നേടാം മികച്ച വരുമാനം! വീട്ടുവളപ്പിൽ കരിമഞ്ഞൾ കൃഷി ചെയ്യാം; വിപണി സാധ്യതകളും കൃഷി രീതികളും


● ഏപ്രിൽ-മേയ് മാസങ്ങളാണ് കൃഷിക്ക് ഉത്തമം.
● രാസവളങ്ങൾ ആവശ്യമില്ല; ചാണകപ്പൊടി മതി.
● ഇലയുടെ നടുവിലെ ഡാർക്ക് ബ്രൗൺ നിറം തിരിച്ചറിയാൻ സഹായിക്കും.
● ഔഷധ നിർമ്മാണത്തിനും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഉപയോഗം.
ലിൻഡാ മരിയാ തോമസ്
(KVARTHA) ഇന്ന് നമ്മുടെ രാജ്യത്തും വിദേശത്തുമൊക്കെയായി നല്ല ഡിമാൻഡുള്ള വലിയ വില കിട്ടുന്ന ഒന്നാണ് കരിമഞ്ഞൾ. പലവിധ രോഗങ്ങൾ സുഖപ്പെടുന്നതിന് അത്യുത്തമമാണ് കരിമഞ്ഞൾ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൂടുതലായി ആയുർവേദ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനാണ് കരിമഞ്ഞൾ ഉപയോഗിക്കുന്നത്.
ആയുർവേദത്തിൽ വലിയ പ്രചാരമുള്ള കായകൽപ്പം എന്ന ഔഷധത്തിലും ഒരു പ്രധാന ചേരുവ കരിമഞ്ഞൾ ആണ്. വയർ സംബന്ധമായ രോഗങ്ങൾക്ക് കരിമഞ്ഞൾ നല്ലതാണ്. സോറിയാസിസ് പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും കരിമഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. 'കരിമഞ്ഞൾ' എങ്ങനെ വീട്ടിൽ കൃഷി ചെയ്തു വരുമാനം ഉണ്ടാക്കാം, കൃഷി രീതികൾ എന്തൊക്കെ എന്നുള്ള കാര്യങ്ങളൊക്കെയാണ് ഇവിടെ പറയുന്നത്.
കരിമഞ്ഞൾ കൃഷി എങ്ങനെ ചെയ്യാം?
മഞ്ഞൾ കൃഷിക്ക് സമാനമാണ് കരിമഞ്ഞൾ കൃഷിയും. ഗ്രോബാഗിലും കരിമഞ്ഞൾ കൃഷി ചെയ്യാം. ഏപ്രിൽ- മേയ് മാസങ്ങളിൽ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പുതുമഴ ലഭിച്ചാൽ കൃഷി തുടങ്ങാമെന്ന് കാർഷിക മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു. കുറഞ്ഞത് 25 സെന്റീമീറ്റർ അകലം വിത്തുകൾ തമ്മിൽ ഉള്ളതാണ് നല്ലത്.
രാസവളങ്ങളും മറ്റും കരിമഞ്ഞൾ കൃഷിക്ക് ആവശ്യമില്ല. ചാണകപ്പൊടിയാണ് അത്യുത്തമം. കോഴിവളവും നല്ലതാണ്. ഉൾവനങ്ങളിലും മറ്റും സാധാരണ കണ്ടുവരുന്ന ഒന്നാണ് കരിമഞ്ഞൾ. ഒരു ഏക്കറിൽ കൃഷി ചെയ്താൽ 4,000 കിലോ വരെ വിളവ് ലഭിക്കുമെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.
നല്ല കരിമഞ്ഞൾ എങ്ങനെ തിരിച്ചറിയാം
ഒറ്റനോട്ടത്തിൽ കരിമഞ്ഞൾ കണ്ടാൽ മഞ്ഞൾ പോലെയാണ്. അതുകൊണ്ടുതന്നെ കരിമഞ്ഞളിൻ്റെ പേരിലുള്ള തട്ടിപ്പുകളും കൂടുതലാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നത് ഇല തന്നെയാണ്.
ഇലയുടെ നടുവിലുള്ള ഡാർക്ക് ബ്രൗൺ നിറമാണ് പ്രധാന അടയാളം. മഞ്ഞക്കൂവയുടെ ഇലയും ഇതേപോലെ തന്നെയാണ്. എന്നാൽ കൂവയിലയിൽ ബ്രൗൺ നിറം കുറച്ചുകൂടി കുറവായിരിക്കും. കരിമഞ്ഞളിന്റെ ഇലയും വളരെ ഡാർക്ക് ആയിരിക്കും. രണ്ടിനും ഒരു ബ്രൗൺ കളർ ഉണ്ടാകും. കിഴങ്ങിന് കടുത്ത നീല നിറമായിരിക്കും.
ഔഷധ നിർമ്മാണ മേഖലയിൽ ഏറെ സാധ്യതകളുള്ള കരിമഞ്ഞളിന് കിലോയ്ക്ക് 3,000- 4,000 രൂപ വരെ വിലയുണ്ടെന്നതാണ് സത്യം. മൈഗ്രേയിൻ, പല്ലുവേദന തുടങ്ങി ആയുർവേദത്തിൽ ധാരാളം ഔഷധങ്ങൾ നിർമ്മിക്കാൻ കരിമഞ്ഞൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പൂജാദി കർമ്മങ്ങൾക്കും കരിമഞ്ഞൾ ഉപയോഗിക്കുന്നു.
കസ്തൂരി മഞ്ഞളിനൊപ്പം മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഉൽപ്പന്നങ്ങളിലും ഇന്ന് കരിമഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ കരിമഞ്ഞളിന് ഡിമാൻഡ് ഏറെയാണ്. വലിയതോതിൽ കേരളത്തിൽ കൃഷിയില്ലെന്നതും നേട്ടമാണ്. വീട്ടമ്മമാർക്ക് ഇത് വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാവുന്നതാണ്.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: Black turmeric has high demand and price in the market. It can be cultivated at home, especially in April-May, using organic fertilizers like cow dung. It's used in Ayurvedic medicine and cosmetics, with a market price of ₹3,000-₹4,000 per kg.
#BlackTurmeric #Karimanjal #Farming #HomeGarden #IncomeSource #Ayurveda