റിയ മണ്ണിന്റെ മണമുള്ള കുറെ മനുഷ്യർ. അവർക്ക് മാത്രമാവും ഒരുപക്ഷേ ജീവിതത്തിന്റെ യഥാർത്ഥ നെരിപ്പോടുകൾ എന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടാവുക.
ആ കാലത്ത് ജനിച്ചുവളർന്ന് ഇപ്പോൾ 94-ന്റെ നിറവിൽ നിൽക്കുന്ന അങ്ങനെ ഒരാളുണ്ട് നമ്മുടെ നാട്ടിൽ. അതാണ് നമ്മുടെ കുമാരൻ മാഷ്. കൂക്കിയാൽ കേൾക്കാത്ത നാടായ കൂക്കാനത്തിന്റെ മണ്ണിലായിരുന്നു ജനനം. വയസ്സ് അതിക്രമിച്ചെങ്കിലും ഇപ്പോഴും അദ്ദേഹം ഊർജ്ജസ്വലനാണ്. പരിസ്ഥിതിയെക്കുറിച്ചും അതിലെ ജീവജാലങ്ങളെക്കുറിച്ചും കഴിഞ്ഞുപോയ കാലത്തെക്കുറിച്ചും തെളിഞ്ഞ ചിന്തയുള്ള വ്യക്തിയാണ് കുമാരൻ മാഷ്. പോരാത്തതിന് ഒരു തത്വചിന്തകൻ കൂടിയാണദ്ദേഹം. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരജ്ഞാനം പകർന്നു കൊടുത്ത ഗുരുശ്രേഷ്ഠൻ. എളിമയുടെ മൂർത്തീഭാവം. വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള അവഗാഹപരിജ്ഞാനമുള്ള അധ്യാപകൻ. ജാതി-മത-വർഗ്ഗ ചിന്തയില്ലാതെ മാനവരെല്ലാം ഒരമ്മ പെറ്റ മക്കളാണെന്ന ചിന്ത മുറുകെ പിടിച്ച് ജീവിക്കുന്ന വ്യക്തി. കവിയാണ്, പ്രഭാഷകനാണ്, യുക്തിചിന്ത ജീവിതത്തിലുടനീളം കൊണ്ടുനടക്കുന്നവനുമാണ്.
വാക്കും പ്രവൃത്തിയും ഒന്നായ ജീവിതം
അദ്ദേഹത്തിന്റെ ചിന്തയും പ്രവൃത്തിയും എന്നും ഒന്നുതന്നെയായിരുന്നു. വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന് എന്നത് അദ്ദേഹത്തിന്റെ ജീവിത നിഘണ്ടുവിലില്ല. അകൃത്രിമമാണ് അദ്ദേഹത്തിന്റെ സമീപനം. അത് ഉൾക്കൊള്ളാനുള്ള വിശാലമനസ്സ് നമ്മളിൽ പലർക്കും ഇല്ലാതെ പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ബാല്യകാല സ്മരണ അയവിറക്കുന്ന ഒരു ലേഖനം ഞാനൊരിക്കൽ വായിക്കാനിടയായി. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ പട്ടിണിയും പരിവട്ടവുമായി ജീവിച്ചിരുന്നവർ; ഒറ്റ തോർത്ത് മുണ്ടുടുത്തു ജീവിച്ചു വന്ന പുരുഷന്മാരും ബ്ലൗസിടാതെ ഒരണ പുടവ മാത്രമുടുത്തു ജീവിച്ച പെണ്ണുങ്ങളും. എഴുത്തും വായനയും അറിയാത്ത നിരക്ഷരർ, ചെരുപ്പിനെക്കുറിച്ചറിയാതെ നഗ്നപാദരായി നടന്നവർ, രോഗം വന്നാൽ ശുശ്രൂഷ കിട്ടാതെ അന്ത്യശ്വാസം വലിച്ചവർ - ഇതായിരുന്നു വർഷങ്ങൾക്കു മുമ്പുള്ള എന്റെ നാട് എന്ന് അദ്ദേഹം അതിൽ പറഞ്ഞു വെക്കുന്നുണ്ട്.

ചൂഷണത്തിനെതിരെയുള്ള പിതാവിന്റെ പോരാട്ടം
മാഷിന്റെ കുട്ടിക്കാലത്ത് ഭൂമിയും വയലും തമ്പുരാക്കന്മാരുടെ കയ്യിലായിരുന്നു. അവരുടെ ഭൂമിയിൽ അധ്വാനിക്കുന്നവർ പട്ടിണിക്കോലങ്ങളായ തൊഴിലാളികളായിരുന്നു. അധ്വാനിക്കുന്നവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഭൂവുടമകൾ. കുമാരൻ മാഷ് തന്റെ പിതാവിനെ ചൂഷണം ചെയ്ത ഭൂവുടമയെക്കുറിച്ച് ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. ഒരു തുണ്ട് ഭൂമിപോലും കൈവശമില്ലാത്ത വ്യക്തിയായിരുന്നു മടയമ്പത്ത് കോരൻ എന്ന തന്റെ പിതാവ്. ഒരു ഭൂവുടമയുടെ സ്ഥലത്ത് കുടിൽ കെട്ടി ജീവിച്ചു വരികയായിരുന്നു അദ്ദേഹം. അവിടെ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ പോലും ഭൂമിയുടെ ഉടമ വന്ന് പറിച്ചു കൊണ്ടുപോവും. അത് കണ്ട് സഹിക്കാവയ്യാതെ അദ്ദേഹം ഒരു ശപഥമെടുത്തു. താൻ അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ ഇനി അവർക്ക് കൊടുക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ഇനി എന്തായാലും സ്വന്തമായി കുറച്ചു ഭൂമി കൈവശപ്പെടുത്തിയേ കൃഷി ചെയ്യൂ എന്ന് തീരുമാനിച്ചു. അതിന് എന്തായാലും പണം വേണം. അങ്ങനെ ആ ലക്ഷ്യ സാക്ഷാത്കാരത്തിന് സിംഗപ്പൂരിലേക്ക് കടന്നു. ഒടുവിൽ ആ ലക്ഷ്യം അദ്ദേഹം നിറവേറ്റി. അവിടുന്ന് അധ്വാനിച്ച സമ്പത്തുമായി നാട്ടിലെത്തി ഭൂമി വാങ്ങി കൃഷി തുടങ്ങിയെന്നാണ് അനുഭവം.
അക്ഷരവഴികളിലെ ഗുരുശ്രേഷ്ഠൻ
നൊന്തുപ്രസവിച്ച അമ്മയുടെ പരിലാളന വേണ്ടുവോളം ലഭിക്കാത്ത ഹതഭാഗ്യനാണ് താനെന്നും മാഷ് പറഞ്ഞതായി ഓർക്കുന്നു. കുമാരൻ മാഷിന് നാല് വയസ്സുള്ള സമയത്ത് കലാശമായ പനി പിടിപെട്ടാണ് അമ്മ മരിച്ചുപോയത്. പുത്തൂർ സ്കൂളിലും ഓലാട്ട് സ്കൂളിലും മാന്യ ഗുരു സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. തുടർന്ന് പ്രൈവറ്റായി എസ്.എസ്.എൽ.സി പരീക്ഷയെഴുതി വിജയിച്ചു. ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ മാഷ് 1952-ൽ താൻ പഠിച്ച ഓലാട്ട് സ്കൂളിൽ തന്നെ അധ്യാപകനായി ചേർന്നു. 1989-ൽ വിരമിക്കുന്നത് വരെ പ്രസ്തുത സ്കൂളിൽ തന്നെയായിരുന്നു. അക്കാലഘട്ടത്തിൽ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെല്ലാം മൺമറഞ്ഞു. അതിൽ കൃഷ്ണപിള്ള എന്ന സഹാധ്യാപകൻ മാത്രമാണ് ജീവിച്ചിരിപ്പുള്ളത്.
1955-ലാണ് ഞാൻ ഓലാട്ട് സ്കൂളിലെ ഒന്നാം ക്ലാസിൽ ചേരുന്നത്. 1962-ൽ ഏഴാം ക്ലാസ് പാസായി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ കുമാരൻ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. അന്നേ മികച്ച സാമൂഹ്യപാഠ അധ്യാപകനായിരുന്നു കുമാരൻ മാഷ്. എന്റെ കുട്ടിക്കാലത്ത് മാഷ് എഴുതിയ 'ഹൃദയഗീതം' എന്ന കവിതാ സമാഹാരം എന്റെ ഓർമ്മയിലുണ്ട്. ‘കേരളമേ ജയ കേരളമേ ജയ’ എന്ന വരികളോടെ തുടങ്ങുന്നതായിരുന്നു ആ കവിതാ പുസ്തകം.

യുക്തിചിന്തയും വായനശാലയുടെ തുടക്കവും
ഈശ്വരൻ മനുഷ്യന്റെ ഉള്ളിലാണ് കുടികൊള്ളുന്നത് അത് ബാഹ്യമായി പ്രകടിപ്പിക്കേണ്ടതല്ല എന്ന ബോധ്യമുള്ളയാളാണ് മാഷ്. മാഷിന്റെ വീട്ടിൽ പൂജാമുറിയോ വിളക്ക് വെക്കുന്ന സമ്പ്രദായമോ ഇല്ല. മാഷിന്റെ വീട്ടുപറമ്പിനടുത്തുണ്ടായിരുന്ന മുത്തപ്പൻ പതി തച്ചുടച്ച് ചെമ്പകമരം പിഴുതെടുത്ത് അവിടെ വാഴകൃഷി ചെയ്ത തന്റെ സഹോദരൻ കുണ്ടത്തിൽ അമ്പുവേട്ടനെക്കുറിച്ചും മാഷ് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത വേണ്ടത്ര നേടിയിട്ടില്ലെങ്കിലും കിട്ടാവുന്ന പുസ്തകങ്ങളൊക്കെ വായിച്ച് അറിവ് നേടിയ വ്യക്തിയാണ് കുണ്ടത്തിൽ അമ്പുവേട്ടൻ. മരണശേഷം തന്റെ ശരീരം പരിയാരം മെഡിക്കൽ കോളേജിന് നൽകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം, മൂത്ത മകനായ പ്രസിദ്ധ ശില്പി സുരേന്ദ്രൻ കൂക്കാനം നിറവേറ്റിയിരുന്നു.
1957-ൽ പലിയേരി പൊതുജന വായനശാല സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് കുമാരൻ മാഷ്. കൂക്കാനത്തുനിന്ന് പലിയേരി വഴിയാണ് മാഷ് ഓലാട്ട് സ്കൂളിലേക്ക് പോയിരുന്നത്. അവിടുത്തെ നാട്ടുകാരെയൊക്കെ കോട്ടൂർ രാമൻ എന്ന വ്യക്തി നടത്തിയിരുന്ന ചായപ്പീടികയിൽ കാണും. മാഷ് അവിടെക്കയറി പൊതുകാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ വായനശാല സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവെച്ചു. നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെയാണ് പലിയേരിയിൽ ഈ വായനശാല ഉയർന്നുവന്നത്. പഞ്ചായത്തിന്റെ വകയായി വായനശാലയ്ക്ക് ഒരു റേഡിയോ അനുവദിച്ചുകിട്ടി. നാട്ടിലെ ആദ്യത്തെ റേഡിയോയായിരുന്നു അത്. കുട്ടികളായ ഞങ്ങൾ റേഡിയോ കേൾക്കാനായി വായനശാലയ്ക്ക് ചുറ്റും കൂടിനിൽക്കും.
പ്രകൃതിചികിത്സയും ഭക്ഷണരീതിയും
അധ്യാപകനായിരിക്കുന്ന കാലം സഹിക്കാൻ പറ്റാത്ത വയറുവേദനക്കാരനായിരുന്നു മാഷ്. വേദന വന്നാൽ രാത്രിയിൽ ഉറങ്ങാൻ വരെ പറ്റില്ല പോലും. പല ഡോക്ടർമാരെയും കാണിച്ചു. രോഗത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ഓപ്പറേഷൻ വേണമെന്നായിരുന്നു അലോപ്പതി ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ അതിന് മുമ്പ് തളിപ്പറമ്പിലെ ഒരു പ്രകൃതി ചികിത്സകനെ കാണാൻ മാഷ് തീരുമാനിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ: ‘നിങ്ങൾ ഇന്നു മുതൽ പുഴുക്കലരിയുടെ ചോറ് ഉപേക്ഷിച്ച് ഉണക്കലരി ഉപയോഗിച്ചു തുടങ്ങണം’. ഒന്ന് രണ്ടാഴ്ചക്കാലം വൈദ്യരുടെ നിർദ്ദേശപ്രകാരം ഉണക്കലരിയുടെ ഭക്ഷണം ശീലമാക്കിയപ്പോൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വയറുവേദനയ്ക്ക് ശമനമായി. ആ ശീലം 94-ൽ എത്തിയിട്ടും മാഷ് തുടരുന്നു. കേരളത്തിൽ മാത്രമേ പുഴുക്കലരിയുടെ ചോറ് കഴിക്കുന്നവരുള്ളൂ എന്നും ഇതര സംസ്ഥാനങ്ങളിലുള്ളവരെല്ലാം പച്ചരിയാണ് ഉപയോഗിക്കുന്നതെന്നും മാഷ് സൂചിപ്പിക്കാറുണ്ട്.
മാഷിന്റെ ഭാര്യ മീനാക്ഷി പി. (പരേത). മക്കൾ: ലീലാവതി (റിട്ട. ടീച്ചർ), സുഗുണൻ (പോലീസ്), സുധീർ (സീനിയർ ക്ലർക്ക്, പോളിടെക്നിക് കാഞ്ഞങ്ങാട്), ലേഖ (കുടുംബിനി).
സമൂഹത്തിന് മാഷിന്റെ സന്ദേശങ്ങൾ
● ദീർഘകാലത്തെ ഈ ജീവിതത്തിനിടയിൽ അനുഭവത്തിലൂടെ പഠിച്ച കാര്യങ്ങൾ വെച്ച് സമൂഹത്തോട് എന്താണ് പറയാനുള്ളത് എന്ന എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഏറ്റവും ശ്രദ്ധയോടെ പഠിക്കേണ്ടതാണെന്ന് തോന്നി.
● എല്ലാറ്റിനെയും സ്നേഹിക്കുക എല്ലാറ്റിനെയും ജീവിക്കാൻ അനുവദിക്കുക.
● ഓരോ ജീവിയിലും നമുക്ക് ഈശ്വരശക്തിയെ കാണാൻ കഴിയണം. അപ്പോൾ നമ്മുടെ ഹൃദയം പ്രപഞ്ചത്തോളം വിശാലമായിരിക്കും. അപ്പോൾ സ്വാർത്ഥത കുറയും വെറുപ്പും വിദ്വേഷവും അസൂയയും പകയും മനസ്സിൽ നിന്ന് വിട്ടുനിൽക്കും.
● മനുഷ്യ മനസ്സിൽ രണ്ട് ചിന്തകളേയുള്ളൂ. ദൈവചിന്തയും മരണചിന്തയും. ഈ ചിന്തകൾ മനുഷ്യ മനസ്സിനെ നിശ്ശബ്ദം മഥിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനൊഴികെ മറ്റു ജീവികളുടെ മനസ്സിലൊന്നും ഇത്തരം വിഷയങ്ങളേയില്ല.
● കാണാൻ പറ്റാത്ത മനസ്സിനെ എങ്ങനെ ചികിത്സിക്കും?
● ജാതിയും മതവും രാഷ്ട്രീയവും എല്ലാം മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുകയല്ലേ ചെയ്യേണ്ടത്.
● അവനവനെ അറിയുന്നവരായി നാം ഓരോരുത്തരും മാറണം.
● ആരാധന അന്ധമാണ് അവിടെ യുക്തിവിചാരത്തിന് സ്ഥാനമില്ല.
● ആത്മജ്ഞാനമുണ്ടായാൽ അരുതാത്ത പ്രവൃത്തികളൊന്നും ചെയ്യില്ല.
● ഇന്ത്യ സ്വതന്ത്രയാണെങ്കിലും ഇന്ത്യക്കാർ ഇന്നും മാനസികമായി അടിമകളാണ്.
● ജനങ്ങൾ അച്ചടക്കമുള്ളവരാകണമെങ്കിൽ സമൂഹത്തിൽ ചേരിതിരിവ് പാടില്ല.
ഈ ലേഖനം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: A feature on 94-year-old Kumaran Mash from Kookkanam, covering his struggles, teaching career, and humanist philosophy.
#KumaranMash #Kookkanam #LifeStory #Teacher #History #Kasaragod #Inspiration
