ഐതിഹ്യത്തിന്റെ ഓര്‍മ്മ പുതുക്കലുമായി പടയണി

 


ഒ.എസ്. കിരണ്‍ പരവൂര്‍

പരവൂര്‍: ക്ഷേത്ര അനുഷ്ഠാന കലാരൂപമായി അറിയപ്പെടുന്ന പടയണി പഴയ തലമുറയ്ക്ക് സുപരിചിതമാണെങ്കിലും പുതുതലമുറയ്ക്ക് അപരിചിതമാണ്. നമ്മുടെ മണ്ണിന്റെയും സംസാരത്തിന്റെയും മനമറിഞ്ഞ ഇത്തരം കലാരൂപങ്ങള്‍ ഇന്ന് അന്യംനിന്നു പോകുകയാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായി പരവൂര്‍ പുറ്റിങ്ങല്‍ കാടുജാതി ക്ഷേത്രത്തിലെ കൊടുതി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് നാല് ചൊവ്വാഴ്ച രാത്രി 12 മണിക്ക് പടയണി അരങ്ങിലെത്തും.

പഴയകാലത്ത് കൊയ്ത്തു കഴിഞ്ഞ പാടത്ത് നടത്തിവന്ന ഈ വിനോദ കലാരൂപം പലതരത്തിലുള്ള രോഗങ്ങള്‍ മാറാനും ഭൂത, യക്ഷി, ബാധകള്‍, മരണഭയമില്ലാതാക്കാന്‍, സന്താനലബ്ധി, കുടുംബ ഐശ്വര്യം തുടങ്ങി പലതരത്തിലുള്ള കോലങ്ങള്‍ കെട്ടിയാടുന്നത് പടയണിയുടെ പ്രത്യേകതയാണ്. ജീവിതത്തിലെ അന്ധകാരത്തെ നീക്കി വെളിച്ചത്തിന്റെ പുത്തനുണര്‍വ് പ്രകാശനം ചെയ്യുന്നതാണ് പടയണി. നിഗ്രഹ ശക്തികളെ അനുഗ്രഹ ശക്തികളാക്കുന്ന ഈ കലാരൂപം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയാണ്.

എല്ലാഅനുഷ്ഠാന കലാരൂപങ്ങള്‍ക്കും പിന്നില്‍ ഐതീഹ്യമുള്ളതുപോലെ പടയണിക്കുമുണ്ട് ഐതീഹ്യം. അതിങ്ങനെയാണ്: ദാരികനെ നിഗ്രഹിച്ച ഭദ്രകാളി കോപമടങ്ങാതെ നിഗ്രഹരൂപിണിയായി ശിവ സന്നിധിയോളം എത്തുകയും എല്ലാ അനുനയ ശ്രമങ്ങളും വിഫലമായതിനെ തുടര്‍ന്ന് കാളിയുടെ കോപമടക്കാന്‍ ശിവന്റെ ഭൂതഗണങ്ങള്‍ കോലം കെട്ടി നൃത്തമാടിയെന്നും ഇതില്‍ സംപ്രീതയായ കാളി കോപമടക്കി ശാന്തയായെന്നുമാണ് ഐതീഹ്യം. സര്‍വ്വസംഹാര നിഗ്രരൂപിണിയായ കാളിയെ ശാന്തമാക്കി നന്മയുടെ വെളിച്ചം പരത്താന്‍ സഹായിച്ച കോലത്തെ കാലക്രമേണ ഭക്തര്‍ കാളിക്ഷേത്രത്തില്‍ കാലംതോറും കോലം കെട്ടിയാടി.

ഐതിഹ്യത്തിന്റെ ഓര്‍മ്മ പുതുക്കലുമായി പടയണികോലങ്ങള്‍ തന്നെ പലതരത്തിലുണ്ട്. പിശാചു കോലം, മറുത കോലം, യക്ഷി കോലം, ഭൈരവി കോലം, കാലന്‍ കോലം ഇങ്ങനെ പലതരത്തിലുള്ള കോലങ്ങള്‍ വ്രതശുദ്ധിയോടെ കെട്ടിയാടുന്ന ഈ കോലം കലാരൂപത്തിന്റെ വേഷവിധാനങ്ങളും സവിശേഷത നിറഞ്ഞതാണ്. കമുകിന്റെ പാളയിലും തണ്ടിലും കരവിരുതിനാല്‍ ചമയ്ക്കുന്ന കോലങ്ങള്‍ക്ക് കുരുത്തോലയുടെ അലങ്കാരങ്ങളും ചേരുമ്പോള്‍ നയനമനോഹരമായ കാഴ്ച സമ്മാനിക്കും. അതിനൊപ്പം ചൂട്ടുകെട്ടുകളില്‍ നിന്ന് പ്രകാശം ചൊരിയുന്ന രാവില്‍ തപ്പിന്റെ താളത്തിനും വായ്പാട്ടിന് മുത്ത് കലാകാരന്മാര്‍ മാളോരുടെ ദോഷപരിഹാരത്തിനായി ഉറഞ്ഞുതുള്ളുന്നത് ഹൃദ്യമായ കലാവിരുന്നായിരിക്കും.

അഞ്ചു തരത്തിലുള്ള കോലങ്ങളാണ് പടയണിയിലുള്ളത്. ഓരോ കോലവും വിവിധ ദോഷപരിഹാരത്തിനായി നേര്‍ച്ച നടത്തുന്നതാണ്. അവയില്‍ ചിലതിങ്ങനെയാണ്. പിശാചു കോലം- സകലവിധ പൈശാചിക ശക്തികളുടെ മേചനത്തിനും. കാലന്‍ കോലം- സന്താനലബ്ധിക്കും മരണഭയമില്ലാതാക്കാനും ഈശ്വര ചൈതന്യം നിലനിര്‍ത്തുന്നതിനും നടത്തുന്നു. മറുത കോലം-വസൂരി തുടങ്ങിയ മാരകരോഗങ്ങളില്‍ നിന്ന് മോചനം നേടാനും ആയൂരാരോഗ്യത്തിനും. യക്ഷി കോലം- യക്ഷിബാധ, ശത്രുദോഷം എന്നിവയുടെ മോചനത്തിന്. ഭൈരവി കോലം- ഇഷ്ടകാര്യ സിദ്ധിക്കും നന്മകള്‍ക്കും ഐശ്വര്യത്തിനും എല്ലാവിധ പാപങ്ങളില്‍നിന്ന് മോചനത്തിനും വേണ്ടിയുള്ള വഴിപാടായി ഇത്തരം കോലങ്ങള്‍ കെട്ടിയാടിപ്പിക്കുന്നു.

പച്ച പാളയും കലയുടെ കറതീര്‍ന്ന കരവിരുതുകള്‍ തീര്‍ക്കുന്ന കോലങ്ങള്‍ ശിരസ്സേറി തപ്പിന്റെ താളത്തിലും വായ്പ്പാട്ടിന്റെ ഇണത്തിനുമൊപ്പം കലാകാരന്മാര്‍ ചുവടുവച്ച് ഉറഞ്ഞുതുള്ളുമ്പോള്‍ അത് ഐതീഹ്യത്തിന്റെ ഓര്‍മ്മ പുതുക്കല്‍ മാത്രമല്ല, ജാതിഭേദമന്യേ നാടിന്റെ ഒത്തുചേരല്‍ കൂടിയാണ്.

Keywords: Paddayani, Temple Fest, Paravoor, Kadammanitta Padayani, Article, OS Kiran, Kochi, Ernakulam.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia