Mental Health | മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കും; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കിയെന്നും മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ 01.04.2024ന് പ്രവര്‍ത്തനം ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ബോര്‍ഡുകള്‍ക്കായി സൃഷ്ടിച്ച തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് വരെ കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി/ആരോഗ്യ വകുപ്പ്/ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Mental Health | മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കും; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കിയെന്നും മന്ത്രി വീണാ ജോര്‍ജ്


2017ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രകാരം തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലായി സംസ്ഥാനത്ത് 5 മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഈ റിവ്യൂ ബോര്‍ഡുകളില്‍ ചെയര്‍പേഴ്സണ്‍മാരെയും അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്തും റിവ്യൂ ബോര്‍ഡുകളിലേക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചും ഉത്തരവായിട്ടുണ്ട്. വ്യക്തികള്‍ക്ക് മാനസികാരോഗ്യ പരിചരണവും, സേവനങ്ങളും നല്‍കുന്നതിനും അത്തരം വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

മാനസിക രോഗിയായ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷല്‍ സംവിധാനമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ്. 

ഈ നിയമ പ്രകാരം മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുളള പരാതികളോ, ആക്ഷേപങ്ങളോ അല്ലെങ്കില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുമായുളള സന്ദര്‍ഭങ്ങളില്‍ മാനസിക രോഗമുളള ഏതൊരു വ്യക്തിക്കും അല്ലെങ്കില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രതിനിധിക്കോ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ഇതര സംഘടനയുടെ പ്രതിനിധിക്കോ രോഗിയുടെ സമ്മതത്തോടുകൂടി പ്രശ്ന പരിഹാരത്തിനായി ബോര്‍ഡിനെ സമീപിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോയമ്പത്തൂരില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിന്ധുവിന്റെ അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുള്ള മകന് ആരോഗ്യ വകുപ്പ് ചികിത്സ ഉറപ്പാക്കുകയും ചെയ്തു എന്ന വിവരവും മന്ത്രി പങ്കുവച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ കുഞ്ഞിന്റെ ചികിത്സ ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ ജെനറ്റിക്സ്, പീഡിയാട്രിക്, ഡെര്‍മറ്റോളജി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തുന്നത്.

ഗുരുവായൂരില്‍ കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഈ വിഷയത്തില്‍ ഇടപെടുന്നത്. കുഞ്ഞിന്റെ അമ്മയെ അന്ന് തന്നെ ഫോണില്‍ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു.

സിന്ധുവും മകനും അമ്മയ്ക്കൊപ്പം മന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിയെ കണ്ട് നന്ദിയറിയിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മന്ത്രി സഹായിച്ചതെന്ന് അവര്‍ അറിയിച്ചു. മന്ത്രി എല്ലാ പിന്തുണയും നല്‍കി. ത്വക്കിനെ ബാധിക്കുന്ന ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗമാണ് കുഞ്ഞിനെ ബാധിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. 

ത്വക്ക്, മജ്ജ, കരള്‍ എന്നിവയെ ബാധിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗമാണിത്. രക്ത പരിശോധനയും സ്‌കാനിംഗും നടത്തി. ജനിതക പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫലം വരാനുണ്ട്. കുഞ്ഞിന്റെ ആന്തരിക അവയവങ്ങളെ രോഗം ബാധിക്കാത്തത് ആശ്വാസകരമാണ്. കുഞ്ഞിന് മതിയായ ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, കെയര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: Minister Veena George says work of Mental Health Review Boards will start immediately, Thiruvananthapuram, News, Health Minister, Veena George, Mental Health Review Boards, Protection, Register, Order, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia