● വരും ദിവസങ്ങളിൽ റബർ വില 180 രൂപയിലേക്ക് ഇടിയുമെന്നാണ് സൂചന.
● താങ്ങുവില വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. നിലവിൽ റബറിന്റെ താങ്ങുവില 180 രൂപയാണ്.
തൊടുപുഴ: (KVARTHA) റബർ വില തുടർച്ചയായി കുറയുന്നത് കർഷകരെ ആശങ്കയിലാക്കി. ഒരു മാസം മുമ്പ് വ്യാപാരികൾ 250 രൂപയ്ക്ക് റബർ വാങ്ങിയിരുന്നിടത്ത് ഇപ്പോൾ വില 190 രൂപയാണ്. അടിക്കടിയുള്ള വിലയിടിവ് ചെറുകിട വ്യാപാരികളെ പോലും റബർ വാങ്ങാൻ മടിക്കുന്ന അവസ്ഥയിലാക്കി.
രാജ്യാന്തര വിപണിയിലും റബർ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ബാങ്കോക് വില 222 രൂപയായി കുറഞ്ഞു. വിദേശത്തുനിന്നുള്ള വൻതോതിലുള്ള ഇറക്കുമതിയാണ് ആഭ്യന്തര വില കുറയാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ടയർ കമ്പനികൾ ആവശ്യത്തിന് റബർ ശേഖരിച്ചിട്ടുള്ളതിനാൽ വിപണിയിൽ അധിക താല്പര്യം കാണിക്കുന്നില്ല. കണ്ടെയ്‌നർ ക്ഷാമം നേരിട്ട കാലഘട്ടത്തിൽ ഇറക്കുമതി നിലച്ചിരുന്നതിനാൽ, ഭാവിയിൽ ഇത്തരം പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ കമ്പനികൾ മുൻകൂട്ടി റബർ സംഭരിച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ റബർ വില 180 രൂപയിലേക്ക് ഇടിയുമെന്നാണ് സൂചന. പലിശയ്ക്ക് പണം വാങ്ങി റബർ തോട്ടം പാട്ടത്തിനെടുത്ത കർഷകർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. വിലയിടിവ് തടയാൻ ഇറക്കുമതി തീരുവ വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഭക്ഷ്യ എണ്ണയുടെ തീരുവ വർധിപ്പിച്ച് നാളികേര കർഷകരെ സഹായിച്ചതുപോലെ റബർ കർഷകരെയും സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം.
താങ്ങുവില വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. നിലവിൽ റബറിന്റെ താങ്ങുവില 180 രൂപയാണ്. എന്നാൽ കർഷകർ 230 രൂപയായി താങ്ങുവില വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 2024ലെ സംസ്ഥാന സാമ്പത്തിക സർവേ പ്രകാരം സംസ്ഥാനത്ത് 5.50 ലക്ഷം ഹെക്ടറിലാണ് റബർ കൃഷി. 5.99 ലക്ഷം ടണ്ണാണ് ഉൽപ്പാദനം. 9.5 ലക്ഷത്തോളം റബർ കർഷകരാണുള്ളത്.
#RubberPriceDrop #FarmersCrisis #Agriculture #Kerala #EconomicIssues #SupportFarmers