Aadhaar | സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ സെപ്റ്റംബർ 14 വരെ അവസരം; എന്തൊക്കെ മാറ്റാം, എങ്ങനെ മാറ്റാം, അറിയാം 

 
Aadhar
Aadhar


ആധാർ കാർഡ് പഴയതാണെങ്കിൽ അത് അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്

ന്യൂഡെൽഹി: (KVARTHA) യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി. സെപ്റ്റംബർ 14 വരെ മൂന്ന് മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ജൂൺ 14 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതോടെ ആധാർ കാർഡ് ഉടമകൾക്ക് 90 ദിവസത്തിനുള്ളിൽ പണം നൽകാതെ ആധാർ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്താം. സൗജന്യ ആധാർ അപ്‌ഡേറ്റ് ഓൺലൈനിൽ മാത്രമേ ചെയ്യാൻ കഴിയൂ. ആധാർ കേന്ദ്രം സന്ദർശിച്ച് ആധാറുമായി ബന്ധപ്പെട്ട ഏത് വിവരവും ശരിയാക്കാൻ പണം നൽകേണ്ടി വരും.

ആധാർ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണോ?

ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമല്ലെന്ന് യുഐഡിഎഐ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആധാർ കാർഡ് പഴയതാണെങ്കിൽ അത് അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്. ആധാർ കാർഡിലെ വിലാസമോ ഫോട്ടോയോ വർഷങ്ങളോളം പഴക്കമുള്ളതാകാം. അതേസമയം ആധാർ പുതുക്കിയില്ലെങ്കിലും അത് മുമ്പത്തെപ്പോലെ തന്നെ പ്രവർത്തിക്കും. റദ്ദാക്കപ്പെടുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്യില്ല. 

എന്തൊക്കെ മാറ്റാം?

ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാവുന്ന വിവരങ്ങളിൽ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടുന്നു. ഫോട്ടോ, വിരലടയാളം അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങൾ ആധാർ കേന്ദ്രത്തിലേക്ക് പോകേണ്ടിവരും.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

ആധാറിൽ പേര്, വിലാസം, ജനന തീയതി മുതലായവ സൗജന്യമായി അപ്ഡേറ്റ് ചെയ്യണമെങ്കിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഔദ്യോഗിക വെബ്സൈറ്റ് uidai(dot)gov(dot)in സന്ദർശിക്കുക. കൂടാതെ മൈ ആധാർ (myAadhaar) ആപ്പ് വഴിയും സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.

ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നത് ഇങ്ങനെ 

* https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
* ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ‘Send OTP’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നൽകുക.
* ലോഗിൻ ചെയ്‌ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിർദേശങ്ങൾ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതിൽ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ടത് എന്താണോ, അത് തിരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. തുടർന്ന് ‘Proceed to update Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia