Follow KVARTHA on Google news Follow Us!
ad

SSLC Result | പഴയ 210ൻ്റെ മുന്നിലാണോ പിന്നിലാണോ ഇന്നത്തെ ഫുൾ എ പ്ലസ്?

മാറുന്നു, വിദ്യാഭ്യാസ നിലവാരം SSLC Result, Education, 10th Marks, Education
/ സോണി കല്ലറയ്ക്കൽ

(KVARTHA) എസ്.എസ്.എൽ.സി ഫലം വന്നിരിക്കുകയാണ്. ഇന്നത്തെ ഫല സമ്പ്രദായത്തിൽ ഫുൾ എ പ്ലസ് കിട്ടുന്നവരാണ് മിടുക്കന്മാർ. പഴയ കാലത്ത് അങ്ങനെ ആയിരുന്നില്ല. 600ൽ 210 മാർക്ക് കിട്ടണമായിരുന്നു. ഈ കടമ്പ കടക്കാൻ ഇതിനേക്കാൾ വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ന് എസ്.എസ്.എൽ.സിയ്ക്ക് നൂറ് ശതമാനം വിജയമായിരുന്നെങ്കിൽ അന്ന് 4 ഉം 5 ഉം വർഷമൊക്കെ തോറ്റ് പരീക്ഷയെഴുതുന്നവരെ കാണാമായിരുന്നു. ആ സമ്പ്രദായത്തിൽ ഒരു വിഷയത്തിൽ തോറ്റാൽ പോലും എല്ലാം പോയ അവസ്ഥ. അന്ന് ഒരു ഫസ്റ്റ് ക്ലാസ് മേടിച്ചാൽ തന്നെ എന്തൊരു വിലയായിരുന്നു. കുഴിയിൽ കിടക്കുന്ന അമ്മൂമ്മ വരെ ചോദിക്കും ഫസ്റ്റ് ക്ലാസ് ആണോ സെക്കൻഡ് ക്ലാസ് ആണോ ഡിസ്റ്റിങ്ഷൻ ഉണ്ടോ എന്നൊക്കെ.

Article, SSLC Result, Education, 10th Marks, Education, First Class, Second Class, Full A+,

 എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ് 99 ശതമാനത്തിൽ കൂടുതൽ വിജയം. മുൻപത്തെ കാലഘട്ടത്തിൽ അറുപതും അറുപത്തഞ്ചും ശതമാനം ഒക്കെയായിരുന്നു വിജയം. അന്നത്തെ എസ്.എസ്.എൽ.സി ഇന്നത്തെ പി.ജിയ്ക്ക് തുല്യമെന്ന് വേണമെങ്കിൽ പറയാം. അന്ന് എസ്.എസ്.എൽ.സി പാസാവുന്നതിനോളം പഠിച്ചാൽ ഇപ്പോൾ ഐ.എ.എസ് പാസാവാം ഇപ്പോൾ ഏത് മണ്ടനും എന്നാണ് പഴയ തലമുറയുടെ കണക്ക് കൂട്ടൽ. വിദ്യാഭ്യാസ നിലവാരത്തിലും അത് പ്രകടമായിരുന്നു. ഇന്ന് ബാങ്ക് ഫോം ഫിൽ ചെയ്യാനറിയാവുന്ന കുട്ടികൾ പോലും വിരളം. പണ്ട്, പത്താം ക്ലാസിൽ തോൽക്കുകയോ മാർക്ക് കുറയുകയോ ചെയ്യുമ്പോൾ ജീവിതത്തിൽ അങ്ങനെ വരുന്ന പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്ന് കൂടി നമ്മളൊക്കെ പഠിക്കുമായിരുന്നു. അത് ജീവിതത്തിൽ കിട്ടുന്ന വലിയ ഒരു പാഠമായിരുന്നു.

വിജയങ്ങളൊക്ക വളരെ എളുപ്പമാകുമ്പോൾ ഭാവിയിൽ തോൽവിയുടെ കൈപ്പിന്റെ രുചികൾ കുട്ടികൾക്ക് ഒരുപക്ഷേ താങ്ങാൻ കൂടി കഴിഞ്ഞെന്നു വരില്ല. എന്തായാലും 100 ശതമാനത്തിൽ 99.63 ശതമാനം കുട്ടികൾ വിജയിച്ചു. ബാക്കി വരുന്ന അര ശതമാനത്തിലും താഴെയുള്ള കുഞ്ഞുങ്ങളെ കൂടി അങ്ങ് വിജയിപ്പിച്ചു കൂടായിരുന്നോ. അവരെക്കുടി വെറുതെ ബുദ്ധിമുട്ടിക്കണമായിരുന്നോ? പഴയ കാലത്ത് അദ്ധ്യാപകരെല്ലാം കുട്ടികൾക്ക് മാർക്ക് ഇട്ടിരുന്നത് കുട്ടികളുടെ പഠന നിലവാരം മനസിലാക്കിയും അവരുടെ കഴിവും ഭാവിയും നോക്കിയാണ്. ഇന്ന് സ്കൂളുകൾ തമ്മിൽ മത്സരമാണ് എ പ്ലസിന് വേണ്ടി. അതിനാൽ വാരിക്കോരി മാർക്ക് കൊടുക്കുന്നു. പക്ഷെ കുട്ടികൾ ഉയർന്ന ക്ലാസിലേക്ക് ചെല്ലുമ്പോൾ പരാജയപ്പെടുന്നു. ഇതായിരിക്കുന്നു ഇന്നത്തെ അവസ്ഥ.

പണ്ടൊക്കെ വൈദ്യുതി പോലും ഇല്ലാതിരുന്ന കാലത്ത് ഒരു ചിമ്മിനി വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ രാത്രി ഉറക്കമിളച്ച് ഇരുന്നും കമിഴ്ന്നു കിടന്നും രാവിലെ വീണ്ടും എഴുന്നേറ്റുമാണ് കുട്ടികൾ പഠിച്ചിരുന്നതെന്ന് ഓർക്കണം. ഇന്ന് വിദ്യാർത്ഥികൾക്ക് പഠിക്കാൻ അത്യാവശ്യം എല്ലാ സൗകര്യങ്ങളും കൈവന്നിരിക്കുന്ന കാലഘട്ടമാണ്. ഫോണും ലൈറ്റും ഇൻ്റെർനെറ്റും ഓൺലൈൻ - ഓഫ് ലൈൻ ക്ലാസും ഒക്കെ എല്ലാവർക്കും കിട്ടുന്നുണ്ട്. പഠിക്കാൻ എത്രതുക വേണമെങ്കിലും വാരിക്കോരി ചെലവാക്കാൻ ഇന്ന് മാതാപിതാക്കൾ തയ്യാറുമാണ്. അതൊക്കെ വേണ്ടാം വണ്ണം കുട്ടികൾ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. പഴയതുപോലെയല്ല ഇപ്പോൾ മാർക്ക് വാരിവാരി കൊടുത്ത് ഒരു കഴിവുമില്ലാത്ത തലമുറയെ സൃഷ്ടിക്കുകയാണ്.

എസ്.എസ്.എൽ.സി കഴിഞ്ഞ നമ്മുടെ കുട്ടികളുടെ നിലവാരം വളരെ മോശമാകുന്നു എന്നതാണ് കാണാൻ കഴിയുന്നത്. ഭരണാധികാരികൾക്ക് വലിയ ഒരു വിജയം മാത്രം മതി. പക്ഷേ, ഈ തലമുറയുടെ ഭാവി ആർക്കും പ്രശ്നമാകുന്നില്ല. ഈ ഫുൾ എ പ്ലസ് കലാപരിപാടി തുടങ്ങിയതോടെ അടിസ്ഥാന വിദ്യാഭ്യാസം താറുമാറായി എന്നുവേണമെങ്കിൽ പറയാം. ആ പഴയ 210ന് ഒരുപാട് കഷ്ടപ്പാടുകളുടെയും ദാരിദ്ര്യത്തിൻ്റെയും കഥകൾ പറയാനുണ്ടാകും. അതിൽ നിന്നാണ് ഒരോരുത്തരും എസ്.എസ്.എൽ.സി എന്ന കടമ്പ കരകയറിയിരുന്നത്. പണ്ടൊക്കെ ഇല്ലായ്മയിൽ നിന്ന് 10 വരെ പഠിച്ചവരും ഉണ്ട്. ശരിക്കും അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രാദായത്തിൽ ഒരു മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

'പണ്ടൊക്കെ പത്താം ക്ലാസ് കടക്കുക എന്നത് ആറ് ബോളിൽ 36 റൺസ് എടുക്കേണ്ട അവസ്ഥപോലെ ആയിരുന്നു. ഇന്നിപ്പോൾ വെറുതെ ബാറ്റും പിടിച്ച് നിന്നാൽ മതി. വൈഡും, നോബോളും ഇട്ടുതന്ന് ജയിപ്പിക്കും', ഈ എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ പഴയ ഒരു 210 കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ഇവിടെ ഇട്ടത്. ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണുമല്ലോ പഴയ 210ൻ്റെ മുന്നിലാണോ പിന്നിലാണ് ഇന്നത്തെ ഫുൾ എ പ്ലസ് എന്ന്. ഇക്കുറി എസ്.എസ്.എൽ.സി പരിക്ഷയിൽ വിജയിച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ, ഒപ്പം നിങ്ങൾ അറിയണം ആ പഴയ കാലഘട്ടം.

Keywords: Article, SSLC Result, Education, 10th Marks, Education, First Class, Second Class, Full A+, Is today's Full A Plus ahead or behind old 210?
< !- START disable copy paste -->

Post a Comment