Follow KVARTHA on Google news Follow Us!
ad

Malappuram | ലീഗ് കോട്ടയിൽ വിള്ളൽ ഉണ്ടാക്കുക അസാധ്യം! മലപ്പുറം അടുത്തറിയാം

ഇ ടി മുഹമ്മദ് ബഷീരും വി വസീഫും നേർക്കുനേർ, Politics, Election, Malappuram, Lok Sabha election

/ ഡാനിയ ജോസ്

(KVARTHA) മുസ്ലിം ലീഗിൻ്റെ ഉറച്ച കോട്ടയാണ് മലപ്പുറം ലോക്സഭാ മണ്ഡലം. അവിടെ യു.ഡി.എഫിൻ്റെ ഘടകകക്ഷിയായ ലീഗിൻ്റെ സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന് വിശ്വസിക്കുന്നവർ കുറവാണ്. 2021ലെ മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ എം പി അബ്ദുസമദ് സമദാനിയാണ് ഇവിടെ നിന്ന് വിജയിച്ചത്. അദ്ദേഹം ഇക്കുറി പൊന്നാനിയിലേയ്ക്ക് മാറി മത്സരിക്കുന്നതിനാൽ ലീഗിൻ്റെ മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറാണ് ഇത്തവണ മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മലപ്പുറത്തു നിന്ന് മത്സരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയായ ഡോ. എം അബ്ദുൽ സലാമാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ 2024ല്‍ ബിജെപി സ്ഥാനാര്‍ഥി.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Malappuram: No possibility of change in this stronghold.

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര‍, വള്ളിക്കുന്ന് എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മലപ്പുറം ലോക്സഭ നിയോജക മണ്ഡലം. മഞ്ചേരി ലോക്സഭാ മണ്ഡലം ഇല്ലാതായാണ് മലപ്പുറം ലോക്സഭാ മണ്ഡലം നിലവിൽ വന്നത്. 2008 ലെ മണ്ഡല പുന:ക്രമീകരണത്തിലാണ് മലപ്പുറം ലോക്‌സഭ മണ്ഡലം രൂപീകൃതമായത്. 2001ലെ ജനസംഖ്യ കണക്ക് അനുസരിച്ച് നടത്തിയ മണ്ഡല പുനർ‌നിർണയത്തോടെയാണ് മഞ്ചേരി ഇല്ലാതായത്. മലപ്പുറം ഇന്ന് ലീഗിന്‍റെ ഉരുക്ക് കോട്ടയാണ്. അട്ടിമറി നടക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം. അത് എല്ലാവർക്കും അറിവുള്ള കാര്യവുമാണ്. യു.ഡി.എഫിന് ഏതൊക്കെ സീറ്റുകൾ നഷ്ടമായാലും പൊന്നാനിയും മലപ്പുറം സുരക്ഷിതമായിരിക്കുമെന്ന് അവർ എപ്പോഴും വിശ്വസിക്കുന്നു.


മണ്ഡലത്തിൻ്റെ രാഷ്ട്രിയ ചരിത്രം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ അടിയുറച്ച കോട്ടകളിലൊന്നാണ് മലപ്പുറം ലോക്‌സഭ മണ്ഡലം. മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന 1952ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ പിന്നീട് മഞ്ചേരിയായപ്പോഴും മലപ്പുറമായപ്പോഴും ലീഗിനെ സുരക്ഷിതമായി കാത്ത മണ്ഡലം. യുഡിഎഫ് കനത്ത തോല്‍വി രുചിച്ച 2004ല്‍ മഞ്ചേരിയില്‍ ടി കെ ഹംസ അട്ടിമറി വിജയം നേടിയത് ഒഴിച്ചാല്‍ എന്നെന്നും ലീഗ് കോട്ടയാണ് പഴയ മഞ്ചേരിയും ഇപ്പോഴത്തെ മലപ്പുറം ലോക്‌സഭ മണ്ഡലവും. മലപ്പുറം മണ്ഡലം രൂപീകൃതമായി 2009 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്‍റും അന്നത്തെ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് വിജയിച്ചു. സിപിഎം നേതാവ് ടി കെ ഹംസയെ 1,15,597 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പാർലമെന്‍റിൽ എത്തിയ അഹമ്മദ് രണ്ടാം വട്ടവും മന്ത്രിയായി.

2014-ലെ തെരഞ്ഞെടുപ്പിലും അഹമ്മദ് വിജയം ആവർത്തിച്ചു. ഭൂരിപക്ഷം 1,94,739 ആയി വർധിച്ചു. എംപിയായി തുടരവേ 2017 ഫെബ്രുവരി ഒന്നിന് ഇ അഹമ്മദ് അന്തരിച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,71,038 വോട്ടുകൾക്കായിരുന്നു വിജയം. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം 2,60,153 ആയി ഉയർത്തി. നിയമസഭയിലേക്ക് ജനവിധി തേടാൻ വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് മലപ്പുറം ഒരിക്കൽ കൂടി ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു. 2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ ആറിന് മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പും നടത്തി. മെയ് രണ്ടിന് നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഫലത്തോടൊപ്പം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനവും വന്നു.

തെരഞ്ഞെടുപ്പിൽ മുൻ രാജ്യസഭ എംപികൂടിയായിരുന അബ്‌ദുസമദ് സമദാനി 1,14,615 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മലപ്പുറത്തിന്‍റെ എം പിയായി തുടരുന്നു. 2021 മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സമദാനിക്ക് 5,38,248 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാനു നേടിയത് 4,23,633 വോട്ടുകള്‍. ബിജെപിക്കായി മത്സരിച്ച എ പി അബ്‌ദുള്ളക്കുട്ടി 68,935 വോട്ടുകളിലൊതുങ്ങി. ഇതിന് മുമ്പ് 2019ലെ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചിരുന്നു. അന്നും സാനുവായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സാമുദായിക പരിഗണന വെച്ചു നോക്കിയാൽ ഈ മണ്ഡലത്തിൽ മുസ്ലിം വോട്ടർമാരാണ് കൂടുതൽ. പൗരത്വ ഭേദഗതി ബില്ലും ഏക സിവിൽ കോഡും ഒക്കെയാണ് ഇവിടുത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ.

പരമ്പരാഗതമായി കോൺഗ്രസിനോടും ലീഗിനോടും ചേർന്നു നിൽക്കുന്നവരാണ് മുസ്ലിം സമുദായാംഗങ്ങൾ. ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവരിൽ ഭൂരിപക്ഷം പേരും. ബി.ജെ.പി മറ്റ് മണ്ഡലങ്ങളിലൊക്കെ കുറഞ്ഞ നാൾ കൊണ്ട് വലിയ സ്വാധീനം സൃഷ്ടിച്ചപ്പോൾ ബി.ജെ.പിയുടെ പ്രവർത്തനം അത്രകണ്ട് ഏശാത്ത മണ്ഡലം കൂടിയാണ് മലപ്പുറം. ബി.ജെ.പി ക്ക് കാര്യമായ ചലനം സൃഷ്ടിക്കാനാവില്ലെന്ന് സാരം. എന്തായാലും ലീഗ് കോട്ടയിൽ മറ്റ് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ പ്രവചനങ്ങൾക്കൊന്നും വലിയ സ്ഥാനമില്ല. ലീഗ് കോട്ട ലീഗ് കോട്ട തന്നെയാണ്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Malappuram: No possibility of change in this stronghold.

Post a Comment