Follow KVARTHA on Google news Follow Us!
ad

Election Candidates | അടുത്ത തലമുറ തിരഞ്ഞെടുപ്പ് രംഗത്തേക്ക്; ആന്ധ്രയിൽ ജനവിധി തേടുന്നത് 6 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ!

വിവിധ പാർട്ടികളുടെ ടിക്കറ്റിൽ മത്സരിക്കുന്നുവെന്നതും പ്രത്യേകത Election, Congress, BJP, ദേശീയ വാർത്തകൾ, Politics, Andhra Pradesh
അമരാവതി: (KVARTHA) ആന്ധ്രാപ്രദേശ് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം മെയ് 13ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആറ് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ മത്സരിക്കുന്നത് കൗതുകകരമായി. ഇതിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ പെൺമക്കളും മത്സരരംഗത്തുണ്ടെന്നതും പ്രത്യേകതയാണ്. ആന്ധ്രാപ്രദേശിൻ്റെ മുൻ മുഖ്യമന്ത്രി അന്തരിച്ച വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൻ നിലവിലെ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടി (YSRCP) അധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി വൈഎസ്ആർ കുടുംബത്തിൻ്റെ സ്വന്തം ജില്ലയായ കടപ്പയിലെ പുലിവെന്ദുല മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും.

 



1978 മുതൽ വൈഎസ്ആർ കുടുംബത്തിൻ്റെ കയ്യിലാണ് ഈ മണ്ഡലം. തുടർച്ചയായി മൂന്നാം തവണയാണ് ജഗൻ മോഹൻ റെഡ്ഡി ഇവിടെ നിന്ന് മത്സരിക്കുന്നത്. സിറ്റിംഗ് എംപിയും ബന്ധുവുമായ വൈഎസ് അവിനാഷ് റെഡ്ഡിയെ വെല്ലുവിളിക്കാൻ അദ്ദേഹത്തിൻ്റെ സഹോദരിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ വൈഎസ് ശർമിള കടപ്പ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരരംഗത്ത് എത്തിയേക്കും. 1989 മുതൽ വൈഎസ്ആർ കുടുംബത്തിൻ്റെ ശക്തികേന്ദ്രം കൂടിയാണ് കടപ്പ. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളാണ് വൈഎസ് ശർമിള.

മറ്റൊരു മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (TDP) സ്ഥാപകനുമായ എൻ ടി രാമറാവുവിൻ്റെ മക്കളും തങ്ങളുടെ രാഷ്ട്രീയ ഭാഗ്യം പരീക്ഷിക്കും. വൈഎസ്ആറിനെപ്പോലെ എൻടിആറിൻ്റെ മക്കളും വിവിധ പാർട്ടികളുടെ ടിക്കറ്റിൽ മത്സരിക്കുമെന്നതാണ് ശ്രദ്ധേയം. എൻ.ടി.ആറിൻ്റെ മകനും ജനപ്രിയ നടനുമായ എൻ ബാലകൃഷ്ണ ഹിന്ദുപൂർ മണ്ഡലത്തിൽ നിന്ന് ഹാട്രിക് പോരാട്ടത്തിനിറങ്ങുകയാണ്. 1985, 1989, 1994 വർഷങ്ങളിൽ എൻടിആർ ഹിന്ദുപുരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മരണത്തെ തുടർന്ന് 1996 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ മൂത്ത മകൻ എൻ ഹരികൃഷ്ണയും ഇവിടെ നിന്ന് വിജയിക്കുകയുണ്ടായി.

സംസ്ഥാന ബിജെപി അധ്യക്ഷയായ എൻടിആറിൻ്റെ മകൾ ഡി പുരന്ദേശ്വരിയും പാർലമെൻ്റിലേക്ക് മത്സരിച്ചേക്കും. മുൻ കേന്ദ്രമന്ത്രി കൂടിയായ പുരന്ദേശ്വരി 2014ൽ ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ജനപ്രിയ നടൻ പവൻ കല്യാണിൻ്റെ ജനസേന പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് ടിഡിപിയും ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിൻ്റെ മകൻ നാരാ ലോകേഷ് വീണ്ടും മംഗളഗിരി നിയമസഭാ സീറ്റിൽ നിന്ന് തൻ്റെ രാഷ്ട്രീയ ഭാഗ്യം പരീക്ഷിക്കും. 2019ൽ ഇതേ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

മറ്റൊരു മുൻമുഖ്യമന്ത്രി നദെന്ദ്‌ല ഭാസ്‌കർ റാവുവിൻ്റെ മകൻ നദെന്ദ്‌ല മനോഹർ ജനസേന പാർട്ടിയിൽ നിന്ന് തെനാലിയിൽ നിയമസഭയിലേക്ക് മത്സരിക്കുന്നു. ജനസേനയുടെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായ മനോഹർ 2004ലും 2009ലും കോൺഗ്രസ് ടിക്കറ്റിൽ തെനാലിയിൽ നിന്ന് ഐക്യ ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകീകൃത ആന്ധ്രാപ്രദേശ് നിയമസഭയുടെ അവസാന സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ 1989ൽ കോൺഗ്രസ് ടിക്കറ്റിൽ തെനാലിയിൽ നിന്ന് ഭാസ്‌കർ റാവു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുൻ മുഖ്യമന്ത്രി കോട്‌ല വിജയഭാസ്‌കർ റെഡ്ഡിയുടെ മകൻ കോട്‌ല ജയസൂര്യ പ്രകാശ് റെഡ്ഡി ധോൻ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. വൈഎസ്ആർസിപിയുടെ ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് റെഡ്ഡിയുമായി അദ്ദേഹം ഏറ്റുമുട്ടും. 1994-ൽ വിജയഭാസ്കർ റെഡ്ഡി കോൺഗ്രസ് സ്ഥാനാർഥിയായി ധോണിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യ പ്രകാശ് റെഡ്ഡിയുടെ ഭാര്യ കെ സുജാത റെഡ്ഡിയും 2004-ൽ കോൺഗ്രസ് അംഗമായി ജയിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി എൻ ജനാർദൻ റെഡ്ഡിയുടെ മകൻ എൻ രാംകുമാർ റെഡ്ഡി വൈഎസ്ആർസിപി സ്ഥാനാർഥിയായി വെങ്കടഗിരി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. അദ്ദേഹം തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജനാർദൻ റെഡ്ഡി (കോൺഗ്രസ്) 1989-ൽ വെങ്കടഗിരിയിൽ നിന്ന് വിജയിച്ചിട്ടുണ്ട്. ഭാര്യ എൻ രാജ്യലക്ഷ്മിയും 1999-ലും 2004-ലും ഇവിടെ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Keywords: News, Malayalam-News, National, National-News, Election-News, 4-State-Assembly-Election, Election, Congress, BJP, Politics, Andhra Pradesh, Six former Andhra Pradesh CMs’ sons to contest elections

Post a Comment