Follow KVARTHA on Google news Follow Us!
ad

Thrissur | പോർക്കളത്തിൽ മൂന്നും വമ്പന്മാർ, ജനകീയത വോട്ടായി വീഴുമോ? തൃശൂർ അടുത്തറിയാം

ആർക്കും പിടികൊടുക്കാത്ത മണ്ഡലം Politics, Election, Thrissur, Lok Sabha election
/ കെ ആർ ജോസഫ്

(KVARTHA) തൃശൂരിൽ ഈ തിരഞ്ഞെടുപ്പിൽ നടക്കുന്നത് തീ പാറുന്ന മത്സരമാണ്. ബി.ജെ.പി യെ സംബന്ധിച്ച് തിരുവനന്തപുരം പോലെ തന്നെ എ ക്ലാസ് മണ്ഡലമായി കരുതുന്ന കേരളത്തിലെ ലോക് സഭാ മണ്ഡലമാണ് തൃശൂർ. മറ്റൊരിടത്ത് ഇക്കുറി അക്കൗണ്ട് തുറക്കാൻ പറ്റിയില്ലെങ്കിലും തൃശൂരിൽ അക്കൗണ്ട് തുറക്കാൻ പറ്റുമെന്നും ബി.ജെ.പി കേന്ദ്രനേതൃത്വം ഉറപ്പായും വിശ്വസിക്കുന്നു. നടൻ സുരേഷ് ഗോപിയാണ് തൃശൂരിൽ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുന്നത്. സിറ്റിംഗ് എം.പി ടി.എൻ പ്രതാപനെ മാറ്റി വടകര എം.പി ആയിരുന്ന കെ.മുരളീധരൻ ആണ് തൃശൂരിൽ യു.ഡി.എഫ് മത്സരിക്കാൻ ഇറക്കുന്നത്. എന്തുവിലകൊടുത്തും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നത് തടയുക എന്നതും യു.ഡി.എഫ് ലക്ഷ്യം വെയ്ക്കുന്നു.

Triangular Left-Congress-BJP Fight In Thrissur

മുൻ മന്ത്രി വി.എസ് സുനിൽ കുമാറാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. നാട്ടുകാരനായ സുനിൽ കുമാറിന് മണ്ഡലം മുഴുവൻ സുപരിചിതമാണ്. ഇടതുമുന്നണിയിൽ സി.പി.ഐ യുടെയും എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തൃശൂരും. ലീഡർ കെ കരുണാകരൻ്റെ മകൻ കോൺഗ്രസിലെ കെ മുരളീധരൻ, സി.പി.ഐയിലെ വി എസ് സുനിൽകുമാർ, ബി.ജെ.പിയിലെ സുരേഷ് ഗോപി ഇവർ മത്സരിക്കുന്നത് കൊണ്ട് തന്നെ തൃശൂരിനെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമാക്കുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെയും കണക്കെടുത്താൽ, ബി.ജെ.പി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് കഴിഞ്ഞതവണ സുരേഷ് ഗോപിയിലൂടെയാണ്. 2,93,822 വോട്ടും 28.19 ശതമാനം വോട്ടുവിഹിതവും ബി.ജെ.പി നേടി. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 17 ശതമാനം കൂടുതൽ വോട്ടുശതമാനം.

ഇത്തവണ, കേരളത്തിൽ ബി.ജെ.പി ലക്ഷ്യം വക്കുന്ന ഏറ്റവും പ്രധാന മണ്ഡലം എന്ന നിലയ്ക്ക് തൃശൂരിൽ ത്രികോണമത്സരപ്രതീതിയുണ്ടാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മണ്ഡലത്തിന്റെ രാഷ്ട്രീയമെന്നത് അതതു സമയത്തെ തീരുമാനമാണ്. 1998നു ശേഷമുള്ള ആറ് തിരഞ്ഞെടുപ്പുകളിലും മുന്നണികളെ മാറിമാറിയാണു പരീക്ഷിച്ചത്. തൃശൂരിന്റെ ചങ്കാണെന്നു പറഞ്ഞിരുന്ന കെ കരുണാകരനെപ്പോലും തോൽപിച്ചു. മകൻ മുരളീധരനും ഒരിക്കൽ തോറ്റു. നാട്ടുകാരനല്ലാത്ത പി.സി ചാക്കോയെയും മണ്ഡലവുമായി ഒരു പരിചയവുമില്ലാതിരുന്ന സി.കെ.ചന്ദ്രപ്പനെയും ജയിപ്പിച്ചു വിട്ടു. അതാണ് തൃശൂർ.

തൃശൂരിൻ്റെ രാഷ്ട്രീയ ചരിത്രം

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളാണ് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 1952-ലാണ് തൃശൂർ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് വരുന്നത്. കോൺഗ്രസിലെ ഇയ്യുണ്ണി ചാലക്കയായിരുന്നു ആദ്യ എം.പി. പിന്നീട് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയായിരുന്നു കമ്യൂണിസ്റ്റ് പിന്തുണയുള്ള എതിർ സ്ഥാനാർഥി. 13,938 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുണ്ടശ്ശേരിയെ ഇയ്യുണ്ണി തോൽപ്പിച്ചത്. മുണ്ടശ്ശേരിയുടെ ആദ്യ തെരഞ്ഞെടുപ്പുപോരാട്ടം കൂടിയായിരുന്നു ഇത്. കേരളപ്പിറവിക്കുശേഷം 1957-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പും. സി.പി.ഐ നേതാവ് കെ.കെ. വാര്യർക്കായിരുന്നു ജയം. തുടർന്ന്, 1957 മുതൽ 1980 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ സി.പി.ഐക്കായിരുന്നു ജയം.

ഇന്ദിരാഗാന്ധിയുടെ വധത്തെതുടർന്നുണ്ടായ സഹതാപതരംഗത്തിൽ, 1984- ൽ പി.എ ആന്റണിയിലൂടെ കോൺഗ്രസ് തൃശൂർ തിരിച്ചുപിടിച്ചു. 89-ലും പി.എ ആന്റണി തന്നെ ജയിച്ചു, 1991-ൽ കോൺഗ്രസിലെ പി.സി. ചാക്കോയും. 1971-ലും 1977-ലും സി.പി.എമ്മിനെ തോൽപ്പിച്ച രാഷ്ട്രീയചരിത്രവും സി.പി.ഐക്ക് സ്വന്തമായുണ്ട്. 1971-ൽ പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിനെയാണ് സി.പി.ഐയിലെ സി. ജനാർദ്ദനൻ തോൽപ്പിച്ചത്. 1996 മുതൽ 2019 വരെയുള്ള ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നു തവണ സി.പി.ഐയും (1996, 2004, 2014) മൂന്നു തവണ കോൺഗ്രസും (2004, 2009, 2019) ജയിച്ചു. ഇതിൽ സി.പി.ഐയുടെ വി.വി. രാഘവൻ 1996-ൽ കെ. കരുണാകരനെതിരെ 1480 വോട്ടിന്റെ ഭൂരിപക്ഷത്തിന് നേടിയ അട്ടിമറി ജയമാണ് ഏറ്റവും പ്രധാനം. കരുണാകരൻ ഏറ്റവും അധികം വേദനിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ എ.സി ജോസ് (കോൺഗ്രസ്- ഭൂരിപക്ഷം 11,632), സി.കെ. ചന്ദ്രപ്പൻ (സി.പി.ഐ- ഭൂരിപക്ഷം 45,961), പി.സി. ചാക്കോ (കോൺഗ്രസ്, ഭൂരിപക്ഷം- 25,151), സി.എൻ. ജയദേവൻ (സി.പി.ഐ, ഭൂരിപക്ഷം- 38,227), ടി.എൻ. പ്രതാപൻ (കോൺഗ്രസ്, ഭൂരിപക്ഷം- 93,633) എന്നിവരാണ് ജയിച്ചത്. ഇതിൽ ടി.എൻ. പ്രതാപന്റേതായിരുന്നു ഏറ്റവും കൂടിയ ഭൂരിപക്ഷം. സി.പി.ഐയിലെ രാജാജി മാത്യു തോമസിനെതിരെ 93,633 വോട്ടിന്റെ ഭൂരിപക്ഷം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിടത്തും എൽ.ഡി.എഫാണ് ജയിച്ചത്. നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ അതേ ജനവിധി ആവർത്തിക്കാറില്ല.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2015-ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂർ ജില്ലയിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. എന്നാൽ, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ടി.എൻ. പ്രതാപനായിരുന്നു ഭൂരിപക്ഷം. എൻ.ഡി.എയാകട്ടെ, തൃശൂർ ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും മൂന്നാം സ്ഥാനത്തായി. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ലീഡർ കെ. കരുണാകരനെയും കെ. മുരളീധരനെയും പദ്മജയെയും തോൽപ്പിച്ച മണ്ഡലം എന്ന 'ഖ്യാതി'യുള്ള തൃശൂരിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം അത്യന്തം ആന്റി ക്ലൈമാക്‌സുകൾ നിറഞ്ഞതാണ്. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സിറ്റിങ് എം.പിമാരെയോ സിറ്റിങ് പാർട്ടികളെയോ തോൽപ്പിച്ച ചരിത്രമാണ് തൃശൂരിനുള്ളത്.

1952 മുതൽ 2019 വരെയുളള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പത്തു തവണ ജയിച്ചത് സി.പി.ഐയാണ്. ഏഴു തവണ കോൺഗ്രസും. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് സി.പി.ഐ യ്ക്കും നിർണ്ണായകമാണ്. സാമുദായിക സമവാക്യം നോക്കിയാൽ മണ്ഡലത്തിൽ ഹിന്ദു, ക്രിസ്ത്യൻ വോട്ടുകളാണ് കൂടുതൽ. ഗുരുവായൂർ പോലുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളും നിർണ്ണായകമാണ്. ക്രിസ്ത്യൻ വിഭാഗത്തിൽ തന്നെ കത്തോലിക്കാ സഭാ കോൺഗ്രസിന് വോട്ട് ചെയ്ത പാരമ്പര്യമാണ് ഉള്ളത്. അതിന് ഇക്കുറി സുരേഷ് ഗോപിയിലൂടെ ഒരു മാറ്റം ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കത്തോലിക്കാ സഭയെ സ്വാധീനിക്കാൻ സുരേഷ് ഗോപി നടത്തിയ നീക്കങ്ങളൊക്കെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില:


ആകെ വോട്ടർമാർ: 13,36,399.
പോൾ ചെയ്തത്: 10,40,512.
ടി.എൻ. പ്രതാപൻ (യു.ഡി.എഫ്): 4,15,089.
രാജാജി മാത്യു തോമസ് (എൽ.ഡി.എഫ്): 3.21,456.
സുരേഷ് ഗോപി (എൻ.ഡി.എ): 2,93,822.
നിഖിൽ ചന്ദ്രശേഖരൻ (ബി.എസ്.പി): 2551.
എൻ.ഡി. വേണു (സി.പി.ഐ എം.എൽ. റെഡ് സ്റ്റാർ): 1330.
സുവിത്ത് (സ്വതന്ത്രൻ): 1133.
സോനു (സ്വതന്ത്രൻ): 1130.
കെ.പി. പ്രവീൺ (സ്വതന്ത്രൻ): 1105.

നോട്ട: 4.253.
അസാധു: 253.

ഭൂരിപക്ഷം: ടി.എൻ. പ്രതാപൻ: 93,633.

2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ മിന്നുന്ന പ്രകടനം തന്നെയാണ് തൃശൂരിൽ ശ്രദ്ധയാകർഷിച്ചത്. തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്നുള്ള സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗ് ഒരുപാട് പേർ ഏറ്റെടുത്തിരുന്നു. അതുകൊണ്ട് ഇക്കുറി ഒരു വിജയം സുരേഷ് ഗോപിയ്ക്ക് തൃശൂരിൽ വോട്ടർമാർ കൊടുക്കുമോ..? അതോ, മുരളീധരനെയോ സുനിൽ കുമാറിനെയോ ആയിരിക്കുമോ ജയിപ്പിക്കുക. ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ തൃശൂരിൽ. ആർക്കും ഒരിക്കലും പിടികൊടുക്കാത്ത തൃശൂരിൻ്റെ മനം അറിയാൻ തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കണം.

Keywords: Politics, Election, Thrissur, Lok Sabha Election, BJP, Kerala, UDF LDF, BSP, Suresh Gopi, TN Prathapan, Rajaji Mathew Thomas, Triangular Left-Congress-BJP Fight In Thrissur.

Post a Comment