Drowned | കന്യാകുമാരിയില്‍ 5 മെഡികല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തിനെത്തിയപ്പോള്‍

 


കന്യാകുമാരി: (KVARTHA) ഗണപതിപുരത്ത് അഞ്ച് മെഡികല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പെടുന്നു. കടലില്‍ കുളിക്കുന്നതിനിടെയായിരുന്നു ദുരന്തം. തഞ്ചാവൂര്‍ സ്വദേശി ഡി ചാരുകവി (23), നെയ്വേലി സ്വദേശി ബി ഗായത്രി (25), കന്യാകുമാരി സ്വദേശി പി സര്‍വദര്‍ശിത് (23), ഡിണ്ടിഗല്‍ സ്വദേശി എം പ്രവീണ്‍ സാം (23), ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്.

തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡികല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചവരെല്ലാം. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 12 വിദ്യാര്‍ഥികളാണ് നാഗര്‍കോവിലില്‍ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിന് ശേഷം ഇവര്‍ കന്യാകുമാരിയില്‍ എത്തുകയായിരുന്നു.

Drowned | കന്യാകുമാരിയില്‍ 5 മെഡികല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തിനെത്തിയപ്പോള്‍

കന്യാകുമാരിയിലെ ലെമൂര്‍ ബീചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ശക്തമായ തിരയില്‍ പെട്ടുപോകുകയായിരുന്നു. ഏഴുപേര്‍ കുളിക്കാനായി കടലിലിറങ്ങി. ബാക്കിയുള്ളവര്‍ കരയില്‍ ഇരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് അപകടവിവരം പ്രദേശവാസികളേയും പ്രദേശത്തെ മീന്‍പിടുത്ത തൊഴിലാളികളെയും അറിയിച്ചത്.

ഉടന്‍തന്നെ മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ തിരച്ചില്‍ ആരംഭിച്ചു. മുങ്ങിപ്പോയ മൂന്നുപേരെ ഇവര്‍ രക്ഷപ്പെടുത്തി. ഇവര്‍ കന്യാകുമാരി ജില്ലാ ഗവര്‍ണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ദൃക്സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൂത്തുക്കുടി, കന്യാകുമാരി മേഖലയില്‍ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ക്ഷോഭത്തില്‍ തമിഴ്നാട്ടില്‍ മറ്റ് മൂന്ന് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.

Keywords: 5 Medical Students, Attending A Wedding, Drown In Sea Off Kanniyakumari Coast, Chennai, News, Medical Students, Drowned, Dead, Obituary, Hospital, Treatment, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia