EMS | സ്വാതന്ത്ര്യസമരത്തിനിറങ്ങിയ ചെറുപ്പക്കാരന്‍ 2 തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി; 114ാം ജന്മദിനത്തിൽ ഇഎംഎസിന്റെ രാഷ്ട്രീയക്കഥ


/ ആദിത്യൻ ആറന്മുള
(KVARTHA) എ.കെ.ജി പാവങ്ങളുടെ പടത്തലവനായിരുന്നെങ്കില്‍ ഇ.എം.എസ് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും വാഗ്മിയിയും മനുഷ്യസ്‌നേഹിയുമായിരുന്നു. വളരെ യാഥാസ്ഥിതികമായ നമ്പൂതിരി കുടുംബത്തില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. അങ്ങനെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് ചുവടുവച്ചത്. ആ ചുവട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരില്‍ ഒരാളായി വളരുന്നതിനുള്ള ചവിട്ടുപടിയായിരുന്നെന്ന് കാലം തെളിയിച്ചു. പല നേതാക്കളും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ഇ.എം.എസിനെ പോലെ ഇന്നും ജ്വലിച്ചു നില്‍ക്കുന്നവര്‍ വളരെ കുറവാണ്. സ്വാതന്ത്ര്യസമരം ഏതെങ്കിലും തരത്തിലുള്ള ഭൗതികനേട്ടത്തിനോ, അല്ലെങ്കില്‍ പാര്‍ലമെന്ററി ലക്ഷ്യത്തിനോ ഉള്ളതായിരുന്നില്ലല്ലോ. ആത്മാഭിമാനത്തോടെ സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടമായിരുന്നു. അതിന്റെ ഭാഗമായിരുന്നത് കൊണ്ടാകാം, അഹങ്കാരം, ധിക്കാരം, ധാര്‍ഷ്ട്യം എന്നിവ ഇ.എം.എസില്‍ പ്രകടമായിരുന്നില്ല.
എതിര്‍ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും അദ്ദേഹം ഇരുകയ്യുംനീട്ടി സ്വാഗതം ചെയ്തു. അടുത്തിടെ അന്തരിച്ച പ്രമുഖ സാമൂഹ്യചിന്തകന്‍ ഡോ. കുഞ്ഞാമന്‍ ഒരിക്കല്‍ അതേക്കുറിച്ച് പറഞ്ഞതിങ്ങിനെയാണ്, ' ഇ.എം.എസ് എന്നോടെപ്പോഴും പറയുമായിരുന്നു, അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിക്കണമെന്ന്. അതില്‍ നിന്ന് പലതും മനസ്സിലാക്കാനും മാറ്റംവരുത്തേണ്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളാനും കഴിയുമെന്നും പറഞ്ഞു'. വാർത്താസമ്മേളനത്തിനിടെ ചെറിയരീതിയില്‍ അനിഷ്ടമുള്ള എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ ക്ഷുഭിതരാകുന്ന നേതാക്കളും മക്കളെയും കുടുംബക്കാരെയും അരിയിട്ട് വാഴിക്കാന്‍ നോക്കുന്നവരും അരങ്ങുവാഴുന്ന സമകാലിക രാഷ്ട്രീയത്തില്‍ ഇ.എം.എസിന്റെ നിലപാടുകള്‍ക്ക് മാറ്റ് കൂടുകയാണ്. ജൂണ്‍ 13ന് അദ്ദേഹത്തിന്റെ 114ാം ജന്മദിനമാണ്.
കേരളത്തിന്റെ ആധുനിക ശില്‍പികളില്‍ ഒരാളായ ഇ.എം.എസ് മലപ്പുറം ജില്ലയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ കൗമാരകാലത്താണ് നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളര്‍ച്ച. അതിന്റെ ആവേശം ഉൾക്കൊണ്ടാണ് പൊതുപ്രവര്‍ത്തനത്തോട് താല്‍പര്യം ഉണ്ടായത്. കോഴിക്കോട് നിന്ന് കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ മാതൃഭൂമി ത്രൈവാരികയായി പ്രസിദ്ധീകരിച്ച് തുടങ്ങിയ സമയമായിരുന്നു അന്ന്. ലോകത്തെയും കേരളത്തെയും മനസ്സിലാക്കിയത് ആ വാരികയിലൂടെയായിരുന്നെന്ന് ഇ.എം.എസ് പിന്നീട് പറഞ്ഞിട്ടുണ്ട്. ബന്ധുവായ കുറൂര് നീലകണ്ഠന് നമ്പൂതിരി രാഷ്ട്രീയ വാരികയായ ലോകമാന്യയുടെ പത്രാധിപരായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെ വാരിക രൂക്ഷമായി വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം അറസ്റ്റിലായി. അന്ന് മുതല്‍ അദ്ദേഹത്തോട് വലിയ ആരാധനയായിരുന്നു.
സ്‌കൂള്‍ പഠനകാലത്തേ കോണ്‍ഗ്രസിനോട് വലിയ ആഭിമുഖ്യമുണ്ടായിരുന്നു. ഒരിക്കല്‍ മദിരാശിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. രണ്ടു മാസം കഴിഞ്ഞ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ രാഷ്ട്രീയ സമ്മേളനം നടന്നു. ആ സമ്മേളവനം വലിയ ചര്‍ച്ചയായിരുന്നു. സ്വാതന്ത്ര്യം വേണ്ട സ്വരാജ് മതിയെന്ന് മിതവാദികളും പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന് തീവ്രവാദികളും തമ്മില്‍ വാദപ്രതിവാദം നടന്നു. ഇത് കണ്ട് ആകൃഷ്ടനായ ഇഎംഎസ് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലും അന്ന് സജീവമായിരുന്നു. നമ്പൂതിരി നിയമം പരിഷ്‌കരിക്കണമെന്നും കുടുംബസ്വത്തില്‍ കാരണവര്‍ക്കുള്ള അധികാരം കുറയ്ക്കണമെന്നും മറ്റുള്ളവര്‍ക്ക് മാന്യമായി ജീവിക്കണമെന്നും പാശുപതം എന്ന വാരികയില്‍ അദ്ദേഹം എഴുതി.
1931ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. അടുത്തകൊല്ലം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോനെ അറസ്റ്റ് ചെയ്തപ്പോള്‍ ആ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് ഇഎംഎസിനെയായിരുന്നു. ഇതിന്റെ വാര്‍ത്ത പത്രങ്ങളില്‍ വന്നതോടെയാണ് മകന്‍ രാഷ്ട്രീയക്കാരനായ കാര്യം വീട്ടുകാരറിയുന്നത്. അമ്മ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. ഗാന്ധി ആഹ്വാനം ചെയ്ത ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ മൂന്നുപേർ ഉപ്പ് ശേശരിക്കാനായി കടപ്പുറത്തേക്ക് ജാഥ നടത്തി. മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച് ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. 1933 ആഗസ്ത് 31-ന് അദ്ദേഹമടക്കം പലരേയും വെറുതെ വിട്ടു.
സഹ തടവുകാരനായ കമല്‍നാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങളെ കുറിച്ച് അറിവ് നല്‍കി. ബംഗാളിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ അമരക്കാരായിരുന്ന സെന്‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ എന്നിവരും അന്ന് ജയിലിലുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റിയപ്പോള്‍ അവിടെയും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അടുത്തു. അതില്‍ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂര്‍ത്തി എന്നിവര്‍. ജയില്‍ മോചിതനായ ശേഷം കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവര്‍ത്തനം. 1932ല്‍ കോളേജ് പഠനം ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ജീവിക്കാൻ ആരംഭിച്ചു.
1934-36 കാലത്ത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി. കെ.പി.സി.സി സെക്രട്ടറിയായിരുന്നു. പിന്നീട് സോഷ്യസിലത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക് വഴിമാറുകയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 1951 വരെ ഒളിവിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം. 1940 ഏപ്രില്‍ 28 മുതല്‍ 1942 ആഗസ്ത് രണ്ട് വരെയും 1948 ജനുവരി മുതല്‍ 1951 ഒക്ടോബര്‍ വരെയും ആണ് ഒളിവില്‍ കഴിഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സര്‍ക്കാര്‍ നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ, പി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരം ഒളിവില്‍ പോവുകയായിരുന്നു. ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണ് സംഘടന കെട്ടിപടുത്തത്.
പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുണ്ടായി. ഐക്യകേരളം ഉണ്ടാക്കുന്നതില്‍ ഇഎംഎസ് നിര്‍ണായക പങ്ക് വഹിച്ചു. 1957ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി. അത് ലോക ചരിത്രത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റായിരുന്നു. ഇഎംഎസ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി. 1959 നും 1967-1969 നും ഇടയിലും മുഖ്യമന്ത്രിയായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന അദ്ദേഹം പാര്‍ട്ടി പിളര്‍ന്നതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അഥവാ സിപിഐ(എം) അംഗമായിരുന്നു. 1957 മുതലിങ്ങോട്ട് കേരളത്തിന്റെ സമസ്ഥമേഖലയിലുമുള്ള വളര്‍ച്ചയ്ക്ക് അദ്ദേഹം മുന്നിട്ടു നിന്നു.
1998 മാര്‍ച്ച് 19ന് വിടപറഞ്ഞു. ഇഎംഎസിന്റെ ജീവിതം വെറുമൊരു രാഷ്ട്രീയക്കാരന്റേതായിരുന്നില്ല. കേരളത്തിന്റെ ചരിത്രം കൂടിയാണ് ആ ജീവിതം. യാഥാസ്ഥിതികതയില്‍ നിന്ന് സ്വാതന്ത്ര്യത്തിനും പിന്നീട് സാധാരണക്കാര്‍ക്ക് വേണ്ടിയും പോരാടാനിറങ്ങി. അധികാര സ്ഥാനങ്ങളില്‍ ഇരുന്നപ്പോഴും ലളിതമായ ജീവിതം നയിച്ചു. അനാവശ്യ വിവാദങ്ങളുണ്ടാക്കിയില്ല, ആരോടും ശത്രുത പുലര്‍ത്തിയില്ല, ആരെയും താഴ്ത്തിക്കെട്ടാനോ, താറടിക്കാനോ ശ്രമിച്ചില്ല. ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസവും സ്‌നേഹവും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് ജനിച്ച് നൂറ് കൊല്ലത്തിനിപ്പുറവും ഓര്‍മിക്കപ്പെടുന്നത്.