Follow KVARTHA on Google news Follow Us!
ad

Stray Dog Menace | പട്ടിക്ക് സ്വർണ വില, മനുഷ്യന് പുല്ല് വില! ഇങ്ങനെയാവരുത്, നായ സ്നേഹികളെ നിങ്ങളുടെ മനോഭാവം

കേരള ഹൈകോടതി നിരീക്ഷണം ശ്രദ്ധേയം Stray Dogs, HC Verdict, Social Problems, Article
/ സോണി കല്ലറയ്ക്കൽ

(KVARTHA) തെരുവുനായകളെക്കാൾ പ്രധാന്യം മനുഷ്യർക്കാണ് നൽകേണ്ടതെന്ന് കേരള ഹൈകോടതി വ്യക്തമാക്കിയിരിക്കുകയാണ്. തെരുവുനായ ശല്യത്തിനെതിരെ ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ബെഞ്ചിന്റെ ഈ നിരീക്ഷണം. തെരുവുനായകൾ ഇന്ന് വലിയ ഭീഷണിയാവുകയാണ്. അവയെ ഭയന്ന് വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോകാൻ പറ്റാത്ത അവസ്ഥ വരെയുണ്ട്. എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അപ്പോൾ നായ സ്നേഹികൾ പ്രതിഷേധവുമായി എത്തും. നായ സ്നേഹികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അവയെ പരിപാലിക്കുന്നതിനുള്ള ലൈസൻസ് നൽകണമെന്നും ഹൈകോടതി അഭിപ്രായപ്പെടുകയുണ്ടായി. മൃഗങ്ങളെ തീർച്ചയായും സംരക്ഷിക്കണം. അത് മനുഷ്യൻ്റെ ചിലവിലാകരുതെന്നും കോടതി പറയുകയുണ്ടായി.


ഇന്ന് കേരളത്തിൽ തെരുവ് നായ ശല്യം ഒന്നിനൊന്ന് വർദ്ധിച്ചു വരികയാണ്. കേരളത്തിലെ വഴിയോരങ്ങളിലൂടെ യാത്രക്കാർ ഭയപ്പാടോടെയാണ് നടന്നുപോകുന്നത്. കുട്ടികൾക്ക് എതിരെയുള്ള നായകളുടെ ആക്രമണവും ഒട്ടും കുറവല്ല. കഴിഞ്ഞ ഏതാനും മാസം മുൻപ് ഭിന്ന ശേഷിക്കാരനായ 10 വയസുകാരനായ ബാലൻ തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആരെയും ഞെട്ടിച്ച സംഭവമായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകം ദാറുൽ റഹ് മയിൽ നൗഷാദ് - നഫീസ ദമ്പതികളുടെ മകൻ നിഹാൽ ആണ് നായകളുടെ കടിയേറ്റ് അതിദാരുണാമായി കൊല്ലപ്പെട്ടത്. ഇന്ന് നിഹാലിൻ്റെ മരണം സമൂഹത്തിൽ ഒരു വേദനയായി ആളിപ്പടരുകയാണ്.

ഇതുപറയുമ്പോൾ നാം ഒരുകാര്യം മറന്നു പോകുന്നു. കേരളത്തിൽ തെരുവ് നായ്ക്കൾ മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒക്കെ കടിച്ചു വലിച്ചു കീറാൻ തുടങ്ങിയിട്ട് കൊല്ലം ഏറെയായി. അന്ന് ഇതിനു ശരിയായ ഒരു പരിഹാരമാർഗ്ഗം ഉണ്ടാക്കാൻ അധികാരികൾ കണ്ണുതുറന്നിരുന്നെങ്കിൽ നിഹാലിന് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മുൻപ് നായകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ ഒരു ബാക്കി പത്രം മാത്രമാണ് ഈ കൊച്ചു നിഹാലും. ഒന്നുറക്കെ കരയാൻ പോലുമാവാതെ നിഹാലെന്ന 11 വയസുകാരൻ പിടഞ്ഞു തീരേണ്ടി വന്നു കേരളം തെരുവ് നായ വിപത്തിനെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ.

മനുഷ്യന്മാരെ സ്നേഹിക്കാതെ, മൃഗങ്ങളെ മനുഷ്യരേക്കാളും കൂടുതലും സ്നേഹിക്കുന്ന മൃഗങ്ങളാണ് ഇപ്പോഴത്തെ മനുഷ്യൻ എന്ന വ്യവസ്ഥിതിയിലേയ്ക്ക് മാറിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം എന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ എട്ട് ലക്ഷത്തോളം പേരാണ് തെരുവ് നായക്കളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത് എന്ന് പറയപ്പെടുന്നു. ഈ വർഷം ഇതുവരെ ആറ് പേരാണ് പേവിഷബാധയേറ്റ് വേദനാജനകമായ മരണം ഏറ്റുവാങ്ങിയത്. കഴിഞ്ഞ വർഷം 21 പേർ മരണത്തിനിരയായി. ഇവരിൽ റാബീസ് വാക്സിൻ എടുത്തവർ വരെയുണ്ടെന്ന വിവരവും ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. നായകളുടെ ആക്രമണത്താലുള്ള വാഹനാപകടങ്ങളും മരണങ്ങളും ഇതിനും പുറത്താണ്.

പാലക്കാട് തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്രവാഹനം മറിഞ്ഞ് ഉഷ എന്ന സ്ത്രീ മരിച്ചിരുന്നു. എണ്ണമില്ലാത്ത പക്ഷിമൃഗാദികളും തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാക്കപ്പെടുന്നു. ഇന്ന് നമ്മുടെ സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. എവിടെയും കുട്ടികളെയും മുതിർന്നവരെയും നിരന്തരം നായകൾ ഓടിക്കുന്നു, ആക്രമിക്കുന്നു. കുട്ടികളുടെ സ്‌കൂൾ ബാഗ് കടിച്ചു കീറുന്നു ഇങ്ങനെ പോകുന്നു തെരുവ് നായ്ക്കളുടെ വിക്രിയകൾ. തെരുവ് നായ ശല്യം മൂലം മക്കളെ സ്കൂളിൽ അയക്കാൻ പോലും മാതാപിതാക്കൾ ഭയപ്പെടുന്ന സ്ഥിതിയാണ് ഒരോ നാട്ടിലും ഇപ്പോൾ ഉള്ളത്. മുതിർന്നവർക്ക് പുറത്ത് ഇറങ്ങണമെങ്കിൽ കയ്യിൽ ഒരു വടി വേണം എന്നായിരിക്കുന്നു.

തെരുവ് നായ ശല്യം എല്ലാ അതിർവരമ്പുകളും ലംഘിച്ച് നീങ്ങുന്ന ഈ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ആണ് ഇവിടുള്ള ആളുകൾ ജീവിക്കുന്നത്. സംസ്ഥാനത്ത് തെരുവ് നായ്ക്കൾ കുഞ്ഞുങ്ങളെയും മുതിർന്നവർവരെയും കടിച്ചു വലിച്ചു കീറുമ്പോൾ സർക്കാരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിശബ്ദ നിലപാട് തുടരുന്നത് അത്യന്തം വേദനാജനകമാണ്. പല കാര്യത്തിലും എന്ത് പ്രതിഷേധമുണ്ടായാലും കരുത്തുറ്റ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന നമ്മുടെ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെയും നാട്ടുകാരെയും പഴിചാരി മുഖം സംരക്ഷിക്കാൻ ശ്രമിക്കുന്ന വിചിത്ര കാഴ്ചയാണ് ഇപ്പോൾ ഏവർക്കും കാണാൻ കഴിയുന്നത്.

കെ റെയിൽ പോലുള്ള വിഷയങ്ങളിൽ ഉറച്ച് നിലപാട് എടുത്തു നീങ്ങിയ സർക്കാർ ഈ വിഷയത്തിൽ എന്തേ ഇങ്ങനെ എന്ന് ചോദിച്ച് മൂക്കത്ത് വിരൽ വെയ്ക്കുന്നവരും കുറവല്ല. തെരുവ് നായകളുടെ നിയന്ത്രണത്തിനു പ്രധാന തടസ്സമായി നിൽക്കുന്നത് കേന്ദ്ര ചട്ടങ്ങളാണെന്നും പ്രദേശവാസികളുടെ പ്രതിഷേധം മൂലം നായകളുടെ വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കാൻ പറ്റുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാരും വകുപ്പ് മന്ത്രിയും പറയുന്നത്. മനുഷ്യ ജീവന് അപകടകരമായ തെരുവ് നായകളെ കൊല്ലാൻ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നായകൾ തെരുവിൽ നിലനിൽക്കേണ്ടതും ജനങ്ങളെ ആക്രമിക്കേണ്ടതും വാക്സിൻ കമ്പനികളുടെ ആവശ്യമാണ് എന്ന് പൊതുജനം തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?.

ജനങ്ങളെ ആക്രമിക്കുന്നതിലൂടെ വാക്സിൻ ഉപയോഗം വർദ്ധിക്കും. വാക്സിൻ ഇറക്കുമതിയും വർദ്ധിക്കും അതിലൂടെ കോടികൾ കോഴപ്പണമായി വേണ്ടപ്പെട്ടവരുടെ കൈകളിൽ വന്നുചേരും. ജനങ്ങളെക്കാൾ നായകൾക്ക് വേണ്ടപ്പെട്ടവർ പരിഗണന നൽകുന്നത് വാക്സിൻ കമ്പനികളുടെ ആവശ്യപ്രകാരമാണ് എന്ന് ജനം ഇപ്പോൾ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. ഈ രീതിയിൽ പോയാൽ നമ്മുടെ സംസ്ഥാനത്ത് ആക്രമകാരികളായ നായകളെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേയ്ക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ല. തെരുവ് നായ ആക്രമണം വ്യാപകമായതിനെത്തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ സർക്കാർ നൽകിയ പല ഉറപ്പുകളും പ്രഖ്യാപനങ്ങളും ഇന്നും കടലാസിൽ തന്നെയാണ്. തെരുവ് നായ്ക്കൾക്കുള്ള അഭയ കേന്ദ്രങ്ങൾ, വന്ധ്യം കരണത്തിനുള്ള എ.ബി.സി കേന്ദ്രങ്ങൾ. പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങിയ നടപടികളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്.

എന്നാൽ സംസ്ഥാനത്തുള്ള മൂന്ന് ലക്ഷത്തോളം നായകളിൽ ഇരുപതിനായിരത്തിൽ താഴെ എണ്ണത്തെ മാത്രമേ വന്ധ്യം കരണത്തിനു വിധേയമാക്കിയുള്ളു. പേവിഷ പ്രതിരോധ കുത്തിവെയ് പ്പും പത്തിലൊന്നേ ആയിട്ടുള്ളു. ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള എ.ബി.സി സെൻ്ററുകൾ സ്ഥാപിക്കാനുള്ള തീരുമാനവും നടപ്പിലാക്കാതെ പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ വിഷയത്തിൽ നാം ഭരണാധികാരികളെ കുറ്റം പറയുമ്പോൾ തന്നെ ചില കാര്യങ്ങളിൽ നാമും ഈ പ്രശ്നത്തിൽ കുറ്റക്കാർ ആണെന്നുള്ള സത്യം മറന്നു പോകുന്നു. ഒരു പ്രദേശത്ത് തെരുവ് നായ് എന്ന പ്രതിഭാസം ഉണ്ടാകുന്നത് ആ നാട്ടുകാർ വളർത്തു നായ്ക്കളെ വളർത്തി കൊതി തീരുമ്പോൾ വഴിയിലേക്ക് കളയുന്നതും, പെൺ നായ്ക്കുഞ്ഞുങ്ങളെ പെൺ നായ ആണ് എന്ന് പറഞ്ഞ് വഴിയിൽ ഉപേക്ഷിക്കുന്നതും ഒരു കാരണമാണ്.

മറ്റൊന്ന് റോഡ് അരികിൽ മുഴുവൻ ഇന്ന് തട്ടുകടകൾ ആണ്. മറ്റൊരിടത്ത് ഇറച്ചി കടകളും. ഇവിടങ്ങളിൽ നിന്നുള്ള നോൺ വെജ് വേസ്റ്റുകൾ ഒക്കെ ഡിസ്പോസ് ചെയ്യാതെ ഇരിക്കുന്നതും ഇവിടങ്ങളിൽ തെരുവ് നായകൾ പെരുകുന്നതിന് കാരണമാകും. വീണ്ടും ഇവ കിട്ടാതെ വരുന്ന സാഹചര്യത്തിൽ നായകൾ ആക്രമണകാരികൾ ആകും. മനുഷ്യരെ കടിക്കുക സ്വഭാവികം. ഇതിൽ നായ മാത്രം അല്ല, നമ്മളും കുറ്റക്കാർ തന്നെ. ഇത്തരം പ്രവൃത്തികൾ കാണിച്ചിട്ട് സർക്കാരിനെ മാത്രം കുറ്റം പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. വളർത്തു മൃഗങ്ങളെയും വളർത്തു പക്ഷികളെയും ഉത്തരവാദിത്വത്തോടെ അതിന്റെ ജീവിതാവസാനം വരെ വളർത്താൻ മൃഗ, പക്ഷി സ്നേഹികൾ തയ്യാറാവുക തന്നെ വേണം. അത് പറ്റാത്തവർ വളർത്താൻ തുനിയരുത്.

മനുഷ്യർക്ക് ഉത്തരവാദിത്വം എന്നൊന്ന് വളരെ അത്യാവശ്യം ആണ്. തെരുവ് നായകൾ ഇന്ന് കേരളം അതിഗൗരവത്തോടെ പരിഹാരം കാണേണ്ട പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർക്ക് ആദ്യം വേണ്ടത്. മാധ്യമ വാർത്തകൾ സജീവമാകുമ്പോൾ മാത്രം നടപടികളുമായി ഇനിയും ഏറെക്കാലം മുന്നോട്ട് പോവാനാവില്ല. ഇനിയൊരു നിഹാൽ ആവർത്തിക്കരുതെന്ന ദൃഡനിശ്ചയത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സമൂഹവും കൈകോർത്ത് നടപ്പാക്കുകയാണ് തെരുവ് നായക്കളിൽ നിന്ന് രക്ഷനേടാനുള്ള ഏക പോംവഴി. എ.ബി.സി കേന്ദ്രങ്ങളാവട്ടെ, മാലിന്യ സംസ്ക്കരണ പദ്ധതികളാവട്ടെ മൊബൈൽ ടവറുകളാവട്ടെ തങ്ങളുടെ നാട്ടിൽ വേണ്ട എന്ന മലയാളിയുടെ മനോഭാവവും തിരിച്ചടിയാവുന്നുണ്ടെന്നതിൽ തർക്കമില്ല.

നായ പിടുത്തത്തിനു മതിയായ പരിശീലനം ലഭിച്ചവരെ കണ്ടെത്താനാവാത്തതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വലച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിൽ നടത്തിയ തീവ്രയത്നത്തിൻ്റെ ഫലമായി തെരുവ് നായ ശല്യം കുറഞ്ഞപ്പോൾ പല തദ്ദേശ സ്ഥാപനങ്ങളും തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിൽ വീഴ്ച കാണിച്ചിട്ടുമുണ്ട്. ഇടവേളകളില്ലാത്ത പ്രവർത്തനം കൊണ്ടു മാത്രമേ തെരുവ് നായകളുടെ പെറ്റു പെരുകലിന് നിയന്ത്രണം വരുത്താനാവു എന്നാണ് വിദഗധർ പറയുന്നത്. 70 ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ മൂന്ന് വർഷത്തിനകം ജനന നിരക്ക് നിയന്ത്രിക്കാമെന്നിരിക്കെ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ആവശ്യമുണ്ട്.


നായയുടെ കടിയേറ്റവർക്ക് സൗജന്യ പേ വിഷബാധ കുത്തിവെപ്പ് നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനമെങ്കിലും എ.പി.എൽ വിഭാഗങ്ങൾക്ക് പണം നൽകിയാൽ മാത്രമേ മരുന്നു ലഭ്യമാവൂ എന്നതാണ് സ്ഥിതി. ഭൂമിയിലെ എല്ലാ സൃഷ്ടികൾക്കും അധിപനെന്നു കരുതി എല്ലാ കണ്ടുപിടുത്തങ്ങൾക്കും നേട്ടങ്ങൾക്കും പിന്നാലെ പോകുന്ന മനുഷ്യനാണ് കേവലം ഒരു തെരുവ് നായ പ്രശ്നത്തിനു മുന്നിൽ തലകുനിച്ചു നിൽക്കുന്നത്. ഒരു ആനയെ നാട് കടത്താൻ കാണിച്ചതിന്റെ ശുഷ്‌കാന്തി ഇവറ്റകളുടെ കാര്യത്തിൽ ഭരണാധികാരികൾ കാണിച്ചിരുന്നെങ്കിൽ! പട്ടിക്ക് സ്വർണ്ണവില, മനുഷ്യന് പുല്ലുവില ഇത് ആകാതിരിക്കട്ടെ നായ സ്നേഹികളെ നിങ്ങളുടെ മനോഭാവം. അല്പമെങ്കിലും മനുഷ്യത്വം ഇക്കാര്യത്തിൽ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഇനി ഒരു നിഹാൽ ഇവിടെ ആവർത്തിക്കാതിരിക്കും.

Keywords: News, Kerala, Article, Editor’s-Pick, Stray Dogs, HC Verdict, Social Problems, Article, Student, Government, Attack, Stray Dogs Menace and Pet Lovers, Shamil.


< !- START disable copy paste -->

Post a Comment