Follow KVARTHA on Google news Follow Us!
ad

Cholesterol | കോശങ്ങളുടെ ആരോഗ്യത്തിനും ഹോർമോൺ പ്രവർത്തനത്തിനും വേണം കൊളസ്‌ട്രോൾ; ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്!

ഉയർന്ന അളവ് ഹൃദ്രോഗത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും, Colastrol, Health Tips, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) നമ്മുടെ ശരീരത്തിന്റെ നല്ല പ്രവർത്തനങ്ങൾക്ക് കൊളസ്‌ട്രോളിന്റെ സാന്നിധ്യം അത്യാവശ്യമാണ്. ഹോർമോൺ പ്രവർത്തനങ്ങൾക്കും കോശ നിർമ്മാണത്തിനും കോശങ്ങളുടെ പുറംപാളി ആരോഗ്യത്തോടെ നിലനിർത്താനും അവയുടെ ഘടന സംരക്ഷിക്കാനും ശരീരത്തിലെ ഞരമ്പുകളുടെ സുഗമമായ പ്രവർത്തനത്തിനുമൊക്കെ കൊളസ്‌ട്രോൾ പ്രധാനമാണ്. കൊളസ്‌ട്രോൾ ഒരു തരം വഴുവഴുപ്പുള്ള, മെഴുകുപോലുള്ള വസ്തുവാണ്, ഇത് രക്തത്തിൽ കാണപ്പെടുന്നു.

News, News-Malayalam, Health, What is the function of cholesterol in the body?

എന്നാൽ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ ഹൃദ്രോഗത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കൊളസ്‌ട്രോളിന്റെ അനിയന്ത്രിതമായ സാന്നിധ്യം കാരണം നിരവധി രോഗങ്ങളാണ് വർധിച്ചുവരുന്നത്. ചെറുപ്രായക്കാരിലും പ്രമേഹം, രക്തസമ്മർദം പോലെയുള്ള ജീവിത ശൈലി രോഗങ്ങൾ കൂടിവരുന്നു. ഹൃദ്രോഗവും സ്‌ട്രോക്കും പോലെയുള്ള രോഗങ്ങൾക്കും കൊളസ്‌ട്രോൾ പ്രധാന കാരണമാണ്. കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയാഘാതത്തിന് വരെ കാരണമാകുന്നുണ്ട്. ചെറുപ്പക്കാരായവരിൽ വർധിച്ചുവരുന്ന ഹൃദയാഘാതത്തിന് കാരണവും ഒരു പരിധിവരെ അമിത കൊളസ്‌ട്രോൾ ആണെന്നാണ് പറയുന്നത്.


രണ്ട് തരം കൊളസ്‌ട്രോൾ

നമ്മുടെ ശരീരത്തിൽ രണ്ട് തരം കൊളസ്ട്രോൾ കാണപ്പെടുന്നു, നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (HDL) നല്ല കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്നു. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (LDL) മോശം കൊളസ്ട്രോൾ എന്ന് വിളിക്കപ്പെടുന്നു. നല്ല കൊളസ്‌ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഇത് രക്തത്തിൽ വേണ്ടതാണ്. ഹൃദയാരോഗ്യത്തിനും രക്ത ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും നല്ല കൊളസ്‌ട്രോൾ ആവശ്യമാണ്. രക്തത്തിൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നതിനനുസരിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.

എൽഡിഎൽ ഹൃദയ രക്ത ധമനികളിൽ അടിഞ്ഞുകൂടി രക്ത പ്രവാഹത്തെ തടയുന്നു. ഇങ്ങനെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നു. അങ്ങനെയാണ് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാൻ കൊളസ്‌ട്രോൾ കാരണമാകുന്നത്. ശരീത്തിൽ കൊളസ്‌ട്രോളിന്റെ സാന്നിധ്യം വർധിക്കുമ്പോൾ പ്രമേഹത്തിനും വഴിവെക്കാം. ഇൻസുലിൻ കൂടുന്നനെ തടയാൻ നല്ല കൊളസ്‌ട്രോൾ സഹായിക്കും. പ്രമേഹ രോഗികളിൽ കൊളസ്‌ട്രോൾ അധികരിക്കുമ്പോൾ ഹൃദയാഘാത സാധ്യത കൂടുന്നു.


രക്തത്തിലെ കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ

* വ്യായാമം ചെയ്യുക: ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമമോ 75 മിനിറ്റ് ശക്തമായ തീവ്രതയുള്ള വ്യായാമമോ ലക്ഷ്യമിടുക.
* ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക: നിങ്ങൾ അമിതഭാരമോ അല്ലെങ്കിൽ പൊണ്ണത്തടിയോ ആണെങ്കിൽ, ശരീരഭാരം കുറയ്ക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും.
* പുകവലി ഉപേക്ഷിക്കുക: പുകവലി രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ അളവ് വർദ്ധിപ്പിക്കുകയും നല്ല കൊളസ്‌ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യും.
* മദ്യപാനം ഒഴിവാക്കുക: അമിതമായ മദ്യപാനം രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് വർദ്ധിപ്പിക്കും, ഇത് ഒരു തരം കൊഴുപ്പാണ്.


ആരോഗ്യകരമായ ഭക്ഷണം

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഒലിവ് ഓയിൽ, മുഴുധാന്യങ്ങൾ, നാരുകൾ അടങ്ങിയ ആഹാരങ്ങൾ, ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ, നട്സ്, ചിയ വിത്തുകൾ, ഇവയെല്ലാം നല്ല കൊളസ്‌ട്രോളിന്റെ സാന്നിധ്യം വർധിപ്പിക്കാൻ കഴിവുള്ള ഭക്ഷണങ്ങളാണ്.

പൂരിത കൊഴുപ്പും ട്രാൻസ് കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. നെയ്യ്, ജങ്ക് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, വെണ്ണ, ചീസ്, മുട്ടയുടെ മഞ്ഞക്കരു, റെഡ് മീറ്റ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, ശീതള പാനീയങ്ങൾ, ഇവയെല്ലാം ചീത്ത കൊളസ്‌ട്രോൾ കൂടുന്നതിന് കാരണമാകും.

നല്ല ആഹാര ശീലങ്ങളും ആരോഗ്യകരമായ വ്യായാമവും കൃത്യമായ ഉറക്കവും കൊണ്ട് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുക. ഇടയ്ക്ക് രക്ത പരിശോധനയിലൂടെ കൊളസ്‌ട്രോൾ പരിശോധിക്കുന്നതും നല്ലതാണ്. രോഗിയാണെങ്കിൽ ഭക്ഷണ കാര്യങ്ങളിലും മറ്റും ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മാറ്റങ്ങൾ വരുത്തുക. നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ ഡോക്ടർ മരുന്നുകളും നിർദേശിച്ചേക്കാം.

Keywords: News, News-Malayalam, Health, What is the function of cholesterol in the body?

Post a Comment