Follow KVARTHA on Google news Follow Us!
ad

Alathur | രമ്യാ ഹരിദാസ് ഇക്കുറിയും പാട്ടുപാടി ജയിക്കുമോ, വീഴ്ത്തുമോ മന്ത്രി കെ രാധാകൃഷ്ണൻ? ആലത്തൂർ അടുത്തറിയാം

കർഷകരും തൊഴിലാളികളും കൂടുതലുള്ള മേഖല Politics, Election, Chalakudy, Lok Sabha election
/ സോണൽ മൂവാറ്റുപുഴ

(KVARTHA) ആലത്തൂർ ലോക് സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രമുള്ളപ്പോൾ അങ്കം കൊഴുക്കുന്ന കാഴ്ചയാണ് കാണുന്നത്. മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി നിലവിലെ ആലത്തൂർ എം.പി രമ്യാ ഹരിദാസിൻ്റെ പ്രവർത്തനം . എന്നാൽ ആലത്തൂർ തിരിച്ച് പിടിച്ചേ മടങ്ങി വരൂ എന്ന ലക്ഷ്യത്തോടെയാണ് ആലത്തുരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ നീങ്ങുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും ഇരുകൂട്ടർക്കും വേണ്ടതില്ല. ആലത്തൂരിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ എൻ.ഡി.എ യുടെ ടി എന്‍ സരസുവും ഉണ്ട്. പ്രധാനമന്ത്രി അടക്കം പ്രചാരണത്തിനെത്തിയതിന്റെ ആത്മവിശ്വാസം ബിജെപിക്കുമുണ്ട്.

News, Malayalam News, Kerala, Alathur, Politics, Election, Chalakudy, Lok Sabha election,

 കഴിഞ്ഞ തവണ സംഭവിച്ചത് ആവർത്തിക്കരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. അത് കൊണ്ടാണ് മുൻ സ്പീക്കറും സംസ്ഥാന മന്ത്രിയുമായ കെ രാധാകൃഷ്ണനെക്കാൾ മികച്ച ഒരു സ്ഥാനാർഥി ഇല്ലെന്ന കണക്കു കൂട്ടലിൽ അദ്ദേഹത്തെ തന്നെ അങ്കത്തിനിറക്കാൻ സി.പി.എം നേതൃത്വം തീരുമാനിച്ചത്. ചേലക്കരയിൽ നിന്ന് 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്. പാർട്ടിയിലെ ചുരുക്കം ചില ജനകീയ മുഖങ്ങളിൽ ഒരാളാണ് കെ രാധാകൃഷ്ണൻ. പാർട്ടിക്കകത്തും പുറത്തുമുള്ള ക്ലീൻ ചീറ്റ് അദ്ദേഹത്തിന് തുണയാകും എന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. 2019 ൽ കേരളത്തിൽ നിന്ന് പാർലമെൻറിൽ എത്തിയ ഏക വനിതാ എംപിയാണ് രമ്യ ഹരിദാസ്. കേരളത്തിലെ രണ്ടാമത്തെ ദളിത് വനിതാ എംപിയും രമ്യയാണ്. രമ്യ 'ആലത്തൂരിന്റെ പെങ്ങളൂട്ടിയാണെന്ന' തരത്തിൽ കോൺഗ്രസ് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രചാരണ പരിപാടികളും കഴിഞ്ഞ തവണ വിജയം കണ്ടു.

ആലത്തൂർ ലോക് സഭാ മണ്ഡലം എന്നത് മാവേലിക്കരപോലെ തന്നെ കേരളത്തിലെ രണ്ടാമത്തെ പട്ടികജാതി സംവരണ മണ്ഡലമാണ്. പട്ടികജാതി സംവരണ മണ്ഡലമായ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം 2008 ലെ മണ്ഡലം പുനഃക്രമീകരണത്തില്‍ രൂപീകൃതമായതാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാ ണ് ആലത്തൂര്‍ ലോക്‌സഭാ നിയോജകമണ്ഡലം. മുൻ രാഷ്ട്രപതി കെആര്‍ നാരായണന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂര്‍ ആയി മാറിയത്. കെആര്‍ നാരായണന് ശേഷം ഒരു കോണ്‍ഗ്രസ് നേതാവിനും അവിടെ പച്ചകുത്താനായിട്ടില്ല. അതിനാല്‍ തന്നെ ആലത്തൂര്‍ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്.

2009, 2014 വര്‍ഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പികെ ബിജു വിജയിച്ചപ്പോള്‍ 2019 ല്‍ യു.ഡി.എഫിലെ രമ്യ ഹരിദാസ് ആലത്തൂർ ലോക് സഭാ മണ്ഡലം യു.ഡി.എഫിന് വേണ്ടി പിടിച്ചെടുക്കുകയായിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോഴിക്കോടുകാരിയുമായ രമ്യ ഹരിദാസിനെ അന്ന് എഐസിസി അധ്യക്ഷനായ രാഹുല്‍ ഗാന്ധി നേരിട്ട് തിരഞ്ഞെടുത്ത് ആലത്തൂരിൽ സ്ഥാനാർത്ഥി ആക്കുകയായിരുന്നു. അതിൽ യു.ഡി.എഫ് വിജയം കാണുകയും ചെയ്തു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെ രമ്യ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസംഗത്തിനിടയിൽ നാടൻ പാട്ടുകളും മറ്റും പാടുന്ന രമ്യയുടെ ശൈലിയും ആലത്തൂരിൽ വൻ തോതിൽ സ്വീകരിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പാട്ടുപാടി ജനങ്ങളെ കൈയിലെടുത്ത നേതാവാണ് രമ്യ ഹരിദാസ്. അങ്ങനെയാണ് ഇടതുമുന്നണി കോട്ടയും പട്ടികജാതി സംവരണ മണ്ഡലവുമായ ആലത്തൂരില്‍ രമ്യ കോണ്‍ഗ്രസിന് വിജയം നേടികൊടുത്തത്.

ആലത്തൂരിൻ്റെ രാഷ്ട്രീയ ചരിത്രം

സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ആലത്തൂർ. മണ്ഡലം രുപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ വിജയം കണ്ടു. എന്നാൽ മൂന്നാം തവണ അട്ടിമറി വിജയത്തിലൂടെ യുഡിഎഫ് മണ്ഡലം നേടി. 2009 വരെ സിപിഎമ്മിന്റെ കോട്ട തന്നെയായിരുന്നു ഒറ്റപ്പാലം മണ്ഡലം. അത് നിലനിർത്താൻ തന്നെയാണ് സിപിഎം ശ്രദ്ധിച്ചത്. 2009 ലോക്സഭാ തിരെഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. അന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ എൻ കെ സുധീർ യുഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ എം ബിന്ദുവും അത്തവണ കളത്തിൽ ഇറങ്ങി. 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി കെ ബിജു വിജയിച്ചു. 46.84 ശതമാനം ( 387,352) വോട്ടുകൾ നേടി. എതിർ സ്ഥാനാർഥിയായിരുന്ന എൻ കെ സുധീർ 44.31 ശതമാനം (3,66,392) വോട്ടുകൾ ആണ് നേടിയത്. എം ബിന്ദു 6.52 ശതമാനം നേടി ഒതുങ്ങി.

സിപിഎമ്മിന്റെ ഉറച്ച കോട്ടയായി ആലത്തൂർ തുടർന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും പികെ ബിജു തന്നെയായിരുന്നു ഇടത് സ്ഥാനാർഥി. തത്തമംഗലം നഗരസഭാ ആധ്യക്ഷയായ കോൺഗ്രസിന്റെ ഷീബയായിരുന്നു എതിർ സ്ഥാനാർഥി. ബിജെപി ഷാജു മോൻ വട്ടേക്കാടിനെ കളത്തിൽ ഇറക്കി. ആകെ 12 സ്ഥാനാർഥികളാണ് അക്കൊല്ലം ആലത്തൂരിൽ മാറ്റുരച്ചത്. സിപിഎമ്മിന്റെ ഏറ്റവും മികച്ച കേഡർ സംവിധാനത്തിന്റെ ബാലത്തിൽ പികെ ബിജു മണ്ഡലം നിലനിർത്തി. ഭൂരിപക്ഷം 37,444 വോട്ടായി വര്‍ധിച്ചു. എന്നാൽ വോട്ടുവിഹിതം കുറഞ്ഞ് 44.34 ശതമാനമായി. ഒപ്പം ബിജെപിയുടെ വോട്ടു വിഹിതം ഉയർന്ന് 9.45 ശതമാനമായതും ശ്രദ്ധേയമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി അക്കുറി മണ്ഡലത്തിൽ നടന്നു. 21,417 പേർ നോട്ടക്ക് വോട്ടു രേഖപ്പെടുത്തി.

വൻ അട്ടിമറിയാണ് ആലത്തൂരിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടന്നത്. മൂന്നാമൂഴം മുന്നിൽ കണ്ട് വിജയം ഉറപ്പിച്ച് തന്നെയാണ് പികെ ബിജുവിനെ വീണ്ടും സിപിഎം ഇറക്കിയത്. കോൺഗ്രസ് അവതരിപ്പിച്ചതാകട്ടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോഴിക്കോടുകാരിയുമായ രമ്യ ഹരിദാസിനെ. അന്ന് എഐസിസി അധ്യക്ഷനായ രാഹുല്‍ ഗാന്ധി നേരിട്ട് തിരഞ്ഞെടുത്ത കേരളത്തിലെ ഏക സ്ഥാനാര്‍ഥി കൂടിയായിരുന്നു രമ്യ. ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാവ് എ വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ രമ്യക്കെതിരെ നടത്തിയ വിവാദ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് കൂടി വഴി വെച്ചതോടെ രമ്യക്ക് വിജയം ഏതാണ്ട് എളുപ്പമായി. എൻഡിഎയുടെ ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസ് ആണ് അത്തവണ മത്സരിച്ചത്. ടിവി ബാബു ആയിരുന്നു സ്ഥാനാർഥി. അത്തവണ കേരളത്തിലാകെമാനം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം ആലത്തൂരും ഇടതുപക്ഷത്തെ കൈവിട്ടു.

പികെ ബിജുവിനെ തള്ളി ആലത്തൂരുകാർ കോൺഗ്രസിന്റെ കൈ പിടിച്ചു. അതും ചെറിയ പരാജയമല്ല ബിജു നേരിട്ടത്. രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ പാട്ടും പാടി ജയിച്ചു. 52.4 ശതമാനം (533,815) വോട്ടുകളാണ് രമ്യ നേടിയത്. 27 വർഷത്തിന് ശേഷമാണ് ആലത്തൂരിൽ ഇടത് പക്ഷം തോൽവി അറിയുന്നത്. 36.8 ശതമാനം വോട്ട് മാത്രമാണ് പികെ ബിജു നേടിയത്. വൻ പതനമാണ് ആലത്തൂരിൽ ഇടതുപക്ഷം അക്കുറി കണ്ടത്. രമ്യ ഹരിദാസ് -5,33,815, ഡോ. പികെ ബിജു - 3,74,847, ടിവി ബാബു - 89,837 എന്നിങ്ങനെയാണ് 2019ലെ വോട്ടുനില.

ഇത്തവണ പ്രധാന പ്രചാരണ വിഷയങ്ങൾ കാർഷിക പ്രശ്നങ്ങളും കുടിവെള്ള പ്രശ്നങ്ങളും തന്നെയാണ്. നെല്ല് സംഭരണം, പറമ്പിക്കുളത്തെ വെള്ളം എത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മുതലമട പ്രശ്നങ്ങൾ തുടങ്ങി പാലക്കാടിന്റെ കിഴക്കൻ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്. ഈ ചർച്ചകൾ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സജീവമാണ്. കർഷകരും തൊഴിലാളികളും അടങ്ങുന്നതാണ് ആലത്തൂരിലെ ജനവിഭാഗം. തൊഴിലാളി വർഗങ്ങളും കർഷക സംഘടനകളും സജീവമാണ്. അതുകൊണ്ട് തന്നെ സിപിഎം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്ന പ്രദേശം കൂടിയാണിത്. ഇടതുപക്ഷ തൊഴിലാളി സംഘടനകളും സജീവം. സ്വാഭാവികമായും രൂപീകൃതമായ കാലം മുതൽക്കേ എൽഡിഎഫിനോടാണ് ആലത്തൂരുകാർ അനുഭവം കാണിച്ചത്. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ വീശിയടിച്ച 'രാഹുലിസ'ത്തിൽ ആലത്തൂരും ഇടതുപക്ഷത്തെ കൈവിടുകയായിരുന്നു.

കർഷകരും തൊഴിലാളികളും കൂടുതലുള്ള മേഖലയായതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളാണ് ആലത്തൂരുകാർ അഭിമുഖീകരിക്കുന്നത്. വരൾച്ച പ്രശ്നങ്ങൾ, നെല്ലിന്റെ സംഭരണ തുക ലഭിക്കാത്തത്, മറ്റ് കാർഷിക പ്രശ്നങ്ങൾ, വന്യജീവി ശല്യം, വികസന പ്രശ്നങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം, സഹകരണ ബാങ്ക് തട്ടിപ്പുകൾ തുടങ്ങിയവയും മണ്ഡലത്തിലെ തിരെഞ്ഞെടുപ്പ് കാലത്തെ ചർച്ചകളാണ്. 2019ലെ കണക്കുപ്രകാരം മൊത്തം വോട്ടർമാർ 12,66,794 ആണ്. 2019 ലെ ആകെ വോട്ടുകൾ 10,18,743 ആണ്. വോട്ടെടുപ്പ് ശതമാനം 80.419 ഉം. ആകെ പുരുഷ വോട്ടർമാർ 4,93,240, ആകെ വനിത വോട്ടർമാർ 5,22,650. സമുദായികമായി നോക്കുകയാണെങ്കിൽ ഹൈന്ദവ, ക്രൈസ്തവ, വിഭാഗങ്ങളും ദളിതരും ആണ് ഈ മണ്ഡലത്തിൽ കൂടുതൽ. ഇവരാണ് ഇവിടുത്തെ രാഷ്ട്രീയ ഗതിയെ നിയന്ത്രിക്കുന്നത്. ആലത്തൂരിൽ നിലവിലെ എം.പി രമ്യാ ഹരിദാസ് ഇക്കുറിയും പാട്ടുപാടി ജയിക്കുമോ അതോ, വിജയം രാധാകൃഷ്ണനോ സരസുവിനോ? അതിനായി ഫലം വരെ കാത്തിരിക്കാം.

Keywords: News, Malayalam News, Kerala, Alathur, Politics, Election, Chalakudy, Lok Sabha election, Lok Sabha Polls 2024: K Radhakrishnan vs Ramya Haridas in Alathur constituency
< !- START disable copy paste -->

Post a Comment