Liquor Policy | മദ്യ നയത്തിൽ കേരളത്തിലെ യുവജനങ്ങളുടെ കാഴ്ചപ്പാട് മാറുന്നോ?

 


/ മിന്റാ മരിയ തോമസ്

(KVARTHA) നമ്മുടെ യുവജനങ്ങൾ പഴയ ആളുകളെപ്പോലെയല്ല. പണ്ട് മാതാപിതാക്കളെയും മതപുരോഹിതരെയും പേടിച്ച് യുവതി യുവാക്കൾ മദ്യത്തിൽ നിന്ന് അകന്ന് നിന്ന ഒരു കാലമുണ്ടായിരുന്നു. അവരെ പേടിച്ചാണെങ്കിലും പഴയ കാലത്തെ യുവജനത മദ്യത്തിനെതിരെ ചിന്തിച്ചിരുന്നു. മദ്യം കഴിച്ചാൽ ദൈവ കോപം ഉണ്ടെന്ന് വരെ പഴയകാലത്തെ യുവജനത പേടിച്ചിരുന്നു. ഇന്ന് ആ കാലം മാറി. ഇവിടുത്തെ യുവതി യുവാക്കൾക്ക് മദ്യം ഒരു ഫാഷനായിരിക്കുകയാണ്. ആരെയും കൂസാതെ ഓപ്പൺ ആയി ഇരുന്ന് ബിയർ പോലുള്ളവ കഴിക്കുന്ന യുവതി യുവാക്കൾ ധാരാളമായിരിക്കുന്നു. ഇത് നമ്മുടെ നാടിനെ നാശത്തിലേയ്ക്ക് കൊണ്ട് ചെന്നെത്തിക്കുമോ? കാത്തിരുന്ന് കാണേണ്ടതാണ്.

 Liquor Policy | മദ്യ നയത്തിൽ കേരളത്തിലെ യുവജനങ്ങളുടെ കാഴ്ചപ്പാട് മാറുന്നോ?

കേരളത്തിൽ സർക്കാരിൻ്റെ മദ്യനയത്തെ പ്രകീർത്തിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇവിടെ ഭരിക്കുന്ന സർക്കാരുകൾ മദ്യനയം രൂപികരിക്കുന്നത് ക്രിസ്ത്യൻ - മുസ്ലിം സംഘടനകളെ പേടിച്ചിട്ടാണെന്നും അതിന് ഒരു മാറ്റം ഇവിടെ വരണമെന്നും ഈ പോസ്റ്റിൽ പറയുന്നു. എന്നാലേ ഇവിടെ കാലോചിതമായ വികസനം രൂപപ്പെട്ടുവരുകയുള്ളുവെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെയാണ്:


'കേരളത്തിൽ സർക്കാരിൻ്റെ പ്രഖ്യാപിച്ച പുതിയ മദ്യനയം സ്വാഗതാർഹമാണ്. ഗോവൻ മോഡലിൽ പഴവഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാൻ അനുവദിക്കുന്നതും, ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും ടൂറിസം മേഖലയിലെ റിസോട്ടുകളിലും സ്വന്തം തെങ്ങ്‌ ചെത്തി കള്ള്‌ അവിടെ തന്നെ വിൽക്കാൻ അനുവദിക്കുന്നതുമായ നയം ടൂറിസം രംഗത്ത്‌ വൻ കുതിച്ച്‌ ചാട്ടത്തിനു വഴിവെക്കും. അതുപോലെ തന്നെ ഐടി പാർക്കുകളെ പോലെ വ്യവസായ പാർക്കുകളും മദ്യം വിളംബാൻ അനുവദിക്കുന്ന പുതിയ നയം വലിയ മാറ്റങ്ങൾ വരുത്തും. നമ്മുടെ കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ മദ്യ നയം രൂപീകരിക്കുന്നത്‌ ക്രിസ്ത്യൻ സഭയെയും മുസ്ലിം സംഘടനകളെയും പേടിച്ചിട്ടാണെന്ന് തോന്നിയിട്ടുണ്ട്‌ . അതിൽ നിന്ന് മാറ്റങ്ങൾ വരണം.


ഈ മേഖലയിൽ പ്രധാനമായും വരേണ്ട ചില മാറ്റങ്ങൾ എനിക്ക്‌ തോന്നിയത്‌ ഇവയാണ്. 1, ഐ ടി , സ്റ്റാർട്ടപ്പ്‌ മേഖലയിലൊക്കെ നമുക്കൊരു കുതിച്ച്‌ ചാട്ടം ഉണ്ടാകണമെങ്കിൽ നമുക്ക്‌ നൈറ്റ്‌ ലൈഫ്‌ വരണം. ഇന്ത്യയിൽ ആദ്യ ഐ ടി പാർക്ക്‌ കേരളത്തിൽ തുടങ്ങിയെങ്കിലും, രാജ്യത്തെ ഏറ്റവും മികച്ച ഐ ടി വർക്ക്ഫോഴ്സ്‌ മലയാളികൾ ആണെങ്കിലും, ഐ ടി രംഗത്ത്‌ നമ്മൾ പിന്തള്ളപ്പെടാൻ കാരണം ക്വാളിറ്റി ഓഫ്‌ ലൈഫിന്റെ അഭാവമാണ്. ആദ്യമൊക്കെ ബാംഗ്ലൂരും, ഹൈദരാബാദും, ചെന്നൈയും ആയിരുന്നു നമുക്ക്‌ മുന്നിൽ എങ്കിൽ ഇപ്പോൾ പൂനെയും, ഗുഡ് ഗാവും, കൊൽകട്ടയുമൊക്കെ നമ്മളെ കടന്ന് ഒരുപാട്‌ മുന്നേറി. രാജ്യത്തെ മുൻ നിരയിൽ നിൽക്കുന്ന മികച്ച എയർപ്പോർട്ടുകളും, രാജ്യന്തര കണക്റ്റ്വിറ്റിയും, മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ഐ ടി നമ്മൾ പിൻതള്ളപ്പെടാനുള്ള ഒരു കാരണം മത സദാചാര അധിഷ്ടിതമായ ജീവിത രീതി അടിച്ചേൽപിക്കുന്നത്‌ കൊണ്ടാണ്.

ഇതിനു മറുപടിയായ്‌ പലരും പറയുന്നത്‌ ഐ ടിക്കാരെല്ലാം മദ്യപിക്കുന്നവരാണോ എന്നാണോ? ഒരിക്കലുമല്ല, മദ്യപിക്കാത്ത ധാരാളം ആളുകൾ ഐ ടി ഫീൽഡിൽ ഉണ്ട്‌. നൈറ്റ്‌ ലൈഫ്‌ എന്നത്‌ പബ്ബുകളും, ഡിസ്കോത്തികുകളും, ഭക്ഷണവും, ലേറ്റ്‌ നൈറ്റ്‌ ഡ്രൈവുകളും എല്ലാം ചേർന്നതാണു. ഇത്‌ ഐ ടി ക്കാർക്ക്‌ മാത്രമെന്നല്ല, ഇന്നത്തെ യുവ തലമുറ ഭൂരിഭാഗവും നൈറ്റ്‌ ലൈഫ്‌ ആഗ്രഹിക്കുന്നവരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്കുള്ള ആഭ്യന്തര കുടിയേറ്റം പോലും നൈറ്റ്‌ ലൈഫ്‌ ആഗ്രഹിച്ചുകൊണ്ടുള്ള യുവജനങ്ങളുടെ ഒഴുക്കാണ്‌. ഇവിടന്ന് യുവ തലമുറ നാട്‌ വിട്ട്‌ പോകുവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് നൈറ്റ്‌ ലൈഫോ, മറ്റു എന്റർടൈനുകളൊ ഇല്ലാത്തത്‌ കൊണ്ടാണ്.

സർക്കാർ തന്നെ തിരുവനതപുരം, കോഴിക്കോട്‌, കൊച്ചി എന്നീ നഗരങ്ങളിൽ നല്ല സ്ഥലം കണ്ടെത്തി നല്ല പാർക്കിങ്ങും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി പബ്ബുകൾക്കും, ബ്രുവറി, ഡിസ്കോത്തിക്ക്‌, രാത്രി ഭക്ഷണശാലകൾക്കായ്‌ വിപുലമായ കേന്ദ്രം നിർമ്മിക്കണം. മദ്യപാനം എന്നാൽ മൂക്കറ്റം കുടിച്ച് റോഡിൽ കിടക്കുന്ന പരിപാടി ആണെന്നതാണു മലയാളി പൊതുബോധം. അങ്ങനെ അല്ല എന്നതാണു യാഥാർഥ്യം. പാശ്ചാത്യ രാജ്യങ്ങൾ മാത്രമല്ല മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിൽ പോലും വീക്കൻഡുകൾ ജനം ആഘോഷിക്കുന്നത്‌ കാണുമ്പോൾ ഇവർ വീക്കൻഡുകൾക്ക്‌ വേണ്ടി മാത്രമാണൊ ജീവിക്കുന്നത്‌ എന്ന് തോന്നി പോകും. നല്ലൊരു ഫുഡ്‌ സ്റ്റ്രീറ്റ്‌ പോലും നമുക്കില്ല എന്നതാണു സത്യം. പബ്ബും, ബ്രുവറിയും, ഫുഡ്‌ സ്റ്റ്രീറ്റും, നൈറ്റ്‌ ലൈഫും എല്ലാം കൂടിയ കേന്ദ്രങ്ങൾ നമ്മുടെ പ്രധാന മൂന്ന് സിറ്റികളിൽ എങ്കിലും തുടങ്ങണം . നമ്മുടെ എക്കണോമിയിൽ ഒരു കുതിച്ച്‌ ചാട്ടത്തിനു തന്നെ വഴി വെക്കും ഇത്‌ നടപ്പാക്കിയാൽ.

2, നമ്മുടെ ഏറ്റവും വലിയ കൈമുതൽ 550 കിലോമീറ്ററുള്ള കോസ്റ്റൽ ലൈൻ ആണ്. ഇതുകൊണ്ട്‌ നമുക്കുള്ള മെച്ചം എന്താണു? വൈകുന്നേരം നാട്ടുകാരായ വിനോദസഞ്ചാരികൾ വന്ന് കുറച്ച് സമയം കടല കൊറിച്ചിരിക്കും. ഇതുകൊണ്ട്‌ ആർക്ക്‌ മെച്ചം? നമ്മുടെ ബീച്ചുകൾ സ്വകാര്യ മേഖലക്ക്‌ താൽകാലികമായി വിട്ട്‌ കൊടുക്കണം. അവിടെ ഗോവയിലൊക്കെ പോലെ ബീചിലേക്ക്‌ ഇറക്കി താൽകാലിക നിർമ്മിതികൾ വരണം. ബിയർ പാർലറുകൾ തുടങ്ങണം. ഫാമിലിക്കൊക്കെ വന്നിരുന്ന് ബാർബിക്യു ചെയ്യാനും വീക്കൻഡുകൾ ചിലവഴിക്കാനും കഴിയണം. ദുബായിൽ ഫാമിലിയായ്‌ ജീവിക്കുന്ന മലയാളികൾ ഒരു തവണയെങ്കിലും ഫാമിലിയായ്‌ കടൽ തീരത്ത്‌ ബാർബിക്യു ഒക്കെ ചെയ്ത്‌ അതിന്റെ വൈബ്‌ അനുഭവിച്ചവരാകും. അവിടെ ഏത്‌ കടൽ തീരത്തും എത്‌ പാതിരാത്രിയും ഫാമിലിയായ്‌ ചിലവഴിക്കാൻ പറ്റും. എങ്കിലും ഇവിടെയൊക്കെ അങ്ങനെ വരണം എങ്കിൽ സ്വകാര്യ മേഖലയെകൂടി ഉൾപ്പെടുത്തണം.

ഒരോ ജില്ലകളിലും മൂന്ന് ബീച്‌ എങ്കിലും ഇതിനായ്‌ തിരഞ്ഞെടുക്കണം. ഒരു ബീച്‌ മുഴുവനായും ഒരാൾക്ക്‌ കൊടുക്കാതെ, കുറേ സംരംഭകർക്ക്‌ വീതിച്ച് നൽകണം. വർഷാ വർഷം ലേലം വിളിച്ച് നൽകുന്ന താൽക്കാലിക നിർമ്മിതികൾ മാത്രമായിരിക്കണം. റസ്റ്ററന്റുകളും ബിയർ പാർലറുകളും, ബാർബിക്യു സ്പോട്ടുകളും, ചെറിയ ടെന്റുകളും വാട്ടർ സ്പോർട്ട്സ്‌ എല്ലാ ഉൾപ്പെടുത്തി ബീചുകൾ സീസണിലേക്കായ്‌ തുറന്ന് കൊടുക്കണം. വീകൻഡിലൊക്കെ അർദ്ധരാത്രി ബീചിൽ കടൽ കാറ്റേറ്റിരുന്നു ഒരു ബിയറും നുണഞ്ഞ്‌ ബാർബിക്യു ചെയ്ത്‌ ഇരിക്കാൻ പറ്റിയിയാൽ ഇവിടുത്തെ ടൂറിസം രംഘത്ത്‌ ഒരു കുതിച്ച് ചാട്ടത്തിനു തന്നെ വഴിയോരുക്കും.

ഇങ്ങനെയൊക്കെ ചെയ്താൽ എന്തുണ്ടാകും എന്നാണെങ്കിൽ നമ്മുടെ ടൂറിസം വളരും , ഐ ടി വളരും, വ്യവസായങ്ങൾ വളരും, സർവ്വീസ്‌ സെക്റ്ററുകൾ വളരും, കൂടുതൽ നികുതികൾ ഉൽപാദിപ്പിക്കപ്പെടും, ധാരാളം തൊഴിൽ അവരങ്ങളുണ്ടാകും പ്രത്യേകിച്ച് അൺ സ്കിൽഡ്‌ മേഖലയിൽ. പിന്നെ നമ്മുടെ പ്രധാന പരാതിയായ യുവജനങ്ങൾ നാട്‌ വിട്ട്‌ പോകുന്നതും നിൽക്കും. ഇന്ത്യയിൽ ടൂറിസത്തിന്റെ കാര്യത്തിൽ കേരളത്തെക്കാൾ മുകളിൽ നിൽക്കുന്ന സ്ഥലമാണു ഗോവ. ബീചുകളും, ബീച്‌ കേന്ദ്രീകരിച്ചുള്ള ടൂറിസവുമല്ലാതെ വേറെ എന്താണു ഗോവയിലുള്ളത്‌?'

ഇതാണ് പോസ്റ്റിൽ പറയുന്നത്. ഇത് ഒരു ചെറുപ്പക്കാരൻ്റെ പോസ്റ്റ് ആണ് എന്നത് വ്യക്തം. ഇന്നത്തെ യുവതലമുറയുടെ മാറുന്ന ചിന്താഗതിയാണ് പോസ്റ്റിൽ പ്രതിഫലിക്കുന്നത്. ഈ ആശയം നല്ലതോ, ചീത്തയോ എന്ന് നിങ്ങൾക്ക് വിലയിരുത്തുക. യുവതി യുവാക്കളുടെ മാറുന്ന കാഴ്ചപ്പാടാണ് ഈ പോസ്റ്റ്. വിദ്യാഭ്യാസം കൂടുന്തോറും മദ്യം എന്നത് സോഷ്യൽ സ്റ്റാസ്റ്റസിൻ്റെ ഭാഗമാകുന്നു. ഇത് നമ്മുടെ നാടിനെ ഇവിടേക്കാണ് കൊണ്ടുപോകുന്നത്. ഇന്ന് ഭരിക്കുന്ന എല്ലാ സർക്കാരുകൾക്കും വലിയ ലാഭം ഉണ്ടാക്കി കൊടുക്കുന്നതും മദ്യ വ്യവസായത്തിൽ നിന്നാണ്. അതിനെ പിന്താങ്ങാൻ ഇതുപോലെയുള്ള യുവതി യുവാക്കൾ ഉള്ളപ്പോൾ ഇനിയും ഇവിടെ വിലകൂടിയ മദ്യം ഒഴുകും എന്നത് നിശ്ചയം. മദ്യം നിരോധിക്കുന്ന സർക്കാരിനെ അല്ല മദ്യം യഥേഷ്ടം അനുവദിക്കുന്ന സർക്കാരിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നുവന്നുകൊണ്ടിരിക്കുന്നു എന്നല്ലേ ഈ പോസ്റ്റിൽ നിന്ന് മനസിലാക്കേണ്ടത്. ആരൊക്കെ എത്ര പുരോഗമനം പറഞ്ഞാലും മദ്യം നാടിന് ആപത്ത് തന്നെയാണ്. അത് കുടുംബത്തെ മാത്രമല്ല, വരും തലമുറകളെപ്പോലും നശിപ്പിക്കുന്നു.

 Liquor Policy | മദ്യ നയത്തിൽ കേരളത്തിലെ യുവജനങ്ങളുടെ കാഴ്ചപ്പാട് മാറുന്നോ?

Keywords:  News, Malayalam News, Politics, Liquor Policy, Kerala, Thiruvanandapuram, Kozhicode,, Kochi, Are views of youth of Kerala changing on liquor policy?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia