Kerala MPs | നമ്മുടെ എംപിമാർ കഴിഞ്ഞ 5 വർഷം ലോക്‌സഭയിൽ എങ്ങനെയായിരുന്നു ? തോമസ് ചാഴിക്കാടനും ശശി തരൂരിനും എൻ കെ പ്രേമചന്ദ്രനും അഭിമാനിക്കാം! നിരാശപ്പെടുത്തിയവരുമുണ്ട്; പഠനം പറയുന്നത് ഇങ്ങനെ

 


തിരുവനന്തപുരം: (KVARTHA) രാജ്യം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുകയാണ് രാജ്യം. എന്നാൽ 17 -ാം ലോക്സഭയില്‍ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ എംപിമാരുടെ പ്രകടനം എങ്ങനെയായിരുന്നു? ഭൂരിഭാഗവും മികച്ച പ്രകടനം കാഴ്ചവെച്ചവരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു പഠനം.

Kerala MPs | നമ്മുടെ എംപിമാർ കഴിഞ്ഞ 5 വർഷം ലോക്‌സഭയിൽ എങ്ങനെയായിരുന്നു ? തോമസ് ചാഴിക്കാടനും ശശി തരൂരിനും എൻ കെ പ്രേമചന്ദ്രനും അഭിമാനിക്കാം! നിരാശപ്പെടുത്തിയവരുമുണ്ട്; പഠനം പറയുന്നത് ഇങ്ങനെ

ഹാജർ നില

15 സെഷനുകളിലായി ആകെ 274 ദിവസമാണ് സഭ സമ്മേളിച്ചത്. ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തിൽ നിന്നുള്ള മിക്ക എംപിമാരുടെയും ഹാജർ നില. ദേശീയ ശരാശരി 79 ശതമാനമാണെങ്കിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടേത് 83 ശതമാനമാണ്. അതേസമയം, കണ്ണൂര്‍ എംപി കെ സുധാകരനും വയനാട് എംപി രാഹുല്‍ ഗാന്ധിയുമാണ് കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ കുറഞ്ഞ ഹാജര്‍നിലയുള്ളത്. സുധാകരന് 50 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 51 ശതമാനവുമാണ് ഉള്ളത്.

ചർച്ചകളിലെ സാന്നിധ്യം

ചര്‍ച്ചകളില്‍ പങ്കെടുത്തതില്‍ എന്‍ കെ പ്രേമചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍, ശശി തരൂര്‍ എന്നിവരാണ് മുന്നിൽ. രാഹുല്‍ ഗാന്ധി ഇക്കാര്യത്തിലും പിന്നിലാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ മുമ്പിൽ അടൂര്‍ പ്രകാശും ആന്‍റോ ആന്‍റണിയുമാണ്. 17-ാം ലോക്സഭയിലെ ചോദ്യങ്ങളുടെ ദേശീയ ശരാശരി 210 ആണെങ്കിൽ കേരളത്തിന്റെത് 268 ആണ്. 5346 ചോദ്യങ്ങൾ ഉന്നയിച്ച കേരളത്തിന് മുമ്പിലുള്ളത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ മാത്രമാണ്.

17-ാം ലോക്സഭയിൽ ആകെ 221 ബിലുകളാണ് പാസാക്കിയത്. ആർടികിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധന നിയമം, മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ നിയമനം സംബന്ധിച്ച നിയമം, പുതിയ ക്രിമിനൽ കോഡുകൾ, വനിതാ സംവരണ നിയമം തുടങ്ങിയ പ്രധാനപ്പെട്ട നിയമങ്ങൾ ഈ ലോക്സ‌ഭയിലാണ് പാസാക്കിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള എംപിമാര്‍ ആകെ 302 നിയമനിർമാണ ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്.

ജനങ്ങളെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാരിൻ്റെ ശദ്ധക്ഷണിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് ശൂന്യവേള ചർച്ച, ചട്ടം 377, ചട്ടം 193 പ്രകാരമുള്ള പ്രമേയങ്ങളും ചർച്ചകളും. ഇവയിലെല്ലാം കേരള എം പിമാരുടെ പ്രകടനം ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. ഇക്കാര്യത്തിൽ പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

തുക വിനിയോഗം

എംപി തുക വിനിയോഗത്തില്‍ ഒന്നാമന്‍ കോട്ടയം എംപി തോമസ് ചാഴികാടനാണ്. 100 ശതമാനവും വിനിയോഗിച്ചതും ചാഴികാടന്‍ മാത്രമാണ്. ഓരോ വർഷവും അഞ്ചുകോടിയാണ് പ്രാദേശിക വികസന ഫണ്ടെന്ന നിലയിൽ ഓരോ എംപിമാർക്കും കിട്ടുന്നത്. കോവിഡ് മൂലം ആദ്യ രണ്ടുവർഷം ഈ തുക രണ്ടുകോടിയായി ചുരുക്കിയിരുന്നു. അതിനാൽ ഈ ലോക്സഭയിൽ 17 കോടി മാത്രമാണ് അംഗങ്ങൾക്ക് കിട്ടിയത്. എന്നാല്‍ ഇത് ചിലവഴിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള ചില എം പിമാർ നിരാശപ്പെടുത്തുന്നുണ്ട്. അഞ്ച് എംപിമാർ മാത്രമേ ഈ തുക ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ളു.

അടൂർ പ്രകാശ്, എ എം ആരിഫ്, തോമസ് ചാഴികാടൻ, ശശി തരൂർ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരാണ് തുക വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്നത്. തോമസ് ചാഴികാടൻ്റെ ഫണ്ടിൽ പലിശ ഇനത്തില്‍ അടുത്തിടെ അകൗണ്ടില്‍ വന്ന രണ്ടു ലക്ഷം രൂപ മാത്രമാണ് മിച്ചമുള്ളത്. ശശി തരൂർ നാലു ലക്ഷമേ ഇനി ചിലവഴിക്കാനുള്ളൂ. അടൂർ പ്രകാശ്-11 ലക്ഷം, രാജ്‌മോഹൻ ഉണ്ണിത്താൻ-28 ലക്ഷം, കെ മുരളീധരൻ-75 ലക്ഷം, എഎം ആരിഫ്-76 ലക്ഷം, ആൻ്റോ ആന്റണി-85 ലക്ഷം എന്നിങ്ങനെയാണ് തുക കുറച്ചുമാത്രം ബാക്കിയുള്ള എം.പിമാർ.

ചെലവഴിക്കാത്ത തുക ഏറ്റവും കൂടുതലുള്ള എം പിമാരിൽ കൊടിക്കുന്നിൽ സുരേഷാണ് മുന്നിൽ-6.24 കോടി. രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ 1.25 കോടി രൂപയുണ്ട്. കെ.സുധാകരൻ-2.70 കോടി, ഇ ടി മുഹമ്മദ് ബശീർ-2.56 കോടി, രമ്യ ഹരിദാസ്-2.46 കോടി, എൻ കെ പ്രേമചന്ദ്രൻ-2.41 കോടി, ടി എൻ പ്രതാപൻ-2.04 കോടി, ഹൈബി ഈഡൻ 1.80 കോടി, എം പി അബ്‌ദുസ്സമദ് സമദാനി-1.55 കോടി, എം കെ രാഘവൻ-1.43 കോടി എന്നിങ്ങനെയാണ് മറ്റ് എംപിമാരുടെ ചിലവഴിക്കാൻ ബാക്കിയുള്ള തുക.

Keywords: News, Kerala, Thiruvananthapuram, Politics, Performance, Lok Sabha, MPs, Government, People, Performance of MPs in the 17th Lok Sabha.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia