Protest | എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍; പിന്നാലെ കടുത്ത നടപടിയുമായി കംപനി, ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോടീസ്

 


കണ്ണൂര്‍: (KVARTHA) ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് ഇതുവരെ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ശാര്‍ജ, അബൂദബി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അവസാന നിമിഷമാണ് 4.20ന്റെ ശാര്‍ജ വിമാനം കാന്‍സല്‍ ചെയ്ത അറിയിപ്പെത്തുന്നത്.

ബുധനാഴ്ച (08.05.2024) കണ്ണൂരില്‍നിന്ന് പുലര്‍ചെ പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്ഖത്, ദമാം വിമാനങ്ങളാണ് ബുധനാഴ്ച സര്‍വീസ് നിര്‍ത്തിവെച്ചത്. അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് നെടുമ്പാശേരിയില്‍ നിന്ന് കൊല്‍കത്തയിലേക്കുള്ള സര്‍വീസും റദ്ദാക്കി.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതല്‍ എത്തിയ യാത്രക്കാരോട് വിമാനം വൈകുന്നതിനുള്ള കാരണങ്ങള്‍ പറയാന്‍ തുടക്കത്തില്‍ അധികൃതര്‍ തയാറായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അധികൃതര്‍ മറുപടി നല്‍കാതിരുന്നതും യാത്രക്കാരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളംവെച്ചു. പൊലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇടപെട്ടാണ് ടെര്‍മിനലിലെ അനിഷ്ട സംഭവങ്ങളൊഴിവാക്കിയത്.

യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ടികറ്റ് തുക പൂര്‍ണമായി മടക്കി നല്‍കുകയോ മറ്റൊരു ദിവസത്തേക്ക് യാത്രാ തീയതി നീട്ടി നല്‍കുകയോ ചെയ്യാമെന്നാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ബുക് ചെയ്തവരുടെ പണം എന്ന് തിരിച്ച് നല്‍കുമെന്നോ, യാത്ര എന്ന് പുനഃക്രമീകരിക്കുമോയെന്നുള്ള അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടില്ല.

ആഭ്യന്തരവും രാജ്യാന്തരവുമായി പ്രതിദിനം 360 സര്‍വീസുകളാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിനുള്ളത്. ഇതില്‍ പകുതിയോളം സര്‍വീസുകള്‍ ഏതാനും ദിവസങ്ങള്‍കൂടി മുടങ്ങുമെന്നാണ് വിവരം. ഏതാനും ദിവസത്തേക്ക് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മാത്രം 90 ലേറെ സര്‍വീസുകള്‍ മുടങ്ങി.

അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ചയ്ക്ക് തയാറാണെന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് എംഡി ആലോക് സിങ് അറിയിച്ചിട്ടും ജീവനക്കാര്‍ ആദ്യം പ്രതികരിച്ചില്ലെന്നാണ് വിവരം. നൂറിലേറെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്.

Protest | എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍; പിന്നാലെ കടുത്ത നടപടിയുമായി കംപനി, ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോടീസ്

ഇതിന് പിന്നാലെ ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടി തുടങ്ങിയിരിക്കുകയാണ് കംപനി. മെഡികല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോടീസ് നല്‍കി. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 90ലധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയര്‍ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ച് വിടല്‍ നോടീസ് നല്‍കിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും നൂറിലധികം പേരുടെ മെഡികല്‍ ലീവിന് പിന്നില്‍ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടല്‍ നോടീസില്‍ കംപനി ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ച (09.05.2024) വൈകിട്ട് നാലിന് ചര്‍ച നടക്കും.

അതേ സമയം, എയര്‍ ഇന്‍ഡ്യയില്‍ ഒരു വിഭാഗം സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നടത്തുന്ന സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ വ്യാഴാഴ്ച കാര്യമായി ബാധിച്ചിട്ടില്ല. വൈകിട്ട് 3 ന് കൊല്‍കതയിലേക്കുള്ള ഒരു ആഭ്യന്തര സര്‍വീസ് മാത്രമാണ് വ്യാഴാഴ്ച ഇതുവരെ എയര്‍ ഇന്‍ഡ്യ ക്യാന്‍സല്‍ ചെയ്തിട്ടുള്ളത്.

Keywords: News, Kerala, Kannur, Kannur-News, Business, Flight Schedule, Kannur News, Kerala News, Dismissal Notice, Employees, Air India Express, Flight, Cancellations, Passenger Protests, Protest, Strike, Flight, Cancelled, Kannur: Air India Express Flight Cancellations Lead to Passenger Protests.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia