Research | അറബിക്കടലിലെ സ്രാവുകളില്‍ ഗവേഷണം നടത്താന്‍ ഇന്‍ഡ്യയും ഒമാനും കൈകോര്‍ക്കുന്നു; ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ മെയ് 13 മുതല്‍ 10 ദിവസം ശില്‍പശാലയില്‍ പങ്കെടുക്കും

 


കൊച്ചി: (KVARTHA) അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം നടത്താനും ഇന്ത്യയും ഒമാനും കൈകോര്‍ക്കുന്നു. സിഎംഎഫ്ആര്‍ഐ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗത്തിലെ ഇന്ത്യ-ഷാര്‍ക് ആന്റ് റേ ലാബിനാണ് ശില്‍പശാലയുടെ നടത്തിപ്പ് ചുമതല.

അറബിക്കടലില്‍ സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് ഭാവിയില്‍ ഈ മേഖലയില്‍ സ്വീകരിക്കേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയൊരുക്കുകയാണ് ശില്‍പശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ മെയ് 13 മുതല്‍ 22 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് സിഎംഎഫ്ആര്‍ഐയും ഒമാനിനെ പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസര്‍ച്ചിന് കീഴിലുള്ള മറൈന്‍ ഫിഷറീസ് ആന്റ് റിസര്‍ച്ച് സെന്ററുമാണ് സംയുക്ത ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ശില്‍പശാലയില്‍, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ ഈ മേഖലയിലെ അറിവും അനുഭവങ്ങളും പരസ്പരം കൈമാറും. ഒമാന്‍ ഗവേഷണ സംഘത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസര്‍ച്ചിലെ അക്വാകള്‍ച്ചര്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ ഖല്‍ഫാന്‍ അല്‍ റാഷിദ് നയിക്കും.

സിഎംഎഫ്ആര്‍ഐയിലെ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടനാണ് ഇന്ത്യന്‍ ഗവേഷണ സംഘത്തെ നയിക്കുന്നത്. സ്രാവ്-തിരണ്ടി ഗവേഷണരംഗത്തെ അവലോകത്തിനായി ഡോ ശോഭയെ കഴിഞ്ഞ വര്‍ഷം ഒമാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

Research | അറബിക്കടലിലെ സ്രാവുകളില്‍ ഗവേഷണം നടത്താന്‍ ഇന്‍ഡ്യയും ഒമാനും കൈകോര്‍ക്കുന്നു; ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ മെയ് 13 മുതല്‍ 10 ദിവസം ശില്‍പശാലയില്‍ പങ്കെടുക്കും

ഭാവിയില്‍, ചൂര പോലുള്ള മറ്റ് വിഭവങ്ങളിലേക്കും സമുദ്രമത്സ്യമേഖലയുടെ പൊതുവായ വികസനത്തിലേക്കും ഈ ഗവേഷണ സഹകരണം വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. മാരികള്‍ച്ചര്‍, ബയോടെക്‌നോളജി മേഖലകളിലും സഹകരണം ലക്ഷ്യം വെക്കുന്നുണ്ട്.

സൈറ്റസിന്റെ (വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തര്‍ദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷന്‍) ഇന്ത്യയിലെ അംഗീകൃത സയന്റിഫിക് അതോറിറ്റിയാണ് സിഎംഎഫ്ആര്‍ഐ. സ്രാവ്-തിരണ്ടിയിനങ്ങളുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി വിപുലമായ ഗവേഷണ പദ്ധതി സിഎംഎഫ്ആര്‍ഐ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി, നിരവധി സ്രാവിനങ്ങളുമായി ബന്ധപ്പെട്ട് നയരൂപീകരണ നിര്‍ദേശങ്ങളും സംരക്ഷണപദ്ധതികളും സിഎംഎഫ്ആര്‍ഐ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

Keywords: News, Kerala, Kochi-News, Agriculture, India, Mariculture, Biotechnology, Oman, Jointly, Research, Sharks, Rays, Arabian Sea, Central Marine Fisheries Research Institute (CMFRI), India and Oman to jointly undertake research on sharks and rays in Arabian Sea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia