Follow KVARTHA on Google news Follow Us!
ad

Thumb | പിഞ്ചുകുട്ടികള്‍ ദീർഘനേരം തള്ളവിരൽ കുടിക്കുന്നത് ദന്ത പ്രശ്നങ്ങൾക്കും സംസാര വൈകല്യത്തിനും കാരണമായേക്കാം

ദന്ത പ്രശ്നങ്ങൾക്കും സംസാര വൈകല്യത്തിനും കാരണമായേക്കാം Thumb, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) പിഞ്ചുകുട്ടികള്‍ പൊതുവെ തള്ളവിരൽ കുടിക്കുന്നത് നാം കാണാറുണ്ട്, അതുകൊണ്ടുതന്നെ ഈ ശീലത്തെ നമ്മള്‍ സാധാരണമായി കാണുകയും പിന്നീട് കുട്ടി വളര്‍ന്നു രണ്ടും മൂന്നും വയസോടടുക്കുമ്പോള്‍ പ്രതിവിധി കണ്ടെത്താനാകാതെ മാതാപിതാക്കള്‍ പാടുപെടുകയുമാണ് പതിവ്. സര്‍വസാധാരണമായി കണ്ടുവരാറുള്ള ഈ പ്രശ്നത്തിന് ശിശു രോഗ വിദഗ്ദയായ ഡോ. മാധവി ഭരദ്വാജ് ചില ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. തള്ളവിരൽ കുടിക്കുന്നത് ശിശുക്കൾക്കും കൊച്ചുകുട്ടികൾക്കും ഇടയിലുള്ള സാധാരണ സ്വഭാവമാണ്, രണ്ടു വയസിനു ശേഷം കുട്ടികള്‍ സ്വയമേ ഈ ശീലം നിര്‍ത്താറുണ്ടെങ്കിലും അപൂര്‍വം ചില കുട്ടികള്‍ ഈ ശീലം തുടരാറുണ്ട്. ദീർഘനേരം തള്ളവിരൽ കുടിക്കുന്നത് ദന്ത പ്രശ്നങ്ങൾക്കും സംസാര വൈകല്യത്തിനും കാരണമായേക്കാം.


ഡോ. മാധവി ഭരദ്വാജിന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ ഈ ശീലമൊക്കെ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ പഠിച്ചു തുടങ്ങുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ താൻ തനിച്ചല്ലെന്ന് സ്വയം വിശ്വസിക്കുന്നതിനു വേണ്ടി കുഞ്ഞുങ്ങൾ കണ്ടെത്തുന്ന രസകരമായ വിനോദമാണ്. തള്ളവിരൽ മാത്രമല്ല, കൈയില്‍ കിട്ടുന്ന എന്തും വായിലേക്ക് കൊണ്ടുപോകുന്ന ശീലം സാധാരണമായി കുട്ടികളിൽ കാണാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വിശ്രമാവസ്ഥയും സുരക്ഷിതത്വവും നൽകുന്നതിനൊപ്പം സമ്മർദം, ഉത്കണ്ഠ, വിരസത തുടങ്ങിയ അരക്ഷിത വികാരങ്ങളെ നേരിടാനും ഈ ശീലങ്ങള്‍ കുട്ടികളെ സഹായിക്കുന്നു. എന്നിരുന്നാലും പല്ലിന്റെ വിന്യാസത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക വഴി സംസാര വൈകല്യം വരെ ഉണ്ടാക്കാനിടയുള്ള ഈ ശീലം നിര്‍ത്തേണ്ടതും അത്യാവശ്യമാണ്.

കുട്ടികള്‍ സ്വയമേവ ഈ ശീലം നിര്‍ത്തുന്നതിന് പ്രത്യേകിച്ച് പ്രായമൊന്നുമില്ലെങ്കിലും ചില കുട്ടികൾ സാധാരണയായി ആറ് അല്ലെങ്കിൽ ഏഴ് മാസം പ്രായമാകുമ്പോൾ തള്ളവിരൽ കുടിക്കുന്നത് നിർത്തും, ചിലർ രണ്ട് മുതൽ നാല് വയസ് വരെ ഈ ശീലം തുടരാറുണ്ട്. ചില കുട്ടികൾ കുട്ടിക്കാലത്തോ അതിനുശേഷമോ ഈ ശീലം തുടർന്നേക്കാം, പ്രത്യേകിച്ചും അവർക്ക് സമ്മർദമോ ഉത്കണ്ഠയോ തോന്നിയാൽ. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു കുട്ടി അഞ്ച് വർഷത്തിനു ശേഷവും തള്ളവിരൽ കുടിക്കുന്നുവെങ്കിൽ, അത് ഒരു ശീലമായി മാറിയിരിക്കുന്നുവെന്ന് അനുമാനിക്കുക. ക്രമേണ ഈ ശീലം മാറ്റാനുളള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്.

കുട്ടികളുടെ തള്ളവിരൽ കുടിക്കുന്നത് തടയാൻ ചിലര്‍ കുട്ടികളുടെ കൈയില്‍ മുളക് പുരട്ടാറുണ്ട്, ഇത് ഏറെ അപകടം നിറഞ്ഞതും കുട്ടിയില്‍ അരക്ഷിതാവസ്ഥയെ വളര്‍ത്തുന്നതുമായ പ്രവൃത്തിയാണ്. മുളകിൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിനെ പ്രകോപിപ്പിക്കുന്നതിനും നീറ്റലുണ്ടാക്കുന്നതിനും പൊള്ളലുകൾക്കും കാരണമാകുന്നു. കുട്ടികളിലെ ഈ ശീലം പരിഹരിക്കുന്നതിനായി ശാസ്ത്രീയമായ ചില പോംവഴികള്‍ ഉണ്ട്.

1. കാരണങ്ങൾ തിരിച്ചറിയുക

ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് കുട്ടികള്‍ ഈ സ്വഭാവം കാട്ടുന്നതെന്ന് നിരീക്ഷിക്കുക. വിരസതയാണോ, ഉത്കണ്ഠയാണോ, അതോ ക്ഷീണമാണോ കാരണമെന്ന് തിരിച്ചറിയുക. കാരണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ, തള്ളവിരൽ കുടിക്കുന്നത് മാറ്റിയെടുക്കുന്നതിനുള്ള ബദൽ മാര്‍ഗങ്ങള്‍ കണ്ടെത്താനാകും .

2. സജീവമാക്കി നിർത്തുക

കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുക, വരയ്ക്കുക, അല്ലെങ്കിൽ ഏതെങ്കിലും ഗെയിമിൽ ഏർപ്പെടുക തുടങ്ങി കുട്ടിയുടെ കൈകൾ സജീവമായിരിക്കാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ ചെയ്യിക്കുക. പലതരത്തിലുള്ള മറ്റു കാര്യങ്ങള്‍ കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിലൂടെ തള്ള വിരലിലേക്കുള്ള ശ്രദ്ധ ഗതിമാറ്റി വിടാൻ സാധിക്കുന്നു. ഇതു ക്രമേണ പൂര്‍ണമായും വിരല്‍കുടി നിര്‍ത്താൻ കാരണമാകും.

3. പരിശ്രമങ്ങളെ പ്രശംസിക്കുക

കുട്ടി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും മികച്ച പ്രോത്സാഹനം നല്‍കുക. വിരലുകള്‍ വായിലേക്കു കൊണ്ടുപോകുമ്പോള്‍ സ്നേഹത്തോടെയും ഒരല്പം ഗൗരവത്തോടെയും ആ പ്രവൃത്തിയെ നിരുത്സാഹപ്പെടുത്തുക.

4. ചവച്ചു കഴിക്കാൻ പാകത്തിനുള്ള ഭക്ഷണങ്ങള്‍ കൊടുക്കുക.

കാരറ്റ്, ആപ്പിൾ കഷ്ണങ്ങൾ പോലെ ചവച്ചു കഴിക്കേണ്ടുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഇടയ്ക്കിടെ നല്‍കുക. തള്ളവിരൽ കുടിക്കാനുള്ള ആഗ്രഹം തോന്നുമ്പോൾ ഇത്തരം ലഘുഭക്ഷണം കഴിക്കാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

5. സൗമ്യമായി ഓർമപ്പെടുത്തുക

തള്ളവിരൽ കുടിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചാൽ അത് നിർത്താൻ നിങ്ങളുടെ കുട്ടിയെ സൗമ്യമായും സ്ഥിരമായും ഓർമിപ്പിക്കുക. പരുഷമായതോ മോശമായതോ ആയ ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ കുട്ടിയിൽ കുറ്റബോധമോ ഉത്കണ്ഠയോ ഉളവാക്കും. പകരം, പിന്തുണയും പ്രോത്സാഹനവും നൽകുന്ന രീതിയിൽ സൗമ്യമായി ഓർമപ്പെടുത്തുക

അത്യാവശ്യം പ്രായമായ കുട്ടികളില്‍ ഈ ശീലമുണ്ടെങ്കില്‍ അത് കുട്ടിയോട് തുറന്നു സംസാരിക്കുകയും അവർ അവരുടെ തള്ളവിരൽ വായിൽ ഇടുന്നത് ശ്രദ്ധിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ മുന്നിൽ വെച്ച് അവരെ ശകാരിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിനുപകരം, പ്രശ്നം സ്വകാര്യമായി ബോധ്യപ്പെടുത്തി അവരുടെ പ്രശ്‌നമോ കാഴ്ചപ്പാടോ മനസിലാക്കാൻ ശ്രമിക്കുക. കാൽ കുലുക്കുക, നഖം കടിക്കുക, തള്ളവിരൽ കുടിക്കുക തുടങ്ങിയ ശീലങ്ങൾ 10 വയസിനു ശേഷവും നിലനിൽക്കുന്നുണ്ടെങ്കിൽ, ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

Keywords: News, National, New Delhi, Thumb, Health, Lifestyle, Child, Parents, Food, Doctor, Is your child sucking their thumb even after the age of two? Know its causes.
< !- START disable copy paste -->

Post a Comment