Video | ബിജെപിയുടെ സാമൂഹ്യ മാധ്യമ പേജിൽ മുസ്ലിംകളെ ഭീകരരും കൊള്ളക്കാരുമായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ചു, പിന്നാലെ നീക്കി; വിദ്വേഷം ജനിപ്പിക്കുന്നതെന്ന് നെറ്റിസൻസ്

 


ന്യൂഡെൽഹി: (KVARTHA) രാജസ്താനിലെ ബന്‍സ്വാരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ മുസ്ലിംകളെ ഭീകരരും കൊള്ളക്കാരുമായി ചിത്രീകരിക്കുന്ന അനിമേഷൻ വീഡിയോ പങ്കുവെച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഈ വീഡിയോ ഇപ്പോൾ പേജിൽ കാണാനില്ല. ബിജെപി പോസ്റ്റ് ഡിലീറ്റ് ചെയ്തതാണോ അതോ ഇൻസ്റ്റാഗ്രാം നീക്കം ചെയ്തതാണോ എന്ന് വ്യക്തമല്ലെന്ന് ദി ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്‌തു. നേരത്തെ വിദ്വേഷം ജനിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ റിപ്പോർട്ട് ചെയ്തിരുന്നു.
  
Video | ബിജെപിയുടെ സാമൂഹ്യ മാധ്യമ പേജിൽ മുസ്ലിംകളെ ഭീകരരും കൊള്ളക്കാരുമായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ചു, പിന്നാലെ നീക്കി; വിദ്വേഷം ജനിപ്പിക്കുന്നതെന്ന് നെറ്റിസൻസ്

'ബിജെപി4 ഇൻഡ്യ' എന്ന പേജിൽ നിന്ന് റെക്കോർഡ് ചെയ്ത വിവാദ വീഡിയോ പലരും പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച നിറത്തിലുള്ള പതാകയിലേക്ക് രൂപമാറ്റം വരുത്തിയ 'കോൺഗ്രസ് പ്രകടനപത്രിക' രാഹുൽ ഗാന്ധി പിടിച്ച് നിൽക്കുന്നത് ഈ ആനിമേറ്റഡ് വീഡിയോയിൽ കാണാം. 'ഭാരതീയ പൗരന്മാരോടുള്ള' അഭ്യർത്ഥനയോടെ ആരംഭിക്കുന്ന വീഡിയോ, 'ഈ സമയത്ത് നരേന്ദ്ര മോദിയെ' പിന്തുണയ്ക്കണമെന്ന് പറയുന്നു.



കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ അമുസ്‌ലിംകളുടെ മുഴുവൻ പണവും സമ്പത്തും തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്നും വീഡിയോ അവകാശപ്പെടുന്നു. വീഡിയോയിൽ ക്ഷേത്രങ്ങളും ഒരു രാജ്ഞിയെപ്പോലെ ധാരാളം സ്വർണാഭരണങ്ങൾ ധരിച്ച സ്ത്രീയയെയും കാണിച്ച് കൊണ്ട് ഇങ്ങനെ പറയുന്നു, 'പുരാതന ഇന്ത്യ ശരിക്കും മനോഹരമായിരുന്നു. ഞങ്ങൾ വളരെ സമ്പന്നരുമായിരുന്നു, ഓരോ ശരാശരി പൗരനും ധാരാളം സ്വർണവും സമ്പത്തും ഉണ്ടായിരുന്നു'.
ഈ സമയത്ത് മുസ്ലീം പുരുഷന്മാർ എന്ന് തോന്നിപ്പിക്കുന്നവർ കുതിരപ്പുറത്ത് വരുന്നത് കാണാം. 'നമ്മുടെ അഭിവൃദ്ധി കാരണം, ആക്രമണകാരികളും ഭീകരരും കൊള്ളക്കാരും കള്ളന്മാരും വീണ്ടും വീണ്ടും വന്ന് നമ്മുടെ സമ്പത്തെല്ലാം കൊള്ളയടിക്കുക പതിവായിരുന്നു. കൊള്ളയടിക്കുന്ന മുതൽ അവർ തമ്മിൽ വിഹിതം വെക്കുകയായിരുന്നു. അതിലുപരിയായി അവർ നമ്മുടെ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടി ഒരേ സമുദായത്തിൽപ്പെട്ട ആളുകളെ ശാക്തീകരിക്കുകയാണ്', വീഡിയോയിൽ ദൃശ്യത്തിനൊപ്പം പറയുന്നു.

'കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക മുസ്ലീം ലീഗിൻ്റെ പ്രത്യയശാസ്ത്രമല്ലാതെ മറ്റൊന്നുമല്ല. നിങ്ങൾ അമുസ്‌ലിം ആണെങ്കിൽ കോൺഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്ലീങ്ങൾക്ക് വിതരണം ചെയ്യും. ഈ ദുഷിച്ച പദ്ധതി നരേന്ദ്ര മോദിക്ക് അറിയാം. അത് തടയാനുള്ള ശക്തി അദ്ദേഹത്തിന് മാത്രമേ ഉള്ളൂ. നിങ്ങൾക്ക് ഭാരതീയ നാഗരികതയിൽ താൽപ്പര്യമുണ്ടെങ്കിൽ, മോദിക്ക് വോട്ട് ചെയ്യണം', വീഡിയോയിൽ അവസാനം കേൾക്കാം.

അതേസമയം ഇത് വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് വിവിധ സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്‍ക്ക് വീതിച്ചു നല്‍കുമെന്ന് കോൺഗ്രസ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ചിലർ കുറിച്ചു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പോസ്റ്റുകൾ ഒഴിവാക്കണമെന്നും നെറ്റിസൻസ് കൂട്ടിച്ചേർത്തു.

Keywords:  News, News-Malayalam-News, National, Election-News, Politics, Video calling Muslims ‘terrorists, robbers’, deleted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia