Raebareli | ഗാന്ധി കുടുംബത്തിൻ്റെ കോട്ട, തലമുറകളുടെ ബന്ധം; റായ്ബറേലിയുടെ ചരിത്രം ഇങ്ങനെ; നിലനിർത്താൻ രാഹുലിനാകുമോ?

 


ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെത്തുകയാണ്. മെയ് 20ന് അഞ്ചാം ഘട്ടത്തിൽ ഇവിടെ വോട്ടെടുപ്പ് നടക്കും. ഈ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപണത്തിന്റെ അവസാന ദിവസമാണ് കോൺഗ്രസ് റായ്ബറേലിയിൽ രാഹുലിൻ്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് മണ്ഡലത്തിൽ നിന്നുള്ള നിലവിലെ എംപി.

Raebareli | ഗാന്ധി കുടുംബത്തിൻ്റെ കോട്ട, തലമുറകളുടെ ബന്ധം; റായ്ബറേലിയുടെ ചരിത്രം ഇങ്ങനെ; നിലനിർത്താൻ രാഹുലിനാകുമോ?

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസിന് ഒരു ലോക്‌സഭാ സീറ്റ് മാത്രമേ നേടാനായുള്ളൂ, ആ സീറ്റ് റായ്ബറേലിയായിരുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ യുപിയിലെ ഗാന്ധി കുടുംബത്തിൻ്റെ അവസാന കോട്ടയും സംരക്ഷിക്കുക എന്ന വെല്ലുവിളിയാണ് രാഹുൽ ഗാന്ധിക്ക് മുന്നിലുള്ളത്. അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലാണ് ഇത്തവണ കോൺഗ്രസ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്, ഗാന്ധി കുടുംബത്തിൻ്റെ കോട്ടയിൽ വൻ വിജയമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

എതിരാളികൾ

ബിജെപിയുടെ ദിനേശ് പ്രതാപ് സിങിനെയാണ് രാഹുൽ നേരിടുക. യോഗി സർക്കാരിലെ മന്ത്രി കൂടിയാണ് ഇദ്ദേഹം. മുൻ കോൺഗ്രസ് നേതാവായ ദിനേശ് പ്രതാപ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിക്കെതിരെ ബിജെപി ദിനേശിനെ സ്ഥാനാർഥിയാക്കിയിരുന്നു.

എസ്പിയും കോൺഗ്രസും തമ്മിൽ ഇത്തവണ സഖ്യമുണ്ട്. എന്നാൽ സഖ്യമില്ലാതിരുന്ന കാലത്ത് പോലും കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണച്ച് എസ്പി ഈ സീറ്റിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. കോൺഗ്രസും ബിജെപിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് മത്സരം ബിഎസ്പി ത്രികോണമാക്കുന്നു. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി താക്കൂർ പ്രസാദ് യാദവിനെ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

യാദവ-ദലിത് വോട്ടുകളുടെ പുതിയ സമവാക്യം സൃഷ്ടിക്കുകയാണ് ബിഎസ്പിയുടെ തന്ത്രം. എന്നിരുന്നാലും, റായ്ബറേലിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ, ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, സമീപ സീറ്റുകളിൽ കാണുന്നത്ര ജാതി ഘടകം ഈ സീറ്റിൽ ആധിപത്യം പുലർത്തുന്നില്ലെന്ന് വ്യക്തമാവും.

റായ്ബറേലിയിലെ ജാതി സമവാക്യം


റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ 11 ശതമാനം ബ്രാഹ്മണരും ഒഒമ്പത് ശതമാനം രജപുത്രരും ഏഴ് ശതമാനം യാദവ ജാതിക്കാരും ഉണ്ട്. 34 ശതമാനത്തോളം ദളിത് വോട്ടർമാരുണ്ട്. മുസ്ലീങ്ങൾ ആറ് ശതമാനവും ലോധുകൾ ആറ് ശതമാനവും കുർമികൾ നാല് ശതമാനവുമാണ്. മറ്റ് ജാതികളിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണവും ഏകദേശം 23 ശതമാനമാണ്.

നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ആധിപത്യം


റായ്ബറേലി ലോക്സഭാ സീറ്റ് നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ കോട്ടയാണ്. 1951-52ലെ ആദ്യ തിരഞ്ഞെടുപ്പിൽ റായ്ബറേലി, പ്രതാപ്ഗഡ് ജില്ലകൾ ഉൾപ്പെടുന്ന ലോക്‌സഭാ മണ്ഡലമായിരുന്നു ഇത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ഇവിടെ നിന്ന് ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

റായ്ബറേലി മണ്ഡലം നിലവിൽ വന്നതിന് ശേഷം രണ്ടാം പൊതുതിരഞ്ഞെടുപ്പിൽ ഫിറോസ് ഗാന്ധി ഈ സീറ്റിൽ മത്സരിക്കുകയും തെരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെൻ്റിൽ എത്തുകയും ചെയ്തു. തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും ഉൾപ്പെടെ ആകെ 16 തവണ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഈ സീറ്റിൽ നിന്ന് വിജയിച്ചപ്പോൾ കോൺഗ്രസിതര സ്ഥാനാർത്ഥികൾ മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, സോണിയ ഗാന്ധിയും ഈ സീറ്റിനെ പാർലമെൻ്റിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

1952 - ഫിറോസ് ഗാന്ധി (കോൺഗ്രസ്)
1957- ഫിറോസ് ഗാന്ധി (കോൺഗ്രസ്)
1960 - ആർ പി സിംഗ് (കോൺഗ്രസ്)
1962 - ബൈജ്നാഥ് കുരീൽ (കോൺഗ്രസ്)
1967 - ഇന്ദിരാഗാന്ധി (കോൺഗ്രസ്)
1971 - ഇന്ദിരാഗാന്ധി (കോൺഗ്രസ്)
1977 - രാജ് നാരായൺ (ജനതാ പാർട്ടി)
1980 - ഇന്ദിരാഗാന്ധി (കോൺഗ്രസ്)
1980 - അരുൺ നെഹ്‌റു (കോൺഗ്രസ്)
1984 - അരുൺ നെഹ്‌റു (കോൺഗ്രസ്)
1989 - ഷീല കൗൾ (കോൺഗ്രസ്)
1991 - ഷീല കൗൾ (കോൺഗ്രസ്)
1996 - അശോക് സിംഗ് (ബിജെപി)
1998 - അശോക് സിംഗ് (ബിജെപി)
1999 - സതീഷ് ശർമ്മ (കോൺഗ്രസ്)
2004 - സോണിയ ഗാന്ധി (കോൺഗ്രസ്)
2006 - സോണിയ ഗാന്ധി (കോൺഗ്രസ്)
2009 - സോണിയ ഗാന്ധി (കോൺഗ്രസ്)
2014 - സോണിയ ഗാന്ധി (കോൺഗ്രസ്)
2019 - സോണിയ ഗാന്ധി (കോൺഗ്രസ്)

പൊതു തിരഞ്ഞെടുപ്പ് - 2019


സോണിയ ഗാന്ധി (കോൺഗ്രസ്) - 534,918
ദിനേശ് പ്രതാപ് സിംഗ് (ബിജെപി) - 367,740
നോട്ട - 10,252
ഭൂരിപക്ഷം 167,178

Keywords: Lok Sabha Election, Congress, BJP, National, Politics, Rahul Gandhi, Raebareli, Lucknow, Uttar Pradesh, Candidate, Saniya Gandhi, Vote, Firoz Gandhi, BSP, Suspense ends, Rahul Gandhi to contest Lok Sabha elections from Raebareli.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia