Art | 'ആന' നടന്ന വഴിയിലൂടെ മാഹിയിലെ ചിത്രകാരന്‍; ചരിത്രം കോറിയെടുത്ത് പ്രശാന്ത് ഒളവിലം

 


കണ്ണൂര്‍: (KVARTHA) മലയാളി വായനക്കാര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ജി ആര്‍ ഇന്ദുഗോപാനെന്ന എഴുത്തുകാരന്റെ ആനോ നോവലിന് ചിത്രഭാഷ്യമൊരുക്കി ശ്രദ്ധേയനാവുകയാണ് മയ്യഴിക്കാരനായ ചിത്രകാരന്‍ പ്രശാന്ത് ഒളവിലം. ചരിത്രവും ഭാവനയും ഇടകലരുന്നതാണ് ആനോയെന്ന നോവല്‍. അഞ്ചു നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയകഥയാണത് പറയുന്നത്.
 
Art | 'ആന' നടന്ന വഴിയിലൂടെ മാഹിയിലെ ചിത്രകാരന്‍; ചരിത്രം കോറിയെടുത്ത് പ്രശാന്ത് ഒളവിലം

1511-ഡിസംബറില്‍ കൊച്ചിയില്‍ നിന്ന് ലിസ്ബണ്‍ വഴി റോമിലെത്തി ലിയോ പത്താമന്‍ മാര്‍പ്പാപ്പയുടെ ഓമനയായി മാറിയ ഒരു വെളുത്ത ആല്‍വിനോ ആനക്കുട്ടിയും അതുമായി ബന്ധപ്പെട്ടുവരുന്ന മനുഷ്യരുമാണ് നോവലിലുളളത്. അക്കാലത്ത് റോമില്‍ ആരും ആനയെ കണ്ടിട്ടുണ്ടായിരുന്നില്ലത്രെ. ആഫ്രിക്കന്‍ ആനകളെ കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആനയെ നേരിട്ടുകാണുന്നത് മലബാറില്‍ നിന്നുളള ഇഞ്ചികളറുളള ആനക്കുട്ടി അവിടെ എത്തിയപ്പോഴാണ്.

മലബാറിലെ ഭാഷ അവര്‍ക്കറിയുമായിരുന്നില്ല. എന്നിട്ടും ആനയെന്ന പദം ആനോയായി. താന്‍ മട്ടുപാവിലേക്ക് പോകുമ്പോാഴും പളളിയിലേക്ക് വരുമ്പോഴും തുമ്പികൈ പൊക്കി അഭിവാദ്യം ചെയ്യുകയും ചെവികുലുക്കി ബഹുമാനിക്കുകയും ചെയ്യുന്ന മലബാറി ആനക്കുട്ടി മാര്‍പ്പാപ്പയുടെ ഓമനയായി മാറുകയായിരുന്നു. ഈ കഥ ഇതള്‍ വിരിയുന്ന നോവലിലിനാണ് മയ്യഴിയിലെ ചിത്രകാരനായ പ്രശാന്ത് ഒളവിലം ചിത്രഭാഷ്യമൊരുക്കിയത്.

മാതൃഭൂമി ആഴ്ചപതിപ്പില്‍ ഖണ്ഡശയായി വരുന്ന സമയത്തെ പ്രശാന്തിന്റെ ചിത്രങ്ങളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആനോ നോവലിനു വേണ്ടി പ്രശാന്ത് വരച്ച 130 ചിത്രങ്ങളുടെ പ്രദര്‍ശനം മാഹി കലാഗ്രാമത്തിലെ എം.വി ദേവന്‍ ആര്‍ട്ട് ഗ്യാലറിയില്‍ നോവലിസ്റ്റ് ജി. ആര്‍ ഇന്ദുഗോപാനാണ് ഉദ്ഘാടനം ചെയ്തത്. നവോത്ഥാനകാലത്തിലൂടെ സഞ്ചരിച്ചിരുന്ന റോമില്‍ അന്ന് വസിച്ചിരുന്ന ലിയനര്‍ദോ ഡാവിഞ്ചി, റാഫേല്‍, മൈക്കലാഞ്ചലോ, റാഫേല്‍ എന്നിവരും നോവലില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.

ഇവരെയൊക്കെ അന്നത്തെ വേഷത്തോടും ചരിത്രത്തോടും നീതി പുലര്‍ത്തിക്കൊണ്ടു പ്രശാന്ത് ഒളവിലും അതിമനോഹരമായി വരച്ചു ചേര്‍ത്തിട്ടുണ്ട്. മാഹി മലയാള ഗ്രാമത്തിലെ ചിത്രകലാ അധ്യാപകനായ പ്രശാന്ത് ഒളവിലം ഏറെക്കാലത്തെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് വരച്ചത്. നേരത്തെ തലശേരിയുടെ പൈതൃക ചരിത്രം വരച്ചതിന്റെ അനുഭവം യൂറോപ്യന്‍ സംസ്‌കാരമുള്‍ക്കൊണ്ടുളള ചിത്രരചനയ്ക്കു തനിക്ക് സഹായകരമായെന്ന് പ്രശാന്ത് ഒളവിലം പറഞ്ഞു.

യൂറോപ്പില്‍ നിന്നും കേരളത്തെ നോക്കികാണുന്ന വിശാലമായ കാന്‍വാസാണ് ആനോയെന്ന നോവലില്‍ ഭൂരിഭാഗവും. കടല്‍കടന്നു ആനക്കുട്ടി റോമിലേക്ക് പോകുന്നതും വത്തിക്കാനിലെ കത്തോലിക്ക സഭ, വാസ്തു ശില്‍പകല, ചിത്രകലയൊക്കെ വരുന്ന എപ്പിക്ക് സ്‌റ്റൈലിലുളള ചിത്രരചനയിലൂടെ മലയാള ചിത്രകലാരംഗത്ത് അപൂര്‍വ സാന്നിധ്യമായി മാറുകയാണ് പ്രശാന്ത് ഒളവിലം. മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്റെ എംബസിക്കാലത്തിന് ഇപ്പോള്‍ ചിത്രം വരച്ചുകൊണ്ടിരിക്കുകയാണ് പ്രശാന്ത്. കലാഗ്രാമത്തില്‍ നടന്ന ചിത്രപ്രദര്‍ശനം കാണാന്‍ എം മുകുന്ദനുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.

Keywords:  Artist, Painting, Aano, Kanuur, Prasanth Olavilam, GR Indugopan, Elephant, Novel, Kochi, History, Lisbon, Rome, African Elephant, Leonardo da Vinci, Rafael, Michelangelo, Mathrubhumi, Artist of Mahi by way of Elephant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia