Kottayam | കോട്ടയത്ത് ജയം ആർക്കൊപ്പം, യുഡിഎഫ് കോട്ടയ്ക്ക് ഇക്കുറി ഉലച്ചിൽ ഉണ്ടാവുമോ?

 


/ ഡോണൽ മുവാറ്റുപുഴ

(KVARTHA) ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് കേരളാ കോൺഗ്രസുകാർ നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലമായിരുന്നു കോട്ടയം. ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ സിറ്റിംഗ് എം.പി തോമസ് ചാഴികാടനും യു.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ കെ ഫ്രാൻസിസ് ജോർജുമാണ് ഇവിടെ ഏറ്റുമുട്ടിയത്. എൻ.ഡി.എയ്ക്ക് വേണ്ടി ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളിയും രംഗത്ത് വന്നിരുന്നു. 2009 ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ഒരിക്കൽ പോലും യു.ഡി.എഫിനെ കൈവിട്ട മണ്ഡലമല്ല കോട്ടയം. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീഷയോടെ ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിച്ച സംസ്ഥാന മന്ത്രി വി.എൻ.വാസവന് വലിയ തോൽവിയാണ് കോട്ടയത്ത് രുചിക്കേണ്ടി വന്നത്. അന്ന് കോട്ടയത്ത് വിജയിച്ച തോമസ് ചാഴികാടൻ യു.ഡി.എഫിൻ്റെ ഭാഗമായിരുന്നു. പിന്നീട് ജോസ്.കെ.മാണിയ്ക്കൊപ്പ്ം ചാഴികാടനും എൽ.ഡി.എഫിൽ എത്തുകയായിരുന്നു.
 
Kottayam | കോട്ടയത്ത് ജയം ആർക്കൊപ്പം, യുഡിഎഫ് കോട്ടയ്ക്ക് ഇക്കുറി ഉലച്ചിൽ ഉണ്ടാവുമോ?

കേരളാ കോൺഗ്രസിനെക്കാൾ കോൺഗ്രസിന് വലിയ ശക്തിയുള്ള മണ്ഡലമാണ് കോട്ടയം. ജനകീയനും കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ തട്ടകം കൂടിയാണ് കോട്ടയം. ബൂത്ത് തലം മുതൽ ഇവിടെ കോൺഗ്രസ് സജീവമാണ്. കോൺഗ്രസ് ഇത്രയും സജീവമായ മറ്റൊരു ലോക് സഭാ മണ്ഡലം കേരളത്തിൽ ഉണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതാക്കൾ പോലും മത്സരിക്കാൻ ആഗ്രഹിക്കുന്ന ലോക്സഭാ സീറ്റാണ് കോട്ടയം. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ്റെ പേരു പോലും കോൺഗ്രസ് നേതാക്കൾ ഇവിടെ മത്സരത്തിനായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഘടകക്ഷി എന്ന നിലയിൽ കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വരുന്നതുപോലും കോൺഗ്രസ് നേതാക്കൾ വലിയ ഭാരമായി തന്നെയാണ് കാണുന്നത്.

കേരളാ കോൺഗ്രസ് കൂടെ ഇല്ലെങ്കിൽ പോലും കോൺഗ്രസിന് ജയിക്കാൻ പറ്റുന്ന മണ്ഡലമാണ് കോട്ടയം ലോക്സഭാ മണ്ഡലം. മറിച്ച് കോൺഗ്രസ് ഇല്ലെങ്കിൽ ഒരിക്കലും കേരളാ കോൺഗ്രസിന് ഇവിടെ വിജയിക്കാനാവില്ല. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ എടുത്താൽ രണ്ട് മണ്ഡലങ്ങൾ ഒഴിച്ച് ബാക്കി ഉള്ളവയെല്ലാം യു.ഡി.എഫിൻ്റെ കയ്യിൽ ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ചെങ്കിൽ പോലും കോട്ടയത്തിന് ഒരു കുലുക്കവും തട്ടിയില്ല. വൈക്കവും ഏറ്റുമാനൂരും ഒഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രതിനിധികളാണ് വിജയിച്ചത്. ഈ ലോക് സഭാ തെരഞ്ഞെടുപ്പിലും ആ സ്ഥിതിയ്ക്ക് വലിയ മാറ്റമൊന്നും വരാൻ ഇവിടെ സാധ്യതയില്ല. സ്ഥാനാർത്ഥി എന്ന നിലയിലും യു.ഡി.എഫിന് കിട്ടാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നു ഫ്രാൻസിസ് ജോർജ്.

കേരളാ കോൺഗ്രസിൽ കുറച്ച് പടലപ്പിണക്കങ്ങളും പൊട്ടിത്തെറികളും ഉണ്ടായെങ്കിൽ പോലും കോൺഗ്രസ് സംഘടനാ സംവിധാനം ശക്തമായതിനാൽ തന്നെ സ്വല്പം ഭൂരിപക്ഷം കുറഞ്ഞാൽ പോലും കെ ഫ്രാൻസിസ് ജോർജ് തന്നെ വിജയിച്ചു കയറുമെന്നുവേണം കരുതാൻ. കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജിൻ്റെ മകൻ എന്ന പരിവേഷവും കോട്ടയം മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിനുണ്ട്. ഇത് കേരളാ കോൺഗ്രസുകാരെ സ്വാധീനിക്കാനും വോട്ടാക്കി മാറ്റാനും എളുപ്പത്തിൽ കഴിയും. സാമുദായിക പരിഗണ നോക്കിയാൽ ക്രൈസ്തവർക്കും ഹൈന്ദവർക്കും ഒരുപോലെ മുൻതൂക്കമുള്ള മണ്ഡലമാണ് കോട്ടയം.

ക്രൈസ്തവർ പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ ഇടയിൽ വിള്ളൽ വീഴ്ത്താൻ ഇതുവരെ ഒരു മുന്നണിക്കും സാധിച്ചിട്ടില്ല. ഇക്കുറിയും വലിയ ശതമാനം വോട്ടും യു.ഡി.എഫ് പെട്ടിയിൽ തന്നെ വീഴാനാണ് സാധ്യത. ഹൈന്ദവരിൽ എസ്.എൻ.ഡി.പി വിഭാഗമാണ് ഇവിടെ കൂടുതൽ. അവർ കാലാകാലങ്ങളായി എൽ.ഡി.എഫിനൊപ്പം നിൽക്കുന്നവരാണ്. ഇത്തവണ എൻ.ഡി.എയ്ക്ക് വേണ്ടി എസ്.എൻ.ഡി.പി നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമ്പോൾ എൽ.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകളാണ് കൂടുതലായി നഷ്ടപ്പെടുക. പിന്നെ മുസ്ലിം വിഭാഗത്തിൻ്റെ വോട്ടുകൾ നല്ലൊരു ശതമാനവും യു.ഡി.എഫിന് തന്നെ ലഭിക്കുകയും ചെയ്യും. ഇങ്ങനെയെല്ലാം വിവേചിക്കുമ്പോൾ ഇത്തവണയും കോട്ടയം ലോക് സഭാ മണ്ഡലം യു.ഡി.എഫിന് അനുകൂലമായി വന്നുചേരുമോയെന്ന് മെയ് നാലിന് അറിയാം.

Keywords: Kottayam, Lok Sabha Election, Politics, UDF, LDF, BJP, Congress, Jose K Mani, Thomas Chazhikadan, Thushar Vellappally, KM George, Muslim, Cristian, Hindu, Who will win in Kottayam?.
v
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia