Movie | മമ്മൂട്ടി പകർന്നാടിയ 'ഒരു വടക്കൻ വീരഗാഥ'യ്ക്ക് 35 വർഷങ്ങൾ

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) മലയാളികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ഇതിഹാസചിത്രമാണ് ഒരു വടക്കൻ വീരഗാഥ. ആ സിനിമ ഇറങ്ങുന്നതിന് മുൻപും ശേഷവും അതുപോലെ ഒരു സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കണം. പകരം വെക്കാനില്ലാത്ത മഹാപ്രതിഭ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി തൻ്റെ ഭാവാഭിനയം കൊണ്ട് കേരളക്കരയെ വിസ്മയിപ്പിച്ച ചിത്രം കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ. 'പാണന് പാട്ട് കൊട്ടാൻ വീര വചനങ്ങൾ എന്നും വരുമല്ലോ അവൾക്ക് നാവിൻ തുമ്പിൽ' എന്ന് പറയുമ്പോ ചന്തുവിന്റെ മുഖത്തെ പരിഹാസം നമ്മൾ വായിച്ചെടുത്തതാണ്. 'മാറ്റം ചുരിക എടുക്കുന്നത് വരെനിർത്തൂ അരിങ്ങോടരേ...' എന്ന യാചനയ്ക്കപ്പുറം 'നിർത്താൻ.....' എന്ന ഒറ്റ അലർച്ചയിൽ ചേകവരിൽ ചേകവനായ അരിങ്ങോടർ വരെ വിറച്ചു പോവുന്നുണ്ട്.

Movie | മമ്മൂട്ടി പകർന്നാടിയ 'ഒരു വടക്കൻ വീരഗാഥ'യ്ക്ക് 35 വർഷങ്ങൾ

'ചേകവർ കണക്കു തീർക്കുന്നത് അങ്കപ്പണം കൊണ്ടല്ല ചുരിക തലപ്പ് കൊണ്ടാണ്' എന്ന് ആരോമലിന്റെ കണ്ണിൽ നോക്കി ശൗര്യത്തോടെ പറയുമ്പോൾ ഉണ്ണിയാർച്ചയുടെ കണ്ണിലെ ഭീതിയ്ക്കൊപ്പം നമ്മളും വിസ്മയപെട്ടു നിന്നിട്ടുണ്ട്. 'ചന്ദനമണിക്കട്ടിലിനു ചിന്തേരിടാൻ തുടങ്ങിയിരിക്കും മൂത്താശാരി ഇപ്പോൾ...' ആ നിസ്സഹായത പ്രേക്ഷകരുടെ കണ്ണിനെ ഈറൻ അണിയിച്ചിട്ടുണ്ട്. 'എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ..' നെഞ്ചു കീറുന്ന വേദനയിലും അതീവ വാത്സല്യത്തോടെ ആരോമുണ്ണിയെ ചേർത്തു പിടിച്ച് മരണത്തെപുൽകിയ ചന്തുവിന്റെ വീര ഗാഥ അങ്ങനെ അങ്ങനെ പോകുന്നു.

അതി സൂക്ഷ്മമായ അഭിനയ വൈവിദ്ധ്യം കൊണ്ട് മലയാളത്തിന്റെ മഹാനടൻ നമ്മളെ വിസ്മയിപ്പിച്ചിട്ട് 35 വർഷങ്ങൾ പിന്നിടുകയാണ്. അതുവരെ വില്ലനായി എല്ലാവരും കണ്ടിരുന്ന ചന്തുവിനെ നല്ലവനാക്കി എം.ടി. വാസുദേവൻ നായർ എന്ന മഹാ പ്രതിഭ കഥ മാറ്റി എഴുതിയപ്പോൾ മലയാളസിനിമയ്ക്ക് കിട്ടിയ എക്കാലത്തെയും മികച്ച ഇതിഹാസ ചിത്രത്തിൻ്റെ പട്ടികയിൽ ഒരു പക്ഷേ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്ന സിനിമയാകും ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടിക്കൊപ്പം ബാലൻ കെ നായരും, സുരേഷ് ഗോപിയും മാധവിയും, ക്യാപ്റ്റൻ രാജുവും, ഒടുവിൽ ഉണ്ണികൃഷ്ണനും, സുകുമാരിയും ഗീതയും, ദേവനും തങ്ങളുടെ വേഷങ്ങൾ ഒന്നിനൊന്ന് മെച്ചമാക്കിയെന്ന് വേണം പറയാൻ.

സംഗീതാത്മകമായ സംഭാഷണങ്ങൾക്ക് അകമ്പടിയായി വന്ന അതിമനോഹരമായ പശ്ചാത്തല സംഗീതം. ജയകുമാറും, ബോംബെ രവിയും, ഗാനഗന്ധർവ്വനും ഒരുമിച്ച സംഗീതവിസ്മയം. അഭ്രപാളികളിൽ വിസ്മയം വിതറിയ രാമചന്ദ്ര ബാബുവിന്റെ ക്യാമറ. ചെറിയ വേഷങ്ങളിൽ വരെ വന്ന് പോയ അഭിനേതാക്കളെ ആവും പോലെ ഉപയോഗിച്ച ഹരിഹരൻ എന്ന സംവിധാനപ്രതിഭ. എന്തു കൊണ്ടും വടക്കൻവീരഗാഥ ഇന്നും അതേ പുതുമയോടെ ആസ്വദിക്കാവുന്ന മഹാസൃഷ്ടി തന്നെ. അന്നും എന്നും ഇന്നും മലയാളസിനിമയുടെ മികവ് വാഴ്ത്തുന്ന എണ്ണം പറഞ്ഞ കുറച്ചു ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും മുകളിലായി തലയെടുത്തു നിൽക്കുന്നുണ്ട് ഒരു വടക്കൻ വീരഗാഥ.

മമ്മൂട്ടി ഭാവാഭിനയം കൊണ്ടും അതിവ്യത്യസ്തമായ ശബ്ദവൈവിദ്ധ്യം കൊണ്ടും അംഗചലനങ്ങൾ കൊണ്ടും അനശ്വരമാക്കിയ കഥാപാത്രത്തിന്റെ മിഴിവ് എത്ര കണ്ടാൽ ആണ് മതിയാവുക. മമ്മൂട്ടി ശരിക്കും ഈ സിനിമയിൽ പ്രേക്ഷകരെ തന്നിലേയ്ക്ക് അടുപ്പിക്കുകയായിരുന്നു. അതുകൊണ്ട് തൻ്റെ ഇതിഹാസ ചിത്രങ്ങൾ ഇന്നും മലയാളത്തിൽ എടുക്കാൻ പലരും താല്പര്യപ്പെടുമ്പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയുടെ പേരിനായിരിക്കും മുൻതൂക്കം ലഭിക്കുക. അതിന് വഴിയൊരുക്കിയത് ഒരു വടക്കൻ വീരഗാഥ എന്ന 35 വർഷങ്ങൾക്ക് മുൻപുള്ള ഈ ചിത്രം തന്നെ. അതിന് ശേഷം വന്ന പഴശ്ശിരാജ എന്ന ചിത്രം പോലും ഇതിനോട് കിടപിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതിലും കേന്ദ്ര നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു.

എന്തായാലും ഒരു വടക്കൻ വീരഗാഥ റിലീസ് ആയി 35 വർഷം പിന്നിടുകയാണ്. എത്ര പഴക്കം ചെന്നാലും ഇന്നും അതേ പുതുമയോടെ ആസ്വദിക്കാവുന്ന ഒരു മഹാ ചിത്രം തന്നെയാണ് ഒരു വടക്കൻ വീരഗാഥ. എന്നും ഇന്നും മലയാളസിനിമയുടെ മികവ് വാഴ്ത്തുന്ന എണ്ണം പറഞ്ഞ കുറച്ചു ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും മുകളിലായി തലയെടുത്തു നിൽക്കുന്നുണ്ട് ഒരു വടക്കൻ വീരഗാഥ. ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാകുമോ?. തീർച്ചയായും ഇത്തരത്തിൽ മനോഹരമായ ഒരു മലയാള സിനിമ മലയാളത്തിൽ ഉണ്ടാകില്ലെന്ന് തന്നെ പറയാം. അതിൻ്റെ തിരക്കഥ പോലും സിനിമയുടെ പുറകേ ഗവേഷണം നടത്തി നടക്കുന്ന പുതുതലമുറയ്ക്ക് പാഠ്യവിഷയമാക്കാവുന്നതാണ്.

Movie | മമ്മൂട്ടി പകർന്നാടിയ 'ഒരു വടക്കൻ വീരഗാഥ'യ്ക്ക് 35 വർഷങ്ങൾ

Keywords: Article, Malayalam , Movies, Entertainment, Cinema, Oru Vadakkan Veeragatha, Mammootty, 35 years of Oru Vadakkan Veeragatha
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia