Follow KVARTHA on Google news Follow Us!
ad

Happy Married Life | ഭാര്യ - ഭർത്താക്കന്മാരുടെ യഥാർഥ പ്രണയം ഇതാണ്! സന്തുഷ്ട ദാമ്പത്യത്തിന് 10 കാര്യങ്ങൾ

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം സ്നേഹമാണ്, Success Tips, Lifestyle, Career, Married Life
/ മിൻ്റാ സോണി

(KVARTHA)
ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം. പ്രണയാമൃതം ആണ് അതിന്റെ ഭാഷ. സ്നേഹമാണ് അതിന്റെ അലങ്കാരം. ത്യാഗമാണ് അതിന്റെ സൗകുമാര്യം, വിട്ടു വീഴ്ചയാണ് അതിന്റെ അര്‍ഥം. പരസ്പര ബഹുമാനമാണ് അതിന്റെ ആശയം. ഇതുമായി ബന്ധപ്പെട്ട ഒരു കഥയാണ് പറയുന്നത്. ഒരിക്കല്‍ ലിൻസി തന്റെ ഭർത്താവ് റോയിയോട് പറഞ്ഞു. 'നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും എനിക്കുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങള്‍ക്കും ഉണ്ട്. അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരസ്പരം ഒന്ന് പങ്കുവെക്കണം. അതിനു ഒരു കാര്യം ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്റെ അപാകതകള്‍ നിങ്ങളും നിങ്ങളുടേത് ഞാനും ഒരു പേപ്പറില്‍ എഴുതി വെക്കാം. എന്നിട്ട് അത് രണ്ടു പേരും ചേര്‍ന്ന് വായിക്കാം. അങ്ങനെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു തിരുത്തി നമുക്ക് മുന്നോട്ടു പോകാം'. റോയി സമ്മതിച്ചു.
  
Article, Editor’s-Pick, Tips for happy married life.

റോയി ജോലിക്ക് പോയ ഉടനെ ലിൻസി എഴുത്ത് തുടങ്ങി. റോയി ഓഫീസില്‍ നിന്ന് ഒഴിവു കിട്ടുമ്പോള്‍ എഴുതുമായിരിക്കും എന്നും അവൾ കരുതി. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ റോയിക്ക് നല്ല ഒരു സ്ട്രോങ് ചായയൊക്കെ ഉണ്ടാക്കി കൊടുത്തു ലിൻസി. റോയി ചായ കുടിച്ചു കഴിഞ്ഞ പാടെ ലിൻസി പറഞ്ഞു. ഇനി നമുക്ക് വായിക്കാം. അങ്ങനെ രണ്ടുപേരും അഭിമുഖമായി ഇരുന്നു. റോയി പറഞ്ഞു: നീ തന്നെ ആവട്ടെ ആദ്യം വായിക്കുന്നത്. ലിൻസി വായന തുടങ്ങി. നന്നേ ചെറിയ കാര്യങ്ങള്‍ പോലും വിടാതെ അവളെഴുതിയിരിക്കുന്നു. വായനക്കിടെ ഇടയ്ക്കിടെ ലിൻസി റോയിയുടെ മുഖത്തേക്ക് നോക്കുന്നുണ്ട്. അയാള്‍ എല്ലാം കേട്ടിരിക്കുന്നു. ഒടുവില്‍ അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞു ലിൻസി പറഞ്ഞു. ഇനി നിങ്ങളുടേത് വായിക്കൂ.

റോയി നാലായി മടക്കിയ കടലാസ് പോക്കറ്റില്‍ നിന്ന് എടുത്ത് ലിൻസിക്ക് കൊടുത്തിട്ട് പറഞ്ഞു. ഇതും കൂടി നീ തന്നെ വായിച്ചോളൂ. വല്ലാത്ത ഒരു ഹൃദയമിടിപ്പോടെയാണ് ലിൻസി അത് തുറന്നത്. എന്തൊക്കെയാണാവോ എഴുതി വെച്ചിരിക്കുന്നത്. ഒടുവില്‍ തുറന്നു നോക്കുമ്പോള്‍ ലിൻസി അത്ഭുതപ്പെട്ടു. കടലാസ് ശൂന്യമായിരുന്നു. ഒന്നും എഴുതിയിട്ടില്ല. ലിൻസി ഒന്നും മനസ്സിലാവാതെ റോയിയുടെ മുഖത്തേക്ക് നോക്കി. അപ്പോൾ റോയി ചിരിച്ചു കൊണ്ട് പറഞ്ഞു, 'നിന്റെ ഗുണങ്ങളെ പോലെ തന്നെ നിന്റെ എല്ലാ അപാകതയും എനിക്ക് ഇഷ്ടമാണ്. നിന്നെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല. അത് കേള്‍ക്കെ ലിൻസി റോയിയുടെ മാറിലേക്ക്‌ വീണു. സ്നേഹം ആണ് എല്ലാവര്‍ക്കും വേണ്ടത്. അതിനാണ് എല്ലാവരും നെട്ടോട്ടമോടുന്നത്. അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനവും.

പക്ഷേ അത് കിട്ടാന്‍ കാണിക്കുന്നതിന്റെ പാതി ശ്രമം പോലും ആരും കൊടുക്കാന്‍ കാണിക്കുന്നില്ല എന്നതാണ് നേര്. എല്ലാ മനസുകളിലും ഉണ്ട് സ്നേഹം. പക്ഷേ അത് പ്രകടിപ്പിക്കുന്നതിലാണ് ഏറ്റക്കുറച്ചില്‍ ഉള്ളത് . ഒന്നുകില്‍ പ്രകടിപ്പിക്കാന്‍ അറിയില്ല, അല്ലെങ്കില്‍ പിശുക്ക് കാണിക്കുന്നു. അതുമല്ലെങ്കില്‍ ഉള്ളിലുണ്ടായാല്‍ മതി പുറമേ കാണിക്കേണ്ട എന്ന മൂഡ ധാരണ. സത്യം പറഞ്ഞാല്‍ ഈ കഴിവുകേടാണ് സ്വര്‍ഗ്ഗമാകേണ്ട പല വീടുകളും നരകമാക്കുന്നത്. വീട് സ്നേഹ വീട് ആക്കാന്‍ രണ്ടു പേരും മനസ്സിരുത്തണം. എങ്ങനെയാണ് ദാമ്പത്യജീവിതം സ്നേഹത്തിലൂടെ സുന്ദരമാക്കുന്നത്. അതിനുള്ള ചില വിജയമന്ത്രങ്ങളാണ് ഇവിടെ പറയുന്നത്.


1. നല്ല വിവാ‍ഹജീവിതം ഉറപ്പിച്ചു നിർത്തുന്നത് നാലു തൂണുകളുടെ ശക്തിയിലാണ്. സ്നേഹം, പരസ്പര ബഹുമാനം, വിശ്വാസം, അടുപ്പം. ഇവ സ്വഭാവികമായി ഉണ്ടാവുന്നതാണെങ്കിലും ബോധപൂർവം വളർത്താൻ തയാറാവണം. സ്നേഹം ജീവിതാന്ത്യം വരെ രണ്ടുപേരെ മനസുകൊണ്ട് അടുപ്പിച്ച് നിർത്തുന്നതാവണം. വേണ്ടത് പരിധികളില്ലാത്ത സ്നേഹമാണ്. ഞാൻ മറയൊന്നുമില്ലാതെ സ്നേഹിക്കുന്നു. മറിച്ചും ആയാലെന്താ കുഴപ്പം എന്ന് പങ്കാളികളിലൊരാൾ ചിന്തിക്കുമ്പോൾ അവിടെ വ്യവസ്ഥ വയ്ക്കുകയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ വ്യവസ്ഥ വയ്ക്കരുത്. വ്യവസ്ഥ വച്ചാൽ അതിനൊപ്പം ഉയരാതെ പോയാൽ പ്രശ്നം ഉടലെടുക്കും.

2. പരസ്പരം ചതിക്കില്ലെന്നും കുടുംബപ്രശ്നങ്ങൾ ഇട്ടു തന്നിട്ട് ഓടിയൊളിക്കില്ലെന്നും പരസ്പരം വിശ്വാസം വേണം. പരസ്പരം കഴിവുകളും ഗുണഗണങ്ങളും മനസിലാക്കുമ്പോഴാണ് ബഹുമാനം ഉടലെടുക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രധാനം പരസ്പരം മാനുഷിക ഗുണങ്ങൾ കണ്ടെത്തുകയാണ്. എങ്കിൽ ബഹുമാനം നിലനിൽക്കും. മേൽ‌പ്പറഞ്ഞ ഗുണമൊക്കെയുണ്ടായാൽ സ്വഭാവികമായും അടുപ്പവും ഉണ്ടാകും.

3. മനുഷ്യജീവിതം ഏതു മേഖലകളിലും സാധ്യമാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഓഫീസിലായാലും സുഹൃദ് ബന്ധത്തിലായാലും അതു വേണം. ആ തത്വം തന്നെയാണ് വിവാഹത്തിന്റെ കാര്യത്തിലും. കാരണം വിവാഹജീവിതവും രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധമാണല്ലോ.

4. ഭാര്യയും ഭർത്താവും ജോലിക്കാരാകുമ്പോൾ എല്ലാം ഭാര്യ ചെയ്യണമെന്ന് ശഠിക്കരുത്. ഭാര്യ അടുക്കളയിൽ ജോലിയെടുക്കുമ്പോൾ കുട്ടികളുടെ പഠനക്കാര്യം ഭർത്താവ് ഏറ്റെടുക്കണം. ഇടയ്ക്ക് അടുക്കളയിൽ കറിക്കരിയാനും മറ്റും ഒരു കൈ സഹായം ചെയ്യാം. തുണി നനയ്ക്കുന്ന ഭാര്യയ്ക്ക് കുട്ടിയെ കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്ന ഭർത്താവ്. ജോലി സമയം മാറുന്നതിന് അനുസരിച്ച് ജോലി ഭാരം പങ്കു വയ്ക്കാൻ ഭാര്യയും ഭർത്താവും തയ്യാറാകണം. വീട്ടിലേയ്ക്കുള്ള അത്യാവശ്യ സാധനങ്ങൾ ഭാര്യമാർക്കും വാങ്ങി വരാവുന്നതേയുള്ളു.

5. പുതിയ തലമുറയിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് തങ്ങളെ വളരെ കെയർ ചെയ്യുന്ന ഒരു ഭർത്താവിനെയാണ്. സംരക്ഷിച്ചാൽ മാത്രം പോരാ സ്നേഹിക്കുന്നുവെന്നതിനു ചില പ്രകടനം വേണം. അവളുടെ പിറന്നാളോർത്തുവച്ച് സമ്മാനം കൊടുത്തോ അവളുടെ ബന്ധുക്കളെയും വീട്ടുകാരെയും വളരെ താല്പര്യപൂ‍ർവ്വം അന്വേഷിച്ചോ അവളുടെ വേദനകളിൽ അലിവോടെ ഇടപെട്ടും ആശ്വസിപ്പിച്ചുമോ ഒക്കെയാവണം കെയറിങ്. അല്ലാത്ത പുരുഷനെ വേണ്ടെന്ന് നാളത്തെ പെൺകുട്ടികൾ പറയാനിടയുണ്ടെന്ന് ഇന്നത്തെ പുരുഷന്മാർ ഓർക്കുന്നത് നന്നായിരിക്കും. പറയുന്നത് ഫെമിനിസമാണെന്ന് എഴുതിത്തള്ളരുത്. കുടുംബത്തിനായി ജോലി ചെയ്തു ക്ഷീണിച്ച് വരുന്ന ഭാര്യയ്ക്ക് ഒരു ഗ്ലാസ് ചായ നീട്ടുന്നത് നിങ്ങൾ മനുഷ്യത്വമുള്ളവനാണെന്നു തെളിയിക്കാനുള്ള അവസരമാണ്. നമുക്ക് നല്ല മനുഷ്യരാകണം. നല്ല കുടുംബവും വേണം.

6. കുട്ടികൾക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത് എന്ന് പറയുന്നവരുണ്ട്. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ വ്യർത്ഥമാക്കികളഞ്ഞിട്ട് അതിന്റെ കാരണക്കാരായി കുട്ടികൾ മാറുന്നു. ജീവിക്കാൻ ജോലി വേണം. ജോലിയിൽ നിന്ന് സംതൃപ്തിയും കിട്ടാം. എന്നാൽ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടാനുള്ള രക്ഷാമാർഗമാവാൻ പാടില്ല.

7. പങ്കാളിയോടു പറയാനാകാത്ത പലതും കൂട്ടുകാരോടു പറയാനാകുമെന്നൊരു വിശ്വാസമുണ്ട്. പങ്കാളിയോടു പറയേണ്ടതും ചെയ്യേണ്ടതും ഇങ്ങനെയൊക്കെ എന്നൊരു മുൻവിധിയുണ്ട്. ദാമ്പത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരുകൂട്ടർ ആത്മീയതയിലേയ്ക്ക് തിരിയും. എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾക്ക് ദാമ്പത്യത്തിൽ നിന്നു കിട്ടുന്നതിനേക്കാൾ സന്തോഷം കിട്ടുന്നു എന്നു തോന്നിയാൽ സൂക്ഷിക്കുക. നിങ്ങൾക്ക് പരിഹാരമാർഗം തേടാൻ സമയമായെന്ന് വിശ്വസിക്കുക.

8. വിവാഹ ജീവിതത്തിൽ പരസ്പരം പങ്കുവയ്ക്കാനുള്ള മാനസികമായ ഇടം ഉണ്ടാവണം. ഒരുപാട് പൊരുത്തക്കേടുകൾ ഉള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. വ്യക്തിത്വങ്ങളുടെ കാര്യത്തിലും ഇരു ധ്രുവങ്ങളിൽ ആണെങ്കിലും പൊരുത്തക്കേടുകൾ വരാം. മൂല്യങ്ങളുടെ കാര്യത്തിലും ജീവിതവീക്ഷണത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസം വന്നാൽ ഇവർക്ക് പെരുമാറാനുള്ള പൊതുവായ ഇടം ഇല്ലാതെ വരും. എന്റെ മനസിലെ സങ്കല്പം, എന്റെ താല്പര്യങ്ങൾ, അതിനനുസരിച്ച് എന്റെ പങ്കാളിയെ മാറ്റിയെടുക്കണം എന്നൊരാൾ ചിന്തിച്ചാൽ പ്രശ്നമായി. നല്ല ദാമ്പത്യ ജീവിതത്തിന് ഇത് ഒഴിവാക്കുക.

9. നിസാര പ്രശ്നങ്ങൾക്ക് പോലും ദുർമുഖം കാട്ടുക. ഒരാളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചതായി നിരന്തരം കുറ്റപ്പെടുത്തുക. സെക്സിനോട് വിരക്തി കാട്ടുക. പങ്കാളിയുടെ ജീവിതരീതികൾ മാറ്റാൻ ആവശ്യപ്പെടുക. എന്നെപ്പോലെ സ്നേഹിക്കു എന്നു നിരന്തരം പറയുക. പങ്കാളി പറയുന്നത് അസാധ്യം എന്നു പറഞ്ഞ് തള്ളുക. പങ്കാളി തന്റെ അമ്മയെപ്പോലെ അല്ലെങ്കിൽ അച്ഛനെപ്പോലെ അതുമല്ലെങ്കിൽ ചേച്ചിയെപ്പോലെ ആകണമെന്നോക്കെ പറയുക. ചിന്തകളും വികാരങ്ങളും മറച്ചു പിടിക്കുക. എന്റെ പങ്കാളിയെപ്പോലെയാണോ നിങ്ങളുടേതെന്ന് മറ്റുള്ളവരോട് ചോദിക്കുക. ജോലിയിലോ മറ്റെന്തെങ്കിലും പ്രവൃത്തിയിലോ മുഴുകി പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുക. ജീവിതം കുട്ടികൾക്കുവേണ്ടി പരിമിതപ്പെടുത്തുക. വിവാഹേതര ബന്ധത്തിൽ പെടുക. ഇവയിലേതെങ്കിലും ഉണ്ടായാൽ ഒന്നുകിൽ ഇപ്പോഴുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതാവും ഫലം. ഒരു സമാന്തര ജീവിതം അല്ലെങ്കിൽ വിവാഹമോചനം മാത്രം.

10. ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരു ദിവസമെങ്കിലും പങ്കാളിയുടെ ഒപ്പം ചെലവഴിക്കുക. അന്നന്ന് നടക്കുന്ന നിസാര കാര്യങ്ങൾ പോലും പങ്കാളിയുമായി ചർച്ച ചെയ്യുക. പങ്കാളിയുടെ വികാര പ്രകടനങ്ങൾ ശ്രദ്ധിക്കുക. ഒരുമിച്ചു ചെയ്യാവുന്ന ജോലികൾ ഒരുമിച്ച് ചെയ്യുക. വാർഷിക അവധിയെടുത്ത് യാത്ര പോവുക. ഫലം മോശമാകുമെങ്കിൽ കൂടി ഒന്നും ഒളിച്ചുവയ്ക്കാതിരിക്കുക. കൂടുതൽ സമയം കുടുംബത്തിനായി നീക്കി വെക്കുക. വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും നല്ല രീതിയിൽ കൗൺസിലിംഗ് തുടങ്ങിയവയൊക്കെ നല്ലൊരു ദാമ്പത്യജീവിതത്തിന് വളരെയേറെ അത്യന്താപേക്ഷിതമാണ്.

ഓർക്കുക, വിവാഹം ദൈവീകമാണ്. സ്ത്രീയും പുരുഷനും ചേരുമ്പോൾ മാത്രം പൂർണ്ണമാകുന്ന മനുഷ്യജീവിതം. വിവാഹം ആ അർത്ഥത്തിൽ പൂർണ്ണതയ്ക്ക് വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ സമാപ്തിയാണ്. ഒറ്റയ്ക്ക് നിൽക്കുന്ന കുന്നിന്റെ ഔന്നത്യം പത്തിരട്ടിയാകുമായിരിക്കും. പക്ഷേ, ഒറ്റപ്പെട്ട മനുഷ്യന് സന്ധ്യയുടെ വിഷാദഛായയാണ്. പ്രഭാതത്തിന്റെ തെളിമയുമായി നിശ്ചയമായും ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നുവരേണ്ടിയിരിക്കുന്നു.
 
Article, Editor’s-Pick, Tips for happy married life.

  തളരുമ്പോൾ ഒന്ന് ചായാൻ, ആഹ്ലാദത്തിനൊപ്പം ഒന്നു ചിരിക്കാൻ, കരയുമ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ, കിതയ്ക്കുമ്പോൾ ഒന്ന് തലോടാൻ... ഒരാൾ വേണം. അച്ഛനമ്മമാർക്കോ സഹോദരിസഹോദരന്മാർക്കോ കഴിയുന്നതിനുമപ്പുറത്ത് അല്ലെങ്കിൽ രക്തബന്ധത്തിന്റെ നേർത്ത നുലിഴകളില്ലാത്ത, അതിരുകൾ കടന്നെത്തുന്ന ഒരു ബന്ധം. അതിനു വ്യാഖ്യാനങ്ങളില്ല, വിശകലനങ്ങളില്ല. പക്ഷേ, അത്രയേറെ ഒഴിച്ചു കൂടാനാവാത്ത ഒന്ന് എന്നു മാത്രം പറയാം. ആയതിനാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യനാൽ വേർപ്പെടുത്താനിടയാകാതിരിക്കട്ടെ.

(കൗൺസിലിംഗ് സൈകോളജിസ്റ്റ് ആണ് ലേഖിക)

Post a Comment