Women Entrepreneurs | സംഗീത പിംഗലെ: നഷ്ടങ്ങളില്‍ നിന്നും ജീവിതം തിരിച്ചുപിടിച്ച കര്‍ഷക; ഇന്ന് 25-30 ലക്ഷം രൂപ വാർഷിക വരുമാനം; പ്രചോദനം ഈ വിജയഗാഥ


● ഭർത്താവിൻ്റെയും മകന്റെയും അകാലമരണം ദുരന്തങ്ങൾ സൃഷ്ടിച്ചു.
● 13 ഏക്കർ ഭൂമിയിൽ തക്കാളിയും മുന്തിരിയും കൃഷി ചെയ്ത് വിജയം നേടി.
● പ്രതിവർഷം 800-1,000 ടൺ മുന്തിരി ഉത്പാദിപ്പിക്കുന്നു.
● 25-30 ലക്ഷം രൂപ വാർഷിക വരുമാനം നേടുന്നു.
നാസിക്: (KVARTHA) ഇന്ത്യയിലെ വനിതാ സംരംഭകരായ സ്ത്രീകളുടെ വിജയഗാഥകള്‍ നിശ്ചയദാര്‍ഢ്യത്താല്‍ സമ്പന്നമാണ്. ഫാഷന്‍, ധനകാര്യം, കൃഷി തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകള്‍ മികവ് പ്രകടിപ്പിച്ചത് കാണാന്‍ സാധിക്കും. ഇന്ത്യയിലെ വനിതാ ബിസിനസുകാരുടെ പ്രചോദനാത്മകമായ നിരവധി കഥകളില്‍ ഒരു കര്‍ഷകയുടെ വിജയാഗാഥയുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള സംഗീത പിംഗലെയാണ് ആ കര്‍ഷക. പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കൃഷിയിലൂടെ തന്റെ ജീവിതം പുനര്‍നിര്‍മ്മിക്കുകയും കാര്‍ഷിക മേഖലയില്‍ സ്ത്രീകള്‍ക്ക് വിജയിക്കാനാകുമെന്ന് തെളിയിക്കുകയും ചെയ്തു അവർ.
ആരാണ് സംഗീത പിംഗലെ?
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ശിലാപൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് സംഗീത പിംഗലെ ജനിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്ന സംഗീത 2000-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകണമെന്നായിരുന്നു സംഗീതയുടെ സ്വപ്നം. ആ ലക്ഷ്യത്തിലേയ്‌ക്കെത്താന്‍ പിതാവിന്റെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ വിധി മറ്റൊന്നാണ് സംഗീതക്കായി കാത്തുവെച്ചത്.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞയുടനെ 2000-ല്‍ അനില്‍ പിംഗലെയെ വിവാഹം കഴിച്ചു. മറ്റോര്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു പുരോഗമന കര്‍ഷകനായിരുന്നു അനില്‍ പിംഗലെ. 2001-ല്‍ അവര്‍ക്ക് ഒരു മകള്‍ പിറന്നു. എന്നാല്‍ അതേവര്‍ഷം തന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടു. 2004-ല്‍ ഒരു മകന്‍ കൂടി ജനിച്ചു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഒരു ദുരന്തമെന്നോണം ആ മകനെയും നഷ്ടമായി. 2007-ല്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ അനിലിനെ മരണം തട്ടിയെടുത്തു. ആ സമയത്ത് സംഗീത ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. 15 ദിവസത്തിന് ശേഷം അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
വീട്ടമ്മയില്‍ നിന്നും കര്‍ഷകയിലേയ്ക്കുള്ള ദൂരം
2016 ല്‍ സംഗീതയ്ക്ക് കുടുംബ സ്വത്തില്‍ നിന്നും 13 ഏക്കര്‍ ഭൂമി ലഭിച്ചു. കൃഷി ചെയ്ത് പരിചയമില്ലാതിരുന്നിട്ടും സമൂഹത്തിന്റെ പരിഹാസങ്ങള്‍ നേരിട്ടിട്ടും അവര്‍ തളര്‍ന്നില്ല. ഭര്‍ത്താവിന്റെ പിതാവിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിച്ച് സംഗീത കൃഷിരീതികള്‍ പഠിക്കാന്‍ തുടങ്ങി. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ പിതാവും മരിച്ചു. ഇതോടെ കൃഷിയുടെ പൂര്‍ണ ഉത്തരവാദിത്തം സംഗീത ഏറ്റെടുത്തു.
ആദ്യം തക്കാളിയാണ് കൃഷി ചെയ്തത്. ഇത് വിജയിച്ചപ്പോള്‍ മുന്തിരി കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ക്രമേണ സംഗീതയുടെ കഠിനാധ്വാനത്തിന് ഫലം കണ്ടു. ഇന്ന് പ്രതിവര്‍ഷം 800-1,000 ടണ്‍ മുന്തിരിയാണ് സംഗീതയുടെ പാടങ്ങളില്‍ ഉത്പാദിപ്പിക്കുന്നത്. 25-30 ലക്ഷം രൂപ വരുമാനവും നേടുന്നു.
സാമൂഹിക നിയന്ത്രണങ്ങളോടും വെല്ലുവിളികളോടും പോരാടുന്ന സ്ത്രീകള്‍ക്ക് സംഗീതയുടെ കഥ ഒരു പ്രചോദനമാണ്. ദൃഢനിശ്ചയവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ അസാധ്യമായത് സാധ്യമാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് സംഗീത പിംഗലെയുടെ ജീവിതം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Sangeeta Pingale, a farmer from Nashik, overcame immense loss and built a successful farming business, earning 25-30 lakhs annually. Her story inspires many.
#WomenEntrepreneurs #FarmingSuccess #Inspiration #IndianFarmers #WomenEmpowerment #SangeetaPingale