Arvind Kejriwal | 'മോദിയുടെ ഗ്യാരന്റി'; കേജ്‌രിവാൾ പറയുന്നതിലും കാര്യമുണ്ട്?
May 11, 2024, 21:34 IST
ADVERTISEMENT
സാമുവൽ സെബാസ്റ്റ്യൻ
(KVARTHA) ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറയുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു രാജ്യം ഒരു നേതാവ്' എന്ന ദൗത്യത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം ഉടൻ അവസാനിക്കുമെന്നും. ബി.ജെ.പി നേതാക്കളായിരുന്ന അദ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, മനോഹർ ലാൽ ഖട്ടർ, രമൺ സിംഗ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു, ഇനി യു.പി മുഖ്യമന്ത്രി യോഗിയാണ്. മോദി അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചാൽ രണ്ട് മാസത്തിനുള്ളിൽ യു പി മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും കേജ്‌രിവാൾ സൂചിപ്പിക്കുന്നു.
നമ്മുടെ രാജ്യം വളരെ പഴക്കമുള്ളതാണ്. ഒരു ഏകാധിപതി അധികാരം ഏറ്റെടുക്കാൻ ശ്രമിച്ചാൽ ജനങ്ങൾ അവരെ പിഴുതെറിയും. ഇന്ന് വീണ്ടും ഒരു ഏകാധിപതിയുടെ ജനാധിപത്യം അവസാനിപ്പിക്കണം. അതിനാൽ 140 കോടി ജനങ്ങളോട് അപേക്ഷിക്കാനാണ് ഞാൻ വന്നത് എന്നതാണ് കേജ്‌രിവാൾ പറയുന്നത്. ബി.ജെ.പിയെ ദേശീയ തലത്തിൽ ഇത്ര ശക്തമാക്കാൻ കഷ്ടപ്പെട്ട രണ്ട് നേതാക്കളായിരുരുന്നു അടൽ ബിഹാരി ബാജ്പേയും എൽ.കെ. അദ്വാനിയും. ഇവരെ രാമലക്ഷ്മണന്മാർ എന്നാണ് അറിയപ്പെട്ടിരുന്നത്. ബാജ്പേയി മിതവാദി ആയിരുന്നെങ്കിൽ അദ്വാനി ഹിന്ദു തിവ്ര നിലപാടുള്ള ആയിരുന്നു. ഇവിടെ കോൺഗ്രസിൻ്റെ കുത്തൊഴുക്കിനെ തടഞ്ഞ് ദേശീയ തലത്തിൽ ബി.ജെ.പി യെ വളർത്തിക്കൊണ്ടു വരുന്നതിൽ ഇരുവരും തുല്യ പങ്കാണ് വഹിച്ചത്.
ബി.ജെ.പി കോൺഗ്രസിനെ തൂത്തെറിഞ്ഞ് ദേശീയ തലത്തിൽ അധികാരത്തിൽ എത്തിയപ്പോൾ ബാജ്പേയി പ്രധാനമന്ത്രിയായി. അദ്വാനി സംഘടനാ ചുമതലകളിൽ ഒതുങ്ങുകയാണ് ഉണ്ടായത്. ബാജ്പേയിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചയാളായിരുന്നു അദ്വാനി. പക്ഷേ, ഗുജറാത്തിൽ മാത്രം ഒതുങ്ങി നിന്ന് മീഡിയാ പബ്ലിസ്റ്റിയിലൂടെ വളർന്നു വന്ന മോദി പിന്നീട് അദ്വാനിയെ പിന്തള്ളി ബാജ്പേയിക്ക് ശേഷം ബി.ജെ.പിയുടെ അമരത്ത് എത്തുകയായിരുന്നു. അതുവഴി പ്രധാനമന്ത്രി സ്ഥാനത്ത് എത്തുകയും ചെയ്തു. ഇത് സാക്ഷാൽ അദ്വാനിയെ ഒരുപാട് വേദനിപ്പിച്ചു എന്നതാണ് ചരിത്രം.
കോൺഗ്രസ് ഭരണകാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ബി.ജെ.പി നേതാവ് അന്തരിച്ച സുക്ഷമ സ്വരാജിനെ തള്ളിമാറ്റിയാണ് ഗുജറാത്ത് മുഖ്യമന്ത്രി മാത്രമായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായെത്തിയത്. പിന്നീട് പല പ്രമുഖരെയും ഒതുക്കി മോദിയുടെയും ഉറ്റ അനുയായി അമിത് ഷായുടെയും പ്രഭാവം ആണ് ബി.ജെ.പി യിൽ കണ്ടത്. ഇവരെ മാത്രം അനുകൂലിക്കുന്നവരുടെ മാത്രം ഒരു നേതൃത്വനിര ബി.ജെ.പി യിൽ വളർന്നു വരുന്നതാണ് പിന്നീട് കണ്ടത്. പല പ്രമുഖരുടെയും പ്രഭാവം ബി.ജെ.പി യിൽ അസ്തമിക്കുന്നതും കാണാൻ ഇടയായി. 2019 വരെ ബി.ജെ.പി യുടെ പേരിലാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും 2024ൽ അത് ബി.ജെ.പി എന്നല്ല മോദി ഗ്യാരൻ്റി എന്ന പേരിലായിരുന്നു.
അതായത്, പാർട്ടി സംവിധാനങ്ങൾക്ക് അപ്പുറം ഒരു വ്യക്തിയിൽ പാർട്ടി കേന്ദ്രീകരിച്ചു എന്ന് വേണമെങ്കിൽ പറയാം. അതായത് ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മോദി തന്നെ പ്രധാനമന്ത്രിയാകും എന്ന് ചുരുക്കം. തൻ്റെ തലയ്ക്ക് മീതെ ആര് വന്നാലും അവരെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റിയാലും അത്ഭുതപ്പെടാനില്ല, അത് യോഗി ആയാലും അങ്ങനെ തന്നെ. അതായാണ് മോദിജിയുടെ ഗ്യാരൻ്റിയെന്നാണ് കേജ്‌രിവാൾ പറഞ്ഞുവെക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.