Follow KVARTHA on Google news Follow Us!
ad

Tragic Death | കൃപാലയം അന്തേവാസികളുമായി സ്‌നേഹം പങ്കിട്ട് മടങ്ങിയത് അന്ത്യ യാത്രയായി; കണ്ണൂരിനെ നടുക്കി ഭീമനടി സ്വദേശികളുടെ അപകട മരണം

ഒരു മണിക്കൂറോളം മരിച്ചത് ആരെന്ന് തിരിച്ചറിത്തിരുന്നില്ല Victims, Accident, Accidental Death, Car, Lorry, Bheemanady Natives, Kripalayam inmates,
കണ്ണൂര്‍: (KVARTHA) ജില്ലയെ നടുക്കത്തിലാഴ്ത്തി അഞ്ചുപേരുടെ ജീവന്‍ കവര്‍ന്നെടുത്ത വാഹനാപകടം. ചെറുകുന്ന് പുന്നച്ചേരിയില്‍ ഗാസ് സിലിന്‍ഡര്‍ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടിയുള്‍പെടെ അഞ്ചുപേര്‍ മരിച്ച വാര്‍ത്ത നാട് ഞെട്ടലോടെയാണ് കേട്ടത്. അപകടം നടന്ന് ഒരു മണിക്കൂറോളം മരിച്ചത് ആരെന്ന് തിരിച്ചറിത്തിരുന്നില്ല. പിന്നീടാണ് കാസര്‍കോട്ടെ ഭീമനടിയിലേക്ക് പോവുകയായിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമായത്.

ഭീമനടി കമ്മാടത്തെ ചൂരിക്കാടന്‍ സുധാകരന്‍ (49), ഭാര്യ അജിത (35), അജിതയുടെ പിതാവ് കൃഷ്ണന്‍ (65), അജിതയുടെ സഹോദരന്റെ മകന്‍ ആകാശ് (ഒന്‍പത്), കാറിന്റെ ഡ്രൈവര്‍ കാലിച്ചാനടുക്കത്തെ കെ എന്‍ പത്മകുമാര്‍ (59) എന്നിവരാണ് മരിച്ചത്.


പാപ്പിനിശേരി - പിലാത്തറ കെ എസ് ടി പി റോഡില്‍ പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ചരക്ക് ലോറിയുടെ പിന്നിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ ഗാസ് സിലിന്‍ഡര്‍ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുരുഷന്‍മാരും സ്ത്രീയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാമധ്യേയാണ് മരിച്ചത്.

പൂര്‍ണമായും ലോറിക്ക് അടിയില്‍പെട്ട കാര്‍ ഏറെ നേരത്ത ശ്രമഫലമായാണ് പുറത്തേക്കെടുക്കാന്‍ കഴിഞ്ഞത്. ലോറി പുറകോട്ടെടുത്ത് നീക്കി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. പ്രദേശവാസികളും അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


മകന്‍ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎയ്ക്ക് ചേര്‍ത്ത് ഹോസ്റ്റലിലാക്കി വരുന്നവഴി സുധാകരനും കുടുംബവും കോഴിക്കോട് കൃപാലയം ഹോസ്റ്റലില്‍ അന്തേവാസികളെ സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടത്തില്‍പെട്ടത്. കമ്മാടം മണാട്ടിക്കവലയിലെ റൈസ് മില്‍ ഉടമയാണ് മരിച്ച സുധാകരന്‍. കോഴിക്കോട് കൃപാലയം അന്തേവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു സുധാകരന്റെ കുടുംബവും പത്മകുമാറും. അവിടെ കഴിയുന്ന ബന്ധുവിനെ എല്ലാ മാസവും സുധാകരന്റെ വാഹനത്തില്‍ പോയാണ് സന്ദര്‍ശിക്കാറുള്ളത്. തിങ്കളാഴ്ചയും കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം കൃപാലയം അന്തേവാസികളെ കൂടി കണ്ട് മടങ്ങാന്‍ വേണ്ടിയാണ് രാവിലെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

മടക്കയാത്രയിലാണ് രാത്രി 10 മണിയോടെ ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ദുരന്തമുണ്ടായത്. കാറില്‍ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗാസ് സിലിന്‍ഡറുമായി പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏതാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ലോഹ കൂമ്പാരമായി മാറി. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ മറ്റു വാഹനങ്ങളില്‍ കയര്‍ കെട്ടി വലിച്ച് കാര്‍ നിവര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന അര മണിക്കൂറോളമെടുത്ത് കാര്‍ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തപ്പോഴെക്കും നാലുപേരും മരിച്ചിരുന്നു

അതീവ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മധ്യേയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ എ സി പി സിബി ടോമും കണ്ണപുരം പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മോടോര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords: News, Kerala, Kannur, Kannur-News, Victims, Accident, Accidental Death, Car, Lorry, Bheemanady Natives, Kripalayam inmates, Child, Woman, Road, Deadbodies, Hospital, Police, Victims of the accident were Bheemanady natives who returned after sharing love with Kripalayam inmates.

Post a Comment