Follow KVARTHA on Google news Follow Us!
ad

Kannur | സുധാകരൻ, ജയരാജൻ, രാഘുനാഥൻ; ഏത് കരുത്തൻ വീഴും? കണ്ണൂർ അടുത്തറിയാം

മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും തട്ടകം Politics, Election, Vadakara, Lok Sabha election
/ ഏദൻ ജോൺ

(KVARTHA) കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കടുക്കുകയാണ്. നിലവിലെ എം.പി കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കണ്ണൂരിൽ മത്സരിക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുന്നത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആണ്. കെ സുധാകരൻ്റെ സഹയാത്രികനായി നിഴൽപോലെ നടന്നിരുന്ന സി രഘുനാഥ് ആണ് ഇക്കുറി കണ്ണൂരിൽ എൻഡിഎ സ്ഥാനാർഥി. ഇടതുമുന്നണിയ്ക്ക് വലിയ വേരോട്ടമുള്ള കണ്ണൂർ ലോക്സഭാ മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കണമെന്ന സിപിഎമ്മിൻ്റെ ഉറച്ച തീരുമാനമാണ് എംവി ജയരാജനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിലുള്ളത്. സുധാകരനെതിരെ ഏറ്റവും കരുത്തനായ എതിരാളിയായി എംവി ജയരാജനെ ഇറക്കിയതിലൂടെ ഇക്കുറി പാര്‍ട്ടിവോട്ടുകള്‍ ചോരില്ലെന്ന വ്യക്തമായ സന്ദേശമാണ് സിപിഎം നല്‍കിയിരിക്കുന്നത്.
News, Malayalam News, Kannur, Politics, Election, Vadakara, Lok Sabha election,

അവസാനനിമിഷം വരെ മത്സരിക്കാനില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറി നിന്ന സുധാകരന്‍ ഹൈക്കമാന്‍ഡ് പറഞ്ഞതനുസരിച്ചാണ് മനസില്ലാ മനസ്സോടെ ഇക്കുറിയും കളത്തിലിറങ്ങിയത്. അല്‍പം വൈകിയെങ്കിലും സ്വതസിദ്ധമായ ചടുലതയോടെ കളംപിടിക്കുന്ന സുധാകരനെയാണ് പിന്നീട് കണ്ടത്. കണ്ണൂരില്‍ സുധാകരനല്ലെങ്കില്‍ മറ്റാരെന്ന ചോദ്യം കോണ്‍ഗ്രസില്‍ നിന്നു മാത്രമല്ല എതിരാളികളില്‍ നിന്നുപോലും പലപ്പോഴും ഉയരാറുണ്ട്. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ കയറി വോട്ടു പിടിക്കാനുളള അന്യാദൃശ്യമായ കഴിവാണ് മിന്നല്‍പിണറായി സുധാകാരനെ മാറ്റുന്നത്. ആര്‍ക്കുനേരെയും കൈചൂണ്ടി ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുന്ന മറ്റൊരാള്‍ കോണ്‍ഗ്രസില്‍ ഇല്ല. പലപ്പോഴും സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നടിക്കുന്നതാണ് സുധാകരനിപ്പോഴും എതിര്‍പാളയങ്ങളില്‍ നിന്നു പോലും കൈയ്യടി ലഭിക്കുന്നതിനുളള കാരണം.

മുൻ കോൺഗ്രസ് നേതാവും, കെ സുധാകരൻ്റെ അടുത്ത അനുയായിയും ആയിരുന്ന സി. രഘുനാഥ് ആണ് എൻ.ഡി.എ യ്ക്ക് വേണ്ടി കണ്ണൂരിൽ മത്സരിക്കുന്നത്. അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ ചേർന്നിട്ട് അധികം നാളായിട്ടില്ല. രഘുനാഥ് പിടിക്കുന്ന ഒരോ വോട്ടും സുധാകരന് ക്ഷീണം ചെയ്യുമെന്ന് എൻ.ഡി.എയും എൽ.ഡി.എഫും കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് സി രഘുനാഥ്.

തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കണ്ണൂർ ലോക്സഭ പരിധിയിൽ ഉൾപ്പെടുന്നത്. 2021 -ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ ഏഴിൽ അഞ്ചും ഇടതുപക്ഷത്തിനൊപ്പമാണ്. നിയമസഭ കണക്കുകൾ പരിശോധിക്കുമ്പോൾ ഇരിക്കൂറും പേരാവൂരും മാത്രമാണ് കോൺഗ്രസിനൊപ്പമുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെയും നിയമസഭ തെരഞ്ഞെടുപ്പിലെയും സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമായതുകൊണ്ട് ആ കണക്കിൽ എൽഡിഎഫിന് ആശ്വസിക്കാൻ കഴിയുകയില്ല.

തെരഞ്ഞെടുപ്പ് ചരിത്രം

1977ലാണ് കണ്ണൂർ ലോക്സഭ മണ്ഡലം നിലവിൽ വന്നത്. അതിനുമുമ്പ് തലശേരി ലോക്സഭ സീറ്റിലായിരുന്നു ഇന്നത്തെ മണ്ഡലത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നത്. അന്ന് ഇടതിനായിരുന്നു മണ്ഡലത്തിൽ ആധിപത്യം. 1957ൽ കോൺഗ്രസിലെ ജനചന്ദ്രനായിരുന്നു ഇവിടെ എംപി. എസ്കെ പൊറ്റക്കാടിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ 1962ൽ സ്വതന്ത്ര സ്ഥാനാർഥിയായി വീണ്ടും മത്സരിച്ച എസ്കെ പൊറ്റക്കാടിനെ ഇടതുപക്ഷം ലോക്സഭയിലെത്തിച്ചത് തലശേരിയിൽനിന്ന് തന്നെയാണ്. പാട്യം ഗോപാലാനും സികെ ചന്ദ്രപ്പനും 1967ലും 1971ലും ഇടതുപക്ഷത്തുനിന്ന് ലോക്സഭയിലെത്തി. 1977ലാണ് കണ്ണൂർ എന്ന പേരിൽ മണ്ഡലം നാമകരണം ചെയ്യപ്പെട്ടത്. 1977ലും സികെ ചന്ദ്രപ്പൻ സീറ്റ് നിലനിർത്തി.

1980ൽ കോൺഗ്രസ് ഐയിലെ എൻ രാമകൃഷ്ണനെ വീഴ്ത്തി കോൺഗ്രസ് യു സ്ഥാനാർഥി കെ കുഞ്ഞമ്പുവും ലോക്സഭയിലെത്തി. എന്നാൽ പിന്നീടങ്ങോട്ട് തുടർച്ചയായ അഞ്ച് തെരഞ്ഞെടുപ്പുകളിൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കണ്ണൂർ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. 1984 - പാട്യം രാജൻ, 1989 - പി ശശി, 1991 - ഇ ഇബ്രാഹിംകുട്ടി, 1996 - കടന്നപ്പള്ളി രാമചന്ദ്രൻ, 1998 - എസി ഷൺമുഖദാസ് എന്നിവരെ വീഴ്ത്തിയാണ് മുല്ലപ്പള്ളി ലോക്സഭയിലെത്തിയത്. എന്നാൽ 1999 ൽ തുടർച്ചയായ ആറാം ജയം തേടിയിറങ്ങിയ മുല്ലപ്പള്ളിയെ അന്നത്തെ സിപിഎം യുവനേതാവ് എപി അബ്ദുള്ളക്കുട്ടി അട്ടിമറിച്ചു. 10,247 വോട്ടുകൾക്കായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ എപി അബ്ദുല്ലക്കുട്ടിയോട് പരാജയപ്പെട്ടത്. 2004 മണ്ഡലം തിരികെപിടിക്കാൻ മുല്ലപ്പള്ളി ഒരിക്കൽകൂടി കണ്ണൂരിൽ ഇറങ്ങിയെങ്കിലും സിറ്റിങ് എംപിയായിരുന്ന അബ്ദുള്ളക്കുട്ടി 83,849 വോട്ടുകളുടെ തകർപ്പൻ ജയമാണ് നേടിയത്. ഇതോടെ കണ്ണൂർ മണ്ഡലം മുല്ലപ്പള്ളിയ്ക്ക് വിടേണ്ടി വന്നു.
2009ലാണ് കെ സുധാകരൻ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ആദ്യജയം നേടുന്നത്. സിപിഎമ്മിലെ കെകെ രാഗേഷിനെ 43,151 വോട്ടുകൾക്ക് വീഴ്ത്തിയാണ് സുധാകരൻ കണ്ണൂർ മണ്ഡലം വീണ്ടും യുഡിഎഫിനൊപ്പം നിർത്തുന്നത്. എന്നാൽ 2014ൽ സീറ്റ് നിലനിർത്താൻ സുധാകരന് കഴിഞ്ഞില്ല. സിപിഎം സ്ഥാനാർഥി പികെ ശ്രീമതി 6,566 വോട്ടുകൾക്ക് സുധാകരനെ വീഴ്ത്തുകയായിരുന്നു. 2019ൽ ഇരുവരും ഒരിക്കൽകൂടി മുഖാമുഖം എത്തിയപ്പോൾ സുധാകരന് ലഭിച്ചത് 94,559 വോട്ടിന്‍റെ ഭൂരിപക്ഷം. സുധാകരന് 5,29,741 വോട്ടുകൾ ലഭിച്ചപ്പോൾ ശ്രീമതിയ്ക്ക് കിട്ടിയത് 4,35,182 വോട്ടുകൾ. മൂന്നാമതെത്തിയ ബിജെപിയുടെ സികെ പത്മനാഭൻ 68,509 വോട്ടുകളും നേടി. 2019ലെ കണക്കുകൾ പ്രകാരം 12,01,236 വോട്ടർമാരാണ് കണ്ണൂരിലുള്ളത്. ഇതിൽ 5,62,837 പുരുഷ വോട്ടർമാരും. 6,38,399 സ്ത്രീ വോട്ടർമാരും ഉൾപ്പെടും.
മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലതകര്‍ച്ച തുടങ്ങി ഒട്ടേറെ വിഷയങ്ങളും പാനൂർ ബോംബ് ആക്രമണവും ഒക്കെ ഈ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മുഖ്യ ചർച്ചാ വിഷയങ്ങളാണ്. ഹൈന്ദവർക്കും മുസ്ലിങ്ങൾക്കും ഇരട്ടി പേരാവൂർ പോലെയുള്ള സ്ഥലങ്ങളിൽ ക്രൈസ്തവർക്കും നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കണ്ണൂർ ലോക് സഭാ മണ്ഡലം. യുഡിഎഫിനും എൽഡിഎഫിനും ഇത്തവണ കണ്ണൂരിൽ അഭിമാന പോരാട്ടമാണ്. കെപിസിസി അധ്യക്ഷന്‍റെ മണ്ഡലത്തിൽ തിരിച്ചടി നേരിടുന്നതിനെക്കുറിച്ച് കോൺഗ്രസിന് ചിന്തിക്കാൻ പോലും കഴിയുകയില്ല. മറുവശത്ത് മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നിയോജക മണ്ഡലം ഉൾപ്പെടുന്ന ലോക്സഭ സീറ്റെന്നത് എൽഡിഎഫിന്‍റെയും പോരാട്ടവീര്യം കൂട്ടുന്നു. ഒപ്പം വോട്ട് കൂട്ടാൻ എൻ.ഡി.എയും. കണ്ണൂരിലെ ചോദ്യം ഇതാണ്. കണ്ണൂരിൽ ഏത് കരുത്തൻ വീഴും?

Keywords: News, Malayalam News, Kannur, Politics, Election, Vadakara, Lok Sabha election, Kannur: Sudhakaran vs Jayarajan vs Raghunath
< !- START disable copy paste -->

Post a Comment