K Sudhakaran | കെ സുധാകരനോട് മാത്രം എന്തിനീ വിവേചനം, രമേശ് ചെന്നിത്തലയോട് ഇതില്ലായിരുന്നല്ലോ?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) പണ്ട് കെ മുരളീധരൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തുപോയി തിരികെ വരാൻ മൂന്ന് രൂപ മെമ്പർഷിപ്പിന് അപേക്ഷിച്ചു നടന്നപോലെയാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ്റെ ഇപ്പോഴത്തെ അവസ്ഥ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു പറഞ്ഞിട്ടും അദ്ദേഹത്തെ നിർബന്ധിച്ച് കണ്ണൂരിൽ നിന്ന് വീണ്ടും മത്സരിപ്പിച്ചു. മത്സരിക്കാൻ ഇറങ്ങിയ അദ്ദേഹത്തിന് കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ലീവ് എടുക്കേണ്ടി വന്നു. ആക്ടിംഗ് പ്രസിഡൻ്റായി എം.എം ഹസനും ചുമതലയേറ്റു. ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തൻ്റെ പഴയ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം തിരികെ കിട്ടാൻ സുധാകരന് പലരുടെയും കാലു പിടിക്കേണ്ട അവസ്ഥയാണ് കൈവന്നിരിക്കുന്നത്.

K Sudhakaran | കെ സുധാകരനോട് മാത്രം എന്തിനീ വിവേചനം, രമേശ് ചെന്നിത്തലയോട് ഇതില്ലായിരുന്നല്ലോ?

 ഒരിക്കൽ സിംഹം പോലെ ഗർജിച്ചു നടന്ന കെ സുധാകരനെ മൂലയ്ക്കിരുത്തുന്നതിന് തുല്യമാണ് ഈ നടപടി. തൻ്റെ സ്ഥാനം തിരികെ വേണമെന്ന് സുധാകരൻ കോൺഗ്രസ് നേതൃത്വത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് ഒടുവിൽ ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഇനി ഫലം വന്നിട്ട് എന്താണെന്ന് തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു നേരത്തെ അവർ. മടങ്ങിവരാൻ സുധാകരൻ താൽപര്യം അറിയിക്കുകയും ചുമതല കൈമാറ്റ വിഷയം വിവാദമാവുകയും ചെയ്തതോടെയാണു ഹൈക്കമാൻഡിന്റെ ഇടപെടലുണ്ടായത്. പ്രസിഡന്റിന്റെ പൂർണ ചുമതലയിലേക്കു കെ സുധാകരൻ ബുധനാഴ്ച മടങ്ങിവരുമെന്നാണ് വിവരം.


ശരിക്കും ഇടതുവരെയുള്ള സംഭവ വികാസങ്ങൾ സുധാകരനെ ആക്ഷേപിക്കുന്നതിനും പരിഹസിക്കുന്നതിനും തുല്യമല്ലെ. ഈ വിവേചനം സുധാകരനോട് മാത്രമായിരുന്നു എന്ന് പറഞ്ഞാൽ ആർക്ക് അത് നിഷേധിക്കാനാവും. 2011ൽ ഹരിപ്പാട് നിയമസഭ മണ്ഡലത്തിൽ മത്സരിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇറങ്ങുമ്പോൾ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്നു. അന്ന് താൽക്കാലികമായി പ്രസിഡൻ്റ് സ്ഥാനം തലേക്കുന്നിൽ ബഷീറിനെ ഏൽപ്പിച്ചാണ് അദ്ദേഹം മത്സരിക്കാൻ ഇറങ്ങിയത്. തെരഞ്ഞെടുപ്പ് സമയത്ത് തലേക്കുന്നിൽ ബഷീർ ആയിരുന്നു കെ.പി.സി.സി ആക്ടിഗ് പ്രസിഡൻ്റ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്ത് തിരിച്ചെത്തുന്നതാണ് കണ്ടത്. അങ്ങനെ വരുമ്പോൾ സുധാകരന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ചെന്നിത്തലയ്ക്ക് ഉള്ളതെന്ന് ചോദിക്കുക സ്വഭാവികമാണ്. ഇന്ന് സംസ്ഥാന കോൺഗ്രസ് പാർട്ടിയിൽ ഏറെ ആരാധകരുള്ള നേതാവാണ് കെ സുധാകരൻ. പലരും ഹൈക്കമാൻ്റിൻ്റെ അടുത്ത സുഹൃത്തുക്കളായി കേരളത്തിൽ ഉണ്ടെങ്കിലും സുധാകരനോളം സ്വാധീനം അവർക്കൊന്നുമില്ലെന്നുള്ളത് വസ്തുതയാണ്. സ്വന്തമായി ഫാൻസ് ഗ്രൂപ്പുപോലും സുധാകരനുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളാ മുഖ്യമന്ത്രി പദം പോലും മോഹിച്ചു നടക്കുന്ന ചിലർക്ക് കെ. സുധാകരനെ ഒതുക്കേണ്ടത് അത്യാവശ്യമാണ്. ഇവരൊന്നും ആഗ്രഹിച്ചല്ല സുധാകരൻ പ്രസിഡൻ്റായത്.

ജനങ്ങളുടെ പിന്തുണ വർദ്ധിച്ചപ്പോൾ സുധാകരനെ പ്രസിഡൻ്റാക്കിയില്ലെങ്കിൽ അത് പാർട്ടിക്ക് ദോഷമാകുമെന്ന് കരുതി മനസില്ലാമനസോടെയാണ് സുധാകരനെ സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റാക്കിയത്. അദ്ദേഹം പ്രസിഡൻ്റായ അന്നുമുതൽ തുടങ്ങിയതാണ് പലരും അദ്ദേഹത്തിനെതിരെയുള്ള ഒളിപ്പോരാട്ടം. മുഖ്യമന്ത്രി പിണറായി വിജയനോടും പോലും നേർക്കുനേർ നിന്ന് പോരാടാൻ ചങ്കുറപ്പുള്ള ഒരു നേതാവ് മാത്രമേയുള്ളു. അത് സുധാകരനാണെന്ന് നിഷ്പക്ഷരായ കോൺഗ്രസ് പാർട്ടി പ്രവർത്തകർ വിചാരിക്കുന്നുണ്ടെന്നതാണ് സത്യം. സുധാകരൻ എവിടെയെങ്കിലും എത്തുന്നത് ഒരു ആവേശമായി ഏറ്റെടുക്കുന്ന പ്രവർത്തകരും കുറവല്ല. ഇങ്ങനെ കോൺഗ്രസ് പാർട്ടിയിൽ സുധാകരന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനപിന്തുണയെ ഭയന്ന് അദേഹത്തെ ഇല്ലാതാക്കാൻ വളരെ ശ്രദ്ധാപൂർവ്വം കരുക്കൾ നീക്കുന്നവരാണ് കെ.സുധാകരൻ്റെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം തടഞ്ഞുവെച്ചതിന് പിന്നിലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിവുള്ള കാര്യമാണ്.

ഭാവിയിലെ മുഖ്യമന്ത്രി പദവി മോഹികളുടെ ഉറക്കം സുധാകരൻ കെടുത്തുന്നു എന്നത് തന്നെയാണ് ഇതിനു കാരണം. സുധാകരനെ നിർബന്ധിച്ച് കണ്ണൂരിൽ മത്സരിപ്പിക്കാൻ ഇറക്കിയതിന് പിന്നിൽ അദ്ദേഹത്തെ ഒരിടത്ത് തളച്ചിടുക മാത്രമായിരുന്നു ലക്ഷ്യം. അദ്ദേഹം മത്സരിക്കാതെ പ്രചാരണവുമായി എല്ലായിടത്തും ഓടി നടന്നിരുന്നെങ്കിൽ യു.ഡി.എഫിന് വിജയമുണ്ടായാൽ അത് അദ്ദേഹത്തിൻ്റെ അക്കൗണ്ടിലാകും വരിക. എല്ലായിടവും അദ്ദേഹത്തിന് ആവേശകരമായ സ്വീകരണവും ലഭിക്കും. ഇത് ഉണ്ടാകാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ തന്നെയാണ് ഇവിടെയും ഇത്തരത്തിലൊരു നീക്കം നടത്തിയത്.

പണ്ട് വടകര എം.പി ആയിരുന്നപ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡൻ്റായത്. കെ.പി.സി.സി പ്രസിഡൻ്റായതുകൊണ്ട് തന്നെ മുല്ലപ്പള്ളി പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാതെ മാറി നിൽക്കുകയാണ് ഉണ്ടായത്. കണ്ണൂരിൽ സുധാകരൻ മത്സരിക്കാൻ ഇറങ്ങിയപ്പോൾ തൊട്ട് തുടങ്ങിയതാണ് അദ്ദേഹം തോൽക്കുമെന്നുള്ള പ്രചാരണങ്ങൾ. അദ്ദേഹം തോൽക്കുന്നത് കാണാൻ ഇടതുപക്ഷത്തെക്കാൾ അധികം കോൺഗ്രസിലെ ചില ആളുകളാണെന്ന് തോന്നുന്ന വിധത്തിലായിരുന്നു ഈ പ്രചാരണങ്ങൾ മുഴുവൻ. അതിനെയും സുധാകരൻ ഒറ്റയ്ക്ക് നിന്ന് നേരിട്ടു എന്ന് പറയാം. ഒരു കാര്യം സത്യമാണ്. ആരായാലും കെ.സുധാകരനെ നശിപ്പിക്കാൻ ശ്രമിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ നശിപ്പിക്കുന്നതിന് തുല്യമാണ്. പാർട്ടിയുടെ അടിവേര് ഇളക്കാനെ ഇത് ഉപകരിക്കു.

Keywords:  News, Malayalam News,  Kannur,  K Sudhakaran, KPCC, MM Hasan, Congress, Politics, Why partiality against Sudhakaran only?

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia