Al Jazeera | 'അൽ-ജസീറ'യ്ക്ക് രാജ്യത്ത് പൂട്ടിട്ട് ഇസ്രാഈൽ; ഉപകരണങ്ങൾ അടക്കം കണ്ടുകെട്ടും; അറസ്റ്റ്, ഭീഷണി കൊണ്ടൊന്നും പിന്തിരിയില്ലെന്ന് ചാനൽ

 


ടെൽ അവീവ്: (KVARTHA) ഖത്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ ജസീറയുടെ രാജ്യത്തെ ഓഫീസുകൾ അടച്ചുപൂട്ടാൻ ഇസ്രാഈൽ ഉത്തരവിട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അൽ ജസീറയുടെ ഇസ്രാഈലിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താൻ തീരുമാനിച്ചത്. ചാനൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
  
Al Jazeera | 'അൽ-ജസീറ'യ്ക്ക് രാജ്യത്ത് പൂട്ടിട്ട് ഇസ്രാഈൽ; ഉപകരണങ്ങൾ അടക്കം കണ്ടുകെട്ടും; അറസ്റ്റ്, ഭീഷണി കൊണ്ടൊന്നും പിന്തിരിയില്ലെന്ന് ചാനൽ

ഉത്തരവനുസരിച്ച്, ഇസ്രാഈലിലെ അൽ ജസീറയുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും സംപ്രേക്ഷണ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചാനൽ കേബിൾ, സാറ്റലൈറ്റ് കമ്പനികളിൽ നിന്ന് വിച്ഛേദിക്കുകയും ചെയ്യും. കൂടാതെ, കമ്പനിയുടെ വെബ്‌സൈറ്റുകൾ ബ്ലോക്കും ചെയ്യും. ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്ന ഇസ്രാഈലിലെ വിദേശ വാർത്താ ശൃംഖലകൾ താൽക്കാലികമായി അടച്ചുപൂട്ടാൻ അനുവദിക്കുന്ന നിയമം ഇസ്രാഈൽ പാർലമെൻ്റായ നെസെറ്റ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു.

അൽ-ജസീറ അടച്ചുപൂട്ടുന്ന കാര്യം എക്സിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. 'ഇസ്രാഈലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിന്‍റെ ഏകകണ്ഠമായ തീരുമാനമാണ്', നെതന്യാഹു എക്സിൽ കുറിച്ചു. എന്നാൽ, ഇസ്രാഈൽ അധീന വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കാൻ ചാനലിന് നിയമപരമായി നിയന്ത്രണങ്ങളില്ല. ​യുദ്ധം നടക്കുന്ന ​ഗസ്സ മുനമ്പിലും നിയന്ത്രണങ്ങൾ ബാധകമല്ല.

ഒക്‌ടോബർ ഏഴ് മുതൽ ഇസ്രാഈൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണങ്ങൾ അതിശകതമായ രീതിയിൽ നിർത്താതെ അൽജസീറ റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. ഇത് ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ രോഷത്തിന് കാരണമായിയെന്നാണ് വിലയിരുത്തുന്നത്. അതേസമയം തങ്ങളുടെ അവകാശങ്ങളെയും മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളുടെ വിവരാവകാശത്തെയും സംരക്ഷിക്കുന്നതിനായി ലഭ്യമായ എല്ലാ നിയമ മാർഗങ്ങളും സ്വീകരിക്കുമെന്ന് അൽ ജസീറ ഒരു പ്രസ്താവന ഇറക്കി.

ഗസ്സ മുനമ്പിലെ തങ്ങളുടെ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിന് സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുന്ന ഇസ്രാഈൽ നടപടി അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ചാനൽ അധികൃതർ പറഞ്ഞു. അറസ്റ്റ്, ഭീഷണി കൊണ്ടൊന്നും പിന്തിരിയില്ലെന്നും അൽജസീറ വ്യക്തമാക്കി.

Keywords: News, Malayalam-News, World, Israel-Palestine-War, Al Jazeera's operations in Israel to be shut down, Netanyahu's cabinet decides.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia