ഓരോ മാസവും വിളവെടുക്കാം: കേരളത്തിലെ കൃഷി കലണ്ടർ!  പ്രധാന വിളകൾ അറിയാം!

 
Various agricultural fields in Kerala.
Various agricultural fields in Kerala.

Representational Image Generated by Meta AI

● ജനുവരിയിൽ പച്ചക്കറികൾ കൃഷി ചെയ്യാൻ അനുയോജ്യമായ സമയം.
● മെയ് മാസത്തിൽ കാച്ചിൽ, നനക്കിഴങ്ങ്, വാഴ എന്നിവ നടാം.
● ജൂണിൽ വഴുതന, പച്ചമുളക്, വെണ്ട എന്നിവ കൃഷി ചെയ്യാം.
● ഒക്ടോബറിൽ കാബേജ്, കോളിഫ്ലവർ പോലുള്ള ശീതകാല പച്ചക്കറികൾ നടാം.

ഹന്നാ എൽദോ 

(KVARTHA) കേരളം കർഷകർ കൂടുതലുള്ള നാടാണ്. പല രീതിയിലുള്ള കൃഷികൾ പലരും വീടുകളിൽത്തന്നെ ചെയ്തു വിളവെടുക്കാറുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന ധാരാളം പേർ ഇവിടെയുണ്ട്. സ്ത്രീകളും, പ്രത്യേകിച്ചും വീട്ടമ്മമാരും കൂടുതലായി കൃഷിയിൽ താല്പര്യമെടുക്കുന്നു.

നല്ല കർഷകർക്ക് ഓരോ മാസങ്ങളിലും ഏതൊക്കെ കൃഷിയാണ് പറമ്പുകളിൽ ചെയ്യേണ്ടതെന്ന് നന്നായി അറിയാം. എന്നാൽ തുടക്കക്കാരെയും ഇടത്തരം കൃഷിക്കാരെയും സംബന്ധിച്ച് ഇതിൽ അത്ര വലിയ അറിവുണ്ടാകാൻ ഇടയില്ല. അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഇത്. 

ഓരോ മാസത്തിലും എന്തൊക്കെ കൃഷിയാണ് ചെയ്യേണ്ടത്? കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് എന്തൊക്കെ കൃഷി ചെയ്തു വിളവെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1.  ജനുവരി

വെണ്ട, പാവൽ, പടവലം, ചീര, തക്കാളി, തുടങ്ങി മിക്ക പച്ചക്കറികളും കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്. സൂര്യപ്രകാശം ലഭിക്കുന്നതും, ജലസേചന സൗകര്യമുള്ളതുമായ സ്ഥലത്ത് കൃഷിചെയ്യാം. മണ്ണിൽ തടമെടുത്തു ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേർക്കണം. പാവലും തക്കാളിയും തൈകൾ പറിച്ചുനട്ടും, മറ്റുള്ളവ വിത്ത് പാകിയും കൃഷിചെയ്യാം.


2.  ഫെബ്രുവരി 

ചേമ്പ്, ചേന എന്നിവ നടാൻ പറ്റിയ സമയമാണിത്. അര മീറ്റർ ആഴത്തിലും വീതിയിലും കുഴിയെടുത്തു ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത് നടാം. ഒരു കിലോ ചേന ചാണകവെള്ളത്തിൽ മുക്കിവെക്കുക. ഒരാഴ്ചയ്ക്കകം മുള വരുമ്പോൾ നടാം. ഓരോ കുഴിയിലും 2 കിലോ ചാണകപ്പൊടി അടിവളമായി ചേർക്കണം. ഓഗസ്റ്റ് മാസത്തോടെ വിളവെടുക്കാം.

3.  മാർച്ച് 

വെള്ളരി നട്ട് ഒന്നര മാസം ആകുമ്പോഴേക്കും വിളവെടുക്കാം. മാർച്ച് ആദ്യംതന്നെ നട്ടാൽ വിഷുവിന് കണിവെക്കാൻ പാകത്തിൽ പറിച്ചെടുക്കാം. വിത്ത് മുളപ്പിച്ച ശേഷം പറിച്ചുനടുന്നത് നല്ലതാണ്. 15 സെൻ്റീമീറ്റർ വീതിയിൽ തടമെടുത്തു ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേർക്കുക. കാന്താരിയും ഇഞ്ചിയും അരച്ച് സോപ്പ് ലായനിയിൽ ചേർത്ത് തളിച്ചാൽ കീടശല്യം ഇല്ലാതാക്കാം.

4.  ഏപ്രിൽ 

ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവ നടാൻ പറ്റിയ സമയമാണിത്. ആദ്യമഴ മണ്ണിനെ നനയ്ക്കുന്നതോടെ ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാം. ചാണകപ്പൊടിയും ഉണങ്ങിയ ഇലകളും നിറച്ചു മൺകൂനയെടുത്താണ് ഇഞ്ചിയും മഞ്ഞളും നടേണ്ടത്. 

പൊതുവെ കീടശല്യം കുറവാണ്. മഴ പെയ്യുന്നതോടെ പച്ച ചാണകമിട്ട് മണ്ണിടുന്നത് നല്ലതാണ്. കുരുമുളകും ആദ്യമഴയോടെയാണ് നടേണ്ടത്. ഏപ്രിൽ പകുതിയോടെ വയൽ ഉഴുതിട്ട് നെല്ല് വിതയ്ക്കാം.

5.  മെയ് 

കാച്ചിൽ, നനക്കിഴങ്ങ്, വാഴ എന്നിവ നടാൻ പറ്റിയ സമയമാണിത്. അര മീറ്റർ ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതിൽ രണ്ട് കിലോ ചാണകപ്പൊടി നിറയ്ക്കുക. ഇതോടൊപ്പം ചാരവും ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. ഇതിനു മുകളിൽ മണ്ണിട്ട് വേണം കാച്ചിൽ നടാൻ. 

മഴ പെയ്യുന്നതോടെ കമ്പുനാട്ടി വള്ളി പടർത്തിക്കൊടുക്കണം. ഇടയ്ക്കിടെ മഴ ലഭിക്കുന്നതോടെ നനകിഴങ്ങും കൂനയെടുത്തു നടാം. ചാണകപ്പൊടി തന്നെയാണ് അടിവളമായി ചേർക്കേണ്ടത്.

6.  ജൂൺ 

വഴുതന, പച്ചമുളക്, വെണ്ട എന്നിവ മഴ തുടങ്ങുന്നതോടെ ചെയ്യാവുന്ന കൃഷിയാണ്. വേനൽക്കാലത്ത് തടമെടുത്തതാണെങ്കിൽ മൺകൂന കൂട്ടിയാണ് കൃഷി ചെയ്യേണ്ടത്. വെള്ളം കെട്ടിനിന്ന് ചെടി ചീഞ്ഞുപോകാതിരിക്കാനാണിത്. 

വഴുതന, വെണ്ട, പച്ചമുളക് എന്നിവയിൽ മഴക്കാലത്ത് കീടശല്യം മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കുറവായിരിക്കും. വേനൽക്കാലത്ത് ലഭിക്കുന്നത്ര വിളവ് ഉണ്ടാകില്ല.

7.  ജൂലൈ 

പയർ, ചോളം, മുത്താറി എന്നിവ മഴ ശക്തമാകുന്നതോടെ ചെയ്യാവുന്ന കൃഷിയാണ്. പറമ്പ് ഉഴുതു, ചാരം വിതറി പയറും, ചോളവും, മുത്താറിയും വിതയ്ക്കാം. ഒന്നര മാസം കൊണ്ട് പയർ കായ്ച്ചുതുടങ്ങും. കീടശല്യം അകറ്റാൻ ചൂടുള്ള ചാരം വിതറുക.

8.  ഓഗസ്റ്റ്

വാഴ, ചോളം എന്നിവ നടാൻ പറ്റിയ സമയമാണിത്. വേനൽക്കാലത്ത് ജലസേചനമുള്ള സ്ഥലത്ത് നേന്ത്രവാഴ നടാം. വയൽ പ്രദേശത്താണെങ്കിൽ അര മീറ്റർ ഉയരത്തിൽ കൂനയെടുത്തും, കരപ്രദേശത്ത് ഒരു മീറ്റർ ആഴത്തിലുമാണ് വാഴ നടേണ്ടത്. ചാണകപ്പൊടി അടിവളമായി ചേർക്കാം. വാഴയുടെ ഏറ്റവും കരുത്തുള്ള കണ്ണാണ് നടേണ്ടത്.

9.  സെപ്റ്റംബർ 

കൈതച്ചക്ക, പച്ചക്കറി, നെല്ല് എന്നിവ കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്. രണ്ടാം വിള നെൽകൃഷി ഇറക്കേണ്ട സമയമാണിത്. ഓണത്തോടനുബന്ധിച്ച് ഒന്നാം വിള കൊയ്തെടുക്കും. ഞാറു പറിച്ചുനട്ടാണ് രണ്ടാം വിള കൃഷിചെയ്യുക. ഓഗസ്റ്റിൽത്തന്നെ ഞാറു മുളപ്പിക്കണം. മഴ അല്പം കുറയുന്നതിനാൽ പച്ചക്കറി കൃഷി ആരംഭിക്കാം. കൈതയും ഈ സമയത്ത്ത്തന്നെ നടണം.

10.  ഒക്ടോബർ

കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ ശീതകാല പച്ചക്കറികൾ നടേണ്ട സമയമാണിത്. കാബേജ്, കോളിഫ്ലവർ എന്നിവ മണ്ണിൽ ചാലെടുത്തും, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ തറയെടുത്തുമാണ് കൃഷി ചെയ്യേണ്ടത്. 

ആദ്യം തൈകൾ ഒരുക്കണം. വൈകുന്നേരമാണ് പറിച്ചുനടാൻ നല്ലത്. ചാലുകൾ തമ്മിലും ചെടികൾ തമ്മിലും 1.5 അടി അകലം വേണം. തൈകൾ നടുമ്പോൾ സ്യൂഡോമോണാസ് ലായനിയിൽ മുക്കിയ ശേഷം നടുന്നത് കീടബാധ ഇല്ലാതാക്കാൻ നല്ലതാണ്.

11.  നവംബർ

ചേന, ചേമ്പ് എന്നിവ വേനൽക്കാലത്ത് വിളവെടുക്കാൻ പാകത്തിൽ കൃഷി ചെയ്യാം. മരച്ചീനിയും ഈ സമയത്ത്ത്തന്നെ കൃഷി ചെയ്യാം. ആറാം മാസം വിളവെടുക്കുന്ന കമ്പ് നടുന്നതാണ് നല്ലത്.

12.  ഡിസംബർ 

എള്ള്, റാഗി, വൻപയർ എന്നിവ കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്. വയലുകളിൽ രണ്ടാം വിള കൊയ്തുകഴിയുന്നതോടെ മണ്ണ് ഉഴുതശേഷം എള്ള്, റാഗി, വൻപയർ എന്നിവ വിതയ്ക്കാം. ചാരമാണ് പ്രധാന വളം. വേനൽക്കാലത്ത് കീടശല്യം കുറവായിരിക്കും.

ഓരോ മാസവും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് എന്തൊക്കെ കൃഷി ചെയ്തു വിളവെടുക്കാം എന്നതാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഈ രീതിയിൽ കൃഷി ചെയ്താൽ നല്ല വിളവ് ലഭിക്കും. ഒപ്പം പണവും സമ്പാദിക്കാം.


കേരളത്തിലെ കൃഷി ചെയ്യുന്നവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: This article provides a month-wise agricultural calendar for Kerala, detailing the major crops that can be cultivated and harvested in each month, considering the climate and seasonal changes. It is helpful for both beginners and intermediate farmers.

#KeralaAgriculture, #FarmingCalendar, #MajorCrops, #MonthlyFarming, #AgricultureTips, #KeralaFarmers

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia