Agriculture | വീട്ടിൽ കാച്ചിൽ കൃഷി ചെയ്യാം; കൂടുതൽ വിളവിനുള്ള എളുപ്പ വഴികൾ


● കാച്ചിൽ കൃഷിക്ക് അനുയോജ്യമായ സമയം മാർച്ച്-ഏപ്രിൽ.
● ഒരു മീറ്റർ അകലത്തിൽ കുഴികളെടുക്കുക.
● കമ്പോസ്റ്റും പച്ചിലവളവും അടിവളമായി നൽകുക.
● താങ്ങായി പന്തൽ നിർബന്ധമായും ഒരുക്കുക.
● ഒൻപത് മാസത്തിനുള്ളിൽ വിളവെടുക്കാം.
സോളി.കെ.ജോസഫ്
(KVARTHA) പൊതുവേ നമ്മുടെ നാട്ടിൽ എളുപ്പത്തിൽ വിളയിച്ചെടുക്കാൻ സാധിക്കുന്ന ഒരു കാർഷിക വിളയാണ് കാച്ചിൽ. പണ്ടുകാലത്ത് വീടുകളിൽ കാച്ചിൽ പുഴുങ്ങിയതും കാന്താരി മുളക് ചേർത്തുള്ള വിഭവങ്ങളും സാധാരണമായിരുന്നു. വീട്ടുമുറ്റത്ത് തന്നെ കാച്ചിൽ നട്ട് വളർത്തി വിളവെടുത്തിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇത് കൊണ്ടുള്ള ഭക്ഷണങ്ങൾ ഏറെ പ്രിയപ്പെട്ടതായിരുന്നു.
ചോറിനൊപ്പമുള്ള കറിയായും കാച്ചിൽ ഉപയോഗിച്ചിരുന്നു. ഹൈറേഞ്ച് പോലുള്ള കിഴക്കൻ മേഖലകളിൽ കാച്ചിൽ കൃഷി ഇപ്പോഴും നല്ല രീതിയിൽ നടക്കുന്നുണ്ട്. വലിയ സാമ്പത്തിക ചിലവില്ലാതെ വീടുകളിൽ വിളയിച്ചെടുക്കാവുന്ന ഒന്നാണ് കാച്ചിൽ. 'കാച്ചിൽ' കൃഷിക്ക് മികച്ച വിളവ് ലഭിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
സാധാരണയായി കാച്ചിൽ നടാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച്-ഏപ്രിൽ മാസങ്ങളാണ്. കാലവർഷത്തിന് തൊട്ടുമുൻപുള്ള ആദ്യ മഴയോടെ ഇവ മുളപൊട്ടാൻ തുടങ്ങും. യഥാസമയം നടാൻ സാധിക്കാതെ വന്നാൽ നടുന്നതിന് മുൻപ് തന്നെ മുളപൊട്ടാൻ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് വിളവിന് അത്ര നല്ലതല്ല.
കൃഷി ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ ഒരു മീറ്റർ അകലത്തിൽ 45 സെൻ്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുക്കുക. ഓരോ കുഴിയിലും ഒരു കിലോഗ്രാം വീതം കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴിയുടെ മുക്കാൽ ഭാഗത്തോളം നിറയ്ക്കണം.
വിത്തായി തയ്യാറാക്കിയ കാച്ചിൽ കിഴങ്ങിൻ്റെ കഷ്ണങ്ങൾ കുഴിയുടെ നടുവിൽ നട്ടതിന് ശേഷം കുഴിയിൽ നിറയെ പച്ചിലകൾ ഇട്ട് മൂടാം. ഇത് മണ്ണിലെ ഈർപ്പം നിലനിർത്താനും താപനില ക്രമീകരിക്കാനും വളരെ നല്ലൊരു മാർഗ്ഗമാണ്. പച്ചിലവളം നൽകാനായി പയർ, ചണം തുടങ്ങിയ പച്ചില ഇനങ്ങളുടെ വിത്തുകൾ മുളപ്പിക്കുന്നത് കൂടുതൽ പ്രയോജനകരമാകും.
കാച്ചിൽ നട്ടതിന് ശേഷം ലഭിക്കുന്ന ആദ്യ മഴയോടൊപ്പം ഹെക്ടറൊന്നിന് 50 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ് വളം വിതറിയ ശേഷം മണ്ണിളക്കി പച്ചില വളങ്ങളുടെ വിത്തുകൾ പാകാം. ഏകദേശം ഒന്നര മാസത്തിനുള്ളിൽ ഈ ചെടികൾ പൂവിടുമ്പോൾ അവ പിഴുത് കാച്ചിൽ നട്ട കുഴികളിലിട്ട് മൂടാം. ഇതിനോടൊപ്പം നാല് കിലോഗ്രാം കാലിവളം അല്ലെങ്കിൽ രണ്ട് കിലോഗ്രാം കോഴിവളം, വെർമി കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയിലേതെങ്കിലും ഒന്ന് കൂടി ഓരോ കുഴിയിലും ചേർക്കണം.
ചെടികൾ വളർത്താൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ മേൽപറഞ്ഞ വളത്തിൻ്റെ അളവ് ഒന്നര ഇരട്ടിയാക്കി നൽകാം. കാച്ചിൽ പടർന്ന് വളരുന്ന ഇനമായതുകൊണ്ട് പന്തൽ ഒരുക്കാനുള്ള സൗകര്യം ഉറപ്പാക്കണം.
പന്തലിനായി പൈപ്പോ ബലമുള്ള കമ്പുകളോ ഉപയോഗിക്കാം. സാധാരണയായി കാച്ചിലിന് കീടരോഗ ബാധകൾ ഉണ്ടാകാറില്ല. നട്ട് ഏകദേശം ഒൻപത് മാസത്തിനുള്ളിൽ വിളവെടുപ്പിന് കാച്ചിൽ പാകമാകും. കേരളത്തിലെ കർഷകർ സാധാരണയായി വൃശ്ചിക മാസത്തിലെ കാർത്തിക വിളക്ക് ആഘോഷത്തോടനുബന്ധിച്ചാണ് കാച്ചിൽ വിളവെടുക്കുന്നത്.
എന്തായാലും കേരളത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഒരു വിളയാണ് കാച്ചിൽ. ഇതിൻ്റെ കൃഷിക്ക് വലിയ തുകയൊന്നും മുടക്കേണ്ടതില്ല. നല്ല വിളവ് ഉണ്ടാക്കിയെടുക്കാനും സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ഭക്ഷണം ആരോഗ്യത്തിനും വളരെ നല്ലതാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Yam is an easily cultivable crop in Kerala. Planting in March-April, providing compost and green manure in pits, and ensuring a trellis for support can lead to a good yield within nine months.
#YamCultivation #HomeFarming #KeralaAgriculture #FarmingTips #GrowYourOwn #SustainableFarming