Follow KVARTHA on Google news Follow Us!
ad

Domestic Violence | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ്; പ്രതി രാഹുല്‍ ബെംഗ്‌ളൂറു വഴി സിംഗപൂരിലേക്ക് കടന്നതായി സൂചന; രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കിയെന്ന് വധുവിന്റെ അമ്മ

ലുകൗട് നോടീസ് പുറപ്പെടുവിച്ചു Pantheerankavu, Domestic Violence, Case, Police, Investigation, Accused, Rahul, Abord, Complaint, Family, Allegation,
കോഴിക്കോട്: (KVARTHA) പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ (29) വിദേശത്തേക്ക് കടന്നതായി സൂചന. രാഹുല്‍ ബെംഗ്‌ളൂറു വഴി സിംഗപൂരിലേക്ക് കടന്നുവെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചതെന്ന് ഗാര്‍ഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മ വെളിപ്പെടുത്തി.

രക്ഷപ്പെടാന്‍വേണ്ടി രാഹുലിന് പന്തീരാങ്കാവ് പൊലീസിന്റെ ഒത്താശയോടെ, സൗകര്യം ഒരുക്കിയെന്നും അവര്‍ ആരോപിച്ചു. ലുകൗട് നോടീസ് ഇറക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞാണ് രാഹുല്‍ നാടുവിട്ടത്. ഈ പൊലീസില്‍ പ്രതീക്ഷവെയ്ക്കുന്നതില്‍ കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാര്‍ഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റവുമാണ് രാഹുലിന് മേല്‍ ചുമത്തിയിരിക്കുന്നത്.

കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് ലുകൗട് നോടീസ് പുറപ്പെടുവിച്ചു. ഇയാള്‍ ഒളിവില്‍പോയതിന് പിന്നാലെയാണ് പൊലീസ് ലുകൗട് നോടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക്
കടന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതവരുത്താനായി വിമാനക്കംപനി അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

അതേസമയം, പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിച്ചു. ഫറോക്ക് എസിപി സാജു കെ ഏബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഗാര്‍ഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ് എച് ഒ കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ വിശദാന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പന്തീരാങ്കാവ് പൊലീസ് നീതി കാണിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് യുവതിയുടെ അച്ഛന്‍ ഹരിദാസന്‍ ആവശ്യപ്പെട്ടു. കേസെടുക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മകളെ മര്‍ദിച്ച ഭര്‍ത്താവ് രാഹുല്‍ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസന്‍ ആരോപിച്ചു. രാഹുല്‍ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ കൂടി പൊലീസ് പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പന്തീരങ്കാവ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പറഞ്ഞു.


എന്നാല്‍, മര്‍ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പറയുകയാണ് പ്രതിയുടെ അമ്മ ഉഷ. മകന്‍ രാഹുല്‍ മര്‍ദിച്ചുവെന്നും എന്നാല്‍ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണില്‍ എത്തിയ സന്ദേശവുമായി ബന്ധപ്പെട്ട വാക് തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. കാമുകന്‍ വിളിച്ചത് പിടിച്ചു. പലതവണ ചോദിച്ചപ്പോഴാണ് പറഞ്ഞത്. അങ്ങനെയാണ് ഫോണ്‍ എടുത്ത് മാറ്റിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഗാര്‍ഹിക പീഡനത്തില്‍ യുവതി ഫറോക്ക് താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ പുറത്തുവന്നു. പെണ്‍കുട്ടിക്ക് ഭര്‍ത്താവില്‍ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു. നെറ്റിയില്‍ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു. സിടി സ്‌കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പില്‍ നിര്‍ദേശമുണ്ടെന്നാണ് വിവരം.

ഈ മാസം അഞ്ചിനായിരുന്നു രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. അതുകഴിഞ്ഞ് അടുക്കള കാണല്‍ ചടങ്ങിന് ഞായറാഴ്ച പെണ്‍വീട്ടുകാര്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂരമര്‍ദനത്തിന് ഇരയായത് ബന്ധുക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

Keywords: News, Kerala, Kozhikode-News, Crime, Pantheerankavu, Domestic Violence, Case, Police, Investigation, Accused, Rahul, Abord, Complaint, Family, Allegation, Mother, Pantheerankavu Domestic Violence Case: Rahul Left India.

Post a Comment