Cervical Cancer | ഗർഭാശയ മുഖ കാൻസർ; സ്ത്രീകൾ ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

 


കൊച്ചി: (KVARTHA) ജീവിത ശൈലികൾ മാറുന്നതിന് അനുസരിച്ചു കാൻസറുകൾ പെരുകിവരുന്നു. സ്ത്രീകളെ മാത്രം ബാധിക്കുന്ന ചിലയിനം അർബുദങ്ങളിൽ പെട്ടതാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയ മുഖ കാൻസർ. ഇതിന്റെ ലക്ഷണങ്ങൾ വൈകിയാണ് ശരീരത്തിൽ പ്രകടമാവാറുള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ അപകടകരമായ കാൻസർ കൂടിയാണിത്. ഏത് പ്രായക്കാരെയും ഇത് ബാധിക്കാവുന്നതാണ്. ലക്ഷണങ്ങൾ കണ്ടെത്തി നേരത്തെ ചികിത്സ ആരംഭിക്കുകയാണെങ്കിൽ ഭേദമാകാനുള്ള സാധ്യതയുണ്ട്. ലക്ഷണങ്ങളെ നിസാരപ്പെടുത്താതിരിക്കുക പ്രധാനമാണ്.
  
Cervical Cancer | ഗർഭാശയ മുഖ കാൻസർ; സ്ത്രീകൾ ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ


സെർവിക്കൽ കാൻസറിന്റെ ചില ലക്ഷണങ്ങൾ

അസാധാരണമായ രീതിയിൽ വജൈനല്‍ ഭാഗത്ത് നിന്ന് സ്രവങ്ങള്‍ പുറത്ത് വരാം. രൂക്ഷ ഗന്ധത്തോട് കൂടിയ സ്രവം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക. സാധാരണയിൽ കവിഞ്ഞു കൂടുതൽ നിറവ്യത്യാസമുള്ളതായ സ്രവങ്ങളും കാണപ്പെടുകയാണെങ്കിൽ അവഗണിക്കരുത്. കൂടാതെ, സ്ത്രീകളിൽ യോനിയിലൂടെ അസാധാരണമായ രീതിയില്‍ രക്തസ്രാവമുണ്ടാകുന്നതും സെർവികല്‍ കാൻസറിന്റെ ലക്ഷണങ്ങളിൽപ്പെട്ടതാണ്.

കാന്‍സര്‍ കോശങ്ങള്‍ ഗര്‍ഭാശയത്തിനുള്ളില്‍ പടര്‍ന്നു തുടങ്ങുന്നതാണ് ഇത്തരത്തില്‍ രക്തസ്രാവം സംഭവിക്കാന്‍ ഇടവരുത്തുന്നത്. യോനിയിലൂടെ ഉണ്ടാകുന്ന രക്ത സ്രാവം എല്ലാം സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആയി കാണാൻ പറ്റില്ല. ചില സമയത്തു ഹോര്‍മോണ്‍ പ്രശ്നങ്ങളും പിസിഒഎസ് പോലുള്ള അവസ്ഥകള്‍ കാരണവും രക്തസ്രാവം ഉണ്ടാകാവുന്നതാണ്. കാരണം എന്ത് തന്നെയായാലും അസാധാരണമായ സദർഭങ്ങളിൽ രക്ത സ്രവം കാണപ്പെടുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണുകയും പരിശോധന ഉറപ്പ് വരുത്തുകയും ചെയ്യുക.

അകാരണമായി പെട്ടെന്നുള്ള അമിതമായ ശരീരഭാരം കുറയൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. വിശപ്പില്ലായ്മയും ഭക്ഷണത്തോടുള്ള വിരക്തിയുമുണ്ടാകാം. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും കൂടെ കാണുകയാണെങ്കിൽ സെർവിക്കൽ കാൻസറിന്റെ ലക്ഷണമാവാം. വീഴ്ചയോ അപകടമോ കാരണമല്ലാതെ അകാരണമായി കടുത്ത രീതിയില്‍ ലോവര്‍ ബാക്ക് പെയിന്‍ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതും വൈദ്യ പരിശോധന നടത്തേണ്ടതുമാണ്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചു കഴിഞ്ഞു എന്നതിന്‍റെ സൂചനയായി നട്ടെല്ലിന്റെ താഴ് ഭാഗത്ത് നിന്ന് തുടങ്ങുകയും മുകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്ന വേദന ചൂണ്ടിക്കാട്ടാറുണ്ട്.

ലൈംഗിക ബന്ധത്തിന് ശേഷം ചെറിയ തോതിലുള്ള സ്പോട്ടിംഗ് അല്ലെങ്കില്‍ അമിതമായ ബ്ലീഡിംഗ് കാണപ്പെടാം. യോനി അമിതമായി വലിയുക, യോനീ ചര്‍മത്തിലെ അസ്വസ്ഥത, യോനിയിലെ വരണ്ട അവസ്ഥ, ലൈംഗിക രോഗങ്ങള്‍ എന്നിവ കാരണവും യോനിയിൽ നിന്ന് രക്തസ്രാവം ഉണ്ടാകാറുണ്ട്.
യോനി ഭാഗത്തു കാന്‍സര്‍ കോശങ്ങള്‍ വളര്‍ന്നു വരുന്നത് രക്തസ്രാവത്തിന് വഴിയൊരുക്കും. ഒന്നിലധികം തവണ ഏതെങ്കിലും രീതിയിൽ രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.

കൂടാതെ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചവരുടെ ശരീരത്തില്‍ നിന്ന് പിങ്ക്, ബ്രൌണ്‍, അല്ലെങ്കില്‍ രക്തത്തിന്‍റെ നിറത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജുകള്‍ പുറത്ത് വരാറുണ്ട്. പലപ്പോഴും കോശങ്ങളുടെ അവശിഷ്ടങ്ങള്‍ പോലെ തോന്നിച്ചേക്കാം. ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗാവസ്ഥ തിരിച്ചറിയുകയാണെങ്കിൽ ചികിത്സയിലൂടെ രോഗത്തെ തടയാനാവും.

Keywords: News, News-Malayalam, Health, Cervical Cancer: Symptoms and Signs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia