Criticism | കേന്ദ്ര ബജറ്റിലെ താരമായ 'മഖാന' എന്താണ്? വിശദമായി അറിയാം


● മഖാന അഥവാ താമര വിത്ത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
● ബിഹാറിലെ മിഥിലാഞ്ചലിലാണ് മഖാന കൃഷി ആരംഭിച്ചത്.
● ഇന്ന് ലോകവിപണിയിലെ 90% ഉൽപാദനം ബിഹാറിൽ നിന്നാണ്.
● മഖാനയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
റോക്കി എറണാകുളം
(KVARTHA) ശനിയാഴ്ചയാണ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇതിൻ്റെ ചർച്ചകളാണ് രാജ്യമെങ്ങും ഇപ്പോൾ നടക്കുന്നത്. ഈ ബജറ്റിൽ രാജ്യത്തെ പല വിഷയങ്ങളും ഇടംപിടിച്ചിരുന്നു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണ് 'മഖാന' (Makhana) എന്നുള്ളത്. അതായത് ബിഹാറിൻ്റെ മഖാന. ഇതിനായി ബജറ്റില്‍ ഒരു ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നാണ് മഖാന അറിയപ്പെടുന്നത്.
കേന്ദ്ര ബജറ്റിലെ മഖാന എന്താണ്?
സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമര വിത്ത്. കുറച്ച് കാലങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ അടുക്കളകളിലെ സ്ഥിരം വിഭവമാണിത്. മഖാന സൂപ്പര്‍മാര്‍ക്കറ്റിലടക്കം സാധാരണയായി കാണുന്നു. ഫ്ലേവര്‍ ചേര്‍ത്തും, ഫ്ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കും. പോഷകങ്ങളാല്‍ സമ്പുഷ്ടമായ മഖാന നിരവധി ആരോഗ്യഗുണങ്ങള്‍ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. മഖാനയില്‍ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിലെ ഫൈബര്‍ വിശപ്പ് നിയന്ത്രിക്കും. മഖാനയില്‍ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്. മഖാനയില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ക്രമീകരിക്കാനും, മലബന്ധം തടയാനും സഹായിക്കും. പ്രോട്ടീന്‍ മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം ഇരുമ്പ് തുടങ്ങിയത് ധാതുക്കള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. കോശങ്ങളുടെ നാശത്തില്‍ നിന്നും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമായി മഖാനയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഖാന കഴിക്കുന്നത് യുവത്വത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നു പറയപ്പെടുന്നു. ബിഹാറിലെ 10 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മഖാന കൃഷിയിൽ നിന്നാണ് ലോകവിപണിയിലെ 90 ശതമാനം മഖാനയും ഉൽപാദിപ്പിക്കപ്പെടുന്നത്.
ഇതിന്റെ ഉൽപാദനത്തിനുവേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ തന്നെ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബോർഡ് രൂപീകരിച്ച് മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് ബിഹാറിന്റെ ലക്ഷ്യം. ബിഹാറിലെ മിഥിലാഞ്ചലിലെ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. പാകിസ്താന്‍ , ചൈന, മലേഷ്യ, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലും മഖാന കൃഷി ചെയ്യുന്നുണ്ട്.
മലയാളികളായ നമുക്ക് മഖാനയെക്കുറിച്ചുള്ള അറിവ് പരിമിതമായിരിക്കും. ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതില്‍ മഖാന പ്രത്യേക പങ്ക് വഹിക്കുന്നു എന്നാണ് പറയുന്നത്. എന്തായാലും പുതിയ കേന്ദ്രബജറ്റിൽ ബിഹാറിന് മഖാന ബോര്‍ഡ് രൂപികരിക്കുന്നതിനും അംഗീകാരമായിരിക്കുകയാണ്. ഇതോടെയാണ് ഈ പേര് എങ്ങും ചർച്ചയായത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Makhana, featured in the central budget, is a nutritious plant-based protein from Bihar. Known for its health benefits, it is produced in large quantities in Bihar, contributing to the global market.
#Makhana, #Bihar, #CentralBudget, #PlantProtein, #HealthyEating, #IndianAgriculture