CPM Symbol | ചിഹ്നം സംരക്ഷിക്കാൻ മത്സരിക്കുന്ന സിപിഎം കര പിടിക്കുമോ, കനൽ ഒരു തരി പോലുമില്ലെങ്കിൽ മരപ്പട്ടിയും ഈനാംപേച്ചിയും തേളും ചിഹ്നമായി വരുമെന്ന ബാലൻ്റെ പ്രവചനം ഫലിക്കുമോ?

 


_ഭാമനാവത്ത്_

കണ്ണൂര്‍: (KVARTHA) ബി.ജെ.പിയും കോൺഗ്രസും അധികാരത്തിലേറാൻ മത്സരിക്കുമ്പോൾ സ്വന്തം ചിഹ്നം സംരക്ഷിക്കാൻ മത്സരിക്കുകയാണ് ഇന്ത്യയിലെ കമ്യുണിസ്റ്റ് പാർട്ടികൾ. ദേശീയ പാർട്ടി പദവി നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അരിവാൾ ചുറ്റിക നക്ഷത്രവും അരിവാളും നെൽക്കതിരുമൊക്കെ ഉപേക്ഷിച്ച് ഈനാംപേച്ചിയും മരപ്പട്ടിയുമൊക്കെ ചിഹ്നമായി സ്വീകരിക്കേണ്ടിവരുമെന്ന് മുൻ മന്ത്രി എ.കെ ബാലൻ പറഞ്ഞത് ഈയൊരു പ്രതിസന്ധി മുൻപിൽ കണ്ടുകൊണ്ടാണ്.
  
CPM Symbol | ചിഹ്നം സംരക്ഷിക്കാൻ മത്സരിക്കുന്ന സിപിഎം കര പിടിക്കുമോ, കനൽ ഒരു തരി പോലുമില്ലെങ്കിൽ മരപ്പട്ടിയും ഈനാംപേച്ചിയും തേളും ചിഹ്നമായി വരുമെന്ന ബാലൻ്റെ പ്രവചനം ഫലിക്കുമോ?

എന്തു തന്നെയായാലും ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചൂടേറിയ ചര്‍ച്ചകളിലൊന്ന് സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവി സംബന്ധിച്ചുതന്നെയാണ്. 11 എം.പിമാരെയെങ്കിലും പാര്‍ലമെന്റിലേക്ക് അയക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സി.പി.എമ്മിന്റെ കാര്യം കട്ടപ്പുറത്താകുമെന്നുറപ്പാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് സ്വതന്ത്രര്‍ ഉള്‍പ്പെടെ മത്സരിച്ച 15 സീറ്റിലും ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രമായത്.

പാര്‍ട്ടി ചിഹ്നം കൈവിട്ടുപോകാതിരിക്കാന്‍ കേരളത്തില്‍നിന്ന് ചുരുങ്ങിയത് എട്ട് സീറ്റെങ്കിലും ഉറപ്പാക്കണം. അതിനു സാധിച്ചില്ലെങ്കില്‍ വല്ല ഈനാംപേച്ചിയോ എലിപ്പെട്ടിയോ തേളോ ആയിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമെന്ന് കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ കഴിഞ്ഞദിവസം ആശങ്കപ്പെട്ടത് അതുകൊണ്ടാണ്. ഘടകകക്ഷിയായ സി.പി.ഐക്ക് ദേശീയപദവി നഷ്ടമായതും സി.പി.എമ്മിന്റെ ആശങ്കയ്ക്കു കാരണമാണ്.

കഴിഞ്ഞ ഏപ്രിലിലാണ് സി.പി.ഐയുടെ ദേശീയാംഗീകാരം തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയത്. ലോക്‌സഭയില്‍ ഒരു സീറ്റ് പോലുമില്ലാത്തതിനു പുറമേ സംസ്ഥാനങ്ങളില്‍ നിശ്ചിതശതമാനം വോട്ടില്ലാത്തതും സി.പി.ഐക്ക് തിരിച്ചടിയായി. എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും ഇതേ കാലയളവില്‍ ദേശീയ പാര്‍ട്ടിപദവി നഷ്ടമായിരുന്നു. 2014, 2019 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഈ മൂന്നു പാര്‍ട്ടികളുടെയും അംഗീകാരം റദ്ദാക്കിയത്.

പല സംസ്ഥാനങ്ങളിലും സംസ്ഥാന പദവിയും ഈ പാര്‍ട്ടികള്‍ക്ക് നഷ്ടമായി. കേരളം, മണിപ്പൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മാത്രമാണ് സി.പി.ഐക്ക് സംസ്ഥാന പദവിയുള്ളത്. എന്‍.സി.പിക്ക് ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ സംസ്ഥാന പദവി നഷ്ടമായപ്പോള്‍ മഹാരാഷ്ട്രയിലും നാഗാലാന്‍ഡിലുമാണ് സംസ്ഥാന പാര്‍ട്ടി പദവി നിലനിര്‍ത്താനായത്. ബംഗാളിലും ത്രിപുരയിലും മേഘാലയിലും മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് സംസ്ഥാന പദവി. ആര്‍.എസ്.പിക്ക് ബംഗാളില്‍ പദവി നഷ്ടമായതോടെ കേരളത്തില്‍ മാത്രമായി അതു ചുരുങ്ങിയിട്ടുണ്ട്.


Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kannur, Will CPM lose national status?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia