Follow KVARTHA on Google news Follow Us!
ad

Palakkad | ചരിത്രം ഇക്കുറി മാറുമോ? വി കെ ശ്രീകണ്ഠനില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാൻ വിജയരാഘവൻ; അത്ഭുതം കാണിക്കാൻ കൃഷ്ണകുമാർ; പാലക്കാട് അടുത്തറിയാം

മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടം, Politics, Election, Palakkad, Lok Sabha election

/ ഏദൻ ജോൺ

(KVARTHA)
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. പാലക്കാട്ടെ മത്സരം മൂന്ന് മുന്നണികളുടെയും അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎമ്മും ഏവരെയും ഞെട്ടിച്ച് പിടിച്ചെടുത്ത ലോക്‌സഭാ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പരമാവധി കരുത്തുകാട്ടാന്‍ ബിജെപിയും രംഗത്തിറങ്ങുന്ന പാലക്കാട് ഇത്തവണ മൂന്ന് മുന്നണികള്‍ക്കും അഭിമാനപ്പോരാട്ടം തന്നെയാണ്. മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെയാണ് സിപിഎം പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയത്. സിറ്റിങ് എംപി വി കെ ശ്രീകണ്ഠനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ ബിജെപിയും കളത്തിലിറക്കിയിരിക്കുന്നു.

News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Triangular fight for supremacy in Palakkad.

1996 മുതല്‍ 2014 വരെ എല്‍ഡിഎഫിന്റെ കോട്ടയായി തുടര്‍ന്ന പാലക്കാടിന്റെ ചരിത്രം കോണ്‍ഗ്രസ് മാറ്റിയെഴുതിയ തെരഞ്ഞെടുപ്പ് ആയിരുന്നു 2019 ലേത്. യുഡിഎഫ് നേതാക്കൾ പോലും വലിയ പ്രതീക്ഷ അർപ്പിച്ച മണ്ഡലമായിരുന്നില്ല പാലക്കാട്. ആകെ വിജയ പ്രതീക്ഷ ഉണ്ടായിരുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠനുമാത്രമായിരുന്നു. ഇടത് കോട്ടയായി ഏറെക്കാലം വാഴ്ത്തപ്പെട്ട പാലക്കാട് ലോക്‌സഭാ മണ്ഡലം തങ്ങള്‍ക്ക് ഒരു ബാലികേറാമലയല്ലെന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും വി.കെ ശ്രീകണ്ഠനും തെളിയിക്കുകയായിരുന്നു. സിപിഎം ദേശീയ നേതാവെങ്കിലും പാലക്കാട്ടുകാര്‍ക്ക് സുപരിചിതനാണ് എ വിജയരാഘവന്‍. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തെ ലോക്‌സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ ആ ലോക്‌സഭാംഗത്വത്തിന് 343 ദിവസം മാത്രമായിരുന്നു കാലാവധി.

33 വര്‍ഷത്തിനിപ്പുറം എ വിജയരാഘവന്‍ വീണ്ടും പാലക്കാട് മത്സരത്തിന് ഇറങ്ങുമ്പോള്‍ ആ നാടിന്റെ രാഷ്ട്രീയവും സാഹചര്യങ്ങളും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുന്‍പ് പാര്‍ട്ടിയേല്‍പ്പിച്ച അതേ ദൗത്യമാണ് എ വിജയരാഘവന് ഇത്തവണയും മുന്നിലുള്ളത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിയില്‍നിന്ന് പാലക്കാടന്‍ കോട്ട തിരിച്ചുപിടിക്കുക. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ളതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. പാലക്കാട് പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്ന 1957 ന് ശേഷം കോണ്‍ഗ്രസ് അഞ്ച് തവണയും ഇടതുമുന്നണി 11 തവണയും വിജയികളായി.


മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രം

1952 മുതല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം നിലവിലുണ്ട്. രാജ്യം നേരിട്ട രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി കുഞ്ഞന്‍ വിജയിച്ചു. 1967-ല്‍ ഇ കെ നായനാരും 1971-ല്‍ എ.കെ. ഗോപാലനും പാലക്കാടിന്റെ പ്രതിനിധികളായി പാര്‍ലമെന്റിലെത്തി. ഇടതുപക്ഷത്തിന്റെ ഈ മുന്നേറ്റത്തിന് തടയിട്ട് 1977 -ല്‍ കോണ്‍ഗ്രസിന്റെ എ. സുന്നാസാഹിബ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1980 ലും സഹതാപ തരംഗം ആഞ്ഞടിച്ച 84 ലും കോണ്‍ഗ്രസിന്റെ തന്നെ വി.എസ് വിജയരാഘവനാണ് പാര്‍ലമെന്റിലെത്തിയത്. 1989ല്‍ സി.പി.എമ്മിന്റെ എ. വിജയരാഘവന്‍ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 1991-ല്‍ കോണ്‍ഗ്രസിന്റെ വി.എസ്. വിജയരാഘവന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ വിജയിച്ചുകയറിയതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും എന്‍.എന്‍. കൃഷ്ണദാസ് മണ്ഡലം നിലനിര്‍ത്തി.

2009 ലാണ് പാലക്കാട് മണ്ഡലം പുനഃസംഘടിപ്പിക്കപ്പെട്ടത്. അന്ന് മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ മാറ്റം വന്നു. ആലത്തൂരും ചിറ്റൂരും പഴയ കൊല്ലങ്കോടുമെല്ലാം അന്ന് പാലക്കാട്ട് നിന്ന് മാറി. പകരം ഷൊര്‍ണൂരും ഒറ്റപ്പാലവും പട്ടാമ്പിയും പാലക്കാടിന്റെ ഭാഗമായി. ഈ പുന:സംഘടന ആ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കി. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ് എം.ബി രാജേഷിന് തന്റെ കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ രാജേഷ് ആ ക്ഷീണം തീര്‍ത്തു. യു.ഡി.എഫിന്റെ എം.പി. വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് രാജേഷ് മറികടന്നത്. എന്നാല്‍ 2019 ല്‍ കഥമാറി. മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു.

വര്‍ഷങ്ങളായി മണ്ഡലം ഇടതുപക്ഷത്ത് നില്‍ക്കുകയും യു.ഡി.എഫിന്റെ പ്രാതിനിധ്യം ഏഴില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയും ചെയ്യുമ്പോഴാണ് കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ കേരളത്തെയാകെ അമ്പരപ്പിച്ച് സിറ്റിങ് എം.പി. എം.ബി. രാജേഷിനെ പരാജയപ്പെടുത്തി വി.കെ ശ്രീകണ്ഠന്‍ അട്ടിമറി വിജയത്തിലൂടെ മണ്ഡലം പിടിച്ചടക്കുകയായിരുന്നു. വികെ. ശ്രീകണ്ഠനില്‍ നിന്ന് ഇടതുപക്ഷം മണ്ഡലം പിടിച്ചടക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പാലക്കാട് ഇത്തവണ തേടുന്നത്. 29.6 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ സിഎഎയും ഏക സിവില്‍ കോഡും സജീവ ചര്‍ച്ചയാക്കാന്‍ മുന്നണികൾ ശ്രമിക്കുന്നു. ഇതിനൊപ്പം ബിജെപി സ്വാധീനമുള്ള മേഖലകളില്‍ പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ ഒപ്പം നിര്‍ത്താനുമുള്ള ശ്രമങ്ങളാണ് യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കാൻ ഇടതുപക്ഷം കരുതല്‍ കാണിക്കുമ്പോൾ യു.ഡി.എഫും ബിജെപി യും അത് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് നീങ്ങുന്നത്. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, ഐഐടി, ദേശീയപാത വികസനം, ഫുഡ്‌പാര്‍ക്ക്, ഫിലിം പാര്‍ക്ക്, അട്ടപ്പാടിക്കുള്ള 2400 കോടി രൂപയുടെ പാക്കേജ്, അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയും കുടിവെള്ള പ്രശ്നം, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ്, വന്യ ജീവി ആക്രമണം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് എന്നിവയൊക്കെ തന്നെയും പാലക്കാട് ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി കഴിഞ്ഞു.

കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ നേടിയത് 399, 274 വോട്ടുകളാണ് (38.8 ശതമാനം). എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ എം.ബി രാജേഷിന് കിട്ടിയത് 387, 637 വോട്ടുകൾ (37.7 ശതമാനം). എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നേടിയത് 218, 556 വോട്ടുകൾ (21.3 ശതമാനം). ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പാലക്കാട് ലോക് സഭാ മണ്ഡലത്തിൽ ബി.ജെ.പി യുടെ നില മെച്ചപ്പെടുന്നതാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നിരുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് പാലക്കാട് മണ്ഡലത്തില്‍ 12.5 ശതമാനം എസ്.സി. വോട്ടര്‍മാരും, 2.1 ശതമാനം എസ്.ടി വോട്ടര്‍മാരുമാണ്. മുസ്ലി വോട്ടര്‍മാര്‍ 29.6 ശതമാനം വരും. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ 3.6 ശതമാനവും . ഹിന്ദു വോട്ടര്‍മാര്‍ 66.8 ശതമാനവുമാണ്.

13,23,010 വോട്ടര്‍മാരാണ് പാലക്കാട് മണ്ഡലത്തിലുള്ളത്. ഇതില്‍ 2019 ല്‍ 10,19,337 പേരാണ് വോട്ട് ചെയ്തത്. 7.77 ശതമാനം പോളിങ് രേഖപ്പെടുത്തി. എന്തായാലും ഇക്കുറി പാലക്കാട് നടക്കുന്നത് മൂന്ന് മുന്നണികളുടെയും അഭിമാനപ്പോരാട്ടമാണ്. നഷ്ടപ്പെട്ട കോട്ട വീണ്ടെടുക്കാനും പിടിച്ചടക്കിയത് നിലനിര്‍ത്താനുമുള്ള പോരാട്ടം. ഇരുമുന്നണികൾക്ക് വെല്ലുവിളി ഉയർത്തി ബി.ജെ.പിയും രംഗത്തുണ്ട്. ആരാണ് ഇത്തവണ പാലക്കാടിൻ്റെ ചരിത്രം മാറ്റിയെഴുതുക. ഫലം വരും വരെ കാത്തിരിക്കാം.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Triangular fight for supremacy in Palakkad.

Post a Comment