Follow KVARTHA on Google news Follow Us!
ad

Kitchen Farming | വീടുകളിൽ കൃഷി തുടങ്ങാം, പോഷാകാഹാരക്കുറവിന് പരിഹാരവുമാകും! നമ്മുടെ നാട് സ്വർഗമാക്കാം

മാറ്റം അനിവാര്യം Agriculture, Cultivation, Nutrition, malnutrition
/ മിന്റാ മരിയ തോമസ്

(KVARTHA) പോഷകാഹാരം കിട്ടാതെ കുട്ടികൾ മരിച്ചുവീഴുന്നതിലും ഒന്നാം സ്ഥാനത്താണോ നമ്മൾ? ആ രീതിയിലാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് പോഷകാഹാരക്കുറവ് ആശങ്കാജനകമാണെന്ന് ഭക്ഷ്യവിദഗ്ധർ പറയുന്നു. സൂക്ഷ്മ പോഷകങ്ങളുടെ കുറവാണ് എടുത്തു പറയുന്നത്. പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്നും ഇൻ്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2023 ലെ ഗ്ലോബൽ ഫുഡ് പോളിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള തലത്തിലും പോഷകാഹാരക്കുറവ് നേരിടുന്നവരുടെ എണ്ണം ഉയരുകയാണ്. 2014ൽ 57.2 കോടി ജനങ്ങളാണ് പോഷകാഹാരക്കുറവ് നേരിട്ടിരുന്നത്. 2021ൽ അത് 34.2 ശതമാനം ഉയർന്ന് 76.8 കോടി ആയി.


2019 നും 2021നും ഇടയിലെ കണക്കുകളനുസരിച്ച് പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ഉള്ളത് അഫ്‌ഗാനിസ്ഥാനിലാണ്. അവിടെ 30 ശതമാനം പേർക്ക് പോഷകാഹാരം ലഭിക്കുന്നില്ല. പാകിസ്ഥാനിലേത് 17 ശതമാനവും ഇന്ത്യയിൽ 16 ശതമാനവും ആണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ പോഷകാഹാരക്കുറവിന് വിവിധ കാരണങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂടിയതാണ് അതിലൊന്ന്. ഭക്ഷ്യ ഉത്പാദനത്തിലും ലഭ്യതയിലും ഇന്ത്യ മികവു പുലർത്തുന്നുണ്ടെങ്കിലും എല്ലാവർക്കും അത് എത്തിക്കുന്ന കാര്യത്തിൽ ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് ഐ.എഫ്.ആർ.ഐ ചൂണ്ടിക്കാട്ടുന്നു.

കാര്യങ്ങൾ ഈ സ്ഥിതിയിലാണ്. ഈ അവസരത്തിൽ നമുക്ക് ഒന്ന് ചിന്തിക്കാം. നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഇങ്ങനെ ഒരു പോഷകാഹാരക്കുറവ് നേരിടുന്നു, പ്രത്യേകിച്ച് ഈ കേരളത്തിൽ എന്ന് വല്ലപ്പോഴെങ്കിലും നാം ഒന്ന് ചിന്തിച്ചാൽ നന്നായിരിക്കും. ഇവിടെ എത്രയോ സ്ഥലങ്ങൾ ഒരു കൃഷിയും ഇല്ലാതെ വെറും തരിശായി കിടക്കുന്നു. നമ്മുടെ ഇന്നത്തെ ചെറുപ്പക്കാർക്ക് ഭക്ഷണമെന്നത് എല്ലാം റെഡിമെയ്ഡാണ്. അത് എവിടെ നിന്നു കിട്ടുന്നെന്നോ എവിടെ നിന്ന് വരുന്നെന്നോ ആരും ചിന്തിക്കുന്നില്ല, റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കളുടെ വലിയൊരു മാർക്കറ്റ് ആയിരിക്കുകയാണ് ഈ കൊച്ചു കേരളം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇവിടെയെത്തി വലിയൊരു തുക ഈ ഇനത്തിൽ നിന്ന് സമ്പാദിച്ച് തിരികെ പോകുന്നു.

പണ്ടൊക്കെ ഉള്ള സ്ഥലങ്ങൾ പരിമിതമാണെങ്കിൽ കൂടി നമുടെ സ്വന്തം വീടുകളിൽ തന്നെ ചീരയും കാച്ചിലും പയറും ചേനയും ഒക്കെ നട്ടു വളർത്തി അതിൽ നിന്നും ചോറിനും മറ്റും കൂട്ടാൻ തയാറാക്കുന്ന കാലമുണ്ടായിരുന്നു. ഇന്ന് എത്ര കുട്ടികൾ ഇത് കണ്ടിട്ടുണ്ട്. പണ്ടൊക്കെ വീടുകളിൽ സ്വന്തമായി കോഴിയെ വളർത്തി മുട്ടയും ഇറച്ചിയും തയാറാക്കുന്ന കാലമുണ്ടായിരുന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിന് മുൻപ് ഈ മുട്ട ആയിരുന്നു പുഴുങ്ങിയും പൊരിച്ചുമൊക്കെ കൊടുത്തിരുന്നത്. അംഗൻവാടികളിൽ പോലും ഇങ്ങനെ ശേഖരിച്ചിരുന്ന കോഴി മുട്ടയായിരുന്നു അന്ന് ധാരാളം കൊടുത്തുകൊണ്ടിരുന്നത്. അന്ന് വീട്ടിൽ വനിതകൾക്ക് പോലും ഇത് ചെറിയൊരു വരുമാന മാർഗ്ഗം കൂടിയായിരുന്നു. ഒപ്പം വീട്ടിൽ വളർത്തുന്ന കോഴികളിൽ നിന്ന് ലഭിക്കുന്ന ഇറച്ചി പോഷക സമ്പുഷ്ടവുമായിരുന്നു.

ഇന്ന് 40 ദിവസം കൊണ്ട് കൃത്രിമ രീതിയിൽ തൂക്കം വെയ്പ്പിക്കുന്ന ബ്രോയിലർ കോഴികളുടെ ഇറച്ചി ആണ് മനുഷ്യൻ കഴിക്കേണ്ടി വരുന്നത്. ബിരിയാണി ആയിട്ടും അൽഫാം ആയിട്ടും ഒക്കെ ഇവ നമ്മൾ ഭക്ഷിക്കുമ്പോൾ അത് മറ്റ് വലിയ വലിയ രോഗങ്ങൾക്ക് കൂടി അടിമയാകുകയാണ് മനുഷ്യൻ എന്നോർക്കണം. ഇവിടെ പണ്ട് സുലഭമായി ലഭിച്ചിരുന്ന ഏത്തപ്പഴം പോലും ഇന്ന് തമിഴ്‌നാട്ടിൽ നിന്നോ മറ്റോ ലഭിക്കുമ്പോൾ വിഷരഹിതമാണെന്ന് പറയുവാൻ പറ്റുമോ? പണ്ട് പശുവിനെ വളർത്തുന്ന വീടുകൾ ഇവിടെ സർവസാധാരണമായിരുന്നു. ഇന്ന് ഒരു പ്രദേശത്ത് എത്ര വീടുകളിൽ പശുവിനെ വളർത്തുന്നുണ്ടെന്ന് ചിന്തിക്കണം. ഇന്ന് മായം കലക്കി റെഡിമെയ്ഡ് രൂപത്തിൽ പ്ലാസ്റ്റിക് കവറിലായി പാലുകൾ വീട്ടിലെത്തുന്നു. ഇതിനെയും പോഷകസമൃദ്ധമായ പാൽ എന്നാണ് നമ്മൾ പറയുന്നത്.

പശുക്കളെ വീടുകളിൽ വളർത്തി അതിന് കഴിക്കാൻ ശുദ്ധമായ പുല്ലുകൊടുത്ത് അതിൽ നിന്ന് ലഭിക്കുന്ന ചാണകം വീട്ടിലെ ചീരയ്ക്കും പയറിനും വാഴയ്ക്കുമൊക്കെ ഇട്ടുകൊടുത്ത് ശുദ്ധമായ വിളവ് വീടുകളിൽ തന്നെ ഉണ്ടാക്കുന്ന കാലമാണ് പോയിക്കഴിഞ്ഞത്. ഫലമോ അന്യൻ്റെ വിഷമുള്ള ആഹാരം നാം ഭക്ഷിക്കാൻ വിധിക്കപ്പെടുകയും ചെയ്യുന്നു. ഒപ്പം സ്‌ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ്‌, ശിശുമരണ നിരക്ക്‌ എന്നിവ ഭയാനകമാംവിധം ഉയരുന്നു. മാത്രമല്ല, ഭക്ഷ്യധാന്യവിലക്കയറ്റവും മൊത്തത്തിലുള്ള വിലക്കയറ്റവും കുതിച്ചുയരുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ സാമ്പത്തികമുള്ളവന് ഇവിടെ പിടിച്ചു നിൽക്കാമെന്ന അവസ്ഥയാകുന്നു. അല്ലാത്തവർ എല്ലാ തരത്തിലും ഇവിടെ വിശന്നുവലയുകയും ചെയ്യുന്നു.

കോവിഡ്‌ വ്യാപകമായ കഴിഞ്ഞ നാളുകൾക്ക് ശേഷം കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ 6.5 കോടിയാളുകൾ വീണ്ടും അതിദാരിദ്ര്യത്തിന്റ പടുകുഴിയിലേക്ക്‌ വീണു എന്നാണ് സർക്കാർ തന്നെ പുറത്ത് വിട്ട കണക്കുകൾ കാണിക്കുന്നത്. ഈ അവസരത്തിൽപോലും കർഷകരിൽനിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ സംഭരിച്ച ധാന്യങ്ങളാണ്‌ വൻകിടക്കാർ ആഗോള വിപണിയിലേക്ക്‌ കൂടിയ വിലയ്‌ക്ക്‌ കയറ്റുമതിചെയ്‌ത്‌ വൻ ലാഭമുണ്ടാക്കുന്നത്‌. കയറ്റുമതിക്കാർക്ക്‌ സബ്‌സിഡി വിലയ്‌ക്കാണ്‌ കേന്ദ്രസർക്കാർ ഭക്ഷ്യധാന്യം നൽകുന്നത്‌. ഇതും ഒരു വിരോധാഭാസമാണ്. രാജ്യം ഇത്രയും ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ, പട്ടിണി കിടക്കുന്ന സ്വന്തം ജനങ്ങളെ ഊട്ടുന്നതിനു പകരം ഭക്ഷ്യധാന്യ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം.

അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കോർപറേറ്റുകൾക്കും വൻകിടക്കാർക്കും നേട്ടമുണ്ടാക്കാനും, ആഗോളതലത്തിൽ ലോകത്തിന് ഭക്ഷണം നൽകുന്ന നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമവുമാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ലോകത്തിന്‌ ഭക്ഷണം നൽകാൻ ഇന്ത്യക്കു സാധിക്കുമെന്നാണ്‌ പ്രധാനമന്ത്രി മോദി അടുത്തിടെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനോട്‌ പറഞ്ഞത്‌. പട്ടിണിയും പരിവട്ടവുമായി നട്ടം തിരിഞ്ഞ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന സ്വന്തം ജനങ്ങൾക്ക്‌ ആവശ്യത്തിന്‌ ഭക്ഷ്യധാന്യം സൗജന്യ നിരക്കിൽ നൽകാതെ സൃഷ്ടിച്ചെടുത്ത കൃത്രിമ കരുതൽ ശേഖരം ചൂണ്ടിക്കാട്ടിയാണ്‌ ലോകത്തിന്‌ ഇന്ത്യ ഭക്ഷണം നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് പ്രതിപക്ഷം വിമർശിക്കുന്നു.

രാജ്യത്തെ ധാന്യപ്പുരകൾ നിറയുമ്പോഴും പട്ടിണി മരണവും പോഷകാഹാരക്കുറവു മൂലമുള്ള കുട്ടികളുടെ മരണവും കൂടുന്നു എന്നാണ്‌ ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്‌. ഇവിടെ പോഷാകാഹാരക്കുറവ് പരിഹരിക്കാൻ ഇനി ഒറ്റവഴിയെ ഉള്ളു. ഇവിടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ കൃഷിയെയും പ്രോത്സാഹിപ്പിക്കുക. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ എല്ലാം തന്നെ കൂട്ടുകൃഷിയ്ക്ക് വേണ്ടി സജ്ജമാക്കുക. വെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ ബണ്ടുകൾ ഉപയോഗിച്ച് വെള്ളമുള്ള സ്ഥലങ്ങളിൽ നിന്ന് ജലം എത്തിച്ച് കൃഷിക്ക് ഉപകാരപ്രദമാക്കുക. ഇന്ത്യയിൽ തന്നെ എത്രയോ ഏക്കർ സ്ഥലങ്ങൾ വെറുതെ കാടുപിടിച്ച് ഒന്നും കൊള്ളതായി കിടക്കുന്നു. ഇവിടെയൊക്കെ കൂട്ടുകൃഷി വന്നാൽ രാജ്യത്തിൻ്റെ സമ്പത് വ്യവസ്ഥ തന്നെ ചിലപ്പോൾ മാറ്റി മറിക്കപ്പെട്ടെക്കാം. അത്രയ്ക്ക് ഫലഫുയിഷ്ടമായ മായ നാടാണ് ഇവിടം എന്ന് നമ്മൾ ചിന്തിക്കുന്നുന്നില്ല.

ഓരോ വർഷവും ഇന്ത്യയിൽ നിന്ന് പടിച്ചിറങ്ങുന്ന വിദ്യാർത്ഥികളിൽ കൃഷിയെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിക്കൊടുക്കേണ്ട ബാധ്യതയും ഭരിക്കുന്ന സർക്കാറിന് ഉണ്ടെന്നുള്ള കാര്യം മറക്കരുത്. വിദ്യാർത്ഥികളെ കൂടുതലായി പരിസരണ ശുചീകരണം പഠിപ്പിക്കുന്ന പോലെ തന്നെ കൃഷിയും പ്രോത്സാഹിപ്പിക്കുന്ന നയം സർക്കാർ സ്വീകരിച്ചാൽ ഇവിടം സ്വർഗ്ഗമാകും. ഇവിടം വിട്ട് പഠനത്തിന് ശേഷം വിദേശത്തേയ്ക്ക് ചേക്കേറുന്ന പല ഉദ്യോഗാർത്ഥികളെയും ഇവിടെ തന്നെ പിടിച്ചു നിർത്താനും അവരുടെ കഴിവുകൾ അന്യരാജ്യത്തിന് പ്രയോജനപ്പെടുത്താതെ മാതൃ രാജ്യത്തിനു തന്നെ പ്രയോജനപ്പെടുത്തുവാനും സാധിക്കും.

മാത്രമല്ല, ഇനി ഇവിടെ കാണാൻ പോകുന്നത് ഓർഫനേജുകൾ ആയിരിക്കുകയില്ല ഓൾഡേജ് ഹോമുകൾ ആയിരിക്കും. മാതാപിതാക്കളെ സംരക്ഷിക്കാൻ ഇവിടെ മക്കൾ ഇല്ലെന്നായിക്കൊണ്ടിരിക്കുന്നു. വീടുകളിലെ ഭൂരിഭാഗം കുട്ടികളും പഠനത്തിനൂശേഷം ജോലിയ്ക്കും മറ്റുമായി വിദേശത്തേയ്ക്ക് ചെക്കേറി പിന്നീട് വിവാഹം കഴിച്ച് അവിടെത്തന്നെ സെറ്റിൽ ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. മാതാപിതാക്കൾ ഇവിടെ അനാഥപ്രേതങ്ങളെപ്പോലെ കഴിയേണ്ടി വരുന്നു. ഈ ദുരന്താവസ്ഥയ്ക്കും ഇതൊരു മാറ്റമാകും. നമ്മുടെ വീടുകളിൽ തന്നെ പോഷാകാഹാരവും കൃഷിയും വരട്ടെ. അതിനായി പഴമയെ നമുക്ക് തിരികെ കൊണ്ടുവരാം. അതെ നമ്മുടെ നാട് സ്വർഗമാണ്, അല്ല ഇവിടം സ്വർഗമാണ്.


Keywords: Agriculture, Cultivation, Nutrition, Malnutrition, Strategy, Report, International Food Policy Research Institute, Orphanages, Old age, Afghanistan, Students, Farming, Marriage, Foreign, Hunger, Water, Strategies to prevent malnutrition.
< !- START disable copy paste -->

Post a Comment